മഹാന്‍മാരില്‍ നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്‌ലിംകള്‍ ബറകത്തെടുത്തിരുന്നുവെന്നും തിരുനബി ﷺ അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതുമാണ്. തബറുക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്താണ്? വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇതിന് ഊന്നല്‍ നല്‍കിയതെന്തു കൊണ്ട്?. സച്ചരിതരായ സ്വഹാബത്ത് തബറുകിലൂടെ ലക്ഷ്യം വെച്ചത് എന്തായിരുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ തബറുകിന്റെ കാര്യത്തിലും അഹ്‌ലുസ്സുന്നയുടെ ആശയ സമഗ്രത തിരിച്ചറിയാനും നവീന ചിന്താഗതിക്കാരുടെ മനുഷ്യനിര്‍മിത തൗഹീദും അതിന് താങ്ങായി നില്‍ക്കുന്ന നിര്‍വചനങ്ങളും വിശദീകരണങ്ങളും തകര്‍ന്നടിയുന്നതും വീണ്ടും ദര്‍ശിക്കാനാവും.
അഭൗതിക മാര്‍ഗത്തിലൂടെ (മറഞ്ഞ വഴിയിലൂടെ) ഗുണം പ്രതീക്ഷിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് ഒരു വസ്തുവിനെ വണങ്ങുന്നതാണ് ആരാധന എന്നാണല്ലോ മുജാഹിദ് വാദം. അതായത് മറഞ്ഞ വഴിക്കുള്ള ഉപകാരവും ഉപ്രദവവും അല്ലാഹുവില്‍ നിന്ന്
മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അല്ലാഹു അല്ലാത്തവരില്‍ നിന്ന് അത് പ്രതീക്ഷിക്കല്‍ ശിര്‍ക്കാണെന്നും അങ്ങനെ പ്രതീക്ഷിക്കുന്നവര്‍ തനി മുശ്‌രിക്കുകളാണെന്നുമാണ് അവരുടെ വാദത്തിന്റെ സംക്ഷിപ്തം. എന്നാല്‍ ഈ വാദം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ തിരുസുന്നത്തില്‍
നിന്നോ തെളിയിക്കാനാവാത്തതാണ്. പ്രാമാണികരായ ഇമാമുമാരും ഇത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. മറഞ്ഞ വഴി, തെളിഞ്ഞ വഴി എന്നീ രണ്ടു വിഭജനത്തിലും അവ്യക്തതയുണ്ട്. കാര്യകാരണ ബന്ധങ്ങളെ നിര്‍ണയിക്കുന്ന ഘടകമെന്താണെന്നും നിര്‍വചിക്കേണ്ടതുണ്ട്. കാരണം
ചിലര്‍ തെളിഞ്ഞ വഴിയായി മനസ്സിലാക്കുന്ന കാര്യങ്ങള്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം മറഞ്ഞ വഴിയായിരിക്കാമല്ലോ. തിരിച്ചും സംഭവിക്കാം. ഉദാഹരണത്തിന്, മരുന്ന് മുഖേന രോഗംസുഖപ്പെടുന്നത് ഡോക്ടറെ സംബന്ധിച്ച്തെളിഞ്ഞ വഴിയാണെങ്കില്‍ മെഡിസിനെ കുറിച്ച് ഒന്നുമറിയാത്ത രോഗിയെ സംബന്ധിച്ചിടത്തോളം അത് തെളിഞ്ഞ വഴിയാണെന്ന് എങ്ങനെയാണ് പറയുക?
തബറുകിന്റെ വിഷയത്തിലും മുജാഹിദുകളെ സംബന്ധിച്ച് ഈ അവ്യക്തത ഗുരുതരമായി നിലനില്‍ക്കുന്നു. മറഞ്ഞ വഴിയിലൂടെ ഗുണം പ്രതീക്ഷിക്കുന്നത് ആരാധനയാണെങ്കില്‍, അത് അല്ലാഹു അല്ലാത്ത വ്യക്തി/ശക്തി/വസ്തുവില്‍ നിന്നാകുമ്പോള്‍ ശിര്‍ക്കുമാണെങ്കില്‍
തബറുക് ശിര്‍ക്കാണെന്ന് പറയേണ്ടി വരും. വിശുദ്ധ ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും ശിര്‍ക്ക് പ്രചരിപ്പിച്ചവയാണെന്നും പറയേണ്ടി വരും. സ്വഹാബത്തിനെ മുശ്‌രിക്കുകളായി മുദ്രകുത്തേണ്ടിയും വരും. കാരണം ഒരു വ്യക്തിയുടെ/വസ്തുവിന്റെ ബറകത്തെടുക്കുന്നതിലൂടെ
ആ വ്യക്തിയില്‍ /വസ്തുവില്‍ നിന്ന് ഗുണം പ്രതീക്ഷിക്കുകയാണ്.ഇത് തെളിഞ്ഞ വഴിയിലൂടെയല്ല, പ്രത്യുത മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വ്യക്തമാണ്.
ബനൂ ഇസ്‌റാഈല്യര്‍ക്ക് ലഭിച്ച പെട്ടിയും അത് കൊണ്ട് അവര്‍ ബര്‍ക്കത്തെടുത്തതും ഉദാഹരണമായെടുക്കാം. തൗറാത്ത് എഴുതിയ ചില ഫലകങ്ങളും മൂസാനബി ﵇ യുടെയും ഹാറൂന്‍നബി ﵇ യുടെയും വസ്ത്രങ്ങളും മറ്റു ചിലശേഷിപ്പുകളും അടങ്ങിയ ആ പെട്ടി(താബുത്)
യുദ്ധ സമയങ്ങളില്‍ അവര്‍ മുന്നില്‍ വെക്കാറുണ്ടായിരുന്നെന്നും തദ്ഫലമായി വിജയം നേടാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. ഇവിടെ ഒരു തെളിഞ്ഞ വഴിയുമില്ല. കേവലം ഒരു പെട്ടി മുന്നില്‍ വെക്കല്‍കൊണ്ട് യുദ്ധത്തില്‍ വിജയം ലഭിക്കുന്നുവെങ്കില്‍
അതിന് സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയുണ്ടെന്നും അദൃശ്യമായ എന്തോ ഗുണം അതുമൂലം ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. മുന്നിലുള്ളപെട്ടിയെടുത്ത് ശ്രതുക്കളുടെ തലക്കടിച്ചൊന്നുമല്ലല്ലോ അവര്‍ യുദ്ധത്തില്‍ വിജയിച്ചത്.
യൂസുഫ് നബി ﵇ ന്റെ സംഭവത്തിലും മറഞ്ഞ വഴിക്കുള്ള ഗുണ പ്രതീക്ഷ വ്യക്തമാണ്. ഇസ്രാഹീം നബി ﵇ ല്‍ നിന്ന് താവഴിയായി ലഭിച്ച അനുഗ്രഹീതമായ കുപ്പായം യഅഖൂബ് നബി ﵇ ന്റെ മുഖത്തിടുന്നതിലൂടെ തന്റെ പിതാവിന് കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന്
യൂസുഫ് നബി ﵇ മനസ്സിലാക്കിയിട്ടായിരുന്നു.അദ്ദേത് കൊടുത്തയച്ചത്. മകന്റെ വസ്ത്രം മുഖത്ത് തട്ടിയപ്പോഴുള്ള സന്തോഷാധികൃത്താല്‍ മാത്രമാണ് കാഴ്ച ലഭിച്ചതെന്നും മറഞ്ഞ വഴിക്കുമുള്ള ഗുണമില്ലെന്നും അഭിനവ മുജാഹിദുകള്‍ വാദിക്കുന്നുവെങ്കില്‍ ശുദ്ധ വങ്കത്തമാണത്. സന്തോഷം കൊണ്ട് കാഴ്ച ശക്തി ലഭിക്കുമെന്ന് ഏത് വൈദ്യശാസ്ത്രമാണ് സിദ്ധാന്തിക്കുന്നത്?
അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണം തേടലും ഫലം സിദ്ധിക്കലും തിരുനബി ﷺ യുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ അനവധിയാണ്. ഇത്ബാനുബ്‌നു മാലിക്(റ)വിന്റെ സംഭവം ഉദാഹരണം. തിരുനബി ﷺ തന്റെവീട്ടില്‍ വന്ന് നിസ്‌കരിക്കാനും അവിടുന്ന് നിസ്‌കരിച്ചിടം തന്റെ നിസ്‌കാര സ്ഥലമാക്കി മാറ്റാനുമാണ് ആ സ്വഹാബി വര്യന്‍ ആഗ്രഹിച്ചത്. നബി ﷺ യുടെ ശരീരം സ്പര്‍ശിച്ച ഭാഗത്തിന് അസാധാരണമായ പ്രത്യേകതയുണ്ടെന്നും അതിലൂടെ തനിക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുമാണ് അദ്ദേഹം
അങ്ങനെ ചെയ്തത്. ഇത് അഭാതിക മാര്‍ഗത്തിലൂടെയുള്ള നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
സലമത്ബ്‌നു അക്‌വഅ(റ)വിന് യുദ്ധത്തില്‍ വെട്ടേറ്റപ്പോള്‍ പ്രവാചകര്‍ ﷺ ആ മുറിവില്‍ മൂന്ന് പ്രാവശ്യം ഈതിയതോടെ രോഗം ഭേദമായി. അബ്ദുല്ലാഹിബ്‌നു അത്വീഖ്(റ)വിന്റെ കാല്‍ മുറിഞ്ഞപ്പോള്‍ തിരുനബി ഒന്നുതടവിയപ്പോള്‍ പൂര്‍വ സ്ഥിതി പ്രാപിച്ചു. ശ്രതുക്കള്‍ പിഴുതെടുത്ത കണ്ണുമായി തിരുനബിയെ സമീപിച്ച ഖതാദ(റ)വിന് അത് യഥാസ്ഥാനത്ത് വെച്ചുകൊടുക്കുകയും പൂര്‍വോപരി കാഴ്ച ശക്തി ലഭിക്കുകയും ചെയ്തു. ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍… തിരുനബി ﷺ യുടെ തബറുക്മൂലം ലഭിക്കുന്ന ഇത്തരം ഗുണങ്ങള്‍ അഭൌതിക, അദൃശ്യ, മറഞ്ഞ മാര്‍ഗത്തിലൂടെയാണെന്ന് വിശദീകരി
ക്കേണ്ടതില്ല.
ഇത്തരം പ്രാമാണിക പ്രതിസന്ധി മൂലം വംശനാശ ഭീഷണി നേരിട്ടതിനാല്‍ മുജാഹിദ് മൗലവിമാര്‍ തബറുക് സംബന്ധമായ ഹദീസുകളില്‍ വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് അവരെ ഏറെ പരിഹാസ്യരാക്കുകയാണുണ്ടായത്. ഒരു വസ്തു മുഖേന
ആവേശം സ്വീകരിക്കുയോ മാനസിക പ്രചോദനം നേടുകയോ ആണ് ബറകത്തെടുക്കുന്നതിലൂടെ ചെയ്യുന്നത് എന്നായിരുന്നു ചിലരുടെ വ്യാഖ്യാനം. പരിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുത്തു യുദ്ധക്കളത്തിലിറങ്ങിയാല്‍ പരിശുദ്ധ ഖുര്‍ആന്‍കൊണ്ട് അവര്‍ ബറകത്തെടുത്തു എന്ന് പറയാം.
കാരണം വിശുദ്ധ ഗ്രന്ഥത്തിന്റെ സാന്നിധ്യം അവര്‍ക്ക് ആവേശം നല്‍കുമല്ലോ. അതുപോലെ സത്യത്തിനും ആദര്‍ശത്തിനും വേണ്ടി പോരാടിയ തന്റെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്മരണ ആവേശവും പ്രചോദനവും നല്‍കാന്‍ വേണ്ടി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുകയും അതില്‍ നിന്ന് മാനസിക പ്രചോദനം നേടുകയും ചെയ്താല്‍ പുത്രൻ ആ വസ്തു കൊണ്ട് ബറകത്തെടുത്തു എന്നും പറയാവുന്നതാണ്. ഇങ്ങനെയൊക്കെയാണ് ബിദഇകള്‍ മെനഞ്ഞെടുത്ത വികലമായ വ്യാഖ്യാനങ്ങള്‍. സ്വഹാബി
വര്യന്മാര്‍ തിരുനബിയുടെ മുടിയും പുതപ്പും ജുബ്ബയും മറ്റും സൂക്ഷിച്ചത് ഇക്കാരണം കൊണ്ടായിരുന്നുവെന്നും അതിനാല്‍ മാനസിക പ്രചോദനം നേടുക എന്നതിലുപരി അഭൗതിക മാര്‍ഗത്തിലൂടെയുളള ഗുണം പ്രതീക്ഷിക്കല്‍ അതിലില്ലെന്നും ഇവര്‍ വാദിക്കുന്നു.
ഇതെല്ലാം മൗഡ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും. മരണപ്പെട്ട പുണ്യവാളന്‍മാരുടെ യുദ്ധായുധങ്ങളോ അതു പോലുള്ളവയോ സൂക്ഷിക്കുന്നത്ഒരു പക്ഷേ മാനസിക പ്രചോദനം നല്‍കിയേക്കാം. എന്നാല്‍ കേവലം ഒരു വസ്ത്രമോ
പുതപ്പോ സൂക്ഷിച്ചത് മാനസിക പ്രചോദനം നേടാന്‍ മാത്രമാണെന്ന് പറയുമ്പോള്‍ വിഡ്ഡിത്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തം. ഈ സൂക്ഷിപ്പ് ഒരു മുടിനാരിഴ മാത്രമാകുമ്പോള്‍ വിശേഷിച്ചും. ചില ഹദീസ് വചനങ്ങള്‍ അതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബി ﷺ യുടെ ജുബ്ബ
കാണിച്ച് കൊടുത്തു കൊണ്ട് അസ്മാഅ(റ)പറഞ്ഞു: ഇത് നബിയുടെ ജുബ്ബയാണ്. ആയിശ ﵂ അത് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. ആയിശ ﵂ വഫാത്തായപ്പോള്‍ ഇതു ഞാനെടുത്തു. നബി ﷺ അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങളിത് കഴുകിയ വെള്ളം രോഗ ശമനത്തിന് വേണ്ടി രോഗികള്‍ക്ക് കൊടുക്കുന്നു (മുസ്‌ലിം 2374). ഉദ്ധൃത ഹദീസിലെ നസ്തശ്ഫീബിഹാ (അതുകൊണ്ട് ഞങ്ങള്‍ രോഗശമനം തേടാറുണ്ടായിരുന്നു) എന്ന വരി ബിദഈ വാദത്തിന്റെ മുനയൊടിക്കുന്നു. കേവലം പൈതൃക
സംബന്ധിയായി ആവേശത്തിനു മാത്രമായിരുന്നെങ്കില്‍ അത്‌കൊണ്ട് രോഗശമനം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ മൺമറഞ്ഞ വഴിയിലൂടെയുള്ള ഗുണം പ്രതീക്ഷിക്കലും നബി ﷺ യോടുള്ള ഇസ്തിഗാസയുമാണെന്ന് വ്യക്തമാകുന്നു.
ഉമ്മുസുലൈം ബീവി(റ) തിരുദൂതരുടെ വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കിയതും ബിലാല്‍(റ)വും അബൂ മൂസല്‍ അശ്അരി(റ)വും നബി ﷺ യുടെ ഉമിനീര്‍ ചേര്‍ത്ത വെള്ളം കുടിക്കുകയും നെഞ്ചിലും മുഖത്തും പുരട്ടിയതും ഭൗതിക പ്രചോദനത്തിന് മാത്രമാണെന്ന് വാദിക്കുന്നത് എത്ര അസംബന്ധമാണ്!
ഇത്രയുമായാല്‍ ചില ബിദഇകള്‍ ഇത്തരത്തിലുള്ള തബര്‍റുക് മുഹമ്മദ് ﷺ യുടെ പ്രത്യേകതയാണെന്ന് (ഖുസൂസിയയത്ത്) പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കും. ഇതെങ്ങനെ ശരിയാകും?കാരണം നബി ﷺ മുഖേനയാകുമ്പോള്‍ അനുവദനീയവും അല്ലാത്തവരെ കൊണ്ടാകുമ്പോള്‍
ശിര്‍ക്കും നിഷിദ്ധവും! നാമമാത്ര ഇസ്‌ലാമിസ്റ്റുകളുടെ പുതിയ മതം വിശുദ്ധ ഇസ്‌ലാമില്‍ നിന്ന്എത്ര വ്യത്യസ്തമാണെന്നോര്‍ക്കുക.