പാരമ്പര്യമായി ഇസ്‌ലാം പഠിപ്പിച്ചു വരുന്ന ആശയ ആദർശങ്ങൾക്കെതിരായ വാദങ്ങൾ പ്രചരിപ്പിക്കുന്നവനും പ്രവർത്തിക്കുന്നവനും മുസ്‌ലിം സമൂഹത്തിൽ സ്ഥാനമില്ല. ഉമ്മത്തിന്റെ കെട്ടുറപ്പിന് ഭംഗം വരുത്തുന്നവരാണവർ. അവരോട് നിസഹകരണം പാലിക്കണമെന്നാണ് പണ്ഡിത നിലപാട്.
തിരുനബി ﷺ പറയുന്നു: ഇസ്‌ലാമിലില്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അതു തള്ളപ്പെടേണ്ടതാണ് (ബുഖാരി). പുത്തനാശയക്കാരനാവുകയോ പുത്തനാശയക്കാരനോട് സഹകരിക്കുകയോ ചെയ്താൽ അവരുടെ മേൽ ശാപമുണ്ടാകും. (ബുഖാരി: മദീന: 1867). പുത്തനാശയക്കാരൻ ഹൗളുൽകൗസറിന്റെ സമീപത്തുനിന്ന് ആട്ടിയോടിക്കപ്പെടും (ബുഖാരി: തഫ്സീർ: 4740).
പുത്തനാശയക്കാരനോട് എങ്ങനെ പെരുമാറണമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. “പുത്തനാശയം നിമിത്തം മതപരിത്യാഗം സംഭവിക്കാത്തിടത്തോളം മുസ്‌ലിമിന്റെ അടിസ്ഥാന പരിഗണന ലഭ്യമാണെങ്കിലും അവന്റെ ആശയാദർശങ്ങൾക്ക് അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കത്തക്ക രീതിയിൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കാനോ സഹവാസം പുലർത്താനോ പാടില്ല. പുത്തനാശയക്കാരനു സലാം പറയരുത്” (തുഹ്ഫ: 9/220).
അവന് നിന്ദ്യമായ സ്ഥാനമാണ് സമൂഹത്തിൽ നൽകേണ്ടത്. ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം പറയുന്നു. മുസ്‌ലിംകളിൽ ഏറ്റവും വിവരം കുറഞ്ഞവന് വല്ലതും വസ്വിയത്തുചെയ്താൽ അതു സ്വഹാബത്തിനെ ചീത്ത പറയുന്നവർക്കാണു നൽകേണ്ടത്. (ഫത്ഹുൽ മുഈൻ: 3/287)
അതോടൊപ്പം, നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അവരുടെ സദസ്സുകളിൽ ഇരിക്കലും പ്രസിദ്ധീകരണങ്ങൾ വായിക്കലും. അതുവഴി അവരുടെ വാദങ്ങൾക്ക് നാം പിന്തുണ നൽകുകയാണ്. അത്തരം കാര്യങ്ങളിൽ നിന്ന് അവരെ പ്രതിരോധിക്കാൻ സാധിക്കാത്തവൻ വിട്ടുനിൽക്കണം.