നാലഞ്ചു വർഷം വർഷം മുൻപ് നടന്ന കാര്യമാണ്. ബസ് യാത്രക്കിടെ ഒരു സുവിശേഷ പ്രവർത്തകനെ പരിചയപ്പെട്ടു.അദ്ദേഹം എനിക്ക് ക്രിസ്തു മതത്തെ പരിചയപ്പെടുത്തി, ഞാൻ അയാൾക്ക് ഇസ്‌ലാമിനെയും. ദൈവ സങ്കല്പം, മലക്കുകൾ, പരലോകം, സ്നേഹം അങ്ങനെ പലതും ചർച്ച ചെയ്തു. ഒടുവിൽ അദ്ദേഹം പറഞ്ഞു, നിങ്ങൾ ഈ പറഞ്ഞതെല്ലാം എനിക്ക് വ്യക്തമായി. ഇസ്‌ലാം മതത്തിനു ഇത്ര വ്യക്തമായ കാഴ്ചപ്പാട് ഈ വക കാര്യങ്ങളിൽ ഉണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു. കാരണം എന്റെ ചുറ്റിലും മുസ്‌ലിംകൾ ഉണ്ടായിരുന്നില്ല. അവരെക്കുറിച്ചു ഞാൻ അപരിഷ്കൃതരും തീവ്ര ചിന്താഗതിക്കാരുമായിട്ടാണ് മനസ്സിലാക്കിയിരുന്നത്.
ഇപ്പോൾ ഈ സംഭവം ഓർക്കാനുണ്ടായ കാര്യം, എം ഇ എസ് സ്ഥാപകനും കുടുംബവും കൊടുങ്ങല്ലൂരിൽ നിന്നും വന്നു മലബാറിലെ മുസ്‌ലിം ജീവിതത്തെ മാനിക്കാതെ നടത്തിയ സാമൂഹിക ഇടപെടലുകളുടെ അവസാന ഉദാഹരമാണല്ലോ എം ഇ എസ് കാമ്പസുകളിൽ നിഖാബു നിരോധിച്ചുകൊണ്ടുള്ള സർക്കുലർ. നടേ പറഞ്ഞ സുവിശേഷകന്റെ പ്രധാന ആശങ്ക നിഖാബ് ആയിരുന്നു. മലബാറിൽ ആണ് ഇത് കൂടുതൽ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ആത്മീയമായ ഒരു വളർച്ചയിൽ മുസ്‌ലിം സ്ത്രീകൾ അണിയുന്ന ഒരു വേഷമാണ് അത്. ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളെ നിങ്ങൾ ബസിലോ മറ്റോ കാണുമ്പോൾ അവരിൽ എല്ലാവരും അത് ധരിച്ചതായി കാണില്ല. പക്ഷേ, ധരിക്കാത്തവരും ഒരു കാലത്ത് തങ്ങൾ ഈ വസ്ത്രധാരണ പാലിക്കണം എന്ന് സ്വയം ബോധമുള്ളവരും അതിനെ ആദരിക്കുന്നവരുമാണ്. തുടക്കത്തിലേ സംസാരിച്ച ഇസ്‌ലാമിലെ ആത്മീയ ബോധവും സമർപ്പണവും അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനാൽ ഇതു വിശദീകരിക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടി വന്നില്ല. പുറമേ, കന്യാസ്ത്രീകളും അവരുടെ ആത്മീയ ബോധത്തിന്റെ പേരിലാണല്ലോ സവിശേഷ വസ്ത്രം അണിയുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഏതെങ്കിലും ആത്മീയ ബോധമുള്ള ഒരാളുടെ മനസ്സിനു മറ്റൊരു ആത്മീയ വിശദീകരണം എളുപ്പം ബോധിച്ചുകിട്ടും എന്ന് എനിക്കു ബോധ്യം വന്ന ഒരു സംഭവം ആയിരുന്നു ഇത്.
മുൻധാരണയും ബോധ്യങ്ങളും
ആയതിനാൽ, ആദ്യമേ പറയാനുള്ളത് ഏതൊരു കാര്യം മനസ്സിലാക്കാനും ബോധ്യം വരാനും അതിനാവശ്യമുള്ള ക്ഷമയും അവധാനതയും കാണിക്കണം എന്നാണ്. അതിലും പ്രധാനപ്പെട്ട കാര്യം, ലഭിക്കുന്ന അറിവിന്റെ ഉറവിടം അറിയുന്നതാണ്. ടെൿനോളജിയുടെ വിവരവിപ്ലവത്തിൽ നമുക്കിന്നു അറിവുകൾ സുലഭമായി ലഭിക്കും. ഇതു മതപരമായ കാര്യത്തിൽ മാത്രമല്ല എല്ലാത്തിലും ലഭിക്കുന്നു. പക്ഷേ, ആവശ്യമായ തിരഞ്ഞെടുപ്പോടെയാണ് നാം നമ്മുടെ ജീവിതത്തെപ്രതിയുള്ള പുതിയ അറിവുകൾ സ്വീകരിക്കുന്നത്. ആരോഗ്യ-വൈദ്യശാസ്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന പടി നമ്മളാരും പയറ്റാറില്ല. സുപരിചിതനായ ഒരു ഭിഷഗ്വരനെ സമീപിക്കുകയും കറങ്ങിത്തിരിഞ്ഞു വന്ന അറിവിന്റെ സിംഹഭാഗവും അവഗണിക്കുകയും ചെയ്യുന്നു.
ഇത്രയോ, ഇതിലേറെയോ പ്രാധാന്യമുള്ള മറ്റൊരു ഘടകമാണ്, ആശയധാരയുടെ ചിന്താഗതിയും രീതിശാസ്ത്രവും മനസ്സിലാക്കൽ. ഉദാഹരണം പറഞ്ഞാൽ, മഴ പെയ്യുന്നത് നോക്കാം. പാരമ്പര്യ ഇസ്‌ലാമിക വിശ്വാസികൾക്ക് അതൊരു കേവല വർഷപാതത്തിനപ്പുറം കാരുണ്യത്തിന്റെ പെയ്ത്താണ്. അന്നേരം പ്രത്യേക പ്രാർത്ഥനയും സ്തുതികൾ അർപ്പിക്കലും ഉണ്ടാകുന്നു. പുതുമഴയാണെങ്കിൽ അൽപ്പം ദേഹത്തു കൊള്ളുന്നു. ഇതെല്ലാം തിരുനബി പഠിപ്പിച്ച കാര്യങ്ങൾ ആണ്. ഈ വക കാര്യങ്ങൾ മഴ വല്ലപ്പോഴും എത്തിനോക്കുന്ന മരുഭൂമിയിലെ അറബികളുടെ കൗതുകം കൊണ്ടാണ് എന്നാർക്കെങ്കിലും തോന്നുന്നുവെങ്കിൽ അത് ഇസ്‌ലാമിക വിശ്വാസത്തിനും ബോധത്തിനും എതിരാണ് എന്നറിയേണ്ടതാകുന്നു. ചുരുക്കത്തിൽ, വിശ്വാസികളുടെ ബോധ്യങ്ങൾക്കും അറിവിനും ചില മാനങ്ങൾ ഉണ്ട്. ഈ മാനങ്ങൾ ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ വ്യത്യാസപ്പെടുന്നു.
സലഫികളും നിഖാബും
നിഖാബിന്റെ കാര്യം തന്നെ എടുക്കാം. എം ഇ എസിന്റെ വിവാദ പ്രസ്താവം വന്നപ്പോൾ സലഫികൾ അതിനെ പിന്തുണച്ചതായാണ് പൊതുവെയുള്ള വിവരം. പക്ഷേ, സലഫികളിൽ നല്ലൊരു പറ്റം ഇതിനെതിരാണ്. കെ എൻ എമ്മിന്റെ പ്രസിഡന്റ് എം ഇ എസിന്റെ പ്രസിഡന്റ് ആകുന്നതാണ് നല്ലത് എന്നതാണ് ഈ പക്ഷത്തിന്റെ വിമർശനം. എങ്ങനെയാണ് ഈ അന്തരം സലഫികൾക്കിടയിൽ വരുന്നത്. പൊതുബോധത്തെ പേടിക്കുന്ന കേരള സലഫിസത്തിന്റെ പാരമ്പര്യ വാക്താക്കളായ സലാം സുല്ലമിയും മറ്റും മുഖം മറക്കേണ്ടതില്ല എന്ന് പറയുമ്പോൾ, സഊദി സലഫിസത്തിനാണ് കാര്യങ്ങൾ ഗ്രഹിക്കാനാവുക എന്നും പ്രമാണങ്ങൾ മലയാളികളേക്കാൾ അപഗ്രഥനം നടത്തിയത് അവരാണ് എന്നു ചിന്തിക്കുന്ന സകരിയ്യ സ്വലാഹിയും റഫീഖ് സലഫിയും മുഖം മറച്ചേ മതിയാകൂ എന്ന പക്ഷക്കാരാണ്. മദ്ഹബീ ‘തർക്കങ്ങൾ’ പരിഹരിക്കാൻ വന്ന സൗദി സലഫിസം തന്നെ ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ്. അൽബാനി മുഖം മറക്കൽ നിർബന്ധമില്ലെന്നു പറയുമ്പോൾ ഇബ്നുബാസ് നിർബന്ധം തന്നെ എന്നു ഫത്‌വാ ചെയ്യുന്നു. പ്രമാണങ്ങളെ അക്ഷരവായന നടത്തിയാൽ മാത്രം മതിയോ സച്ചരിത മുസ്‌ലിം ജീവിതത്തിന്റെ കീഴ് വഴക്കങ്ങളും സംസ്കാരവും കൂടി പരിഗണിക്കണമോ എന്ന തർക്കത്തിൽ നിന്നാണ് ഈ ചിന്താ പിരിവുകൾ ഉണ്ടാകുന്നത് എന്നു കാണാം. നിലപാടിലെ ഈ ഇരട്ട മുഖത്തെ ഒരു വിഭാഗം അൽബാനിയെ തഖ്‌ലീദ് ചെയ്യുമ്പോൾ മറു വിഭാഗം ഇബ്നുബാസിനെ തഖ്‌ലീദ് ചെയ്യുന്നു എന്നു പാരമ്പര്യ വായന നടത്താവുന്നതാണ്.
ശാഫിഈ കർമ്മ സരണിയിൽ
ഇനി ശാഫിഈ കർമശാസ്ത്രം വായിക്കാം. ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിലെ പരിഷ്കർത്താവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവിധ ശാഖകളിൽ അഞ്ഞൂറിൽ അധികം ഗ്രന്ഥങ്ങളുടെ കർത്താവും ഇസ്‌ലാമിന്റെ ശത്രു പക്ഷം പടച്ചുവിട്ട ആരോപണങ്ങളെ തൂലിക പടവാളാക്കി നേരിടുകയും ചെയ്ത ഇമാം സുയൂഥ്വി (മരണം 1505 എഡി) സംഗ്രഹിച്ചത് കാണാം. സ്ത്രീയുടെ ശരീരത്തിൽ മറച്ചിരിക്കേണ്ട ഭാഗങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെടുന്നതാണ്.
1. ഭർത്താവിനൊപ്പം, ഇവിടെ നിർബന്ധമായി മറക്കേണ്ട ഭാഗങ്ങൾ ഇല്ല. ഗുഹ്യഭാഗം മറക്കണം എന്നു പറഞ്ഞവരുമുണ്ട്.
2. അന്യപുരുഷന്മാരോടൊപ്പം, ശരീരം മുഴുവനും. ഇതിൽ മുഖവും മുൻകൈയും ഉൾപ്പെടുമെന്നതാണ് പ്രബലാഭിപ്രായം.
3. നിസ്കാരത്തിൽ, മുഖവും മുൻകൈയും ഒഴിച്ചുള്ള മറ്റു ഭാഗങ്ങൾ.
(അൽ അഷ്ബാഹു വന്നളാഇർ പേജ് 240).
ഇവിടെ രണ്ടാം ഭാഗത്ത് സൂചിപ്പിച്ച മുഖവും മുൻകൈയും മറക്കൽ നിർബന്ധമില്ലെന്ന പ്രബലമല്ലാത്ത അഭിപ്രായം പറഞ്ഞ പണ്ഡിതരും സ്ത്രീയുടെ മുഖവും മുൻകൈയും അന്യപുരുഷന് കാണാൻ പാടില്ല എന്നു പറയുന്നവർ തന്നെയാണ്. മുഖവും മുൻകൈയും സ്ത്രീകൾ തുറന്നിട്ടാൽ അത് പുരുഷന് നോക്കാൻ പാടില്ല എന്ന വിഷയത്തിൽ അഭിപ്രായാന്തരമില്ല തന്നെ. മറ്റൊരു കാര്യം ഇതിനെ പ്രതി ചർച്ചക്ക് വന്നത് അടിമപ്പെണ്ണുങ്ങളുടെ നാണം മറക്കുന്നതായിരുന്നു. മുട്ടുപൊക്കിളിന്റ ഇടയിലുള്ള ഭാഗം മാത്രമേ അന്യപുരുഷന്റെ മുന്നിൽ മറക്കാൻ അവർക്കു അനുമതിയുള്ളൂ അതിലേറെ മറക്കാൻ അവകാശമില്ലെന്ന് പ്രചരിപ്പിച്ചു, അടിമ സ്വാതന്ത്രത്തിന്റെ അദ്വിതീയമായ അധ്യായങ്ങൾ തുറന്ന ഇസ്‌ലാമിനെ ബോധപൂർവ്വമോ അല്ലാതെയോ പ്രതിക്കൂട്ടിൽ ഇരുത്തുകയായിരുന്നു ഇതിന്റെ പരിണിതി.
ബോധപൂർവ്വമല്ലാത്ത പ്രവർത്തനങ്ങൾ കൃത്യമായ ജ്ഞാനത്തിന്റെ അഭാവത്തിൽ നിന്നും ഉടലെടുക്കുന്നു. വാസ്തവം എന്താണ്? മുട്ടുപൊക്കിളിന്റെ ഇടയിലുള്ള ഇടം നിർബന്ധമായും അവൾ നിസ്കാരത്തിലാണ് മറക്കേണ്ടത് എന്ന വാലറ്റം മുറിഞ്ഞു പോയ ഒരു പരാമർശമാണ് ഈ അപകീർത്തി ഉണ്ടാക്കിയത്. അഥവാ, വസ്ത്രത്തിന് പരിമിതിയുള്ള ഘട്ടത്തിലും അവൾക്ക് സമാധാനത്തോടെ നിസ്കാരം നിർവഹിക്കാം എന്നർത്ഥം.
മിൻഹാജിൽ ഇമാം നവവി പറയുന്നത്, സ്വതന്ത്ര സ്ത്രീയും അടിമപ്പെണ്ണും അന്യപുരുഷന്റെ സമീപത്തു തുല്യമായി നാണം മറക്കേണ്ടവർ ആണ് എന്നാണ്. ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം നിര്ബന്ധമായ ഇടം പറയുമ്പോൾ ഇത്രയേ മറക്കാവൂ എന്ന തെറ്റായ വായന നടക്കുന്നതാണ് വിഷയങ്ങൾ സങ്കീർണ്ണമാക്കുന്നത്. മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലം മറക്കൽ നിർബന്ധമായ പുരുഷന്മാർ അവിടെ മാത്രം മറച്ചു വരുന്ന കേവല വസ്ത്രധാരികൾ എത്ര പേരുണ്ടാകും?
പിൻകുറി
ശിരോവസ്ത്രത്തിന്റെ ചർച്ചയിൽ പരാമർശിക്കപ്പെടുന്ന പദങ്ങളുടെ കൃത്യമായ അർത്ഥ തലം അറിയാതെ ചിലരൊക്കെ ഇടപെടുന്നു. പർദ്ദ, ഹിജാബ്, സ്‌കാർഫ്, നിഖാബ് എന്നീ സംജ്ഞകൾ മുസ്‌ലികൾക്കിടയിൽ പർദ്ദ, ശിരസ്സ് ഒഴികെ ആകെ മൂടുന്ന (നൈറ്റി പോലെ) വസ്ത്രവും, ഹിജാബ്, സ്‌കാർഫ് എന്നിവ മുഖം മറയ്ക്കാത്ത ശിരോവസ്ത്രത്തെയും കുറിക്കുന്നു. എന്നാൽ കേരളീയ മുസ്ലിംകൾക്കിടയിൽ ഹിജാബ് എന്ന പദം നിഖാബ് എന്നതിന്റെ പര്യായമായി മുഖപടം എന്ന അർത്ഥത്തിലും ഉപയോഗിച്ചു വരുന്നു.