Site-Logo
POST

ഇഅതികാഫിന്റെ കർമശാസ്ത്രം

15 Mar 2024

feature image

ബന്ധിതനാവുക, താമസിക്കുക എന്നൊക്കെയാണ് ഇഅതികാഫിന്റെ ഭാഷാർത്ഥം. നിയ്യത്ത് ചെയ്ത്, നിസ്ക്കാരത്തിൽ അടങ്ങി ഒതുങ്ങി താമസിക്കുന്നതിനേക്കാൾ കൂടുതൽ സമയം പള്ളിയിൽ താമസിക്കുന്നതിനാണ് സാങ്കേതികപരമായി ഇഅതികാഫ് എന്ന് പറയുന്നത്.
ഇഅതികാഫിനു കാലപരിധിയില്ലാത്തതുകൊണ്ട് എത്ര കാലവും ആകാം. ഇഅതികാഫിന്റെ നിയ്യത്തോടുകൂടി പള്ളിയിൽ തങ്ങണമെന്നല്ലാതെ നിശ്ചിതമായ എന്തെങ്കിലും പ്രവൃത്തികളോ ദിക്റുകളോ ഇഅതികാഫിന്റെ സാധുതക്കു നിബന്ധനയില്ല. പള്ളിയിൽ വെച്ച് അനുവദനീയമാകുന്ന ഏതു കാര്യവും ഇഅതികാഫ് അനുഷ്ഠിക്കുന്നവന് ചെയ്യാവുന്നതാണ്.

ഇഅതികാഫ് എല്ലാ കാലത്തും വിശിഷ്യാ, റമളാനിൽ പ്രത്യേകിച്ചും സുന്നതാണ്. റമള്വാനിലെ അവസാന പത്തിൽ കൂടുതൽ ശ്രേഷ്‌ഠതയുണ്ട്. നേർച്ചയാക്കിയാൽ ഇഅതികാഫ് നിർബന്ധമാകും. ഇഅതികാഫ് അനുഷ്ഠിക്കുന്നുവെന്ന നിയ്യത്ത് ഇഅതികാഫിന്റെ തുടക്കത്തോടു ചേർന്നുവരൽഅനിവാര്യമാണ്. ഇഅതികാഫ് അനുഷ്‌ഠിക്കുന്നവൻ മുസ്‌ലിമും ബുദ്ധിയുള്ളവനും ബോധമുള്ളവനും വലിയ അശുദ്ധിയില്ലാത്തവനുമായിരിക്കൽ നിബന്ധനയുണ്ട്.

നോമ്പോടു കൂടിയാകലും ജുമുഅത്തുപള്ളിയിലായിരിക്കലും ഒരു ദിവസത്തിൽ കുറയാതിരിക്കലും ശ്രേഷ്‌ഠമാണ്. മസ്‌ജിദുൽ ഹറാമിലോ മസ്‌ജിദുന്നബവിയിലോ മസ്‌ജിദുൽ അഖ്സ്വയിലോ ആണെങ്കിൽ ഏറെ പുണ്യകരമാണ്.

ഇഅതികാഫ് രണ്ടുവിധമുണ്ട്.
1. മുത്‌ലഖ് (നിരുപാധികം) അഥവാ നിശ്ചിത സമയം കണക്കാക്കാത്തത്. (ഇഅതികാഫ് അനുഷ്‌ഠിക്കുന്നുവെന്നു മാത്രം കരുതിയത്)
2. മുഖയ്യദ് (സോപാധികം) നിശ്ചിത സമയം കണക്കാക്കിയത് (ഒരു ദിവസം / ഒരാഴ്ച/ 10 ദിവസം ഇഅതികാഫ് അനുഷ്ഠിക്കുന്നുവെന്നു കരുതിയത്)

സോപാധികമായത് രണ്ടുതരം.
1. നിരന്തരമായത്. (ഉദാ: തുടർച്ചയായി ഒരാഴ്ച ഇഅതികാഫ് അനുഷ്ഠിക്കുന്നുവെന്നു നിയ്യത്തു ചെയ്തത്)

2. നിരന്തരമല്ലാത്തത്. (ഉദാ: ഒരാഴ്ച ഇഅതികാഫ് അനുഷ്‌ഠിക്കുന്നുവെന്നു മാത്രം നിയ്യത്തു ചെയ്തത്.) നിശ്ചിതകാലം തുടർച്ചയായി ഇഅതികാഫ് അനുഷ്ഠിക്കാൻ നേർച്ചയാക്കിയാൽ അപ്രകാരം ചെയ്യൽ നിർബന്ധമാകും.

തിരിച്ചു വരുമെന്നുറപ്പിക്കാതെ പള്ളിയിൽ നിന്നു പുറത്തിറങ്ങിയാൽ, അതു വിസർജ്ജനാർത്ഥമായാലും അല്ലെങ്കിലും, നിരുപാധിക ഇഅതികാഫ് അവസാനിക്കും. തിരിച്ചു വന്നാൽ പുതിയ ഇഅതികാഫിനു വേറെ നിയ്യത്ത് വേണം. തിരിച്ചു വരുമെന്നുറപ്പിക്കാതെ പുറത്തിറങ്ങിയാൽ വിസർജനത്തിനു വേണ്ടിയല്ലാതെയാണെങ്കിൽ മാത്രമേ സോപാധിക ഇഅതികാഫ് മുറിയൂ. തിരിച്ചുവരുമെന്നുറപ്പിച്ചാണു പള്ളി വിട്ടതെങ്കിൽ സോപാധിക-നിരുപാധിക ഇഅതികാഫുകളൊന്നും മുറിയില്ല.

തുടർച്ചയായ ഇഅ‌തികാഫാണെങ്കിൽ വിസർജനം, ജനാബത്തുകുളി, നജസ് നീക്കൽ, ഭക്ഷണം കഴിക്കൽ തുടങ്ങിയ പരിഗണനീയ കാരണങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയാലേ ഇഅതികാഫ് അവസാനിക്കുകയുള്ളൂ. കുളിക്കാനും നജസ് നീക്കാനും പള്ളിക്കകത്തു തന്നെ സൗകര്യമുണ്ടായാലും പുറത്തുപോകാം. കാരണം, പള്ളിയുടെ പവിത്രതയും അവന്റെ മാന്യതയും കാത്തുസൂക്ഷിക്കുന്നതിനു നല്ലത് പുറത്തിറങ്ങലാണ്. പള്ളിയിൽ വെച്ചു ഭക്ഷണം കഴിക്കൽ ഉത്തമമല്ലെന്നതുകൊണ്ട് അതിനും പുറത്തു പോകാം. തുടർച്ചയായ ഇഅതികാഫിനിടക്ക് വിസർജനത്തിനു പുറത്തുപോയ ആൾക്ക് വുളൂഅ ചെയ്യാമെന്നല്ലാതെ വുളൂഇനു വേണ്ടി മാത്രമായി പോകൽ, പള്ളിയിൽവെച്ച് അതിനു സൗകര്യമില്ലെങ്കിൽ മാത്രമേ അനുവദിക്കപ്പെടൂ.

ഇഅതികാഫിൽ, അതു നേർച്ചയാക്കപ്പെട്ടതായാലും, ഭരണാധികാരിയെ – സന്ദർശിക്കൽ പോലുള്ള ഭൗതികമോ വുളൂഅ, സുന്നത്തായ കുളി, രോഗിയെ സന്ദർശിക്കുക, വിപത്തിലകപ്പെട്ടവനെ സമാശ്വസിപ്പിക്കുക, യാത്രകഴിഞ്ഞെത്തിയവരെ സന്ദർശിക്കുക തുടങ്ങിയ പാരത്രികവും പ്രസക്തവുമായ ആവശ്യങ്ങൾക്കുവേണ്ടി ഞാൻ പുറത്തു പോകുമെന്നു നേരത്തെ തന്നെ കരുതിയിട്ടുണ്ടങ്കിൽ അതാവാം. സോപാധികമായി നേർച്ചയാക്കപ്പെട്ട ഇഅതികാഫ് ഇടക്കുവെച്ചു മുറിഞ്ഞുപോയാൽ പുനരാരംഭിക്കൽ നിർബന്ധം. മുറിഞ്ഞിട്ടില്ലെങ്കിൽ വിസർജനമല്ലാത്ത കാരണങ്ങളിൽനിന്നു തുടർച്ചയെ മുറിക്കുന്നതല്ലാത്ത ഭക്ഷണം കഴിക്കൽ, ജനാബത്തുകുളി പോലുള്ളവയ്ക്കു പുറത്തു പോയ സമയത്തെ സംഭോഗം, സ്വയം ഭോഗം, വികാരത്തോടെയുള്ള സമ്പർക്കം മൂലമുള്ള സ്ഖലനം, മത പരിത്യാഗം, നിഫാസ്, അകാരണമായി പള്ളിയിൽനിന്ന് പുറത്തുപോകൽ തുടങ്ങിയ കാരണങ്ങളാൽ ഏത് ഇഅതികാഫും ബാത്വിലാകും. പതിനഞ്ചു ദിവസമോ അതിൽ താഴെയോ ഉള്ള ഇഅതികാഫിൽ ഹയ്ള് ഉണ്ടായാൽ ആ ഇഅതികാഫും ബാത്വിലാകും. ചീത്ത പറയൽ, പരദൂഷണം പറയൽ, നിഷിദ്ധമായതു ഭക്ഷിക്കൽ എന്നിവ കൊണ്ട് ഇഅതികാഫിന്റെ പ്രതിഫലം നഷ്ടപ്പെടും. (ഫത്ഹുൽ മുഈൻ: 202)

Related Posts