ശഅബാനു ശഹ്‌രീ അഥവാ ശഅബാൻ എന്റെ മാസമാണ് എന്ന മുത്ത്നബി ﷺ യുടെ ഈ പ്രസ്താവനയിൽ പ്രസ്തുത മാസത്തിന്റെ പ്രാധാന്യവും, തിരുദൂതരുടെ പരിഗണനയും ഉളളടങ്ങിയിട്ടുണ്ട്. റമളാനിനു ശേഷം പ്രവാചകർ ﷺ ഏറ്റവും കൂടുതൽ സ്നേഹിച്ച മാസമായിരുന്നു ശഅബാൻ. അതിനാൽ അലസ ഹൃദയത്തോടെ ശഅബാനിനെ സമീപിക്കാൻ വിശ്വാസികൾക്ക് കഴിയില്ല. ആരാധനകൾ കൊണ്ടും, സത്കർമ്മങ്ങളാലും ശഅബാനിൽ സജീവമായിരിക്കണം സത്യവിശ്വാസികൾ.
ശഅബാൻ മാസത്തിൽ നോമ്പിന്റെ കാര്യത്തിൽ അത്യാവേശം കാണിക്കുന്ന ആറ്റലോരെ കണ്ട് ഉസാമതുബ്നു സൈദ് (റ) ചോദിച്ചു: “നബിയേ, അങ്ങ് ഈ മാസത്തിൽ നോമ്പെടുക്കുന്നതു പോലെ ഇതര മാസങ്ങളിൽ നോമ്പെടുക്കുന്നത് കാണുന്നില്ലല്ലോ? തിരുദൂതർ നൽകിയ മറുപടിയിങ്ങനെയാണ്. റജബിനും റമളാനും ഇടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണിത്. അതിൽ മനുഷ്യരുടെ സുകൃതങ്ങൾ അല്ലാഹുവിലേക്കുയർത്തപ്പെടുന്നു. അതിനാൽ നോമ്പുകാരനായിരിക്കെ എന്റെ അമലുകൾ ഉയർത്തപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്.”
ശഅബാനിനെ ഇബാദത്തുകൾ കൊണ്ട് ധന്യമാക്കുവാൻ മുത്ത് നബി ﷺ നമ്മെ പ്രേരിപ്പിക്കുകയാണ്. സുന്നത്തായ കർമങ്ങളും, ഇസ്തിഗ്ഫാറും, സ്വലാത്തുമെല്ലാം അധികരിപ്പിച്ച് നൻമയുടെ വിത്തുകൾ കൂടുതലായി വിതക്കാൻ നമുക്ക് സാധിക്കണം.
തിരുനബിയുടെ മേലുള്ള സ്വലാത്തിനായി നിർദേശിക്കുന്ന സൂറത്തുൽ അഹ്സാബിലെ അൻപത്തിയാറാമത് ആയത്ത് ഇറങ്ങിയത് ശഅബാനിലാണെന്നത് ഈ മാസത്തിൽ സ്വലാത്ത് വർധിപ്പിക്കേണ്ടതിന്റെ മഹത്വവും പാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട്. ഖിബ്‌ല കഅബയാകണമെന്ന തിരുനബിയുടെ മോഹത്തിന്റെ സാക്ഷാത്കാരവും സംഭവിച്ചതും ശഅബാനിലാണല്ലോ. ആറ്റലോരുടെ ആഗ്രഹസാഫല്യത്തിന്റെ മാസമെന്ന നിലക്ക് കൂടിയാണ് അവിടുന്ന് “ശഅബാൻ എന്റെ മാസമാണ്, അതിന്റെ മഹത്വം പരിഗണിച്ചവൻ എന്റെ കാര്യങ്ങളെ മഹത്വപ്പെടുത്തിയവനായി. അന്ത്യനാളിൽ ഞാനവന് മുൻഗാമിയും നിക്ഷേപവുമായിരിക്കും” എന്ന് അരുളിയത്.
നബി ﷺ ക്ക് പ്രിയപ്പെട്ടതെല്ലാം നമുക്കും അമൂല്യമാകണമല്ലോ. ശഅബാനിനെ ആദരിച്ചും നൻമകളാൽ സമൃദ്ധമാക്കിയും നബി ﷺ യോടുള്ള വിധേയത്വത്തെ ഇശ്ഖിനെ പ്രകടമാക്കേണ്ടതുണ്ട്. റജബിൽ നേടിയ ആത്മീയാനുഭൂതിയുടെ കരുത്തിൽ ശഅബാനിൽ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാം. അത് സക്രിയമായൊരു റമളാൻ സമ്മാനിക്കാൻ കാരണമാകും. പുണ്യങ്ങളുടെ ശോഭ നിറഞ്ഞൊരു ശഅബാനാകണം നമ്മിൽ നിന്ന് വിട പറയേണ്ടത്.