ഖുതുബ എന്നാൽ അല്ലാമാ ഖതീബു ശിർമിനി ﵀ പറയുന്നു.
وهي الكَلَام الْمُفْتَتِحُ بِحَمْدِ اللهِ والصَّلَاةَ عَلَى رَسُول الله المختتم باالْوَصِيَّةِ وَالدُّعَاءِ ( معنى (۳/ ۱۳۸)
അല്ലാഹുവിനെ സ്തുതിക്കൽ കൊണ്ടും നബി ﷺ യുടെ മേലിലുള്ള സ്വലാത്തു കൊണ്ടും തുടങ്ങി വസ്വീയത്തുകൊണ്ടും ദുആകൊണ്ടും അവസാനിപ്പിക്കപ്പെടുന്ന പ്രത്യേക ഭാഷണം ആകുന്നു ഖുതുബ (മുഗ്‌നി 3/138).
ഖുതുബ കേവലം ഒരു പ്രസംഗമല്ലെന്ന് ഇതിൽനിന്ന് മനസ്സിലായി. അതിന്റെ ഭാഷ അറബിയാണ്. നബി ﷺ യുടെ കൽപനയും ഇപ്രകാരമാണ്. അവിടുന്ന് പറഞ്ഞു. ഞാൻ എപ്രകാരമാണോ നിസ്‌കരിക്കുന്നത് അപ്രകാരം നിങ്ങളും നിസ്കരിക്കുക. ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നതിലും അത് അറബി ഭാഷയിലാണെന്നതിനും തെളിവാണിത്. ഇമാം നവവി ﵀ പറഞ്ഞു.
ولا تصح الجمعة حتى يتقدمها خطبتان لِمَا رُوِيَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ ” صَلُّوا كَمَا رَأَيْتُمُونِي أُصَلِّي ” وَلَمْ يُصَلِّ الجمعة إلا بخطبتين (شرح المهذب ٥١٣/٤)
രണ്ട് ഖുതുബകൾക്ക് ശേഷമല്ലാതെ ജുമുഅ സാധുവാകുകയില്ല. നബി ﷺ പറഞ്ഞു: ഞാൻ നിസ്കരിക്കുന്നത് എങ്ങനെയാണോ നിങ്ങൾ കണ്ടത് അതുപ്രകാരം നിസ്‌കരിക്കുക. നബി ﷺ രണ്ട് ഖുതുബ കൂടാതെ ജുമുഅ നിസ്‌കരിച്ചിട്ടില്ല (ശറഹുൽ മുഹദ്ധബ് 4/513) നബി ﷺ നിസ്കരിച്ച പോലെ നിസ്കരിക്കുക എന്ന നിർദ്ദേശത്തിൽ രണ്ട് ഖുതുബകൾ ഉൾപ്പെടുന്നു. അതുപോലെത്തന്നെയാണ് ഖുതുബയുടെ ഭാഷയും. ഇമാം നവവി ﵀ പറയുന്നു.
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله (ص) صلو كما رأيتموني اصلّى وكان لخطب بالعربية (شرح المهذب ٤ / ٤٢٢)
“രണ്ട് ഖുതുബ അറബി ഭാഷയിലാകൽ നിബന്ധനയാകുന്നു. കാരണം അത് ഫർളാക്കപ്പെട്ട ദിക്റാകുന്നു. അത്തഹിയാത്ത്, തക്ബീറത്തുൽ ഇഹ്റാംപോലെ. അപ്പോൾ അതിൽ അറബിയാക്കൽ നിബന്ധനയാക്കപ്പെട്ടു. ഞാൻ നിസ്കരിച്ചത് പ്രകാരം നിങ്ങൾ നിസ്കരിക്കുകയെന്ന പ്രസ്താവനക്കുവേണ്ടി. നബി ﷺ അറബി ഭാഷയിലായിരുന്നു ഖുതുബ നിർവ്വഹിച്ചിരുന്നത്“ (ശറഹുൽ മുഹദ്ദബ് 422/4). ചുരുക്കത്തിൽ ഖുതുബ അറബി ഭാഷയിലായിരിക്കണമെന്നത് നബി ﷺ യുടെ നിർദ്ദേശമാണ്. എന്നാൽ ചില പരിഭാഷാ വാദികൾ ഖുതുബ വെറും പ്രസംഗമാണ്, അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലായിരിക്കണമെന്ന് വാദിക്കുന്നു.
ഇബ്നു ഹജർ ﵀ രേഖപ്പെടുത്തുന്നു.
وفائدتها باالعربية مع عدم معرفتهم لها العلم بالوعظ في الجملة (تحفة ٢ / ٤٥١)
ജനങ്ങൾക്ക് മനസ്സിലാകാത്തസാഹചര്യത്തിലും ഖുതുബ അറബിയായിരിക്കുന്നന്റെ ഫലം മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന് അറിഞ്ഞിരിക്കലാണ് (തുഹ്ഫ). ഇത് അല്ലാമ ഇബ്നു ഖാസിം(റ)വും ഖതീബുശർബിനീ(റ)മെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇനി പരിഭാഷാവാദികൾ പറയുന്നതുപോലെ ഖുതുബ ഒരു സാധാരണ പ്രസംഗമാണെങ്കിൽ
വുളൂ എടുക്കുക, ഔറത്ത് മറക്കുക, സമയമാവുക, കഴിവുള്ളവൻ നിൽക്കുക, രണ്ട് ഖുതുബകൾക്കിടയിൽ ഇരിക്കുക, നാൽപത് ആളുകളെ കേൾപ്പിക്കുക എന്നീ നിബന്ധനകളൊന്നും ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ ഖുതുബ ഇബാദത്താണെന്നും സാധാരണ പ്രസംഗമല്ലെന്നും നമുക്ക് മനസ്സിലാക്കാം.