ഡോ. അബ്ദുൽ ഖാദിർ സിന്ധി ഒരു വഹാബി പണ്ഡിതനായിരുന്നു. ഒരിക്കൽ ‘മദീന മുനവ്വറ’ എന്ന മാഗസിനിൽ ശൈഖ് മുഹമ്മദ് മാലിക്കിയെ കുറിച്ച് സുന്നി പണ്ഡിതനായി എന്നതിന്റെ പേരിൽ മാത്രം ഇല്ലാത്ത പലതും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു.
ഒരുപാട് രാഷ്ട്രങ്ങളിൽ നിന്നുള്ളവരും ഭരണതലത്തിൽ വലിയ സ്വാധീനമുള്ളവരുമായ ശൈഖ് മാലിക്കിയുടെ പല ശിഷ്യരും ഇതിൽ കുപിതരായി.
എന്നാൽ ശൈഖ് മാലികി തന്റെ ശിഷ്യരുടെ അടുക്കൽ ഡോ.അബ്ദുൽ ഖാദിറിന് കുറച്ച് പണം കൊടുത്തയച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മഹാനർ ഡോ.അബ്ദുൽ ഖാദിറിനെ അദ്ദേഹത്തിന്റെ മദീനയിലുള്ള വസതിയിലേക്ക് സന്ദർശിക്കാനും പോയി. അപ്പോഴാണ് അദ്ദേഹം ശൈഖ് മുഹമ്മദ് മാലിക്കിയെ ജീവിതത്തിൽ ആദ്യമായി കാണുന്നത്. അന്ന് തനിക്ക് പണം കൊടുത്തയച്ചതും ശൈഖവർകൾ ആണെന്ന് മനസ്സിലാക്കി.”ഇത് മുത്ത് നബിയുടെ പേരമകൻ തന്നെ…” തിരുനബിപരമ്പരയെ പോലും നിഷേധിച്ചിരുന്ന ആ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആ വാക്കുകൾ വന്നുപോയി.
ശൈഖവർകളുടെ വ്യക്തിപ്രഭാവം മനസ്സിലാവാതെ തെറ്റിദ്ധരിച്ച് സുന്നത്ത് ജമാഅത്തിന്റെ പ്രചാരകനായി എന്നതിന്റെ പേരിൽ മാത്രം വ്യക്തിഹത്യ ചെയ്തതിൽ ഡോ.അബ്ദുൽ ഖാദിർ ശൈഖിനോട് ക്ഷമ ചോദിക്കുകയും ആ തിരുകരങ്ങൾ ചുംബിക്കുകയും അഹ്‌ലുസ്സുന്നയിലേക്ക് മടങ്ങുകയും ചെയ്തു. അപ്പോഴും ശൈഖവർകൾ പതിവുപോലെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ശൈഖ് മുഹമ്മദ് മാലിക്കിയെയും അവിടുത്തെ കുടുംബത്തെയും പലപ്പോഴും വേറിട്ട് നിർത്തിയത് എല്ലാവരെയും ആകർഷിക്കുന്ന ഇത്തരം ഒരുപാട് നല്ല സ്വഭാവങ്ങളായിരുന്നു.