ഉസ്മാൻ ﵁ ആണ് ആദ്യമായി ജുമുഅ ദിവസത്തിൽ രണ്ടാം ബാങ്ക് നടപ്പിലാക്കിയത്.
സാഇബ് ബ്നു യസീദി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു നബി ﷺ യുടെയും അബൂബക്കർ﵁, ഉമർ﵁ എന്നിവരുടെയും കാലത്ത് ജുമുഅ ദിവസത്തെ ബാങ്ക് ഇമാം മിമ്പറിൽ ഇരുന്ന ഉടനെ ആയിരുന്നു.എന്നാൽ ഉസ്മാൻ(റ)ന്റെ കാലത്ത് ജനങ്ങൾ അധികരിപ്പോൾ ‘സൗറാഇ’ൽ നിന്ന് കൊണ്ട് മൂന്നാമത്തെ ഒരു ബാങ്ക് കൂടി(ഇഖാമത് ഉൾപ്പെടെ)
അവർ വർധിപ്പിച്ചു.﵁﵁ തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു” (ബുഖാരി വാ:3, പേ: 422).
إنَّ الأذَانَ يَومَ الجُمُعَةِ كانَ أوَّلُهُ حِينَ يَجْلِسُ الإمَامُ، يَومَ الجُمُعَةِ علَى المِنْبَرِ في عَهْدِ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ، وأَبِي بَكْرٍ، وعُمَرَ رَضِيَ اللَّهُ عنْهمَا، فَلَمَّا كانَ في خِلَافَةِ عُثْمَانَ بنِ عَفَّانَ رَضِيَ اللَّهُ عنْه، وكَثُرُوا، أمَرَ عُثْمَانُ يَومَ الجُمُعَةِ بالأذَانِ الثَّالِثِ، فَأُذِّنَ به علَى الزَّوْرَاءِ، فَثَبَتَ الأمْرُ علَى ذلكَ.
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ ﵀ എഴുതുന്നു: അന്ന് തന്നെ സർവ പ്രദേശങ്ങളിലും ഉസ്മാൻ ﵁ന്റെ നിർദേശമനുസരിച്ചു പ്രവർത്തിച്ചു പൊന്നു എന്നാണ് വ്യക്തമാകുന്നത് (ഫാത്ഹുൽ ബാരി വാ: 3, പേ: 424).
ഇമാം ബദറുദ്ധീൻ അൽ അയ്നി ﵀ പറയുന്നു: “ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുഖൂതിയ്യായ ഇജ്മാആയി(എകോപനം) മാറി” (ഉംദത്തുൽഖാരി).
وموافقة سائر الصحابة له بالسكوت وعدم الإنكار؛ فصار إجماعا سكوتيا(عمدة القاري)
ഇബ്നുറജബുൽ ഹമ്പലി ﵀ എഴുതുന്നു: ‘കാര്യം അങ്ങനെ സ്ഥിരപ്പെട്ടു’ എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ ﵁ പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി ﵁ യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാൽ ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211).
ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഫത്ഹുൽ മുഈനിൽ വിശദീകരിക്കുന്നു: ‘ഖത്വീബ്’ മിമ്പറിൽ കയറുന്നതിന് മുമ്പുള്ള ബാങ്ക് ജനങ്ങൾ അധികരിച്ചപ്പോൾ ഉസ്മാൻ ﵁ ആണ് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ ജുമുഅക്ക് ഹാജറാകൽ പ്രസ്‌തുത ബാങ്കിനെ ആശ്രയിച്ചിരിക്കുക പോലെയുള്ള ആവശ്യമുണ്ടാകുമ്പോഴാണ് അത് സുന്നത്താണെന്ന് പറഞ്ഞത്’ (ഫത്ഹുൽ മുഈൻ പേ: 98).
ഉസ്മാൻ ﵁ പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ആഗോള മുസ്‌ലിംകൾ അംഗീകരിച്ച് ആചരിച്ച് പോരുകയും ചെയ്‌ത ബാങ്ക് നബി ﷺ ചെയ്തില്ലെന്ന ഒറ്റകാരണത്താൽ അനാചാരമായി പുറം തള്ളുന്ന വഹാബികളുടെ സമീപനം തീർത്തും തെറ്റാണെന്ന് ചുരുക്കം.