ആഗോളവ്യാപകമായി നിലനിൽക്കുന്ന ഇസ്‌ലാമിക ചരിത്ര സ്മാരകങ്ങളാണ് മഖ്ബറകൾ.
അവയുടെ സംസ്ഥാപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഗൽഭരായ മുസ്‌ലിം ചരിത്രകാരന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളിൽ മഖ്ബറകളെ പരാമർശവിധേയമാക്കുന്നുണ്ട്.
അല്ലാമ മുല്ലാ അലിയുൽഖാരി രേഖപ്പെടുത്തുന്നു: ജനങ്ങൾക്ക് സിയാറത്ത് ചെയ്യാനും വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും ആത്മജ്ഞാനികളുടെയും ഖബറുകൾക്കു മുകളിൽ കെട്ടിടം പണിയുന്നതിന് പൂർവിക പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്” (മിർഖാതുൽ മഫാതീഹ് 2/372).
ആദ്യകാലങ്ങളിൽ തന്നെ സ്വഹാബികളുടെയും താബിഉകളുടെയും ഖബ്റുകൾക്കു മുകളിൽ ഖുബ്ബകൾ നിർമ്മിക്കപ്പെട്ടിരുന്നതായി പണ്ഡിതന്മാർ പറയുന്നുണ്ട്. തിരുനബി ﷺ യുടെ പ്രിയ പുത്രൻ ഇബ്റാഹിം ﵁ ന്റെ അന്ത്യവിശ്രമ കേന്ദ്രം അതിനൊരുദാഹരണമാണ്.
ഇമാം നവവി ﵀ എഴുതുന്നു: ഇബ്റാഹിം ﵁ നെ ജന്നതുൽ ബഖീഇലാണ് മറവ് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബ്ർ പ്രശസ്തമാണ്. അതിനുമുകളിൽ ഒരു ഖുബ്ബയുണ്ട് (തഹ്ദീബുൽ അസ്മാഅ് 1/130).
മുആവിയ(റ)ന്റെ ഭരണകാലത്താണ് അബൂത്വാലിബിന്റെ മകൻ ഉഖൈൽ(റ) മരണമടയുന്നത്. ജന്നത്തുൽ ബഖീഇന്റെ ആദ്യഭാഗത്താണ് അദ്ദേഹത്തെ ഖബറടക്കിയത്. പ്രസിദ്ധമാണവിടം. അതിന് മുകളിൽ കമനീയമായ ഒരു ഖുബ്ബ കാണാം(Ibid, 1/463). ഇമാം മാലിക് ﵀ നെയും മറവു ചെയ്തത് ബഖീഇന്റെ കവാടത്തിന് സമീപമാണ്. അതിനു മുകളിലും ഖുബ്ബയുണ്ടെന്നും തഹ്ദീബിൽ ഇമാം നവവി രേഖപ്പെടുത്തുന്നുണ്ട്.
രക്തസാക്ഷികളുടെ നേതാവ് ഹംസതുൽ കർറാർ(റ)ന്റെ ഖബ്റിനു മുകളിൽ ആകർഷണീയവും ദൃഢവുമായ ഉയർന്നതുമായ ഒരു ഖുബ്ബയുണ്ടായിരുന്നു. ഇരുമ്പ് കൊണ്ട് പൊതിഞ്ഞതായിരുന്നു അതിന്റെ കവാടം. മദീനയുടെ ചരിത്രം വിശദമായി പ്രതിപാധിക്കുന്ന ഇമാം നൂറുദ്ദീൻ സംഹൂദി ﵀ യുടെ വഫാഉൽ വഫയിൽ ഇതേ പ്രതി പരാമർശമുണ്ട് (3/921).
മദീനയിലേത് പോലെ തന്നെ മക്കയുൾപ്പെടെയുള്ള ഇതര അറേബ്യൻ നഗരങ്ങളിലും നിരവധി മഖ്ബറകൾ സ്ഥിതി ചെയ്തിരുന്നു. ജന്നതുൽ മുഅല്ലയിലെ ഖദീജാ ബീവി ﵂ യുടെയും ബസ്വറയിലെ ത്വൽഹതു ബ്നു ഉബൈദില്ലാഹ്(റ), ഹസനുൽ ബസ്വരി(റ), ഇബ്നു സീരീൻ(റ) എന്നിവരുടെയും ദമസ്കസിലെ മുആവിയ(റ)യുടെയും മഖ്ബറകൾ അവയിൽ ചിലത് മാത്രം. ഇപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരാതന കാലത്ത് നിലനിന്നിരുന്നതും ഇപ്പോഴുമുള്ളതുമായ ചരിത്ര സ്മാരകങ്ങൾ ഈ വസ്തുതയെ അരക്കിട്ടുറപ്പിക്കുന്നു.
ഇമാം അബൂഹനീഫ ﵀ യുടെയും ഇമാം ശാഫിഈ ﵀ യുടെയും അന്ത്യവിശ്രമ കേന്ദ്രങ്ങളും പ്രസിദ്ധമാണ്. ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്രുത ചരിത്രകാരനായ ഇബ്നു ഖില്ലികാൻ എഴുതുന്നു: ശറഫുൽ മലിക് എന്നറിയപ്പെടുന്ന സുൽത്വാൻ അബൂ സഅദ് മുഹമ്മദ് ബ്ൻ മൻസൂർ അൽ ഖവാറസമി ഇമാം അബൂഹനീഫ ﵀ യുടെ ഖബറിനു മുകളിൽ ദർഗയും ഖുബ്ബയും നിർമ്മിച്ചു. ചാരത്ത് വലിയൊരു ഹനഫി മദ്റസയും പണിതു. നിർമ്മാണം പൂർത്തിയായപ്പോൾ പ്രധാനികളായ വലിയൊരു സംഘത്തെയും കൂട്ടി അവ കാണാൻ പുറപ്പെടുകയും ചെയ്തു (വഫയാതുൽ അഅ്യാൻ: 5/414).