Site-Logo
POST

വരയ്ക്കൽ മുല്ലക്കോയ തങ്ങൾ, ഉമ്മത്തിന്റെ വരദാനം

ഉമൈർ ബുഖാരി

|

22 Dec 2023

feature image

സമസ്ത സ്ഥാപകനും പ്രഥമ പ്രസിഡന്റും. ജനനം നാലു നൂറ്റാണ്ട് മുമ്പ് യമനിലെ ഹളർമൗതിൽനിന്നും ദീനീ പ്രചാരണത്തിന് കേരളത്തിലെത്തിയ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ സന്താനപരമ്പരയിൽ. പിതൃപരമ്പര: സയ്യിദ് അലി ഹാമിദ് ബാഅലവി, സയ്യിദ് അലി ബാഅലവി, സയ്യിദ് അഹ്മദ് ബാഅലവി, സയ്യിദ് ഹസൻ ബാഅലവി, സയ്യിദ് മുഹമ്മദ് ബാ അലവി.

കോഴിക്കോട് പുതിയങ്ങാടി കേന്ദ്രമാക്കിയായിരുന്നു ബാഅലവി സയ്യിദന്മാർ കേരള മുസ്‌ലിംകൾക്ക് ആത്മീയ നേതൃത്വം നൽകിയിരുന്നത്. നിരവധി അത്ഭുത സിദ്ധികൾക്ക് ഉടമകളായിരുന്നു അവരെല്ലാം. മുല്ലക്കോയ തങ്ങളായിരുന്നു അവരിലെ അവസാനത്തെ കണ്ണി.
തങ്ങൾക്ക് സന്താനങ്ങൾ ഇല്ലായിരുന്നു.

1840ലായിരുന്നു തങ്ങളുടെ ജനനം. പിതാവ് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങൾ വലിയ സൂഫീവര്യനായിരുന്നു. മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ പുതിയങ്ങാടി കടപ്പുറത്തു ചെന്ന്‌ അദ്ധേഹത്തെ സന്ദർശിച്ചിരുന്നു. മാതാവ് മരക്കാരകത്ത് ആഇശാ ശരീഫ ചെറിയ ബീവി.പിതാവിന്റെ ആദ്യവിവാഹത്തിലെ രണ്ടാമത്തെ പുത്രനായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ. സഹോദരൻ സയ്യിദ് കുഞ്ഞിസീതി തങ്ങൾ. സഹോദരി ശരീഫാ ആഇശ മുല്ലബീവി.

മുഹമ്മദ് ബാഅലവി തങ്ങളുടെ രണ്ടാം ഭാര്യ ശരീഫ ആറ്റബീവി. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ പിതാമഹൻ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങളുടെ സഹോദരി ആയിരുന്നു അവർ. ഏഴു മക്കളാണ് ഈ ദാമ്പത്യ വല്ലരിയിൽ പിറന്നത്.

ഉസ്‌താദുമാർ

മൗലാനാ കിൽസിങ്ങാന്റെകത്ത് അബൂബക്കർ കുഞ്ഞി ഖാസി, സയ്യിദ് അലി അത്താസ് അൽമദനി, അബ്ദുല്ലാഹ് അൽമഗരിബി. കൂടാതെ ഒരു സായിപ്പ് മുഖേന മുല്ലക്കോയ തങ്ങൾ ഇംഗ്ലീഷ് പഠിക്കുകയും അദ്ദേഹത്തിനു തങ്ങൾ മലയാളം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന തങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഉർദു, പാർസി ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു.

പ്രധാന ശിഷ്യന്മാർ

പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാർ, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ,പാനായിക്കുളം പുതിയാപ്പിള അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, ചാലിലകത്ത് അഹ്‌മദ് മുസ്‌ലിയാർ, വാളക്കുളം അബ്‌ദുൽബാരി മുസ്‌ലിയാർ, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ.

രാഷ്ട്രീയ ഇടപെടലുകൾ

ഭരണ കർത്താക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു വരക്കൽ തങ്ങൾ. കാണാൻ ഹൈദരാബാദ് നൈസാമും അറക്കൽ രാജാവും ബീവിയും പുതിയങ്ങാടിയിലെത്തി തങ്ങലെ സന്ദർശിച്ചിരുന്നു. അറക്കൽ രാജാവ് ഉപദേഷ്ടാവായും വിദേശ രാഷ്ട്രങ്ങളിലേക്കയക്കുന്ന സന്ദേശങ്ങളുടെ മധ്യവർത്തിയായും സ്വീകരിക്കുകയുണ്ടായി. കണ്ണൂരിലേക്കു കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോൾ വഴിയിൽ നിറുത്തേണ്ട സ്ഥലങ്ങളിൽ ഇളനീർ പറിച്ചു കൊടുക്കാൻ രാജാവ് തെങ്ങുകൾ നിശ്ചയിച്ചു കൊടുത്തിരുന്നുവത്രെ. ബ്രിട്ടീഷ് കളക്ടറുമാരുമായും സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് തങ്ങൾ ബന്ധപ്പെട്ടിരുന്നു. തിരിച്ച് അവരും തങ്ങളോട് അതീവ ആദരവോടെയാണ് പെരുമാറിയിരുന്നത്.

തങ്ങളെ കാണാൻ ദിനേന ധാരാളം ആളുകലാണ് എത്തിയിരുന്നത്.
കോഴിക്കോട് നഗരത്തിന് വടക്കുഭാഗത്തുള്ള വെസ്റ്റ് ഹിൽ റയിൽവേ സ്റ്റേഷൻ വഴിയാണ് അവരിലെ ഭൂരിഭാഗവും എത്തിയിരുന്നത്. ആദ്യകാലത്ത് അതിന്റെ പേര് വരക്കൽ സ്റ്റേഷൻ എന്നായിരുന്നു. അതിലേക്ക് ചേർത്ത് തങ്ങളെ ആളുകൾ വരക്കൽ തങ്ങൾ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ക്രമേണ ആ പേര് പ്രചാരത്തിലായി. അങ്ങനെയാണ് കോഴിക്കോട് പുതിയങ്ങാടി മുല്ലക്കോയ തങ്ങൾ വരക്കൽ തങ്ങളായി മാറിയത്.

പുതിയങ്ങാടിക്കുമുണ്ട് അങ്ങനെയൊരു ചരിത്രം. തങ്ങളുടെ പൂർവികന്മാരുടെ ആഗമാനത്തോടെയാണ് ഇവിടം സജീവമായി തുടങ്ങിയത്. തുടർന്നാണ് ആ സ്ഥലത്തിന് അങ്ങനെയൊരു പേര് വന്നത്. ദേശീയ പാതയോട് ചേർന്ന് വരക്കൽ വരെയുള്ളറോഡ് കോയ റോഡ് എന്നാണറിയപ്പെടുന്നത്. തങ്ങളോടുള്ള ആദരവിന്റെ ഭാഗമായി കോഴിക്കോട് നഗരസഭയാണ് പ്രസ്തുത റോഡിന് കോയ റോഡ് എന്ന്‌ നാമകരണം ചെയ്തത്.

സമസ്ത രൂപീകരിക്കുന്നു

മലബാർ സമരത്തിന്റെ മറവിൽ മൗലവിമാർ കേരളത്തിൽ മുജാഹിദ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ചപ്പോൾ തങ്ങൾ അതിനെതിരെ രംഗത്തിറങ്ങി. പണ്ഡിതന്മാരെ വിളിച്ചു ചേർത്തു. 1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ ചേർന്ന വിപുലമായ പണ്ഡിതസമ്മേളനത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമായപ്പോൾ ആദ്യത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതു തങ്ങൾ തന്നെയായിരുന്നു. വഫാതാകുന്നതു വരെ ആ പദവിയിൽ തുടർന്നു.

തങ്ങൾ അധ്യക്ഷനായ സമസ്ത സമ്മേളനങ്ങൾ: ഒന്നാം സമ്മേളനം, 1927 ഫെബ്രുവരി, താനൂർ. രണ്ടാം സമ്മേളനം, 1927 ഡിസംബർ, മോളൂർ. മൂന്നാം സമ്മേളനം, 1929 ജനുവരി, ചെമ്മങ്കുഴി. നാലാം സമ്മേളനം, 1930 മാർച്ച്, മണ്ണാർക്കാട്. അഞ്ചാം സമ്മേളനം, 1931 മാർച്ച്, വെള്ളിയാഞ്ചേരി.

വഫാത്‌

AH 1352(1932) ശഅബാൻ 17നാണ് തങ്ങൾ ഈ ലോകത്തോട് വിടപറഞ്ഞത്.
തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. മഗരിബ് നിസ്കാരാനന്തരമായിരുന്നു വഫാത്‌. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളും മറ്റും ചേർന്നാണു മയ്യിത്ത് കുളിപ്പിച്ചത്. മയ്യിത്ത് നിസ്കാരത്തിനു സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. അന്ത്യവിശ്രമം കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിൽ.

 

Related Posts