ഇസ്‌ലാമിലെ ഭോജന-പാന മര്യാദകൾ മതത്തിന്റെ സൗന്ദര്യവും ചൈതന്യവും വ്യക്തമാക്കുന്നതാണ്. അന്നപാനാദികൾ നടത്തുമ്പോൾ നിർദേശിക്കപ്പെട്ട കാര്യങ്ങൾ പ്രയാസ രഹിതമായി നിർവഹിക്കാനാകും.
അവയെല്ലാം നമ്മുടെ ആത്മീയതക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. നബി ﷺ യുടെ പാഠങ്ങളിൽ നിന്നു പണ്ഡിതന്മാർ വിവരിച്ച് തന്നതാണവ. മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഭോജനത്തെ പുണ്യങ്ങൾകൊണ്ട്
നിറക്കാൻ ഈ മര്യാദകൾ
പാലിക്കുന്നതിലൂടെ സാധിക്കുന്നു.
ഇമാം ഗസ്സാലി(റ) പ്രസി ദ്ധമായ ഇഹ്‌യാ ഉലൂമിദ്ദീനിൽ വിവരിച്ച ഭോജന മര്യാദകൾ ഇങ്ങനെ സംഗ്രഹിക്കാം:
– ഭക്ഷണ പാനീയങ്ങൾ അനുവദനീയമാണെന്ന് ഉറപ്പാക്കുക. അതിന്റെ സമ്പാദനം അനുവദനീയമായ
മാർഗത്തിലൂടെയായിരിക്കണം.
– “ശരീരത്തിന്റെ ആരോഗ്യവും സുസ്ഥിതിയും സുരക്ഷിതമായി, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ ശേഷിയുണ്ടാവാൻ ഞാൻ ഭക്ഷിക്കുന്നു’ എന്ന
വിചാരം(നിയ്യത്ത്) ഉണ്ടായിരിക്കണം.
– ഭക്ഷണത്തിന് മുമ്പും പിമ്പും നിങ്ങൾ അംഗസ്നാനം ചെയ്യുക എന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതിനാൽ കൈകളും വായയും കഴുകണം.
– ലഭ്യമായതും
തീൻമേശയിലെത്തിയതുമായ ഭക്ഷ്യവിഭവങ്ങളിൽ സംതൃപ്തനാവുക.
ഇഷ്ടപ്പെടുന്നതു കഴിക്കുക. അല്ലാത്തത് വേണ്ടെന്നുവെക്കുക. ഭക്ഷണത്തെ ആക്ഷേപിക്കരുത്.
– ഒറ്റക്കു കഴിക്കാതെ കുടുംബത്തെയോ മറ്റോ
ഒന്നിച്ചിരുത്തുക. കൂടുതൽ ആളുകൾ കഴിക്കുന്ന ഭക്ഷണമാണുത്തമം. താഴെ സുപ്ര വിരിച്ച് ഒന്നിച്ചിരുന്ന് കഴിക്കുന്ന രീതിയായിരുന്നു നബി(സ്വ) അവലംബിച്ചിരുന്നത്. ആ രീതി സ്വീകരിക്കാൻ ശ്രമിക്കുക.
– ആദ്യ ഘട്ടത്തിൽ തന്നെ ശരിയാംവണ്ണം ഇരിക്കുക. ഇടക്ക് ഇരുത്തത്തിന്റെ രീതി മാറ്റാതിരിക്കുക. നബി(സ്വ) അങ്ങനെയായിരുന്നു ചെയ്തത്.
– ആദ്യത്തിൽ ബിസ്മി ചൊല്ലുക. ഓരോ പ്രാവശ്യം ഭക്ഷണം വായിൽ വെക്കുമ്പോഴും ബിസ്മി ചൊല്ലൽ നല്ലതാണ്. തുടക്കത്തിൽ മറന്നാൽ ഇടക്ക് ബിസ്മില്ലാഹി അവ്വലുഹു വ ആഖിറഹു എന്ന് പറയണം. ഇത് മറ്റുള്ളവർ കേൾക്കെ ആകുന്നതു നല്ലതാണ്.
– ചെറിയ ഉരുളകളും അംശങ്ങളുമാക്കി വലതുകൈകൊണ്ട് കഴിക്കുക. വെള്ളപാത്രം വലതു കൊണ്ട് പിടിച്ച് കുടിക്കുക.
-നന്നായി ചവച്ച്
കഴിക്കുക. ചുണ്ടുകൾ ചേർത്തു പിടിച്ച് വായിലുള്ളത് ചവക്കുക. ഇറക്കിയതിനുശേഷം മാത്രം അടുത്ത പിടിക്കായി കൈനീട്ടുക.
– വെള്ളം ഒന്നിച്ച് കുടിക്കാതെ മൂന്നു ഇറക്കുകളെങ്കിലുമാക്കി കുടിക്കുക. കുടിക്കും മുമ്പ് പാത്രത്തിലേക്ക് നോക്കണം. വായിൽ പിടിച്ചു കൊണ്ടുതന്നെ ശ്വാസോച്ഛ്വാസം ചെയ്യരുത്. വായിൽ നിന്നകറ്റിയാണ് ശ്വാസം വിടേണ്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കരുത്.
– ഭക്ഷണത്തളികയിൽ തന്റെ മുന്നിൽ വരുന്ന ഭാഗത്തു നിന്ന് കഴിക്കുക. പാത്രത്തിന്റെ മധ്യത്തിൽ കയ്യിട്ട് വാരരുത്. ഒരു പാത്രത്തിൽ ഒരേ ഇനം ഭക്ഷണമാണെങ്കിലാണിത്. വ്യത്യസ്ത പഴങ്ങളും പലഹാരങ്ങളും ഒരു പാത്രത്തിലാണെങ്കിൽ ആവശ്യമുള്ളത് ഏത് ഭാഗത്തുനിന്നും എടുക്കാവുന്നതാണ്.
– തണുപ്പിക്കാനായി ഭക്ഷണത്തിലേക്ക് ഊതരുത്. തണുക്കുന്നതുവരെ കാത്തിരിക്കുക. ഭക്ഷണസാധനം കൊണ്ട് കൈ തുടക്കുകയോ വൃത്തിയാക്കുകയോ ചെയ്യരുത്.
– ഭക്ഷണം കഴിച്ച പാത്രം വടിച്ചു വൃത്തിയാക്കി കഴിക്കണം. പാത്രത്തിലെ അവസാന തുള്ളിയും കഴിച്ചുവെന്നുറപ്പാക്കുക. പാത്രത്തിൽ ഭക്ഷണം ബാക്കിവെച്ച് നശിപ്പിക്കുന്നത് പാതകമാണ്.
– കഴിച്ച് കഴിഞ്ഞാൽ കൈവിരലുകളിൽനിന്ന് നാവുകൊണ്ട്
ഭക്ഷണാവശിഷ്ടങ്ങൾ എടുക്കണം. താഴെ വീണ ഭക്ഷണം എടുത്ത് വൃത്തിയാക്കി കഴിക്കണം, കളയരുത്. ഉപേക്ഷിച്ചതും ഉപേക്ഷിക്കേണ്ടതുമായവ പിന്നീട് വരുന്നവർ അബദ്ധത്തിൽ കഴിക്കുന്നതൊഴിവാക്കാൻ അവ മാറ്റിവെക്കണം.
– ഭക്ഷിച്ച ശേഷം അൽഹംദുലില്ലാഹ് എന്ന് പറയുക. ഭക്ഷണം നൽകിയവർക്കായി പ്രാർത്ഥിക്കുക.
സംഘമായി ഭക്ഷണം കഴി ക്കുമ്പോൾ ചില കാര്യങ്ങൾ പത്യേകം ശ്രദ്ധിക്കണം.
1) കൂട്ടത്തിൽ ഉയർന്ന സ്ഥാനമോ പ്രായമോ ഉള്ളവർ തുടങ്ങുക.
2) നല്ലത് സംസാരിച്ച് കഴിക്കുക,
3) സഹഭോജിയെ പരിഗണിക്കുക.
4) അവന്റെ ഭോജനത്തിന് തടസ്സമുണ്ടാക്കരുത്.
5) അവൻ ഭക്ഷണം കഴിക്കുന്നത് നിരീക്ഷിച്ച് പ്രയാസപ്പെടുത്തരുത്.
6) അവന് വെറുപ്പുളവാക്കുന്ന രീതിയിൽ നാം കഴിക്കരുത്.
7) കൂടെയുള്ളവനു കൈ കഴുകാൻ വെള്ളം ഒഴിച്ചുകൊടുക്കുക.
ഇവയിലോരോന്നിലും ധാരാളം കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ആരോഗ്യപരവും ആത്മീയവുമായ പുണ്യങ്ങളും ഗുണങ്ങളുമുള്ളവയാണെല്ലാം. ഹദീ സുകളിലും മഹദ്വചനങ്ങളിലും എണ്ണിപ്പറഞ്ഞിട്ടുള്ളതും
വ്യക്തമാക്കിയതുമായ മഹത്ത്വങ്ങളും പുണ്യങ്ങളും ഓരോന്നിനുമുണ്ട്.
ഭോജന മര്യാദകൾ വിവരിക്കുന്ന ഹദീസുകൾ പ്രത്യേകം ക്രോഡീകരിച്ച ഗ്രന്ഥങ്ങളുമുണ്ട്. ഇസ്‌ലാം നിർദേശിച്ച ഭക്ഷണ മര്യാദകളുടെ ആരോഗ്യ മേന്മകൾ കൂടുതൽ വ്യക്ത മായിക്കൊണ്ടിരിക്കുന്ന
കാലമാണിത്. അതിനാൽ തന്നെ അവ അംഗീകരിച്ച് ജീവിക്കുന്നത് എല്ലാ അർത്ഥത്തിലും പ്രയോജ നകരമാണ്.
-മുശ്താഖ് അഹ്‌മദ്