Site-Logo
POST

ഖുർആൻ പാരായണത്തിന്റെ പ്രതിഫലങ്ങൾ

28 Aug 2023

feature image

വിശുദ്ധ ഖുർആൻ അവതരണം നടന്ന മാസം എന്നതാണ് റമളാനിന്റെ വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ റമളാനിലെ പ്രധാന ആരാധനയാണ് വിശുദ്ധ വേദപാരായണം. ഇതര മാസങ്ങളിലും ഇത് ഏറെ ശ്രേഷ്ഠമാണെങ്കിലും അവതരണ മാസത്തിൽ പ്രത്യേക പുണ്യം അർഹിക്കുന്നു. അതുകൊണ്ട് ലഭിക്കുന്ന ഏതാനും ഗുണങ്ങൾ വിലയിരുത്താം.

ആത്മ സംസ്കരണം

നോമ്പുകാലം വിശ്വാസിക്ക് ആത്മ സംസ്കരണത്തിനുള്ളതാണ്. വിശുദ്ധ ഖുർആൻ എല്ലാ ആത്മരോഗങ്ങൾക്കുമുള്ള സിദ്ധൗഷധവുമാണ്. “ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങൾക്കും തുരുമ്പ് വരും“. നബി ﷺ ഇങ്ങനെ പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു: തുരുമ്പിനെ വൃത്തിയാക്കാനുള്ള വസ്തു എന്താണ് ? “ഖുർആൻ പാരായണവും മരണസ്മരണയും” എന്നായിരുന്നു മറുപടി (ഇഹ്‌യ 5-13).

രോഗശമനം

ഹൃദയ സംസ്കരണത്തിനു മാത്രമല്ല ശാരീരിക രോഗങ്ങൾക്കുള്ള ശമനൗഷധം കൂടിയാണ് ഖുർആൻ. ഈ വിഷയത്തിൽ ധാരാളം തിരുവചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആൻ ഏറ്റവും നല്ല ഔഷധമാണ്. ഒരു രോഗിയുടെ സമീപം ഖുർആൻ പാരായണം ചെയ്താൽ അയാൾക്ക് സമാധാനമുണ്ടാകും. തൊണ്ടവേദന ഉണ്ടായിരുന്ന ഒരാൾ അതിന്റെ പ്രതിവിധി തേടി പ്രവാചകനെ സമീപിച്ചപ്പോൾ നീ ഖുർആൻ പാരായണം ചെയ്യുക എന്നാണ് അവിടുന്ന് നിർദേശിച്ചത്. നെഞ്ചു വേദനയുമായി സമീപിച്ച ആളോടും ഖുർആൻ പാരായണമാണ് നബി ﷺ നിർദേശിച്ചത് (അൽ ഇത്ഖാൻ 2/359).

സൂറതുൽ ഫാതിഹ മരണമൊഴികെ എല്ലാറ്റിനും പ്രതിവിധിയാണ് (ഇത്ഖാൻ). സൂറതുൽ ഫാതിഹ ഓതി മന്ത്രിച്ച് വിഷബാധയേറ്റ ഒരു ഗോത്രത്തലവനെ സുഖപ്പെടുത്തിയത് സ്വഹീഹായ ഹദീസുകളിലുണ്ട്. ഉബയ്യുബ്നു കഅബ് ﵁ പറയുന്നു: “ഞാൻ നബി ﷺ യുടെ സവിധം ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ സഹോദരന്റെ ഭ്രാന്തിനെക്കുറിച്ച് ആവലാതിയുമായി എത്തി. അവനെ നബി ﷺ യുടെ അടുക്കൽ കൊണ്ടുവരാൻ പറഞ്ഞു. സൂറതുൽ ഫാതിഹയും മറ്റു ചില ആയത്തുകളും ഓതി നബി ﷺ രോഗിയെ മന്ത്രിച്ചു. രോഗം ഭേദമായിട്ടാണ് അയാൾമടങ്ങിയത്“ (അൽ ഇത്ഖാൻ 2/360).

പിശാചിൽ നിന്ന് മോചനം

ഇബ്നു മസ്ഊദ്(റ) പറയുന്നു: സൂറതുൽ ബഖറയുടെ ആദ്യത്തെ നാല് സൂക്തങ്ങൾ, ആയതുൽ കുർസി, അതിന് ശേഷമുള്ള രണ്ടു സൂക്തങ്ങൾ, സൂറതുൽ ബഖറയുടെ അവസാ നത്തെ രണ്ടു സൂക്തങ്ങൾ ആരെങ്കിലും പാരായണം ചെയ്താൽ അന്നേ ദിവസം പിശാച് അടുക്കുകയില്ല (അൽ ഇത്ഖാൻ).

സൂറതുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് ഓടിപ്പോകും (രിയാളുസ്വാലിഹീൻ). അബൂഹുറൈറ ﵁ നിവേദനം: ഖുർആൻ പാരായണം ചെയ്യുന്ന വീട്ടുകാർക്ക് നന്മ വർധിക്കും, മലാഇകത്തിന്റെ സാന്നിധ്യമുണ്ടാകും, ആ വീട്ടിൽ നിന്ന് പിശാച് പുറത്തുപോകും (രിയാളുസ്വാലിഹീൻ).

ഐശ്വര്യം ലഭിക്കും

ഖുർആൻ പാരായണം ചെയ്യുന്ന വീട്ടിൽ നന്മ വർധിക്കും. ചെയ്യാത്ത വീട്ടിൽ നന്മ കുറയുകയും ചെയ്യും. അല്ലാഹുവിന്റെ ഭവനങ്ങളിൽ ഖുർആൻ പാരായണത്തിനും പഠനത്തിനും ഒരുമിച്ചുകൂടുന്നവരിൽ സമാധാനവും കാരുണ്യവും വർഷിക്കുമെന്ന് തീർച്ചയാണ്. മലക്കുകൾ അവർക്ക് ചുറ്റുമുണ്ടാവും. അല്ലാഹു മലക്കുകളോട് അവരെക്കുറിച്ച് പുകഴ്ത്തി പറയുകയും ചെയ്യും.

പാരത്രിക മോക്ഷം

ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം: മൂന്ന് വിഭാഗം ആളുകൾക്ക് മഹ്ശറയിലെ ഭയാനകതയോ വിചാരണയോ ഉണ്ടാകില്ല. മറ്റുള്ളവരുടെ വിചാരണ കഴിയുന്നത് വരെ അവർ കസ്തൂരി കുന്നിന്മേലായിരിക്കും. അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്യുകയും ജനങ്ങൾ തൃപ്തിപ്പെടുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്ത് അവർക്ക് ഇമാമായി നിൽക്കുകയും ചെയ്തവരാണ് ഒരു വിഭാഗം (ഇഹ്‌യ).

നബി ﷺ പറയുന്നു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, അന്ത്യനാളിൽ നിങ്ങൾക്ക് ശിപാർശകനായി ഖുർആനുണ്ടാകും (രിയാളു സ്വാലിഹീൻ). ഹൃദയത്തിൽ ഖുർആനിന്റെ സാന്നിധ്യമുള്ള ഒരു വിശ്വാസിയെ നരകം സ്പർശിക്കില്ല (അൽ ഇത്ഖാൻ).

ഖുർആനിനെ ആരെങ്കിലും മുമ്പിൽ നിർത്തിയാൽ അവനെയത് സ്വർഗത്തിലേക്ക് നയിക്കും. ഖുർആനിനെ പുറകിലാക്കിയവനെ അത് നരകത്തിലേക്ക് തെളിക്കും. മുആദുബ്നു അനസ്(റ)ൽ നിന്ന് നിവേദനം. ഒരാൾ പരിപൂർണമായ രീതിയിൽ ഖുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ അവന്റെ പിതാവിന് ഒരു കിരീടം അണിയിക്കുന്നതാണ്. ആ പിതാവ് ഭൂമിയിലേക്ക് വന്നാൽ സൂര്യനെക്കാൾ പ്രഭയുണ്ടായിരിക്കും. ഖുർആൻ ഓതിയവന്റെ പിതാവിന് ഇത്രയും മഹത്ത്വമുണ്ടായാൽ അത് പാരായണം ചെയ്തവന്റെ മഹത്ത്വം എത്രയാണ്. ഖുർആൻ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്ത ആൾ അന്ത്യനാളിൽ അദ്ദേഹത്തിന്റെ കുടുംബങ്ങളിൽ നിന്നും ദോഷികളായ പത്ത് പേർക്കു ശിപാർശ ചെയ്യും. ഖുർആനിലെ ഒരു സൂക്തം പഠിക്കുന്നതിന് നൂറ് റക്അത്ത് നിസ്കരിക്കുന്നതിനെക്കാൾ പുണ്യമുണ്ട് (ഇത്ഖാൻ 2/334).

ഇത്തരം മാഹാത്മ്യങ്ങൾ ഉൾക്കൊണ്ടത് കൊണ്ടാണ് പൂർവസൂരികൾ ഖുർആൻ പാരായണത്തിന് വലിയ മഹത്ത്വം കൽപിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ഖ് ഖുർആൻ പാരാ യണം ചെയ്യുന്ന ധാരാളം ആളുകളുണ്ടായിരുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഖത്മ് ഓതി യിരുന്നവരുമുണ്ട്. അഹ്മദ് അദുറൂഖ്(റ) എന്ന മഹാൻ നിത്യവും എട്ട് ഖത്മ് ഓതിയിരുന്നുവത (അൽ അദ്കാർ/95).

ഇമാം നവവി ﵀ പറയുന്നു: ദിവസങ്ങളിൽ വെള്ളി, തിങ്കൾ, വ്യാഴം, അറഫദിനം എന്നിവയും പത്തുകളിൽ ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തും റമളാനിലെ അവസാനത്തെ പത്തും മാസ ങ്ങളിൽ റമളാൻ മാസവും ഖുർആൻ പാരായണ ത്തിനുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കേണ്ട താണ് (അൽ അദ്കാർ 97).

Related Posts