നവജാത ശിശുവിന്റെ കാതിൽ വാങ്ക് വിളിക്കുന്ന സമ്പ്രദായം മുസ്‌ലിം സമുദായം പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന പുണ്യമാണ്. ഉത്തമ നൂറ്റാണ്ടുകാരെന്ന് തിരുനബി ﷺ വിശേഷിപ്പിച്ച സലഫു സ്വാലിഹീങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ തദ്വിഷയകമായി കാണാം. ഹിജ്റ 101ൽ വഫാത്തായ ഉമറുബ്നു അബ്ദിൽ അസീസ്(റ) തനിക്ക് കുഞ്ഞു ജനിച്ചാൽ ശീലയിൽ അതിനെയെടുത്ത് വലതു ചെവിയിൽ വാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കുമായിരുന്നുവെന്ന് ഇമാം സുൻആനി മുസന്നഫിലും ഇമാം ബഗവി ശർഹുസ്സുന്നയിലും ഇബ്നുൽ മുൻദിർ ഇശ്റാഫിലും ഉദ്ധരിക്കുന്നുണ്ട്. ഈ മഹത്തായ കർമം ദുരാചാരമാണെന്ന ആധുനിക ബിദഇകളുടെ വാദം ബാലിശമാണ്.
പ്രാമാണികത
നവജാത ശിശുവിന്റെ ചെവിയിൽ വാങ്ക് വിളിക്കൽ സുന്നത്താണെന്ന് പണ്ഡിതർ പ്രമാണബദ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ) അദ്കാറിൽ കുറിക്കുന്നു. “നമ്മുടെ അസ്ഹാബിലെ ഒരു സംഘം പറഞ്ഞു: കുട്ടിയുടെ വലതു ചെവിയിൽ വാങ്കും ഇടതിൽ ഇഖാമത്തും സുന്നത്താണ്. അബൂറാഫിഇ(റ)ൽ നിന്ന് സുനനു അബീദാവൂദിലും തുർമുദിയിലും നമുക്ക് നിവേദനം ലഭിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഫാത്വിമ(റ) ഹസനുബ്നു അലി(റ)യെ പ്രസവിച്ചപ്പോൾ നബി(സ്വ) കുട്ടിയുടെ ചെവിയിൽ നിസ്കാരത്തിനുള്ളതു പോലെ വാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു. തുർമുദി(റ) പറഞ്ഞു: “ഈ ഹദീസ് ഹസനും സ്വഹീഹുമാണ്”. ഇബ്നുസ്സുന്നിയുടെ കിതാബിൽ
ഹുസൈനുബ്നു അലി(റ)ൽ നിന്നുള്ള നിവേദനവും നമുക്ക് ലഭിച്ചു. അദ്ദേഹം പറയുകയുണ്ടായി. നബി ﷺ അരുളി: ഒരാൾക്കൊരു കുഞ്ഞ് ജനിക്കുകയും വലതു ചെവിയിൽ വാങ്കും ഇടതിൽ ഇഖാമത്തും കൊടുക്കുകയും ചെയ്താൽ ഉമ്മുസ്വിബ്‌യാൻ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏൽക്കുകയില്ല”. ഞാൻ (നവവി ഇമാം) പറയുന്നു: “മുൻഗാമികൾ ഇവ കൊണ്ട് പ്രവർത്തിച്ചതിനാൽ അതുകൊണ്ടുള്ള കർമം പ്രശ്നമല്ല”.
നവവി(റ) പരാമർശിച്ച ഉപര്യുക്ത രണ്ട് ഹദീസുകളും വഹാബി നേതാവ് ഇബ്നു തൈമിയ്യ അൽ കലിമതു ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്. അബൂദാവൂദ്, തുർമുദി, അബ്ദുറസ്സാഖ്, അഹ്മദ്, ബൈഹഖി, ഖതീബ് തിബ്രീസി തുടങ്ങി ധാരാളം മുഹദ്ദിസുകളും ശൗകാനി, ഇബ്നുൽ ഖയ്യിം തുടങ്ങി ബിദഇകൾ അംഗീകരിക്കുന്നവരും അബൂറാഫിഇന്റെ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന ഇമാം തുർമുദി(റ)യുടെ പരാമർശത്തിന്റെ താൽപര്യം ‘ഒരു കൂട്ടം ഇമാമുമാരുടെ വീക്ഷണ പ്രകാരം ഈ ഹദീസ് സ്വഹീഹും മറ്റൊരു കൂട്ടം ഇമാമുമാരുടെ വീക്ഷണ ത്തിൽ ഹസനും ആണെന്നാണ്’ എന്നതാണെന്ന് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) നുഖ്ബതുൽ ഫിക്ർ
എന്ന ഗ്രന്ഥത്തിൽ വിശദീകരി ക്കുന്നുണ്ട്. അബൂറാഫിഇ(റ)ന്റെ ഹദീസ് ഒന്നുകിൽ സ്വഹീഹോ അല്ലെങ്കിൽ ഹസനോ ആണെന്ന് സാരം. ആധുനിക വഹാബി പണ്ഡിതൻ അൽബാനി ഈ ഹദീസ് ഹസനാണെന്ന അഭിപ്രായക്കാരനാണ്. സ്വഹീഹാണെന്ന വീക്ഷണപ്രകാരം പ്രസ്തുത ഹദീസ് തെളിവിന് പര്യാപ്തമാണെന്ന് സ്പഷ്ടം. ഹസനാണെന്നു വെച്ചാലും തഥൈവ. കാരണം ഹസൻ സ്വഹീഹിനെക്കാൾ പദവിയിൽ താഴെയാണെങ്കിലും ശറഇയ്യായ വിധികൾ സ്ഥിരപ്പെടു ഞാൻ തെളിവാക്കുന്നതിലും സ്വീകാര്യതയിലും ഹസൻ സ്വഹീഹ് പോലെയാണെന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ ഏകാഭിപ്രായമെന്ന് മുഖദ്ദിമതുൽ മിശ്കാത്തിൽ അബ്ദുൾ ഹഖ് ദഹ്‌ലവി വ്യക്തമാക്കുന്നുണ്ട്. ഈ ഹദീസ് വാങ്ക് വിളി സുന്നത്താണെന്നതിന് മതിയായ തെളിവാണെന്ന് ചുരുക്കം.
എന്നാൽ ഇതിന്റെ സനദിലുള്ള ആസിമുബ്നു ഉബൈദില്ലാഹിബ്നി ആസിം എന്നയാൾ ദുർബലനാണെന്നും അദ്ദേഹം കാരണം ഹദീസ് ദുർബലമാണെന്നും വാദിക്കുന്നവരുണ്ട്. ഇതംഗീകരിച്ചാൽ തന്നെയും അബൂയഅലൽ മൗസിലിയും ഇബ്നുസ്സുന്നിയും ഹുസൈനുബ്നു അലി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് കൊണ്ട് ഇതിന് ബലം ലഭിക്കുമെന്ന് ജാമിഉ തുർമുദിയുടെ വിശദീകരണ ഗ്രന്ഥമായ തുഹ്ഫതുൽ അഹ്‌വദിയിൽ അബുൽ അലാ മുബാരക്പൂരി മറുപടി പറയുന്നുണ്ട്.
ഇവ്വിഷയകമായി നിരവധി ദുർബല ഹദീസുകൾ വന്നിട്ടുണ്ട്. ഈ ഗണത്തിൽ പെട്ടതാണ് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുകയും ഇമാം ബൈഹഖി ശുഅ്ബുൽ ഈമാനിൽ ഉദ്ധരിക്കുകയും ചെയ്ത ഹദീസ്: “നബി ﷺ ഹസനുബ്നി അലി ജനിച്ച ദിവസം അദ്ദേഹത്തിന്റെ വലതു ചെവിയിൽ വാങ്കും ഇടതിൽ ഇഖാമത്തും കൊടുത്തു. ഇമാം നവവി(റ) അദ്കാറിൽ എഴുതി: “ഹദീസ് പണ്ഡിതരും കർമശാസ്ത്ര ജ്ഞാനികളും മറ്റും പറഞ്ഞു: “ദുർബലമായ ഹദീസ് കെട്ടിച്ചമക്കപ്പെട്ടതല്ലെങ്കിൽ നന്മ പ്രേരിപ്പിക്കുകയോ (തർഗീബ്) തിന്മയെ കുറിച്ചു ഭയപ്പെടുത്തുകയോ (തർഹീബ്) ചെയ്യുന്നവയിലും പുണ്യകർമങ്ങളിലും (ഫളാഇൽ) അവ കൊണ്ട് പ്രവർത്തിക്കൽ അനുവദനീയമാണെന്നു മാത്രമല്ല സുന്നത്തു കൂടിയാണ്.
ഇതുപ്രകാരം, ശറഇൽ പൊതുവായ അടിസ്ഥാനമുള്ളതായതിനാലും സ്വഹീഹായ തെളിവുകൾക്ക് വിരുദ്ധമാകാത്തതിനാലും തദ്വിഷയകമായി വന്ന ദുർബല ഹദീസുകളും ശിശുവിന്റെ ചെവിയിലെ വാങ്ക് വിളി പ്രതിഫലാർഹമാണെന്നു തെളിയിക്കുന്നു. ഹുസൈൻ(റ) ജനിച്ചപ്പോൾ നബി ﷺ ചെവിയിൽ വാങ്ക് വിളിച്ച ഹദീസ് തെളിവാക്കി ഇത് സുന്നത്താണെന്ന് ഇബ്നു ഹജർ(റ) വിഖ്യാത ഗ്രന്ഥമായ തുഹ്ഫതുൽ മുഹ്താജിൽ (9/376) വിവരിക്കുന്നുണ്ട്. ബിദഈ പണ്ഡിതൻ ശൗകാനി നൈലുൽ ഔതാറി(5/230)ൽ ഈ ഹദീസ് തന്നെ തെളിവാക്കി ജനിച്ചയുടനെ ശിശുവിന്റെ ചെവിയിൽ വാങ്ക് വിളിക്കൽ സുന്നത്താണെന്ന് പ്രസ്താവിക്കുന്നു. മാത്രമല്ല, സുന്നത്താണെന്ന് ഹസനുൽ ബസ്വരി(റ)യിൽ നിന്നുള്ള റിപ്പോർട്ട് ബഹ്റിലുണ്ടന്നു കൂടി അദ്ദേഹം എടുത്തു പറയുന്നു. ഇബ്നുൽ ഖയ്യിം തുഹ്ഫതുൽ മൗറൂദ് എന്ന ഗ്രന്ഥത്തിൽ നവജാത ശിശുവിന്റെ വലതു കാതിൽ വാങ്കും ഇടതിൽ ഇഖാമത്തും സുന്നത്താണ്’ എന്ന തലവാചകത്തിൽ ഒരധ്യായം തന്നെ ചേർത്തിട്ടുണ്ട്. ഈ വിഷയത്തിൽ ഒരുപാട് ഹദീസുകളുണ്ടെന്നു പറഞ്ഞ് അബൂറാഫിഇൽ നിന്നുദ്ധരിക്കുന്ന ഹദീസും ബൈഹഖി ശുഅബിൽ ഉദ്ധരിച്ച ഹസൻ(റ)ന്റെ ഹദീസും പറഞ്ഞ ശേഷം പ്രസ്തുത വാങ്കിന്റെ രഹസ്യം കൂടി അദ്ദേഹം സവിസ്തരം വിശദീകരിക്കുന്നതു കാണാം.
ഇതു സംബന്ധമായി ശാഫിഈ, ഹനഫീ, ഹമ്പലീ മദ്ഹബുകളിൽ സുന്നത്താണെന്ന വീക്ഷണമാണ് പ്രബലം. ഇമാം മാലിക്(റ) ന്റെ അസ്ഹാബിൽ ചിലരും മദ്ഹബിലെ പിൻഗാമികളും സുന്നത്താണെന്ന വീക്ഷണമുള്ളവർ തന്നെയാണ്.
ഹിജ്റ 954ൽ വഫാത്തായ വിശ്വപ്രസിദ്ധ മാലികീ പണ്ഡിതനായ അല്ലാമാ ഹത്താബ്(റ) നവജാത ശിശുവിന്റെ ചെവിയിൽ വാങ്ക് വിളിക്കുന്നത് മാലിക്(റ) വെറുത്തിരുന്നുവെന്ന് കുറിക്കുന്ന ഉദ്ധരണികൾ രേഖപ്പെടുത്തിയ ശേഷം പ്രസ്താവിച്ചു: “ജസൂലി ശർഹു രിസാലയിൽ പറയുന്നു. ജനന സമയം ശിശുവിന്റെ ചെവിയിൽ വാങ്കും ഇഖാമത്തും കൊടുക്കൽ സുന്നത്താണെന്ന് ജ്ഞാനികളിൽ ചിലർ പറഞ്ഞിരിക്കുന്നു’
(അൽമവാഹിബുൽ ജലീൽ 1/434). ശേഷം മേലെ പരാമർശിച്ച നവവി(റ)യുടെ അദ്കാറിലെ പ്രസ്താവന കൂടി ഉദ്ധരിക്കുന്നു.
ഹിജ്റ 897ൽ വഫാത്തായ മവ്വാഖ് മാലികി എഴുതി: “ജനിച്ചപ്പോൾ ഹസൻ(റ)ന്റെ ചെവിയിൽ നബി ﷺ വാങ്ക് വിളിച്ചു. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ശേഷം തുർമുദി ഇമാം അത് സ്വഹീഹാണ് എന്നും പറഞ്ഞു. ഇബ്നു അറബി പ്രസ്താവിച്ചു. അതിനാൽ അത് സുന്നത്തായി. ഞാൻ എന്റെ സന്തതികൾക്ക് അപ്രകാരം ചെയ്തിട്ടുണ്ട് (അത്താജു വൽ ഇക്‌ലീൽ 4/391). ചുരുക്കത്തിൽ, ഈ പുണ്യകർമത്തെ ബിദ്അത്താരോപിക്കലും തള്ളിപ്പറയലും മതബോധമുള്ളവർക്ക് ചേർന്നതല്ല.
വാങ്കിന്റെ രൂപം
നവജാത ശിശു ആണായാലും പെണ്ണായാലും കാഫിറായാലും വാങ്ക് സുന്നത്താണെന്നാണ് പണ്ഡിതഭാഷ്യം. നിസ്കാരത്തിനുള്ള വാങ്കിലെ പദങ്ങൾ കൊണ്ടാണ് ഈ വാങ്ക് നിർവഹിക്കേണ്ടതെന്നും ജന്മസമയത്ത് വാങ്ക് കൊടുക്കലാണ് സുന്നത്തെന്നും ഇമാം നവവി മജ്മൂഇൽ (8/442) വിവരിക്കുന്നുണ്ട്.
ഇബ്നു അബ്ബാസി(റ)ൽ നിന്നുദ്ധരിക്കപ്പെട്ട ഹദീസിൽ ഹസൻ(റ) ജനിച്ച ദിവസം നബി വാങ്ക് വിളിച്ചു എന്നാണുള്ളത്. എന്നാൽ മുല്ലാ അലിയ്യുൽ ഖാരി മിർഖാതിൽ അബു റാഫിഇന്റെ ഹദീസിലെ “ഹീന
വലദത്ഹു ഫാത്വിമ’ എന്നത് വിശദീകരിച്ചു പറഞ്ഞത് ജനിച്ച ഏഴാം ദിവസവും അതിനു മുമ്പും ആകാൻ സാധ്യതയുണ്ടന്നാണ്. ഇതുപ്രകാരം, ജനിച്ച ഉടനെ വാങ്കിന് സൗകര്യപ്പെടാത്തവർക്ക് ഈ സുന്നത്ത് നേടാൻ വിശാലമായ സമയമുണ്ടന്ന് മനസ്സിലാക്കാം.
നവജാത ശിശുവിന്റെ ചെവിയിൽ വാങ്ക് വിളിക്കുന്നത് സ്ത്രീയായാലും വിരോധമില്ല. അലിയ്യുശിബ്റാമല്ലസി(റ) ഹാശിയയിൽ പറയുന്നു: “സ്ത്രീയായാലും മതി. കാരണം ആ വാങ്ക് പുരുഷന്മാരുടെ ജോലിയിൽ പെട്ടതല്ല, മറിച്ച്, ബറകത്ത് ലഭിക്കാനുള്ള കേവലം ദിക്റാണ് അതുകൊണ്ടുള്ള ലക്ഷ്യം.
പിതാവിന് തന്റെ മകന്റെ ജനന സമയത്ത് ചെവിയിൽ വാങ്ക് വിളിക്കൽ സുന്നത്താണന്ന് പണ്ഡിതർ പറയുന്നതായുള്ള ഇബ്നു ഖുദാമയുടെ പ്രസ്താവനയിൽ (മുഗ്നി) പിതാവാണ് കൂടുതൽ അർഹൻ എന്നതിലേക്ക് സൂചനയുണ്ടെന്നത് മറ്റൊരു കാര്യം.
വാങ്കിലെ ഹിക്മത്ത്
നവജാത ശിശുവിന്റെ ചെവിയിൽ വാങ്ക് വിളിക്കുന്നതിലെ സാംഗത്യം മുകളിൽ പറഞ്ഞ ഹദീസുകളിൽ നിന്നുതന്നെ സുതരാം വ്യക്തമാണ്. ഹനഫീ പണ്ഡിതനായ ഇബ്നു ശുഅ്ബ അൽ ഹറാനി തുഹ്ഫതുൽ ഉഖൂലിൽ അലി(റ)ന് നബി ﷺ നൽകുന്ന വസ്വിയ്യത്തുകൾ എണ്ണിപ്പറയുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: “അലീ, നിനക്കൊരു ആൺകുട്ടിയോ പെൺകുട്ടിയോ ജനിച്ചാൽ അവരുടെ വലതു ചെവിയിൽ വാങ്കും ഇടയിൽ ഇഖാമത്തും കൊടുക്കണം. അങ്ങനെ ചെയ്താൽ ഒരിക്കലും പിശാച് അതിനെ ശല്യം ചെയ്യില്ല.’
സാത്വികരായ പണ്ഡിതർ ഇതിന്റെ ഹിക്മത്ത് വളരെ വിശാലമായി വിവരിച്ചിട്ടുണ്ട്. ഇബ്നു ഹജർ(റ) തുഹ്ഫയിൽ പറയുന്നതിങ്ങനെ: “പിശാച് ആ സമയം ഓടിയകലുമെന്നതാണ് ഇതിന്റെ ഹിക്മത്ത്. വാങ്കും ഇഖാമത്തും ശ്രവിക്കുമ്പോൾ പിശാച് പിന്തിരിഞ്ഞോടുന്നതിനാൽ അവ രണ്ടും നിയമമാക്കപ്പെട്ടു. ഇബ്നുസ്സുന്നി റിപ്പോർട്ട് ചെയ്യുന്നു. ‘കുട്ടി ജനിക്കുകയും അതിന്റെ വലതുചെവിയിൽ വാങ്കും ഇടയിൽ ഇഖാമത്തും കൊടുക്കുകയും ചെയ്താൽ ഉമ്മുസ്വിബ്‌യാൻ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏൽക്കുകയില്ല.’ ഈ ഹദീസിൽ പരാമർശിച്ച ഉമ്മു സ്വിബ്‌യാൻ ഒരിനം പിശാചാണ്. ബാല്യത്തിൽ കുട്ടികൾക്കുണ്ടാകുന്ന രോഗമാണെന്ന അഭിപ്രായവുമുണ്ട്. ഇബ്നുൽ അസീർ നിഹായ(1/68)യിൽ പറയുന്നത് കുട്ടികളുടെ മേൽ അടിച്ചുവീശുന്ന കാറ്റാണതെന്നാണ്.
ഇമാം നവവി റൗളയിൽ എഴുതി: ‘പിശാചിൽ നിന്ന് കാവൽ തേടുന്ന ആലു ഇംറാൻ 36-ാം സൂക്തം കുട്ടിയുടെ ചെവിയിൽ ഓതൽ സുന്നത്താണ്. അല്ലാമാ ത്വീബി(റ) പറയുന്നു: പ്രസ്തുത ആയത്തിന് വാങ്കുമായുള്ള ബന്ധം, ഈ ആയത്തു പോലെ പിശാചിനെ ആട്ടിയോടിക്കുന്നതാണ് വാങ്ക് എന്നതാകാം. ‘നിസ്കാരത്തിന് വാങ്ക് വിളിച്ചാൽ അത് കേൾക്കാതിരിക്കാൻ വേണ്ടി പിശാച് കീഴ് വായുവോടെ പിന്തിരിഞ്ഞോടും’ എന്ന് ഹദീസുണ്ടല്ലോ.
വഹാബികൾ അംഗീകരിക്കുന്ന ഇബ്നുൽ ഖയ്യിം തുഹ്ഫതുൽ മൗറൂദ് എന്ന ഗ്രന്ഥത്തിൽ വാങ്കിന്റെ രഹസ്യം വിശദമാക്കുന്നതിങ്ങനെ: “മനുഷ്യൻ പ്രഥമമായി ശ്രവിക്കുന്നത് രക്ഷിതാവിന്റെ മഹത്വവും ഔന്നത്യവും ഇസ്‌ലാമിൽ പ്രവേശിക്കുന്നവൻ ഉരുവിടേണ്ട ശഹാദത്തും നിലീനമായ വാചകങ്ങളാകലാണ് ഇതിന്റെ രഹസ്യം. അപ്പോഴത് ദുൻയാവിൽ നിന്ന് പുറപ്പെടുമ്പോഴുള്ള തൗഹീദിന്റെ കലിമത്തു കൊണ്ടുള്ള തൽഖീൻ പോലെ ദുൻയാവിലേക്ക് പ്രവേശിക്കുന്ന സമയം അവനുള്ള ഇസ്‌ലാമിന്റെ അടയാളമായ തൽഖീൻ പോലെയായി. കുട്ടി അറിയുന്നില്ലെങ്കിലും വാങ്കിന്റെ ഫലം അവന്റെ ഹൃദയത്തിൽ ചേരുമെന്നതും സ്വാധീനം ചെലുത്തുമെന്നതും അനിഷേധ്യമാണ്. ഇതിൽ വേറെയും നേട്ടങ്ങളുണ്ട്. കുട്ടി ജനിച്ച ഉടനെ അല്ലാഹു കണക്കാക്കിയ പരീക്ഷണത്തിന് തക്കം പാർത്തിരിക്കുന്ന പിശാചിനെ തളർത്തുന്നതും നീരസപ്പെടുത്തുന്നതുമായ വാങ്കിന്റെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ ഓടിയകലും, പിശാച് മനുഷ്യനിൽ ദുർബോധനം നടത്തുന്നതിന് മുമ്പ് അല്ലാഹുവിലേക്കും ഇസ്‌ലാമിലേക്കും അവനെ ആരാധിക്കുന്നതിലേക്കുമുള്ള ക്ഷണം പിശാചിന്റെ ക്ഷണത്തിന് മുമ്പ് അല്ലാഹു നൽകിയ ശുദ്ധപ്രകൃതം നിലനിൽക്കെ കുട്ടിക്ക് ലഭിക്കുക എന്നത് മറ്റൊരു നേട്ടമാണ്. വേറെയും ഹിക്മത്തുകളുണ്ട്.
ഇത്രയും ഉപകാരപ്രദമായ ഈ പുണ്യകർമം പരമ്പരകളിലൂടെ നാം കൈമാറേണ്ടതാണ്. ദഹ്‌ലവി(റ) പറയുന്നു: “വാങ്ക് ഇസ്‌ലാമിന്റെ ചിഹ്നങ്ങളിൽ പെട്ടതും മുഹമ്മദീയ ഉമ്മത്തിന്റെ വിളംബരവുമാണ്. അതിനാൽ നവജാത ശിശുവിന്റെ ചെവിയിൽ ആ ശബ്ദം കേൾപ്പിക്കൽ അനിവാര്യമാണ്. കുട്ടിയുടെ വളർച്ചയുടെ ആദ്യത്തിൽ അവനെ പ്രയാസപ്പെടുത്തുന്ന പിശാചിൽ നിന്നുള്ള രക്ഷയെന്ന പ്രത്യേകത കൂടി വാങ്കിനുണ്ടെന്ന് നിനക്കറിയാമല്ലോ’ (ഹുജ്ജതുല്ലാഹിൽ ബാലിഗ 2/145). അതിനാൽ, ജ്ഞാനവീഥിയിലും വിശ്വാസത്തിലും കർമത്തിലും ഉന്നതിയിൽ വിരാചിച്ച സലഫുസ്വാലിഹുകൾ നമുക്ക് കൈമാറിത്തന്ന ഈ മഹത്തായ പാരമ്പര്യത്തെ തള്ളിപ്പറയുന്ന മതയുക്തിവാദികളിൽ നിന്നും നാം ജാഗ്രത പുലർത്തണം.