റമളാൻ മാസം അവസാനിക്കുകയും ശവ്വാൽ മാസം ആരംഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്വർ സകാത്ത് നിർബന്ധമാകുന്നത്. നോമ്പിന്റെ അവസാനത്തോടെ നിർബന്ധമാകുന്നതിനാലാണ് ഫിത്വർ സകാത്ത് എന്ന പേരുവന്നത്. ഹിജ്റ രണ്ടാം വർഷത്തിൽ പെരുന്നാളിന്റെ രണ്ടു ദിവസങ്ങൾക്കു മുമ്പ് സകാത്ത് നിർബന്ധമാണെന്ന കൽപനയുണ്ടായി. സഹ്ഹ്‌വിന്റെ സുജൂദ് നിസ്കാരത്തിലെ വീഴ്ചകൾക്ക് പരിഹാരമാകുന്നതു പോലെ റമളാൻ മാസത്തിലെ നോമ്പുകളുടെ ന്യൂനതകൾക്ക് ഫിത്വർ പരിഹാരമാണ്. ഇബ്നു ഉമർ ﵁ ൽ നിന്നു റിപ്പോർട്ട്: “റമളാനിലെ നോമ്പ് കഴിയുന്നതോടെ കാരക്കയിൽ നിന്നോ ബാർലിയിൽ നിന്നോ ഓരോ സ്വാഅ വീതം മുസ്‌ലിംകളിൽ പെട്ട സ്ത്രീകൾ, പുരുഷന്മാർ, സ്വതന്ത്രർ, അടിമകൾ തുടങ്ങി ഓരോരുത്തരുടെ മേലിലും നൽകണമെന്ന് നബി ﷺ നിർബന്ധമാക്കി” (ബുഖാരി, മുസ്‌ലിം).
അബൂസഈദ്(റ)ൽ നിന്നും റിപ്പോർട്ട്:
നബി ﷺ ജീവിച്ചിരിക്കുമ്പോൾ തന്നെ ഗോതമ്പ്, കാരക്ക, ബാർലി, ഉണക്കമുന്തിരി, പാൽക്കട്ടി തുടങ്ങിയവയിൽ നിന്ന് ഒരു സ്വാഅ ഫിത്വർ സകാതായി ഞങ്ങൾ നൽകിയിരുന്നു (ബുഖാരി, മുസ്‌ലിം).
ഹദീസുകൾക്ക് പുറമേ പണ്ഡിതന്മാരുടെ ഇജ്മാഅ കൂടി ഫിത്വർ സകാത്തിന് തെളിവാണ്. റമളാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചതിനു ശേഷം പ്രസവിക്കപ്പെട്ട കുഞ്ഞ്, വിവാഹം ചെയ്ത ഭാര്യ, ഇസ്‌ലാം സ്വീകരിച്ചവർ എന്നിവർക്ക് വേണ്ടി ഫിത്വർ സകാത്ത് നിർബന്ധമില്ല. സൂര്യനസ്തമിക്കുന്നതിനു മുമ്പ് മരണപ്പെട്ടവർക്കു വേണ്ടിയും അതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യക്കു വേണ്ടിയും ഫിത്വർ നിർബന്ധമില്ല.
പെരുന്നാളിന്റെ പകൽ സൂര്യനസ്തമിക്കുന്നതു വരെ ഫിത്വർ സകാത്തിന്റെ സമയം നീണ്ടു നിൽക്കുന്നു. എങ്കിലും പെരുന്നാൾ നിസ്കാരം നടക്കുന്നതിന് മുമ്പുതന്നെ നൽകലാണ് സുന്നത്. റമളാനിന്റെ തുടക്കം മുതൽ എപ്പോൾ വേണമെങ്കിലും മുൻകൂട്ടി നൽകാവുന്നതാണ്. പെരുന്നാളിന്റെ പകൽ അവസാനിക്കുന്നതിനു മുമ്പ് നൽകാതിരിക്കൽ ഹറാമാണ്. അങ്ങനെ ആരെങ്കിലും ഖളാആക്കിയാൽ എത്രയും പെട്ടെന്ന് ഖളാഅ വീട്ടേണ്ടതുണ്ട്. അടുത്ത വർഷം വരെ കാത്തിരിക്കരുത്.
ചെറിയ പെരുന്നാളിന്റെ രാപകലുകളിൽ സ്വന്തം ശരീരത്തിനാവശ്യമായതും തന്നെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യമാർ, കുടുംബങ്ങൾ, അടിമകൾ (ചെലവ് കൊടുക്കൽ നിർബന്ധമായവർ) എന്നിവർക്കാവശ്യമായ ഭക്ഷണം, വസ്ത്രം, താമസസ്ഥലം, ആവശ്യമായ വേലക്കാർ തുടങ്ങിയ കാര്യങ്ങൾക്ക് മാറ്റിവെച്ച ശേഷം സമ്പത്തിൽ ബാക്കി വരുന്നവരാണ് ഫിത്വർ സകാത്ത് നൽകേണ്ടത്. റമളാനിന്റെ അവസാനത്തെ പകൽ സൂര്യ നസ്തമിക്കുന്ന സമയത്ത് ഈ വിധം സമ്പത്ത് അവശേഷിക്കാത്തവർക്ക് ഫിത്വർ സകാത്ത് നിർബന്ധമില്ല. എങ്കിലും പെരുന്നാളിന്റെ പകൽ അവസാനിക്കുന്നതിന് മുമ്പായി ഫിത്വർ സകാത്ത് നൽകുന്നതിനാവശ്യമായത് ഒരാൾ സ്വായത്തമാക്കിയാൽ സകാത്ത് നൽകൽ സുന്നത്തുണ്ട്. തനിക്ക് അനുയോജ്യമായതിനുമപ്പുറം മുന്തിയ വീട് സ്വന്തമായുണ്ടെങ്കിൽ അതു വിറ്റ ശേഷം അനുയോജ്യമായ വീട് വാങ്ങുകയും ബാക്കി തുകയിൽ നിന്ന് ഫിത്വർ സകാത്തിന് വേണ്ടി ചെലവഴിക്കുകയും വേണം. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവനും വാടക വീട്ടിൽ താമസിക്കുന്നവനും ഫിത്വർ സകാത്ത് കൊടുക്കാൻ ബാധ്യസ്ഥനാണ്.
സ്വന്തം ശരീരത്തിന് വേണ്ടി ഫിത്വർ സകാത്ത് കൊടുക്കൽ നിർബന്ധമുള്ളവർ അവന്റെ ഭാര്യമാർ, മാതാപിതാക്കളിൽ നിന്നും മക്കളിൽ നിന്നും അവനെ ആശ്രയിക്കുന്നവർ, സ്വന്തം അടിമകൾ എന്നിവർക്ക് വേണ്ടിയും ഫിത്വർ സകാത്ത് നൽകണം. ദിവസക്കൂലിക്കോ ശമ്പളത്തിനോ ജോലിചെയ്യുന്ന വേലക്കാരുടെ ഫിത്വർ സകാത്ത് ജോലി ചെയ്യിപ്പിക്കുന്നവന്റെ ബാധ്യതയല്ല. സ്വന്തം പിതാവിന്റെ ഭാര്യക്ക് ചെലവ് കൊടുക്കൽ നിർബന്ധമുണ്ടെങ്കിലും ഫിത്വർ സകാത്ത് നൽകേണ്ടതില്ല. ഭർത്താവ് ഫിത്വർ സകാത്ത് നൽകാൻ കഴിവില്ലാത്ത പാവപ്പെട്ടവനാണെങ്കിൽ ഭാര്യയുടെ സകാത്ത് ഒഴിവാകുന്നതാണ്. എങ്കിലും ഭാര്യയുടെ പക്കൽ സകാത്ത് നൽകാൻ ആവശ്യമായ സമ്പത്തുണ്ടങ്കിൽ സുന്നത്തുണ്ട്. ഭർത്താവിനോടു പിണങ്ങി നിൽക്കുന്ന ഭാര്യയുടെ സകാത്ത് അവൾ തന്നെയാണ് നൽകേണ്ടത്. പെരുന്നാൾ ദിവസത്തിനാവശ്യമായ ചെലവ് സ്വന്തം കൈവശമുള്ള മക്കളുടെ സകാത്ത് ആശ്രിതരല്ലാത്തതിനാൽ പിതാവ് നൽകേണ്ടതില്ല. മക്കൾക്ക് സ്വന്തമായി കഴിയുമങ്കിൽ അവർ തന്നെ നൽകേണ്ടതും അല്ലെങ്കിൽ സകാത്ത് ഒഴിവാകുന്നതുമാണ്.
ബാധ്യതയുള്ള എല്ലാവരുടെയും സകാത്ത് നൽകാൻ ആവശ്യമായത് കൈവശമില്ലാത്തവർ ആദ്യം സ്വന്തം ശരീരത്തിന് വേണ്ടിയും പിന്നീട് ഭാര്യമാർ, ചെറിയ മക്കൾ, ഉപ്പ, ഉമ്മ, വലിയ മക്കൾ എന്നീ ക്രമത്തിലാണ് സകാത്ത് നൽകേണ്ടത്. ഓരോ പ്രദേശത്തും മുഖ്യഭക്ഷണങ്ങളായി ഉപയോഗിക്കുന്ന ഗോതമ്പ്, അരി, ബാർലി തുടങ്ങിയ ധാന്യങ്ങളും വെണ്ണ നീക്കം ചെയ്യാത്ത പാൽക്കട്ടികളും അതത് നാടിനനുസരിച്ച് നൽകേണ്ടതാണ്. ഉദാഹരണത്തിന് അരിഭക്ഷണം കൂടുതലായി ഉപയോഗിക്കുന്ന കേരളം പോലോത്ത സ്ഥലങ്ങളിൽ അരിയും, ഗോതമ്പ് മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഗോതമ്പും നൽകണം. ഒരു പ്രദേശത്ത് മുഖ്യ ഭക്ഷണമായി ഒന്നിലധികം വസ്തുക്കൾ ഉപയോഗിക്കപ്പെടുകയും താരതമ്യേന അവയുടെ ഉപയോഗം തുല്യമാവുകയും ചെയ്താൽ അവയിൽ ഏതു ഭക്ഷണവും സകാത്തായി നൽകാവുന്നതാണ്.
കുടുംബനാഥൻ വിദേശരാജ്യത്തും കുടുംബ ങ്ങൾ സ്വന്തം രാജ്യത്തും താമസിക്കുന്നവരാണങ്കിൽ കുടുംബനാഥന്റെ സകാത്ത് അയാൾ താമ സിക്കുന്ന സ്ഥലത്തുള്ള മുഖ്യ ഭക്ഷണമായി അവിടെ നൽകുകയും കുടുംബത്തിന്റേത് അവരുടെ നാട്ടിലെ മുഖ്യ ഭക്ഷണത്തിൽ നിന്ന് ഇവിടെ നൽകുകയും വേണം. അരിയേക്കാൾ ഉത്തമമായി ഗോതമ്പ് കണക്കാക്കപ്പെടുന്നതിനാൽ അരി മുഖ്യഭക്ഷണമായ സ്ഥലങ്ങളിൽ പകരം ഗോതമ്പ് നൽകാവുന്നതാണ്. ഒരു സ്വാഇൽ നിന്ന് പകുതി ഗോതമ്പും പകുതി അരിയും നൽകാൻ പറ്റില്ലെങ്കിലും ഒരു കുടുംബത്തിലെ ചിലരുടെ സകാത്തായി അരിയും മറ്റുള്ളവരുടേതായി ഗോതമ്പും നൽകാവുന്നതാണ്. ധാന്യങ്ങൾ നൽകുന്നതിന് പകരം അതിന്റെ വിലയോ ധാന്യങ്ങൾ പൊടിച്ചോ വേവിച്ചോ നൽകുന്നത് സ്വീകാര്യമല്ല. പുഴുക്കുത്തേറ്റ ധാന്യങ്ങളും ന്യൂനതയുള്ളതും നൽകാവുന്നതല്ല. പഴകിയ കാരണത്താൽ ധാന്യത്തിന്റെ നിറത്തിനോ രുചിയിലോ മണത്തിലോ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ അതും മതിയാവില്ല. സ്വന്തം തന്നെ കൊടുക്കുകയാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ വിശ്വസ്തനായ വക്കീലിനെ ഏൽപിക്കാം. ഇതല്ലാതെ കമ്മിറ്റിക്കു നൽകിയാൽ സകാത്ത വീടുകയില്ല.