Site-Logo
POST

സലാം വീട്ടിയ ഉടൻ ഇമാം എന്തു ചെയ്യണം

11 Jan 2024

feature image

നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ ഇമാം വലതു ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് അദ്കാറുകൾ ചൊല്ലുകയും ദുആ നിർവഹിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന രീതി. കർമ്മശാസ്ത്രപരമായി അത് ശരിയാണോ എന്നതാണ് ഈ ലേഖനം പരിശോധിക്കുന്നത്. നിങ്ങള്‍ നിസ്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ നിന്നോ ഇരുന്നോ കിടന്നോ ദിക്റ് ചൊല്ലുക” (സൂറഃ അന്നിസാഅ 103), “അല്ലാഹുവിന്റെ പ്രീതി മോഹിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കുന്നവരോടൊപ്പം തങ്ങള്‍ ക്ഷമിക്കുക” (സൂറഃ അല്‍കഹ്ഫ് 28) എന്നീ ഖുർആനിക വചനങ്ങളാണ് പണ്ഡിതന്മാർ ഇവ്വിഷയകമായ മസ്അല രൂപപ്പെടുത്തുന്നതിന് തെളിവായി ഉദ്ധരിക്കാറുള്ളത്.

“ദിക്റ് പ്രാര്‍ഥനയോ പ്രകീര്‍ത്തനമോ ഉദ്ദേശിച്ചുള്ള വാക്കാണ്” (തുഹ്ഫ – 1/56). ദിക്റിനുദാഹരണമായി ഖുർആൻ തന്നെ ‘റബ്ബനാ ആതിനാ ഫിദ്ദുന്‍ യാ ഹസനതന്‍…’ പ്രാർത്ഥനയാണ് പരിചയപ്പെടുത്തിയത്. അതുവഴി നിസ്കാര ശേഷം ദിക്റ് ചൊല്ലുക
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രാർത്ഥനയാണെന്ന് മനസിലാക്കാം. അതോടൊപ്പം, നിസ്കാര ശേഷം എഴുന്നേറ്റ് പോകാതെ, ദിക്ർ ചൊല്ലുന്നവരോടും പ്രാർഥിക്കുന്നവരോടുമൊപ്പം ക്ഷമയോടെ കഴിയാനും ഖുർആൻ ആവശ്യപ്പെടുന്നു. സൂറഃ അലംനശ്റഹിലെ ഏഴാം സൂക്തമായ ‘നിസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പ്രാര്‍ഥനയില്‍ വ്യാപൃതനാവുക’ എന്ന സൂക്തത്തിലും സമാനമായ നിർദേശം കാണാം. ഖുർആൻ വ്യാഖ്യാതാക്കളായ ഇമാം അബൂജഅഫരിന്നഹ്ഹാസ്(റ) അന്നാസിഖു വല്‍മന്‍സൂഖ് 1/288ലും ഇമാം സൂയുതി അദുര്‍റുല്‍ മന്‍സ്വൂര്‍ 6/365ലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഹദീസുകളിലെ നിർദേശവും വ്യത്യസ്തമല്ല. ഉഖ്ബതി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ യുടെ പിന്നില്‍ മദീനയില്‍ വെച്ച് ഞാന്‍ അസ്വര്‍ നിസ്കരിച്ചു. സലാം വീട്ടിയ ഉടനെ നബി ﷺ ജനങ്ങളെ ചാടിക്കടന്നുകൊണ്ട് ധൃതിയില്‍ ഏതോ ഒരു ഭാര്യയുടെ വസതിയിലേക്ക് പോയി. നബി ﷺ യുടെ ഈ പുറപ്പാട് കണ്ട് ജനങ്ങള്‍ ഭയവിഹ്വലരായി. ഇത് തിരിച്ചറിഞ്ഞ നബി ﷺ ഉടൻ തന്നെ മടങ്ങിവന്ന് ഇങ്ങനെ പറഞ്ഞു. അല്‍പ്പം സ്വര്‍ണ്ണം നമ്മുടെ കൈവശമുണ്ടായിരുന്നു. ഇത് എന്നെ തടസ്സപ്പെടുത്തുന്നത് ഞാന്‍ വെറുത്തപ്പോള്‍ അത് വിഹിതിച്ച് കൊടുക്കാന്‍ ഞാന്‍ ആജ്ഞാപിക്കുകയുണ്ടായി (ബുഖാരി 1/117, 118). ഇബ്നുഹജര്‍ ﵀ പറയുന്നു: “നബി ﷺ യില്‍ നിന്ന് സാധാരണ അറിയപ്പെട്ട് പോന്നതിന് വിരുദ്ധമായി സ്വഹാബത്ത് വല്ലതും കണ്ടാല്‍ അവര്‍ ഭയവിഹ്വലരാകല്‍ പതിവായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന വല്ലതും സംഭവിച്ചോ എന്ന് ഭയപ്പെട്ടായിരുന്നു ഇത്” (ഫത്ഹുല്‍ബാരി).

നിസ്കാരാനന്തരം നബി ﷺ മുസ്വല്ലയിൽ തന്നെ ഇരിക്കലായിരുന്നു പതിവ്. അതിന് വിപരീതമായി പ്രസ്തുത ദിവസം നബി ﷺ സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് പോയതാണ് സ്വഹാബത്തിന് ആശങ്കയുണ്ടാക്കിയത്.

ഇനി മറ്റു ചില ഹദീസുകൾ ശ്രദ്ധിക്കാം.
സമുറതുബ്നുജുന്‍ദുബി(റ)ല്‍ നിന്ന് നിവേദനം: “നബി ﷺ നിസ്കരിച്ചുകഴിഞ്ഞാല്‍ ഞങ്ങളിലേക്ക് മുഖം തിരിച്ചിരിക്കുമായിരുന്നു” (ബുഖാരി 1/117). അതേകുറിച്ച് ഇബ്നുഹജര്‍ ﵀ എഴുതുന്നു: “നിസ്കാരാനന്തരം തിരിഞ്ഞിരിക്കല്‍ നബി ﷺ പതിവാക്കിയിരുന്നു ഈ ഹദീസ് വ്യക്തമാക്കുന്നത്” (ഫത്ഹുല്‍ബാരി 1/117).

ബറാഅ(റ)വില്‍ നിന്ന് നിവേദനം. “ഞങ്ങള്‍ നബി ﷺ യുടെ പിന്നില്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്ത് നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. നബി ﷺ മുഖം കൊണ്ട് ഞങ്ങളിലേക്ക് തിരിയും” (മുസ്‌ലിം 1/247).

അനസ് ﵁ പറയുന്നു: “നിസ്കാരാനന്തരം മുഖം ഞങ്ങളിലേക്ക് തിരിച്ചിരുന്നതല്ലാതെ ഒരു ഫര്‍ള് നിസ്കാരവും നബി ﷺ ഞങ്ങള്‍ക്ക് ഇമാമായി നിര്‍വ്വഹിച്ചിട്ടില്ല” (ഇബ്നുസ്സുന്നി(റ)യുടെ അമലുല്‍ യൌമി വല്ലൈല. പേജ് 47).

ഉപരിസൂചിത ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഇബ്നുഹജര്‍ ﵀ ഇപ്രകാരം പ്രസ്താവിച്ചത്. “ഇമാം നിസ്കാരാനന്തരം ദുആ കഴിയുന്നതുവരെ വലതുഭാഗം മഅമൂമുകള്‍ക്ക് നേരെയാക്കിയാണ് ഇരിക്കേണ്ടത്” (ഫതാവല്‍ കുബ്റ 1/252). മാത്രമല്ല ഫര്‍ള് നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് കൊണ്ട് ശബ്ദമുയര്‍ത്തല്‍ നബി ﷺ യുടെ കാലത്ത് പതിവുണ്ടായിരുന്നുവെന്നും അത് കേട്ടാല്‍ ജനങ്ങള്‍ നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നുവെന്നും ഇബ്നുഅബ്ബാസ് ﵁ പറഞ്ഞതായി ഇമാം ബുഖാരി 1/116ലും മുസ്‌ലിം 1/217ലും അബൂദാവൂദ് 1/361ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിസ്കാര ശേഷം ദിക്റുകൾ ചൊല്ലുക മാത്രമല്ല മഅമൂമുകള്‍ക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തിരുന്നു. “ഉത് ബാനുബ്നു മാലികില് അന്‍സ്വാരി(റ)യില്‍ നിന്ന് നിവേദനം. നബി ﷺ യും സ്വിദ്ദീഖ്   ﵁ വും ഒരുദിവസം പകല്‍ സമയത്ത് എന്റെ വീട്ടില്‍ കടന്നുവരികയും നിന്റെ വീട്ടില്‍ ഞാന്‍ എവിടെ നിസ്കരിക്കുന്നതാണ് നീ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഇഷ്ടപ്പെടുന്നൊരു സ്ഥലം ഞാന്‍ നിര്‍ണയിച്ചു കൊടുത്തു. നബി ﷺ നിസ്കാരത്തിന് വേണ്ടി അവിടെ നില്‍ക്കുകയും ഞങ്ങള്‍ നബി ﷺ യുടെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ശേഷം രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു (ബുഖാരി 1/158). ഇമാം ബുഖാരി ﵀ തന്നെ ഈ സംഭവം അനസ് ﵁ വഴിയായി ഉദ്ധരിച്ചതില്‍ ഇപ്രകാരം കാണാം. “അങ്ങനെ നബി ﷺ നിസ്കരിക്കുകയും ശേഷം അവര്‍ക്കുവേണ്ടി ദുആ ചെയ്യുകയും ചെയ്തു” (ബുഖാരി 2/898). ഈ ഹദീസ് ഇമാം ബുഖാരി ﵀ തന്നെ തന്റെ അല്‍ അദബുല്‍ മുഫ്റദ് പേജ് 81ലും ഉദ്ധരിച്ചിട്ടുണ്ട്.

അനസ് ﵁ ന്റെ വീട്ടില്‍ നബി ﷺ വന്ന് വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിച്ചത് ബുഖാരി 1/101ല്‍ കാണാം. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിക്കുകയും നിസ്കാരാനന്തരം വീട്ടുകാര്‍ക്കുവേണ്ടി ദുന്‍യവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകൊണ്ടും പ്രാര്‍ഥിച്ചു. തന്റെ ഉമ്മയുടെ പ്രത്യേക ആവശ്യപ്രകാരം തനിക്കുവേണ്ടി നബി ﷺ സമ്പത്തും സന്താനവും ബറകതും കൂടുതലാകാന്‍ പിന്നെയും പ്രാര്‍ഥിച്ചുവെന്ന് അനസ് ﵁ പറയുന്നതായി ഇമാം ബുഖാരി ﵀ അല്‍ അദബുല്‍ മുഫ്റദ് പേജ് 31ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

Related Posts