സ്വഹാബിമാർ സ്‌ത്രീ പള്ളി പ്രവേശനത്തിന് അനുകൂലമായിരുന്നില്ല എന്നാണ് തെളിവുകൾ സംസാരിക്കുന്നത്. ആഇശ(റ) പറയുന്നു: അവർ പറയുകയാണ്. “സ്ത്രീകൾ നിർമ്മിച്ചു കൂട്ടിയ ചീത്ത പ്രവർത്തനങ്ങൾ നബി(സ്വ)അഭിമുഖീകരിച്ചിരുന്നുവെങ്കിൽ ബനൂ ഇസ്റാഈൽ സ്ത്രീകൾ വിലക്കപ്പെട്ടത് പ്രകാരം പൂർണ്ണമായും ഇവർ വിലക്കപ്പെടുമായിരുന്നു” (ബുഖാരി വാ: 1, പേ: 140). ഈ ഹദീസിനെ കുറിച്ച് ഇമാം തഖയുദ്ദീനുദ്ദിമശ്ഖി(റ) രേഖപ്പെടുത്തുന്നു. “ഉത്തമ നൂറ്റാണ്ടുകളിൽ പോലും ഇങ്ങനെയാണ് ആഇശ(റ) ഫത്‌വ നൽകുന്നത്. അപ്പോൾ നമ്മുടെ ഈ ചീത്ത കാലഘട്ടത്തിൽ എങ്ങനെയാണ് ഫത്‌വ നൽകേണ്ടത്” (കിഫായത്തുൽ അഖ്‌യാർ വാ: 1, പേ: 95).
ഇബ്നുമസ്ഊദി(റ)ൽ നിന്ന് ഇബ്നു അബീശൈബ(റ) നിവേദനം: അവർ പറഞ്ഞു: “സ്ത്രീകളെ വീടുകളിൽ നിങ്ങൾ തടഞ്ഞു വെക്കുക. നിശ്ചയം സ്ത്രീകൾ നഗ്നതയാണ്. (അദുർറുൽ മൻസൂർ വാ: 1. പേ: 196). അബൂഅംരിനിശൈബാനി(റ) പറയുന്നതായി ഇബ്‌നു അബീശൈബ(റ) നിവേദനം “അബ്‌ദുല്ലാഹിബ്നു മസ്ഊദ്(റ) ജുമുഅ ദിവസം പള്ളിയിൽ നിന്ന് സ്ത്രീകളെ എറിഞ്ഞു ഓടിക്കുന്നതായി ഞാൻ കണ്ടു”( മുസ്വന്നഫു ഇബ്‌നി അബീ ശൈബഃ വാ: 2, പേ: 383). മുസ്വന്നഫു അബ്ദിർറസാഖിൽ ഇതേ സംഭവം നിവേദനം ചെയ്യുന്നുണ്ട്. ഇബ്നുമസ്ഊദ്(റ) പറയുമായിരുന്നു. നിങ്ങൾ വീടുകളിൽ പോവുക. അതാണ് നിങ്ങൾക്ക് നല്ലത്. (20: 3, : 173). “പള്ളിയിൽ വെച്ചുള്ള ആരാധന നിങ്ങൾക്കുള്ളതല്ല.”(സുനനുൽ ബൈഹഖി വാ: 3, പേ: 186).
ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: ജുമുഅ ദിവസം പള്ളിയിൽ നിസ്ക്‌കാരം നിർവ്വഹിക്കുന്നത് സംബന്ധിച്ച് ഒരു സ്ത്രീ അവരോട് അന്വേഷണം നടത്തി. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. “വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്‌കാരത്തെക്കാളും നിനക്ക് ശ്രേഷ്ഠമായത്” (മുസ്വന്നഫു ഇബ്‌നി അബീശൈബഃ : 2, പേ. 384).
അബൂഹുറൈറ(റ)യിൽ നിന്ന് ഇബ്നുജരീർ(റ) നിവേദനം: സ്ത്രീ വീടിന്റെ ഉള്ളിൽ നിസ്കരിക്കുന്നതിനാണ് ഏറ്റവും മഹത്തായ പ്രതിഫലം ലഭിക്കുക (കൻസുൽ ഉമ്മാൽ വാ: 4, പേ: 144). ഉമ്മു നാഇലതി(റ)ൽ നിന്ന് ഇബ്നുഅബീഹാതിം(റ) നിവേദനം. അവർ പറഞ്ഞു. അബൂബർസത് (വീട്ടിൽ) വന്നു. അടിമ സ്ത്രീ വീട്ടിലുണ്ടായിരുന്നില്ല. അവർ പള്ളിയിൽ പോയിരിക്കുകയാണെന്ന് (മറ്റുള്ളവർ) പറഞ്ഞു. അവൾ മടങ്ങി വന്നപ്പോൾ അബൂബർസത്(റ) അവരോട് അട്ടഹസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹു സ്ത്രീകൾ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു.” (അദുർറുൽ മൻസൂർ വാ: 5, 195).
അബൂഅംരിനിശൈബാനി(റ) പറയുന്നു. “ഇബ്നു മസ്ഊദ്(റ) അങ്ങേയറ്റം സത്യം ചെയ്‌തുകൊണ്ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. വീട്ടിൽ വച്ച് നിസ്കരിക്കുന്നതിനെക്കാൾ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിസ്‌കാരവും ഒരു സ്ത്രീയും നിർവഹിക്കുകയില്ല. ഹജ്ജിലും ഉംറയിലുമൊഴികെ“ (ഉംദത്തുൽ ഖാരി വാ: 6, പേ: 157).