ഇഹ്സാൻ എന്താണെന്നും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും തിരുനബി ﷺ കൃത്യമായി സംസാരിച്ചിട്ടുണ്ട്.
ഇഹ്സാനിനെ പരിചയപ്പെടുത്തുന്ന നിവേദനങ്ങളിൽ സയ്യിദുനാ ഉമറിൽ നിന്നുമുള്ള ﵁ സ്വഹീഹ് മുസ്‌ലിമിലെ നിവേദനം വളരെ പ്രധാനമാണ്. പ്രസ്തുത നിവേദനത്തിൽ തിരുനബി ﷺ പറയുന്നു: "നീ നിന്റെ റബ്ബായ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവനെ കാണുന്നത് പോലെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുക. അല്ലാഹുവിനെ അനുഭവിച്ചു കൊണ്ട് നിനക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, നിന്റെ പ്രവർത്തനങ്ങളെ പരമാവധി നന്നാക്കുവാൻ നീ ശ്രദ്ധിക്കുക."
ഇവിടെ ഒരു സംശയം ഉണ്ട്. ഇസ്‌ലാമും ഈമാനും കൃത്യമായി നിർവ്വചിക്കപ്പെട്ടിരിക്കെ ഇഹ്സാനിന്റെ ആവശ്യകതയും പ്രാധാന്യവും എന്താണ് ??!
നിശ്ചയം ഇസ്‌ലാമും ഈമാനും കൃത്യമായിരിക്കെ തന്നെ ഇഹ്സാനിന്റെ ഇടം വളരെ പ്രധാനമാണ്. തിരു നബിയുടെയും ﷺ അനുചരരുടെയും ഉന്നത ജീവിത നിമിഷങ്ങൾ ഇഹ്സാനിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. പ്രത്യേകിച്ചും, തിരുജീവിതത്തെയും അവിടുത്തെ സ്വഹാബയുടെ ജീവിതത്തെയും ഒരു ഭാഗത്തും, മറു ഭാഗത്ത് നമ്മുടെ കർമ്മങ്ങളെയും തുലനം ചെയ്തു നോക്കിയാൽ തമ്മിലുള്ള വ്യത്യാസങ്ങളിൽ ഏറ്റവും വലുത് ഇഹ്സാനിന്റെ സാന്നിധ്യവും അഭാവവുമായിരിക്കും.
ഇഹ്‌സാനിന്റെ പ്രതിഫലനം എങ്ങനെയെന്നല്ലെ?
അതു മനസ്സിലാവാൻ ഒരു പൂർണ്ണ വിശ്വാസി രൂപം കൊള്ളുന്നത് എങ്ങനെയെന്നു മനസ്സിലാക്കണം. വിശ്വാസം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഇസ്‌ലാം കാര്യങ്ങളെ കൃത്യമായി അനുവർത്തിക്കുമ്പോയാണ് അത് സാധ്യമാവുന്നത്. അതു കൊണ്ടു തന്നെ കേവലം ബോധ്യങ്ങൾ കൊണ്ടു തന്നെ വിശ്വാസത്തിന്റെ സത്തയിലേക്ക് എത്തുവാൻ സാധിക്കും എന്ന് വാദിക്കുന്നത് മൗഢ്യമാണ്.
നോക്കൂ, അല്ലാഹുവിലും അവന്റെ ദൃഷ്ടാന്തങ്ങളിലും വിശ്വാസമുള്ള എത്ര പേരാണ് അവരുടെ വിശ്വാസത്തിനു അനുസൃതമല്ലാതെ പ്രവർത്തിക്കുന്നത്! മുൻകാലത്തും വർത്തമാന കാലത്തും അത്തരക്കാരെ ധാരാളമായി നമുക്ക് കാണാൻ സാധിക്കും.
പരിശുദ്ധ ഖുർആൻ തന്നെ അത്തരക്കാരെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ:
''പ്രവാചകന്മാർ കൊണ്ടു വന്ന ദൃഷ്ടാന്തങ്ങളെ ഹൃദയം കൊണ്ട് അവർ അംഗീകരിച്ചെങ്കിലും, നിഷേധ സ്വരമാണ് അവരിൽ നിന്നും ഉയർന്നു കേൾക്കുന്നത്'' (സൂറ നംല്: 14)
വിശ്വാസത്തോടൊപ്പം ഇസ്‌ലാം കാര്യങ്ങളെ കർമ്മപഥത്തിൽ കൊണ്ടുവരാൻ സഹായകമാവുന്ന ചില പ്രേരകങ്ങൾ ഉണ്ട്.
സ്നേഹം, ഭയം, ബഹുമാനം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഈ പ്രേരകങ്ങൾ അടങ്ങിയ ഉടലെടുക്കുന്നതോ അത് ഇഹ്സാനിലൂടെയാണ്. അഥവാ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉണ്ടാവുന്ന സ്നേഹവും ബഹുമാനവും, ദിക്റുല്ലാഹിയുടെ അഭാവത്തിന്റെ അനന്തര ഫലങ്ങൾ ആലോചിക്കുമ്പോഴുള്ള ഭയവും ഒരു വിശ്വാസിയുടെ കർമ്മങ്ങൾ കൃത്യമാക്കാൻ സഹായകമാവുന്നു എന്ന് സാരം.
അപ്പോൾ, മുറിയാത്ത ഇലാഹീ സ്മരണയാണ് ഇഹ്സാനിന്റെ ഏറ്റവും വലിയ നേട്ടം. അതോടൊപ്പം തന്റെ നാഥനായ അല്ലാഹു എന്നെ സധാ സമയവും വീക്ഷിക്കുന്നുണ്ട് എന്ന ചിന്തയും ഇഹ്സാനിലൂടെ ഉടലെടുക്കുന്നു.
നിത്യമായ ഇലാഹീ സ്മരണയുണ്ടാവാൻ പല വഴികളുമുണ്ട്. നിലവിൽ ലഭിച്ച, ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചുള്ള ആലോചന അതിൽ ഏറ്റവും നല്ല വഴിയാണ്. അത്ഭുതം..! അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെ ഉപഭോക്താക്കളാവാതെയുള്ള ഒരു നിമിഷമെങ്കിലും അടിമകളുടെ ജീവിതം കഴിഞ്ഞു പോകുന്നുണ്ടോ?!
പാരാവാരം കണക്കെയുള്ള അനുഗ്രഹങ്ങൾ!
ഈ സ്മരണകൾക്കിടയിൽ തന്റെ ഇലാഹായ അനുഗ്രഹങ്ങളുടെ ധാതാവായ അല്ലാഹുവിനോടുള്ള കളങ്കമറ്റ സ്നേഹം അടിമയുടെയുള്ളിൽ തളിർത്തു തുടങ്ങും.
ഈ സ്നേഹം സ്വാഭാവികമാണല്ലോ, ഉപകാരം ചെയ്തവരോട് സ്നേഹം ഉണ്ടാവും അത് തീർച്ചയാണ്. പതിയെ ഈ സ്നേഹം ആഴങ്ങൾ താണ്ടും.
അനന്തരം അല്ലാഹുവല്ലാത്ത മറ്റെല്ലാത്തിനോടുമുള്ള സ്നേഹം ഹൃദയത്തിൽ നിന്നും പുറം തള്ളാൻ അടിമ പരിശ്രമിക്കും. ഇത്തരക്കാരെ പരിശുദ്ധ ഖുർആൻ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്:
''മുഅ്‌മിനീങ്ങൾ, അവരുടെ സ്നേഹമത്രയും അല്ലാഹുവിനോടാണ്'' (സൂറ ബഖറ: 165)
ഇനി പറയൂ, ഇലാഹീ സ്നേഹത്തിൽ ഊളിയിട്ടിയിറങ്ങിയ ഈ അടിമയുടെ ആരാധനാ കർമങ്ങളിലും , ഐഹിക വിഷയങ്ങളിലും ഇഹ്സാനിന്റെ സാന്നിധ്യം ഇല്ലാതിരിക്കുമോ?! സുജൂദിലും, റുകൂഇലും, ഇടപാടുകളിലും എന്റെ റബ്ബ് എന്നെ വീക്ഷിക്കുന്നുണ്ട് ഞാൻ അവനെ കാണുന്നില്ലെങ്കിലും എന്ന ചിന്ത അവനെ നയിച്ചു കൊണ്ടേയിരിക്കുന്നു.
ഇഹ്സാൻ ഇല്ലാത്ത ഇസ്‌ലാം ആത്മാവില്ലാത്ത ശരീരം പോലെയാണ്. ചിലർക്കെങ്കിലും ഈ വസ്തുത ബോധ്യപ്പെടാതിരിക്കാനുള്ള കാരണം എന്താവും? ഇലാഹീ സ്മരണയാണ് ഇഹ്സാനിലേക്കുള്ള മാധ്യമം എന്നിരിക്കെ, ഈ മാധ്യമത്തെ നിസ്സാരമാക്കുകയും അതിന്റെ വ്യത്യസ്ത രീതികളെ പ്രമാണ വിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാമിനു അന്യമാണ്.
ഒരു ആത്മീയ ഗുരു, സ്വത്വ സംസ്കരണത്തിന്റെ ആവശ്യകതയെ നിരന്തരം ഉണർത്തുന്നതോടൊപ്പം തന്റെ ശിഷ്യന്മാരെ ഇലാഹീ സ്മരണയിലേക്ക് അദ്ദേഹം വഴി നടത്തുന്നുണ്ട്. അതോടൊപ്പം തന്നെ അല്ലാഹുവിനോടുള്ള സ്നേഹം, ബഹുമാനം, അവനിലുള്ള ഭയം തുടങ്ങിയവരുടെ മാനങ്ങൾ അദ്ദേഹം അധ്യാപനം ചെയ്യുന്നുമുണ്ട്.
ശിഷ്യന്മാർക്കു പതിവാക്കാൻ തിരുനബിയിൽ നിന്നും ﷺ നിവേദനം ചെയ്യപ്പെട്ട, മഹത്തുകൾ മുഖേന കൈമാറിവന്ന ചില ദിക്റുകൾ അദ്ദേഹം ക്രോഡീകരിച്ചു നൽകുകയും ചെയ്തു.
ഈ പ്രവർത്തനങ്ങളിൽ പ്രമാണ വിരുദ്ധമായുള്ളത് ഏതെന്നു പറയാമോ?
പറയാൻ സാധിക്കില്ല!
ഖുർആൻ പറയുന്നു:
"അല്ലാഹുവിലേക്കു ക്ഷണിക്കുന്നവരെക്കാൾ നന്മയുടയവർ മറ്റാരുണ്ട്" (സൂറ ഫുസ്വിലത്: 33)
തിരുനബി ﷺ അരുളി:
"നീ കാരണം ഒരാളെങ്കിലും സന്മാർഗം പുൽകലാണ് വിലപിടിപ്പുള്ള സമ്പത്തു ലഭിക്കുന്നതിനേക്കാൾ നിനക്ക് നന്മയായിട്ടുള്ളത്"
ഈ രണ്ടു മഹത് വചനങ്ങൾ ശ്രദ്ധിച്ചാൽ പരാമർശിക്കപ്പെട്ട രണ്ടു വിഭാഗങ്ങളുടെ മുൻ നിരയിൽ നാം നേരത്തെ സംസാരിച്ച ആത്മീയ ഗുരുവിനു ഒരിടം നിർബന്ധമായും ഉണ്ടാവും എന്നു നമുക്ക് മനസ്സിലാവും.
ഒരു ആത്മീയ നേതൃത്വം തന്റെ ശിഷ്യന്മാരെയും, അനുയായികളെയും ഇഹ്സാനിലേക്കു വഴി നടത്താൻ സ്വീകരിക്കുന്ന ഇത്തരം മാർഗത്തെ തസ്വവ്വുഫ്, ആത്മീയ സരണി തുടങ്ങിയ പദങ്ങൾ കൊണ്ടു നാമകരണം ചെയ്താൽ അത് പ്രമാണ വിരുദ്ധമാണെന്നും, പുത്തൻ ആശയമെന്നും പറയുന്നതിന്റെ ആധാരം എന്താണ്?! പിൻ കാലത്ത് പുതിയ നാമകരണം നടന്നു എന്നതു കൊണ്ട് ആ നാമം പ്രതിനിധീകരിക്കുന്ന ആശയം കൂടി നവീന ആശയമാണ് എന്ന് പറയുന്നതിലെ യുക്തി മനസിലാക്കുക ശ്രമകരം തന്നെ!
അടുത്ത സംശയം, സർവ്വതിലും ''അല്ലാഹുവിന്റെ സാന്നിധ്യം അറിയുക'' [ഇഹ്സാനുണ്ടായാലുള്ള അടയാളങ്ങളിൽ ഒന്നാണ് ഇതെന്ന് നാം വിശദീകരിച്ചതാണ്] എന്ന അവസ്ഥയൊക്കെ തിരുനബിയുടെയും ﷺ അവിടുത്തെ അനുചരരുടെയും ജീവിതമുമായി ബന്ധമുള്ളതാണോ? പിൻകാലത്തെ ചില സൂഫിയ്യാക്കളുടെ ഭംഗിവാക്കുകളല്ലെ അവകൾ?
ഈ ചോദ്യത്തെ സമീപിക്കുന്നതിനു മുമ്പ് ഇലാഹീ സാമീപ്യം ലഭിച്ച ഉന്നതരുടെ നേതൃത്വമാണ് തിരുനബി ﷺ എന്നും, സ്വഹാബാക്കൾ അവിടുത്തെ ഏറ്റം പിൻപറ്റിയവരും എന്നതിൽ രണ്ടഭിപ്രായം ഇല്ല എന്നത് ഓർക്കണം. എത്ര നിവേദനങ്ങളും, ചരിത്ര സാക്ഷ്യങ്ങളുമാണ് തിരുനബിയുടെ ﷺ ആരാധന നിറഞ്ഞ രാപ്പകലുകളെ കുറിച്ചു സംസാരിച്ചത്.! ധാരാളം നിന്നു നിസ്കരിക്കുന്നതിനാൽ തിരുനബിയുടെ ﷺ പാദുകങ്ങൾ എത്ര തവണയാണ് അവിടുത്തോട് പരാധി പറഞ്ഞത്!
തിരുനബി ﷺ പറഞ്ഞല്ലോ:
''എന്റെ റബ്ബിനെ ഓർക്കുമ്പോൾ ഹൃദയത്തിൽ എന്തോ ഒരു മറയുള്ളത് പോലെ എനിക്ക് തോന്നുന്നു. [ഈ അവസ്ഥയിൽ പരിഭ്രാന്തരായി, ഇലാഹീ സാമീപ്യത്തിനു തടസ്സം ആവുന്ന വല്ല വീഴ്ചയും തന്റെ ഭാഗത്തു നിന്നും സംഭവിച്ചോ എന്ന് പേടിച്ചു കൊണ്ട്] ഞാൻ ഓരോ ദിനവും ധാരാളം പാപമോചനം ചെയ്‌തു കൊണ്ടിരിക്കുന്നു".
നോക്കൂ.. എത്ര ഉന്നതിയിലാണ് അവിടുത്തെ സ്ഥാനം!
അതോടൊപ്പം തിരുനബിയുടെ ﷺ മറ്റൊരു വചനം കൂടി ചേർത്തു വായിക്കേണ്ടതുണ്ട്: "അല്ലാഹുവിനെ ഏറ്റവും നന്നായി അറിഞ്ഞതും, അവനോട് ഭയഭക്തി പുലർത്തിയതും ഞാനാണ്."
അവസാനമായി, തിരുനബിയുടെ ﷺ വഫാത്തിന്റെ സമയം അവിടുന്ന് പറഞ്ഞ വാചകത്തിന്റെ ആശയം ഗർഭം എങ്ങനെ പറഞ്ഞു തീർക്കാൻ സാധിക്കും! ''അല്ലാഹുമ്മ റഫീഖുൽ അഅ്‌ലാ..!
ഐഹിക ജീവിതത്തെക്കാൾ ഞാൻ ആഗ്രഹിക്കുത് അല്ലാഹുവിന്റെ തിരു സന്നിധിയാണ്!
ആത്മീയതയുടെ നേതൃത്വമായ തിരുനബിയുടെ ﷺ ജീവിതം മുഴുവനും ഇഹ്സാനിലായിരുന്നു എന്നതിന് ഇനിയും തെളിവുകൾ ആവശ്യമാണെന്നോ?!
സ്വഹാബാക്കളുടെ നിസ്തുല്യമായ ഐഹിക വിരക്തിയും, യുദ്ധം പോലോത്ത കഠിനമായ സന്ദർഭങ്ങളെ സഹിച്ചു കൊണ്ട് അല്ലാഹുവെ മാത്രം മുന്നിൽ കണ്ട് മുന്നോട്ട് ഗമിച്ചതുമൊക്കെ ഇഹ്സാനിന്റെ ഭാഗമല്ലാതെ പിന്നെന്താണ്!
സയ്യിദുനാ ഇംറാനു ബ്നു ഹുസൈൻ (റ) തങ്ങളുടെ മുപ്പതു വർഷം നീണ്ടു നിന്ന രോഗത്തെ കണ്ണീരോടെയാണല്ലോ ചരിത്രം ഓർക്കുന്നത്. ആ നീണ്ട രോഗ കാലമാത്രയും മഹാനർക്ക് യാതൊരു പരാതിയുമില്ല, പരിഭവവുമില്ല, പ്രശോഭിതമായ മുഖം മാത്രം, അല്ലാഹുവിലുള്ള തൃപ്തി മാത്രം.
മരണാസന്നനായ മുആദു ബ്നു ജബൽ (റ) തങ്ങളുടെ വാക്കുകൾ ഇതായിരുന്നു:
''ഓ റബ്ബെ.. നിന്റെ റഹ്മത്ത് കൊണ്ട് എന്നെ പുണരാമോ? നിശ്ചയം, എന്റെ ഹൃദയം നിന്നോടുള്ള സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു"
രാത്രിയുടെ യാമങ്ങളെ സയ്യിദുനാ അലി ﵁ സ്നേഹിച്ചത് ആർക്കാണ് അറിയാത്തത്.
ഐഹിക ജീവിതത്തോട് അവിടുന്ന് സംബോധന ചെയ്യുകയാണ്: ''ഓ നശ്വരമെ.. എന്റെ അനിഷ്ടങ്ങളത്രയും നീയാണ്. നിനക്ക് എന്നിൽ താല്പര്യമുണ്ടോ? എന്നാൽ ഞാൻ പറഞ്ഞോട്ടെ, നിന്നെ പൂർണ്ണമായും ഞാൻ വെടിഞ്ഞിരിക്കുന്നു. നീ നിസാരമാണ്. നിന്റെ പ്രായം വളരെ കുറവാണ്."
ആത്മീയാനന്തത്തിന്റെ വലിയ ആശയങ്ങൾ അടങ്ങിയ ഈ വാചകങ്ങൾ അവരിൽ നിന്നും ഉരുത്തിരുഞ്ഞു വന്നത് ഇഹ്സാനിന്റെ ഉന്നത പടവുകൾ അവർ താണ്ടിയതിനാലാണ്.
യഥാർത്ഥത്തിൽ ഇഹ്സാൻ എന്ന മേഖലയെ പരിചയപ്പെടുത്താനും, പ്രചരിപ്പിക്കാനുമുള്ള മാധ്യമമാണ് തസ്വവ്വുഫും സൂഫീ പണ്ഡിതന്മാരും.
അതേ സമയം, തസ്വവ്വുഫിനെ മറയാക്കി പരിശുദ്ധ ഇസ്‌ലാമിനു വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെയും, അനുവർത്തിക്കുന്നവരെയും വിമർശിക്കപ്പെടേണ്ടതാണ്. തസ്വവ്വുഫിന്റെ പേരിലുള്ള തെറ്റായ ആശയങ്ങളെ എതിർക്കുന്നതിൽ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ എക്കാലവും കണിശത പുലർത്തിയിട്ടുമുണ്ട്. അത്തരം തെറ്റായ ആയശങ്ങളുടെ പേരിൽ യഥാർത്ഥ തസ്വവ്വുഫിനെ എതിർക്കേണ്ട ആവശ്യം തീരെ ഇല്ല.
അവലംബം:
നഫ്ഖു റൂഹ് - സയ്യിദ് അബൂബക്കർ അൽഅദനി മശ്ഹൂർ
ശൈഖ് റമളാൻ ബൂത്വിയുടെ
ശർഹുൽ ഹികം
ശഖ്സിയ്യാതുൻ ഇസ്തൗഖഫത്നീ