അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പ് അനുഷ്ഠിക്കുക, ഹജ്ജ് നിര്‍വഹിക്കുക എന്നീ അഞ്ച് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്‌ലാം (ബുഖാരി). വിശ്വാസകാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും ചേര്‍ന്നതാണ് ഇസ്‌ലാം. ഇതില്‍തന്നെ ഏറെ പ്രാധാന്യമുള്ളത് വിശ്വാസത്തിനാണ്. അവ ക്രമവും പ്രമാണ ബദ്ധവുമായില്ലെങ്കില്‍ കര്‍മങ്ങള്‍ കൊണ്ട് ഫലപ്രാപ്തിയുണ്ടാവില്ല. വിശ്വാസം പൂര്‍ണമായ ഒരാളില്‍ നിന്ന് അനുഷ്ഠാനവൈകല്യങ്ങള്‍ ഉണ്ടായാലും രക്ഷപ്പെട്ടേക്കാം. വിശ്വാസം മനസ്സിന്റെ രഹസ്യമാണ്. കര്‍മങ്ങളാണെങ്കില്‍ ശരീരത്തിന്റെ പരസ്യ പ്രകടനവും.