ഇസ്‌ലാമിന്റെ ലേബലില്‍ തീവ്രനിലപാടുമായി പ്രത്യക്ഷപ്പെട്ട ആദ്യ സംഘം ഖവാരിജുകളാണ്. അലി ﵁ യും മുആവിയ ﵁ തമ്മിലുടലെടുത്ത രാഷ്ട്രീയ അഭിപ്രായവ്യത്യാസം രണ്ട് സഹാബിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പറഞ്ഞ് പരിഹരിച്ചപ്പോള്‍ അത് ഇഷ്ടപ്പെടാത്ത ചിലര്‍ “അല്ലാഹുവിന് മാത്രമേ വിധിതീര്‍പ്പ് നടത്താന്‍ അധികാരമുള്ളൂ” എന്ന ആശയമുള്ള ഖുര്‍ആന്‍ വാക്യം ദുര്‍വ്യാഖ്യാനം ചെയ്ത് രംഗത്ത് വന്നു. അല്ലാഹുവിന്റെ അധികാരത്തില്‍ കൈകടത്തുക വഴി ശിര്‍ക്ക്(ബഹുദൈവത്വം) ചെയ്ത സ്വഹാബികള്‍ കാഫിറുകളായിപ്പോയി എന്നും ഈ സത്യനിഷേധികളോടാണ് ആദ്യം യുദ്ധം ചെയ്യേണ്ടതെന്നും ഈ വിഭാഗം നിലപാടെടുത്തു. അതേസമയം തന്നെ, അലി ﵁ വിനെ അമിതമായി വാഴ്ത്തുകയും ആദ്യ ഖലീഫയാകേണ്ടിയിരുന്നത് അദ്ദേഹമായിരുന്നുവെന്നും അബൂബക്കര്‍ ﵁ അടക്കമുള്ളവര്‍ അത് തട്ടിയെടുക്കുകയായിരുന്നുവെന്നും വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇവരാണ് പിന്നീട് “ശീഇകള്‍” എന്നറിയപ്പെട്ടത്.