ധർമത്തിന്റെ നിലനിൽപ്പിന്
വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്തേക്ക് പുറപ്പെട്ട മുന്നൂറ്റിപതിമൂന്ന് മഹാമനീഷികളുടെ ഐതിഹാസികമായ ചരിത്രം. വിശ്വാസികൾക്ക് എന്നും ആവേശമാണ് ബദ്റിന്റെയും ബദ് രീങ്ങളുടെയും ധീരസ്മരണകൾ. ദിനചര്യകളുടെ ഭാഗമമെന്ന പോലെ പാടിയും പറഞ്ഞും അവർ ബദ്റിനെ ജീവിതത്തോട് ചേർത്തുവെക്കുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങളിൽ ബദ്‌രീങ്ങളുടെ അനുഗ്രഹം അവർ പ്രതീക്ഷിക്കുന്നു.
ദീനിന്റെ നിലനിൽപ്പിൽ നിർണ്ണായക പങ്കുള്ളവരാണ് ബദ്‌രീങ്ങൾ. ഈ കൊച്ചു സംഘം നാമാവശേഷമായാൽ നിന്നെ ആരാധിക്കുന്നവർ ഭൂമിയിൽ ഉണ്ടാകില്ല എന്നാണല്ലോ തിരുനബി ﷺ പ്രാർത്ഥിച്ചത്. അതുപോലെ നമ്മുടെ ജീവിത വിജയത്തിലും ബദ്‌രീങ്ങളുടെ സഹായം അനിവാര്യമാണ്. അല്ലാഹുവിന്റെ സഹായത്തിന് അർഹരായ, മലക്കുകളുടെ പിന്തുണ ലഭിച്ച, ഈമാനിക ബലത്തിൽ സായുധരായ ശത്രുവ്യൂഹത്തെ പരാജയപ്പെടുത്തിയ റോൾ മോഡലുകളാണവർ. വിശുദ്ധ ഖുർആനും തിരുവചനങ്ങളും വിവിധ ഘട്ടങ്ങളിൽ ബദരീങ്ങളെ പുകഴ്ത്തിയിട്ടുണ്ട്. അത്തരം സവിശേഷതകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് എക്കാലത്തും ബദർ അനുസ്മരണങ്ങൾ സജീവമായി സംഘടിപ്പിക്കപ്പെട്ടത്.
ബദ്ർ ചരിത്രം മുസ്‌ലിംകളുടെ സിരകളിൽ അലിഞ്ഞു ചേർന്ന വികാരമാണ്. മക്കയിലും മദീനയിലും ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും ബദ്‌രീങ്ങളെ അനുസ്മരിച്ചുള്ള സംഗമങ്ങൾ പതിവായിരുന്നു. കേരളത്തിലും തഥൈവ. ബദ്‌രീങ്ങളേ കാക്കണേ, മാപ്പിളമാർക്കിടയിൽ പ്രചുരപ്രചാരം നേടിയ സംബോധന രീതിയാണിത്. പലരും വിമർശിക്കുന്നത് പോലെ അടിസ്ഥാന രഹിതമായ ഒരു വിളിയല്ല ഇത്. നൂറ്റാണ്ടുകളായി നമ്മുടെ പൂർവ്വികൾ അനുവർത്തിച്ചു വരുന്ന ജീവിതക്രമത്തിന്റെ ഭാഗമാണിത്. തലയെടുപ്പുള്ള പണ്ഡിത മഹത്തുക്കൾ പറഞ്ഞു പഠിപ്പിച്ച സഹായ തേട്ടം. പ്രമാണങ്ങൾ പരിശോധിച്ചാൽ നിരവധി തെളിവുകൾ ഇവ്വിഷയകമായി കാണാം.
ആത്മീയ വളർച്ചക്കും പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനും മുൻഗാമികൾ ബദ്‌രീങ്ങളോട് സഹായം തേടിയിരുന്നു. അസ്മാഉൽ ബദ്ർ ചൊല്ലി നടത്തുന്ന പ്രവർത്ഥനക്ക് ഉത്തരമുണ്ട്, അതുമുഖേനയല്ലാതെ ഒരു വലിയ്യും വിലായത് കരഗതമാക്കിയിട്ടില്ല തുടങ്ങിയ മഹദ് വചനങ്ങൾ ശ്രദ്ധേയമാണ്. ഈജിപ്തിലെ ശാഫിഈ പണ്ഡിതരിൽ പ്രധാനിയും സുപ്രസിദ്ധ അറബി കവിയുമായിരുന്ന ശൈഖ് അബ്ദുല്ലാ ശബ്റാവി(1681- 1761) തന്റെ ശർഹു സ്വദ്റിൽ നൽകിയ വിവരണങ്ങളും അതോട് ചേർത്തു വായിക്കാവുന്നതാണ്.
“ജഅഫറുബ്നു അബ്ദില്ല(റ) പറയുന്നു: സ്വഹാബികളെ സ്നേഹിക്കാനും മുഴുവൻ പ്രതിസന്ധി ഘട്ടങ്ങളിലും ബദരീങ്ങളെ തവസ്സുലാക്കി പ്രാർത്ഥിക്കാനും വസ്വിയ്യത്ത് ചെയ്തു കൊണ്ട് എന്റെ പിതാവ് എന്നോട് ഇങ്ങനെ പറഞ്ഞു. “മകനേ, ബദരീങ്ങളുടെ തിരുനാമങ്ങൾ ചൊല്ലി പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകുമെന്ന കാര്യം ഉറപ്പാണ്. അവരെ സ്മരിക്കുന്നത് കാരണം ജീവിതത്തിൽ അനുഗ്രഹവും ബറകതും പാപമോചനവും ലഭിക്കും. പ്രത്യേകിച്ച് ദിവസവും അസ്മാഉൽ ബദ്ർ ചൊല്ലുന്നവരുടെ ആഗ്രഹങ്ങൾ സഫലീകൃതമാവുക തന്നെ ചെയ്യും” (ശറഹു സ്വദ്ർ ബിഗസവതി ബദ്ർ, പേ.37).
ബദ്‌രീങ്ങൾക്ക് വിശ്വാസികൾ എങ്ങനെയാണ് മനസുകളിൽ ഇടം നൽകേണ്ടതെന്ന് ഉപരിസൂചിത വരികൾ വ്യക്തമാക്കുന്നുണ്ട്. സ്നേഹിക്കുന്നവർക്ക് അഭയവും ആശ്രയവുമാണവർ. വെല്ലുവിളികൾ അതിജയിച്ചവരും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരെ സഹായിക്കാൻ അല്ലാഹു ശേഷി നൽകിയ ഇഷ്ട ദാസന്മാരുമാണവർ. ഇലാഹി മാർഗത്തിൽ സർവ്വവും സമർപ്പിച്ചവരെ സമീപിക്കാൻ പിന്നെ ഉമ്മത്തിന് മറ്റൊന്നും ആലോചിക്കേണ്ടതില്ലല്ലോ.
ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ സിറിയയിൽ ജീവിച്ച പ്രഗത്ഭ പണ്ഡിതനായിരുന്നു ശൈഖ് അബ്ദുൽ ലത്തീഫ് ശാമി ﵀. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. അവയിൽ ഏറെ പ്രശസ്തമാണ് അദ്ദുആഉ ബി അസ്മാഇ അഹ് ലി ബദ്ർ. ബദരീങ്ങളുടെ തിരുനാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ സവിശേഷതകളാണതിലെ പ്രമേയം.
ശൈഖ് ശാമി ﵀ എഴുതുന്നു:
“ഔലിയാക്കളിൽ ഭൂരിഭാഗം പേർക്കും മഹത്വം ലഭിച്ചത് അസ്മാഉൽബദ്ർ പാരായണത്തിന്റെ പുണ്യം കൊണ്ടാണ്. നിരവധി രോഗികൾക്ക് ബദരീങ്ങളെ തവസ്സുലാക്കി ദുആ ചെയ്തത് കാരണം രോഗശമനം ലഭിച്ചിട്ടുണ്ട്. ജ്ഞാനികളിൽ പെട്ട ചിലർ പറയുന്നു: രോഗികളുടെ ശിരസിൽ കൈ വെച്ച് ഞാൻ ആത്മാർത്ഥതയോടെ അസ്മാഉൽ ബദ്ർ ചൊല്ലിയപ്പോഴെല്ലാം അവർക്ക് ശമനമുണ്ടായിട്ടുണ്ട്. മരണാസന്നർക്ക് വരെ അതുമുഖേന ആശ്വാസമുണ്ടായിട്ടുണ്ട്. സുപ്രധാന ഉദ്ധേശങ്ങൾ നിറവേറാൻ അസ്മാഉൽ ബദ്ർ പാരായണം ചെയ്യുന്നതും എഴുതി സൂക്ഷിക്കുന്നതും ഫലപ്രദമാണെന്നതിനും അനുഭവം സാക്ഷി”. ബദരീങ്ങളെ മുൻനിർത്തി മനസുറപ്പോടെ ആരെങ്കിലും അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ ഉടൻ ഉത്തരം കിട്ടുമെന്ന് സീറതുൽ ഹലബിയ്യയിലും പരാമർശിക്കുന്നുണ്ട്. ശൈഖ് അലിയ്യുബ്നു ബുർഹാൻ(റ) രചിച്ച വിശ്രുത ഗ്രന്ഥമാണ് ഹലബിയ്യ.
ആവശ്യഘട്ടങ്ങളിൽ ബദ്‌രീങ്ങളുടെ സഹായം ലഭിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികൾക്ക് വലിയ പ്രചോദനമാണ് അത്തരം സംഭവങ്ങൾ. അല്ലാമാ ശബ്റാവി ﵀ പറയുന്നു: ഒരിക്കൽ ഒരാൾ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര തിരിച്ചു. ബദ്‌രീങ്ങളുടെ നാമങ്ങൾ കടലാസിലെഴുതി വീടിന്റെ വാതിലിൽ പതിപ്പിച്ചായിരുന്നു അദ്ദേഹം പുറപ്പെട്ടത്. അതിനിടെ ഒരു മോഷണ സംഘം വീട് അപഹരിക്കാനെത്തി. വീടിനു മുകളിൽ കയറിയ മോഷ്ഠാക്കൾക്ക് ആയുധങ്ങളുടെ ശബ്ദങ്ങളും ഗർജനങ്ങളുമാണ് കേൾക്കാൻ സാധിച്ചത്. ഭയചകിതരായ അവർ പദ്ധതി ഉപേക്ഷിച്ച് മടങ്ങി. തുടർ ദിവസങ്ങളിലും സമാനമായ അനുഭവങ്ങൾ നേരിട്ടു.
“എന്ത് തരം സംരംക്ഷണ കവചമാണ് നിങ്ങൾ വീട്ടിൽ തയ്യാറാക്കിയിരുന്നത്?”. ഹജ്ജ് കർമം നിർവഹിച്ച് തിരിച്ചെത്തിയ ഗൃഹനാഥനെ സമീപിച്ച് കള്ളന്മാർ ചോദിച്ചു. “ഞാൻ ഒന്നും ചെയ്തിട്ടില്ല. ആയതുൽ കുർസിയുടെ അവസാന ഭാഗവും മഹാന്മാരായ ബദരീങ്ങളുടെ പേരും എഴുതി പ്രത്യേകം വീട്ടിൽ സൂക്ഷിച്ചിരുന്നു”. അദ്ധേഹം പ്രതികരിച്ചു. അതെ, അതു തന്നെയാണ് നിങ്ങളുടെ വീടിനെ സുരക്ഷിതമാക്കിയതും(ശർഹു സ്വദ്ർ പേ: 38)
വിശ്രുത ഹദീസ് പണ്ഡിതനായ ശൈഖ് ഇബ്നു ഹജർ അസ്ഖലാനി ﵀ പറയുന്നു: എന്റെ പിതൃസഹോദര പുത്രൻ ക്രിസ്ത്യാനികളുടെ തടവിലായി. താങ്ങാൻ കഴിയാത്ത മോചന ദ്രവ്യമാണ് അവർ ആവശ്യപ്പെട്ടത്. ഞങ്ങൾ അദ്ദേഹത്തിന് ബദരീങ്ങളുടെ നാമങ്ങൾ എഴുതി അയച്ചു കൊടുത്തു. താമസിയാതെ ഒരു മോചനദ്രവ്യവും കൂടാതെ മകൻ മോചിതനായി നാട്ടിലെത്തി. ജനങ്ങൾ അതുതത്തോടെ കാര്യമന്വേഷിച്ചു. “എനിക്ക് നിങ്ങൾ അയച്ച കുറിപ്പ് ലഭിച്ചതോടെ ഞാൻ പതിവായി അസ്മാഉൽ ബദ്ർ ചൊല്ലാൻ തുടങ്ങി. അതോടെ ശത്രുക്കൾക്ക് പല പ്രയാസങ്ങളും സംഭവിച്ചു. അവർ എന്നെ വിൽക്കാൻ തീരുമാനിച്ചു. പലരും എന്നെ വാങ്ങി. പക്ഷെ, എല്ലാവരും പലവിധ പ്രയാസങ്ങൾക്ക് ഇരയാകേണ്ടി വന്നു.
ഒടുവിൽ ഒരാൾ എന്നെ വാങ്ങുകയും കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. അയാളെന്നെ ശക്തിയായി ഉപദ്രവിച്ചു. എന്നാൽ വളർത്തു മൃഗത്തിന്റെ അക്രമണത്തിൽ അയാൾ കൊല്ലപ്പെട്ടു. അയാളുടെ മകനും എന്നെ അക്രമിച്ചു. അതോടെ വിവരം പ്രദേശത്തെങ്ങും പരന്നു. എന്നെ പുറത്താക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. അയാൾ പിന്മാറിയില്ല. തന്റെ മകനും നിറയെ സമ്പത്തുള്ള കപ്പലും കടലിൽ മുങ്ങിയ വാർത്ത അപ്പോഴാണ് രാജാവിനെ തേടിയെത്തിയത്. പ്രശ്നത്തിന് കാരണം ഞാനാണെന്നും എന്നെ മോചിപ്പിച്ചാലേ അതിന് പരിഹാരം ലഭിക്കൂ എന്നും രാജാവ് തിരിച്ചറിഞ്ഞു. അങ്ങനെ, യാത്രാ ചെലവിന് നൂറ് ദീനാർ നൽകി എന്നെ ശത്രുക്കൾ മോചിപ്പിച്ചു (ബദ്ർ മൗലിദ്).
ബദ്‌രീങ്ങളോടുള്ള സ്നേഹം
പ്രതിസന്ധി ഘട്ടങ്ങളിൽ അഭയമായി മാറിയതിന്റെ നേർസാക്ഷ്യങ്ങളാണ് മുകളിൽ നൽകിയത്. നിരവധി സംഭവങ്ങൾ ഇപ്രകാരം ഗ്രന്ഥങ്ങളിൽ കാണാം. കൂടാതെ ബദരിയ്യത്തുകൾ എഴുതി ലക്ഷ്യപൂർത്തീകരണം കരഗതമാക്കിയ പണ്ഡിതന്മാരുടെ ചരിത്രങ്ങളും ധാരാളമുണ്ട്. ബദ് രീങ്ങളെ പ്രിയം വെക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവയാണ് അവയെല്ലാം. വിശിഷ്യാ, വിശുദ്ധ റമളാൻ ബദ്ർ യുദ്ധത്തിന്റെ ഓർമ പുതുക്കുന്ന മാസം കൂടിയാണ്. ഇക്കാലയളവിൽ ചരിത്ര യാഥാർത്ഥ്യങ്ങൾ കൂടുതൽ പഠിക്കാനും മഹാന്മാരായ ബദ് രീങ്ങളോട് അടുക്കാനും സർവ്വരും അവസരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.