മുജാഹിദ് പ്രസ്ഥാനത്തിൽ ആദർശപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമായത് 1940 കൾക്ക് ശേഷമാണ്. സ്ത്രീ പള്ളി പ്രവേശം, തറാവീഹിന്റെ റക്അത്ത് ചുരുക്കിയത്, ഖുനൂത് നിഷേധം, തല തുറന്നിട്ടുള്ള നിസ്കാരം, നെഞ്ചിൽ കൈ കെട്ടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മാറ്റം വന്നു തുടങ്ങി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്യാദി വിവാദങ്ങളൊന്നും അറിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ കാലത്ത് സ്ത്രീകൾ ജുമുഅക്ക് പോകുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല.
1946 ൽ ഒതായിയിലെ പി വി മുഹമ്മദ് ഹാജി എന്ന വ്യക്തിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു ജുമുഅ സംഘടിപ്പിക്കാൻ ആദ്യമായി മുന്നോട്ടു വന്നത്. ഇവ്വിഷയകമായി എം സി സി അഹമ്മദ് മൗലവിയോട് ഫത്‌വ ചോദിച്ചപ്പോൾ പോകൽ നിർബന്ധമാണ് എന്ന് മറുപടി കൊടുത്തു. ഈ മറുപടി മൗലവിമാരിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു.
നിർബന്ധം
എം സി സി അഹ്മദ് മൗലവി എഴുതുന്നു: “വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടു കൂട്ടരും (ആണും പെണ്ണും ) ഹാജരാകകൾ വാജിബാണ്” (മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ?, പേജ് : 111)
എം സി സി യെപ്പോലെ മൗലവിമാരിൽ പലരും സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമാണെന്ന പക്ഷക്കാരായിരുന്നു.
“മുജാഹിദ് പണ്ഡിതന്മാർക്കിടയിൽ സ്ത്രീകൾക്ക് ജുമുഅ നിർബന്ധമോ സുന്നത്തോ എന്നതിൽ വീക്ഷണ വ്യത്യാസമുണ്ട്. അബ്ദുല്ല ഹാജി(വെട്ടം മൗലവി) നിർബന്ധമാണ് എന്ന അഭിപ്രായക്കാരനായിരുന്നു” (ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും ഉമർ കുട്ടി ഹാജിയുടെ ഓർമ്മകളിൽ, കെ എൻ എം പേജ് : 34 )
നിർബന്ധമില്ല സുന്നത്തുമില്ല
എന്നാൽ അക്കാലത്ത് തന്നെ ഇതിനെതിരെ ശക്തമായി കെ ഉമർമൗലവി രംഗത്ത് വന്നു. നിർബന്ധമാണെന്നോ സുന്നത്താണെന്നോ പറയരുതെന്നായിരുന്നു മൗലവിയുടെ പക്ഷം.
കെ. ഉമർ മൗലവി എഴുതുന്നു. “ചില ഉലമാക്കളല്ല സകല ഉലമാക്കളും വുജൂബില്ലെന്ന് പറഞ്ഞവരാകുന്നു എന്ന് തെളിഞ്ഞു. സുന്നത്ത് ഉണ്ടെന്ന് ഉലമാക്കൾ പറഞ്ഞു എന്ന് (എം സി സി) മൗലവി സാഹിബ് വാദിക്കുന്നുണ്ട്. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് ഉദ്ധരിച്ചു തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ?” (അൽമനാർ 1953 മാർച്ച് 20, പേജ് 13)
അനുവദനീയം പുണ്യകർമ്മം
കെ. ഉമർ മൗലവി കെ എൻ എമ്മിന്റെ ഔദ്യോഗിക മാസികയിലൂടെ സ്ത്രീ ജുമുഅ ജമാഅത്തിനെ എതിർത്തെങ്കിലും പിന്നീട് സുന്നത്താണെന്നും പുണ്യകർമ്മമാണെന്നും തന്നെയാണ് പ്രചരിപ്പിക്കപ്പെട്ടത്. നേരത്തെ സുന്നത്താണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഉമർ മൗലവി വെല്ലുവിളിച്ച അൽമനാർ മാസികയിൽ തന്നെ എഴുതുന്നു: “അന്യ പുരുഷന്മാർ പങ്കെടുക്കുന്ന സമൂഹ നിസ്കാരങ്ങളായ ജമാഅത്തുകളിലും ജുമുഅകളിലും അവ പള്ളിയിൽ വെച്ച് നടക്കുന്നതായാലും പള്ളിക്ക് പുറത്ത് വെച്ച് നടക്കുന്നതായാലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദനീയമാണ് പുണ്യകർമവുമാണ്, ഇതാണ് മുജാഹിദ് വാദം”
(അൽമനാർ, 1997 മാർച്ച്, പേജ്: 11)
അന്യപുരുഷന്മാരോടൊപ്പം ജമാഅത്തിന് പങ്കെടുക്കൽ സുന്നത്താണെന്ന് വ്യക്തമായി തന്നെ മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു: “ജമാഅത്ത് നമസ്കാരത്തിൽ പങ്കുകൊള്ളൽ സുന്നത്തും പ്രതിഫലാർഹവുമായതുകൊണ്ടാണല്ലോ നബി(സ)യുടെ കാലത്തെ മുസ്‌ലിം സ്ത്രീകൾ അന്യ പുരുഷന്മാരുള്ള ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തത്“ (ഇസ്‌ലാഹ് മാസിക പുസ്തകം 2 ലക്കം1 പേ: 9).
എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം മുജാഹിദുകൾ പിന്മാറിയിരിക്കുന്നു. സുന്നത്തുമില്ല, പ്രതിഫലവും ഇല്ല, വേണമെങ്കിൽ പോകാം എന്ന നിലപാടിലാണ് അവർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. “സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം“ (വിചിന്തനം വാരിക 2009 മാർച്ച് 20, പേജ് 9). “ജുമുഅ ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല എന്നതാണ് വസ്തുത” (വിചിന്തനം 2007 ഫെബ്രുവരി 23, പേജ് 3).
എന്നാൽ ഈ അഭിപ്രായത്തിലും മൗലവിമാർക്ക്സ്ഥിരതയില്ല. ഈവാദത്തെ ശക്തമായി ചോദ്യം ചെയ്ത് മൗലവിമാർ രംഗത്തുണ്ട്. സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പോകുന്നത് കേരളത്തിൽ മാത്രമാണെന്നും ഗൾഫ് സലഫികളുടെ പിന്തുണ ഈ വിഷയത്തിൽ ഇല്ലെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.