Site-Logo
POST

ഇമാം ഖാളീ ഇയാള് തിരുനബിക്ക് എഴുതിയ കത്ത്

നഫ്‌സീർ അഹ്‌മദ്‌ സുറൈജി

|

01 Jan 2025

feature image

മനുഷ്യ കുലത്തിന്റെ നേതാവും, സർവ്വ സൃഷ്ടികൾക്കും ശുപാർശകർ, സന്തോഷ വാർത്ത അറിയിക്കുന്നവർ, താക്കീത് നൽകുന്നവർ, പ്രകാശം ചൊരിയുന്ന വിളക്ക്, ഏറ്റം ബഹുമാന്യരായ പ്രവാചകർ, കൃപയുടെയും കാരുണ്യത്തിന്റെയും പര്യായം, ഉദാഹരിക്കപ്പെടുന്ന സ്വഭാവത്തിനുടമ, നിസ്തുലമായ ഔദാര്യത്തിന്റെ കേന്ദ്രം, പിതാവ് ഇബ്രാഹിം നബിയുടെ ﵇ പ്രാർത്ഥനയുടെ ഫലം,  ഈസ ﵇ നൽകിയ സുവിശേഷം, സത്യ സന്തൻ, വിശ്വസ്ഥൻ, വ്യക്തവും സത്യവുമായ സന്ദേശ വാഹകർ, അർഷിന്റെ നാഥന്റെയടുക്കൽ ആദരണീയനും അനുസരിക്കപ്പെടുന്നവനുമായ വ്യക്തി, കാരുണ്യ കേദാരം, വഴികാട്ടി, രക്ഷാ കവചം, ഏറ്റവും വലിയ മാധ്യമം, അല്ലാഹുവിന്റെ ഹബീബും ഖലീലും ആയവർ, തിരഞ്ഞെടുക്കപ്പെട്ടവർ, പരിശുദ്ധൻ
അഥവാ, മുഹമ്മദ്‌ ബിൻ അബ്‌ദുല്ല ബിൻ അബ്ദുൽ മുത്വലിബ് ബിൻ ഹിഷാം ﷺ തങ്ങളിലേക്ക് തിരുനബിയെ ﷺ സന്ദർശിക്കാൻ ഏറെ കൊതിക്കുന്ന, അവിടുത്തെ ശുപാർശയിൽ പ്രതീക്ഷയർപ്പിക്കുന്ന, അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും ﷺ വഴിപ്പെടുന്നതിൽ ഏറെ വീഴ്ച വരുത്തിയ ഇയാള് ബിൻ മൂസ എഴുതുന്നു:
ബിസ്മില്ലാഹ്.. തിരുദൂതരുടെ ﷺ മേൽ അല്ലാഹുവിന്റെ സ്വലാത്ത് സലാമുകൾ ഉണ്ടാവട്ടെ.......
തിരുനബിയെ ﷺ, അങ്ങയിലേക്ക് ഞാൻ എഴുതുകയാണ് -അല്ലാഹുവിന്റെ സ്വലാത്തുകൾ അങ്ങയ്ക്ക് ഉണ്ടാവട്ടെ-.
അന്ത്യ ദൂതരെ, ഉന്നതമായ പാത തെളിച്ചവരെ, ലോകർക്ക് കാരുണ്യമെ, ലോകാനുഗ്രഹമെ, ഹൃദയ വിശാലതക്ക് ഹേതുവാകുന്നവരെ, ഹൃദയങ്ങൾക്ക് വെളിച്ചം കാണിക്കുന്നവരെ.
അങ്ങയുടെ സമുദായത്തിലെ ഒരു എളിയ അടിമയാണ് ഞാൻ. ആ അടിമയുടെ ഹൃദയം പ്രകാശിക്കാൻ കാരണം അങ്ങാണ്. അങ്ങിലൂടെയാണ് ആ ഹൃദയം നേരായ വഴി കണ്ടത്. അങ്ങയുടെ ദർശനം ലഭിക്കാത്തതിന്റെ പേരിൽ ആ അടിമ വിഭ്രാന്തിയിലാണ്. എന്നിരുന്നാലും അങ്ങയോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നിലനിൽക്കാൻ ആ ഹൃദയം ഏറെ ശ്രദ്ധിക്കാറുണ്ട്. സാഹചര്യങ്ങൾ അങ്ങയുടെ തിരു ഖബ്റിനരികിൽ എത്താൻ സമ്മതിക്കുന്നില്ല. അങ്ങയുടെ തിരു ശേഷിപ്പുകളെ തൊട്ട് പലതും അയാളെ തടയുന്നു. അങ്ങയിൽ ദൃഢമായ വിശ്വാസം വെച്ചു പുലർത്തുമ്പോഴും അല്ലാഹുവിനെയും അവന്റെ തിരു പ്രവാചകനെയും വേണ്ടത് പോലെ അനുസരിക്കുന്നില്ല എന്ന ബോധ്യം അയാൾക്ക് നന്നായുണ്ട്. തെറ്റുകളാൽ അയാൾ ചുറ്റപ്പെട്ടിരിക്കുന്നു. വളരെ മോശമായ ജീവിത പരിസരത്തിലും അയാൾക്കുള്ള ഏക പ്രതീക്ഷ അല്ലാഹുവിന്റെ ഔദാര്യത്തിലാണ് അങ്ങയുടെ ശഫാഅത്തിലാണ്. പ്രതിഫല നാളിൽ അങ്ങല്ലാതെ ഒരു അഭയവും അയാൾക്കില്ല.
ഓ മുഹമ്മദ്‌ നബിയെ ﷺ...അങ്ങയുടെ തിരു ദർശനം അടിയൻ കൊതിക്കുന്നു.
ഓ അഹ്‌മദ് നബിയെ ﷺ...അങ്ങയുടെ സാന്നിധ്യം എത്രമേൽ മനോഹരം.
ഓ അല്ലാഹുവിന്റെ പ്രവാചകരെ ﷺ... അങ്ങയുടെ മേൽ അല്ലാഹുവിന്റെ സ്വലാത്ത് സലാമുകൾ വർഷിക്കട്ടെ.
ഓ ഹബീബായ നബിയെ ﷺ... അല്ലാഹുവിന്റെ തിരു സന്നിധിയിൽ, അങ്ങയുടെ ശഫാഅത്തിൽ എന്നെയും ഓർക്കണേ..
ഓ ശുപാർശകനായ നബിയെ ﷺ... പ്രയാസമേറിയ അന്ത്യ നാളിൽ എന്നെയും എന്റെ മാതാപിതാക്കളെയും ഓർക്കണേ..
സന്മാർഗം കാട്ടിയവരും, ആപത്തുകളിൽ നിന്നും രക്ഷ നൽകുന്നവരുമായ പ്രവാചകരെ ﷺ.. അങ്ങയുടെ മേലും അങ്ങയുടെ ഖബ്റിടത്തിനും അല്ലാഹുവിന്റെ കാരുണ്യവും ഗുണവും വർഷിച്ചു 
കൊണ്ടിരിക്കട്ടെ.. അങ്ങയ്ക്ക് ഞാൻ അർപ്പിച്ച അഭിവാദ്യങ്ങൾ നിമിത്തം പ്രയാസമേറിയ ദിനങ്ങളിൽ രക്ഷ പ്രതീക്ഷിക്കുകയാണ് ഞാൻ.
•┈┈┈┈••┈┈┈┈• •┈┈┈┈••┈┈┈┈•
അവലംബം:
അസ്ഹാറു രിയാള് ഫീ അഖ്ബാരി ഇയാള്: ഇമാം ശിഹാബുദ്ദീൻ അഹ്മദ് ബിൻ മുഹമ്മദ്‌ അൽമുഖ്രീ തിലിംസാനീ (റ)
 

Related Posts