അല്ലാഹുവിന്റെ അടിമകളാണ് നാം.
അവൻ നമ്മോട് കൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ്. വിശ്വാസികൾക്കത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഉപാധിയാണ്. നോമ്പ് യഥാവിധി നിർവഹിക്കുമ്പോൾ യഥാർത്ഥ ഭക്തരാകുന്നു. നോമ്പിന്റെ ലക്ഷ്യമായി ഖുർആൻ പരിചയപ്പെടുത്തിയതും മറ്റൊന്നല്ല.
അതുവഴി നാം റബ്ബിന്റെ പ്രതിഫലത്തിന് അർഹരാകുന്നു. നമ്മുടെ ജീവിതം നന്നാകുന്നു. ക്ഷമയും ആത്മസംസ്കരണവും ഉള്ളവരാകുന്നു.
പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് റമളാൻ. റംളാഅ്, അതാണ് റമളാനിൻ്റെ മൂലപദം.
ശരത്കാലത്തിനു മുന്നേ വർഷിക്കുന്ന മഴ എന്നാണതിൻ്റെ അര്‍ത്ഥം. അത് ഭൂമിയെ കഴുകി ശുദ്ധമാക്കുന്നു. സമാന രീതിയിൽ
റമളാനും മനുഷ്യ ഹൃദയത്തെയും ശരീരത്തെയും പാപങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുക്കുന്നു എന്നാണ് വിശ്രുത പണ്ഡിതൻ ഇമാം ഫഖ്റുദ്ദീൻ റാസി അതേക്കുറിച്ച് വിശദീകരിച്ചത്. ഒരിക്കൽ തിരുനബി ﷺ യോടു ആഇശാ ബീവി ﵂ ഇപ്രകാരം ചോദിച്ചു: ഈ മാസത്തെ റമളാന്‍ എന്നു വിളിക്കാന്‍ എന്താണു കാരണം?. “റമളാനില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു”
അപ്പോൾ തിരുനബി ﷺ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ആ വാക്കുകളിലുണ്ട് വിശുദ്ധ റമളാൻ എന്താണെന്ന്?
റമളാൻ മാസത്തിലെ നോമ്പ് നിർബന്ധ കർമ്മമാണ്. അത് നഷ്ടപ്പെട്ടവന് വീണ്ടെടുക്കേണ്ടത് അനിവാര്യം. അല്ലെങ്കിൽ പ്രതിക്രിയ ചെയ്യണം. അഥവാ അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല എന്ന ചുരുക്കം. അശുദ്ധിയുള്ള സ്ത്രീകൾക്ക് നോമ്പ് നിർവഹിക്കാൻ പാടില്ല. പക്ഷേ, ശുദ്ധിയായാൽ ഖളാ വീട്ടണം. ഇവിടെ നിസ്കാരത്തിന് മറ്റൊരു വിധിയാണ്. ആത്മീയ ശാരീരിക ഉയർച്ചയ്ക്ക് റമളാൻ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
നോമ്പ് മാത്രമല്ല, വിശുദ്ധ റമളാനിലെ സുകൃതങ്ങൾ. ഇഅതികാഫ്, ഖുർആൻ പാരായണം, തറാവീഹ്, ദാനധർമ്മങ്ങൾ തുടങ്ങിയവയും വ്രതനാളുകളുടെ മാറ്റുകൂട്ടുന്നു. മഹാരഥന്മാരുടെ റമളാൻ പരിശോധിച്ചു നോക്കിയാൽ നമുക്കവയുടെ പ്രാധാന്യം ഗ്രഹിക്കാം.
ഉസ്മാൻ(റ), തമീമുദ്ദാരീ(റ), അബ്ദുല്ലാഹിബ്നു സുബൈർ(റ) എന്നിവർ പ്രതിദിനം ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തിരുന്നു. അതേ പാത പിന്തുടർന്നവരായിരുന്നു
അബുൽ അബ്ബാസ് ബ്നു അത്വാഅ്(റ)വും. റമളാനിൽ അവിടുന്ന് ദിനേന മൂന്ന് വീതം ഖത്മുകളാണ് ഓതിത്തീർത്തിരുന്നത്.
ഇമാം അബൂ ഹനീഫ ﵀ യും ഇമാം ശാഫിഈ ﵀ യും റമളാനിൽ മാത്രം ഓതാറുണ്ടായിരുന്നത് അറുപത് ഖത്മുകളായിരുന്നു. ഇമാം മാലിക് ﵀ ന്റെ സമകാലികനായ ഇബ്നു ഖാസിം(റ) തൊണ്ണൂറും ഇബ്നു അബ്ബാസ്(റ) നൂറും തവണകളും. ഒറ്റ രാത്രിയിൽ മൂന്ന് ഖത്മുകളാണ് സലീമുബ്നു ഇത്ർ(റ)ന്റെ പരലോകത്തേക്കുള്ള സമ്പാദ്യം. ഇബ്നു കാതിബ്(റ) പകലിൽ നാലും രാതിയിൽ മൂന്നും ഖത്മുകൾ തീർത്തതും ചരിത്രം.
വിശ്വാസികൾക്ക് പാഠമാകേണ്ട ചരിത്രശകലങ്ങളാണിത്.
വിശുദ്ധ ഖുർആനെ നെഞ്ചോട് ചേർത്ത് ജീവിതം നയിച്ച നക്ഷത്ര തുല്യരായ മഹാന്മാരുടെ ജീവിത ഇതളുകൾ. പൂർണാർഥത്തിൽ അല്ലെങ്കിലും സാധ്യമാകുന്നത്ര ഈ മാതൃകകൾ പിന്തുടരാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. വിശുദ്ധ റമളാനിൽ വിശേഷിച്ചും.
ഇഅ്തികാഫ് ഇരിക്കലാണ് മറ്റൊന്ന്. ഏതു സമയത്തും ഇഅ്തികാഫ് പുണ്യകരമാണെങ്കിലും റമളാനില്‍ അതിന് സവിശേഷതകൾ ഏറെയുണ്ട്. അതിൽ തന്നെ അവസാന പത്തിലേതിന് കൂടുതൽ പുണ്യമുണ്ട്. ഇമാം ബുഖാരി ﵀ രേഖപ്പെടുത്തുന്നു: നബി ﷺ റമളാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് പതിവാക്കിയിരുന്നു. അതിന്റെ പ്രതിഫലം മറ്റൊരു ഹദീസില്‍ പഠിപ്പിക്കുന്നതിങ്ങനെ: റമളാനിലെ പത്തു ദിവസം ഇഅ്തികാഫിരുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ടു ഉംറയും ചെയ്ത പ്രതിഫലം കിട്ടും (ബൈഹഖി).
റമളാനിലെ സുന്നത്ത് നിസ്കാരങ്ങൾക്കുമുണ്ട് പ്രതിഫലങ്ങളേറെ. ഒരു ശഅ്ബാൻ്റെ അവസാനത്തിൽ നടത്തിയ പ്രസംഗത്തില്‍ നബി ﷺ
പറഞ്ഞു: ഇതാ റമളാന്‍ നിങ്ങള്‍ക്ക് ആഗതമാകുന്നു. അതിന്റെ പകലില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാകുന്നു. രാവില്‍ നിസ്കാരം സുന്നത്തുമാക്കിയിരിക്കുന്നു (ഇബ്നു ഖുസൈമ). മറ്റൊരു ഹദീസിൽ കാണാം. വിശ്വാസപൂര്‍വം കൂലി കാംക്ഷിച്ച് ആരെങ്കില്‍ റമളാനില്‍ നിസ്കരിച്ചാല്‍ ഉമ്മ പെറ്റ ദിവസത്തെപ്പോലെ അവന്‍ പാപമുക്തനായിരിക്കും (നസാഈ).
അത്യുത്തമമാണ് റമളാനിലെ സ്വദഖകൾ. തിരുനബി ﷺ റമളാനിൽ ധാരാളം സ്വദഖകൾ ചെയ്തിരുന്നു. അതുപോലെതന്നെയാണ് ഇഫ്താർ സംഘടിപ്പിക്കലും. അപരനെ നോമ്പുതുറപ്പിക്കുന്നവർക്ക് ജിബ്രീൽ ﵇ ലൈലത്തുൽ ഖദറിന്റെ രാത്രിയിൽ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന് ഹദീസിലുണ്ട്.
ഇങ്ങനെ, ഓരോ റമളാനിലെ ദിനങ്ങളും പവിത്രതയാർന്നതാണ്. അതിനിടയിൽ ബദ്ർ ദിനവും ലൈലത്തുൽ ഖദ്റും വിശ്വാസികളെ തഴുകി തലോടി കടന്നുവരുന്നു. ആരാധനകളിൽ വ്യാപൃതരായി വിശ്വാസികൾക്ക് സ്വയം വിശുദ്ധി വരുത്താനുള്ള അസുലഭ മുഹൂർത്തമാണിത്. മാനസികമായും ശാരീരികമായും ഒരുങ്ങി വിശുദ്ധ റമളാനെ നമുക്ക് ഹൃദ്യമായി വരവേൽക്കാം.