ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ച സലഫി പണ്ഡിതനാണ് ഇബ്നു തൈമിയ്യ, ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സംഭാവനകളർപ്പിച്ചിട്ടുണ്ടെങ്കിലും , ഗൗരവതരമായ ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ രൂപപ്പെടുത്തുകയും, അവകളെ പ്രചരിപ്പിക്കാൻ തന്റെ ഗ്രന്ഥങ്ങളിലൂടെ ശക്തമായി പരിശ്രമിക്കുകയും ചെയ്ത പണ്ഡിതനാണദ്ധേഹം. അല്ലാഹുവിങ്കൽ നിന്നു സഹായം ലഭ്യമാവാൻ മഹത്തുക്കളെ മധ്യ വർത്തികളാക്കുന്ന തവസ്സുലിനെ ബിദ്അതായും അതിന്റെ മറ്റൊരു രൂപമായ ഇസ്തിഗാസയെ ശിർകായും അവതരിപ്പിച്ച് ലോക മുസ്ലിംകളുടെ പല നടപ്പു രീതികളെയും അദ്ദേഹം ചോദ്യം ചെയ്തു. അതിനു വേണ്ടി പണ്ഡിത ലോകത്തിന് പരിചിതമല്ലാത്ത തൗഹീദ് വിഭജനം (തൗഹീദ് റൂബൂബിയ്യ, ഉലൂഹിയ്യാ) രൂപപ്പെടുത്തി. അത് കൊണ്ടു തന്നെ സമകാലികരും ശേഷക്കാരുമായ ധാരാളം പണ്ഡിതർ അദ്ദേഹത്തെ വൈജ്ഞാനികമായി പ്രതിരോധിച്ചിട്ടുണ്ട്. ഇമാം സുബ്കി, ഇബ്നു ഹജ്ർ അൽ അസഖ്‌ലാനി, ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുമുല്ലാഹ് അവരിൽ ചിലരാണ്.
പിൽകാലഘട്ടത്തിൽ രൂപപ്പെട്ട ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളുടെ പ്രധാന ആശയ സ്രോതസ്സ് അദ്ദേഹമായിരുന്നു."അദ്ദേഹത്തിന് മദ്ഹബിന്റെ ഇമാമുകളെക്കാൾ പ്രാധാന്യം കൽപിച്ചിട്ടുണ്ട് അവർ.ഇസ്തിഗാസ വിരോധത്തിന് അവർ കൂട്ടുപിടിച്ചത് അദേഹത്തിന്റെ തൗഹീദ് വിഭജനത്തെ ആയിരുന്നു. അഥവാ അല്ലാഹു മാത്രമാണ് സ്രഷ്ടാവ്, അവന് മാത്രമാണ് സ്വതന്ത്ര കഴിവ്, മറ്റുള്ളവരെല്ലാം അവന്റെ കേവലം സൃഷ്ടികൾ മാത്രമാണ്, അല്ലാഹുവിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായേ അവർക്ക് ഇടപെടാൻ കഴിയൂ,(തൗഹീദ് റൂബൂബിയ്യ )എന്ന് വിശ്വസിച്ചാൽ മാത്രം തൗഹീദ് ആകുകയില്ല മറിച് അവനോട് മാത്രം പ്രാർത്ഥിക്കുക, അവനു മാത്രം ആരാധനാകളർപ്പിക്കുക, (തൗഹീദ് ഉലൂഹിയ്യാ ) കൂടി ഉണ്ടാകുമ്പോഴേ തൗഹീദ് പൂർണമാകൂ. തദടിസ്ഥാനത്തിൽ മഹാന്മാരിൽ നിന്നും അഭൗതിക സഹായം പ്രതീക്ഷിക്കുന്നതും, അഭൗതിക രൂപത്തിൽ അവർ സഹായിക്കുമെന്ന് വിശ്വസിക്കലും(ഇത് ആധുനിക ബിദഇ കളുടെ ഭാഷയിൽ ആരാധനയാണ് ) അവർക്കർപ്പിക്കുന്ന ആരാധനയും ശിർകുമാണ് (ഉദാ.അമ്പിയാക്കളും ഔലിയാക്കളും നമ്മുടെ വിളി കേൾക്കുകയും അവർ മുഖേന സഹായം ലഭിക്കുകയും ചെയ്യുമെന്ന വിശ്വാസം ).
അഭൗതിക ഗുണം അവരിൽ നിന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അഭൗതിക ഇടപെടലുകൾ നടത്താൻ അവർക്ക് കഴിയുമെന്ന വിശ്വാസം ആധുനിക ബിദഇകൾക്ക് ശിർക്കാണ്.അഭൗതിക രൂപത്തിൽ ഇടപെടൽ അല്ലാഹുവിന് സവിശേഷമായ ഗുണമാണെന്ന അവരുടെ വാദമാണ് ഈ നിരർതക വാദത്തിന്റെ അടിസ്ഥാനം. അഭൗതികതയുടെ മാനദണ്ഡം നിർണയിക്കുന്നതിൽ അധുനിക ബിദഇകൾക്കിടയിൽ ഭിന്നതകളുണ്ടെകിലും മഹാത്മാക്കളുടെ അഭൗതിക ഇടപെടലുകളിൽ വിശ്വസിക്കുന്നത് ശിർക്കാണെന്നതിൽ അവർക്കിടയിൽ പക്ഷാന്തരമില്ല.
ശിർക്കിന്റെ ഈ നിർവചനം ഇബ്നു തൈമിയ്യക്ക് പരിചിതമാണോ? പ്രസ്തുത നിർവചന പ്രകാരം അദ്ദേഹം കൂടി പലയിടത്തും ശിർക്കിന്റെ അപ്പോസ്തലനാകുന്നുണ്ടോ? എന്ന ഗൗരവതരമായ, നിക്ഷ്പക്ഷ ബിദഇകൾക്ക് മാറിചിന്തിക്കാൻ അവസരം നൽകുന്ന ഒരു ചർച്ചയാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം.
ഇബ്നു തൈമിയ്യയും ഇസ്തിഗാസയും
ഇസ്ലാമിക വൈജ്ഞാനിക ചരിത്രത്തിൽ ആദ്യമായി ഇസ്തിഗാസയെ ശിർക് വത്കരിച്ചത് ഇബ്നു തൈമിയ്യയാണ്. സമകാലികനായ പ്രസിദ്ധ ശാഫി പണ്ഡിതൻ ഇമാം സുബ്കി(683-756) "ഷിഫാഉ സഖം "എന്ന ഗ്രന്ഥത്തിൽ ഈ വിഷയം പ്രതിപാദിക്കുകയും ആദം നബി മുതൽക്കുള്ള ഇസ്തിഗാസയുടെ ചരിത്രം പ്രമാണബദ്ധമായി അവതരിപ്പിച്ചു ഇബ്നു തൈമിയ്യയുടെ ദുർബലവാദത്തിന് മറുപടി പറഞ്ഞിട്ടുണ്ട്. അലിയു ബ്നു യഅഖുബ് അൽ ബക്രി എന്ന മഹാൻ ഇബ്നു തൈമിയ്യയുടെ ഇസ്തിഗാസ സംബന്ധിയായ വാദങ്ങളെ ഖണ്ഡിച്ചും ഇസ്തിഗാസയെ സമർത്തിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിന് മറുപടിയെന്നോണം ഇബ്നു തൈമിയ്യ 'അൽ ഇസ്തിഗാസ
ഫി റദ്ധി അലൽ ബക്രി "എന്ന ഗ്രന്ഥം രചിച്ചു. പ്രസ്തുത ഗ്രന്ഥത്തിലും "ഇഖ്തിളാഅ "പോലോത്ത മറ്റു ഗ്രന്ഥങ്ങളിലും ഇസ്തിഗാസയെ ശിർക് വത്കരിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പക്ഷെ" എന്താണ് ശിർക്? "എന്ന സുപ്രധാന ചോദ്യത്തെ അഭിമുഖീകരിച്ചു സമൂലമായ നിർവചനം നൽകാൻ അദ്ദേഹത്തിന്ന് സാധിച്ചിട്ടില്ല.അതു കൊണ്ടു തന്നെ തന്റെ അടിസ്ഥാന വാദങ്ങളുടെ അടിത്തറ ഇളക്കുന്ന രൂപത്തിൽ പലയിടത്തും അദ്ദേഹത്തിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഇമാം ബക്രിക്ക് മറുപടി പറയുന്ന പ്രസ്തുത ഗ്രന്ഥത്തിൽ ഇസ്തിഗാസ ചെയ്യുന്നവരെ വിമർശിക്കുന്നതിനിടയിൽ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.
ومن هؤلاء من يؤذي الميت بسؤاله إياه؛ أعظم مما يؤذيه لو كان حيا، وربما قضيت حاجته مع ذم يلحقه، كما كان الرجل يسأل النبي ﷺ حيا فيعطيه ويقول: «إن أحدكم يسألني المسألة فيخرج بها يتأبطها نارا»، ومن هذا، الحكاية المذكورة في الذي جاء إلى قبر النبي ﷺ وطلب منه سكباجا فأتاه بعض أهل المدينة فأطعمه سكباجا وأمره بالخروج من المدينة، وقال: إنه رأى النبي ﷺ فأمره أن يطعمه وأن يخرجه، وقال: من يقيم بالمدينة لا يتمنى ذلك أو كما قال ولا ريب أن النبي ﷺ بل ومن هو دونه حي يسمع كلام الناس، وكما قال ﷺ: «ما من رجل يسلم علي إلا رد الله علي روحي حتى أرد ﵇» و[«ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه»
"ഇസ്തിഗാസ ചെയ്യുന്നവരിൽ മയ്യിത്തിനെ ചോദിച്ചു പ്രയാസപ്പെടുത്തി ആവശ്യം നിറവേറ്റുന്നവരുണ്ട്. സമാനമായ സംഭവം നബി തങ്ങളുടെ വഫാത്തിന് ശേഷം സംഭവിച്ചിട്ടുണ്ട്. അവിടുത്തെ ഖബറരികിൽ വന്നു ഒരാൾ ഭക്ഷണം ചോദിച്ചു. മദീനക്കാരിൽ ചിലർ അദ്ദേഹത്തിന് ഭക്ഷണം നൽകുകയും മദീനയിൽ നിന്ന് പുറത്തു പോകാൻ കൽപ്പിക്കുകയും ചെയ്തു . നബി തങ്ങളുടെ സ്വപ്ന നിർദേശ പ്രകാരമാണ് ഭക്ഷണം നൽകുന്നതെന്നും മദീനയിൽ നിന്ന് പുറത്തു പോകാൻ കൽപ്പിക്കുന്നതെന്നും ഉണർത്തി. നബി(സ) തങ്ങളും, അവരുടെ താഴെ പദവിയിലുള്ളവരും ഖബറിൽ ജീവിച്ചിരിക്കുന്നവരും ജനങ്ങളുടെ സംസാരങ്ങൾ കേൾക്കുന്നവരുമാണെന്നതിൽ യാതൊരു സംശയവുമില്ലല്ലോ!" (അൽ ഇസ്തിഗാസ ഫിറദ്ധി അലൽ ബക്രി 1/226)
ഇസ്തിഗാസ മരണപ്പെട്ടവരെ പ്രയാസപ്പെടുത്തുന്നതാണെന്ന ന്യായം പറഞ്ഞു ശിർക് വത്കരിക്കാനുള്ള വിഫല ശ്രമമാണ് അദ്ദേഹം നടത്തുന്നത്. നബി ﷺതങ്ങൾ തങ്ങൾക്ക് കീഴിലുള്ളവർ വഫാത്തിന്ന് ശേഷവും അഭൗതിക മാർഗത്തിൽ സഹായിക്കുമെന്നല്ലേ അദ്ദേഹം പറഞ്ഞു വെച്ചത്. അഭൗതിക സഹായം അവരിൽ നിന്ന് ലഭിക്കുമെന്നും അത് വിശ്വസിക്കൽ ശിർക്കല്ലെന്നും പക്ഷെ ചോദിക്കൽ മാത്രം ശിർക്കാണെന്നുമാണോ അദ്ദേഹം പറയാൻ ശ്രമിക്കുന്നത്? ശിർക് വിശ്വാസപരമല്ല കർമപരമാണെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? ചോദിക്കൽ ശിർക്കായിരുന്നെങ്കിൽ പിന്നെന്തിന് നബി ﷺതങ്ങൾ അദ്ദേഹത്തിന്റെ ആവശ്യം പൂർത്തീകരിച്ചു കൊടുത്തു? ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയല്ലേ വേണ്ടിയിരുന്നത്?
എവിടെ നിന്നെല്ലാമോ ഈ വാദം അദ്ദേഹത്തെ തിരിച്ചടിക്കുന്നുണ്ട്. ആധുനിക ബിദഇകൾ കൂലങ്കശമായി ചിന്തിക്കേണ്ട വരികളാണിത്. അഭൗതിക മാർഗത്തിലൂടെ അല്ലാഹു വല്ലാത്തവർ സഹായിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന നിങ്ങളുടെ വാദമനുസരിച് ഇബ്നു തൈമിയ്യ മുശ്രികാകേണ്ടി വരില്ലേ? അതല്ലെങ്കിൽ പിഴച്ചത് നിങ്ങൾക്കോ നിങ്ങളുടെ ആശയ സ്രോതസ്സിനോ?
"ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീമി"ൽ കാലിടറുന്ന ഇബ്നു തൈമിയ്യ.
മുസ്ലിം സമൂഹത്തിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടന്നു വന്നിരുന്ന പല ആചാരങ്ങളും അദ്ദേഹത്തിന്റെ വാദ പ്രകാരം ആവിശ്വാസികളോട് സദ്രശ്യപ്പെടലാണെന്നും, അനാചാരമാണെന്നും സമർതിക്കാനാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. മഹാന്മാരുടെ ഖബറിന് സമീപം പ്രാർത്ഥിക്കുന്നതിന് പ്രത്യേകതയുണ്ടെന്ന സ്ഥിരപ്പെട്ട വിശ്വാസത്തെ ഖണ്ഡിക്കുന്നുണ്ട് പ്രസ്തുത ഗ്രന്ഥത്തിൽ.
മഹാന്മാരുടെ ഖബറിടങ്ങൾക്ക് സവിശേഷത ഉണ്ടെന്നും അതിനാൽ അവിടെ വച്ചു പ്രാർത്ഥിക്കുന്നതിന് പ്രത്യേകതയുണ്ടെന്നും വരുന്ന പ്രമാണങ്ങൾ തന്റെ വാദത്തിന് വിരുദ്ധമല്ലെന്ന് സമർത്തിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു വെച്ച ചില വരികൾ ശ്രദ്ധിക്കുക.
ولا يدخل في هذا الباب: ما يروى من أن قوما سمعوا رد السلام من قبر النبي ﷺ، أو قبور غيره من الصالحين. وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة . ونحو ذلك. فهذا كله حق ليس مما نحن فيه، والأمر أجل من ذلك وأعظم.
وكذلك أيضا ما يروى: «أن رجلا جاء إلى قبر النبي ﷺ، فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر، فيأمره أن يخرج يستسقي بالناس فإن هذا ليس من هذا الباب. ومثل هذا يقع كثيرا لمن هو دون النبي ﷺ، وأعرف من هذا وقائع.
وكذلك سؤال بعضهم للنبي ﷺ، أو لغيره من أمته حاجة فتقضى له، فإن هذا قد وقع كثيرا، وليس هو مما نحن فيه.
നബി സ്വലല്ലാഹ് അലൈഹി വസല്ലം തങ്ങളുടെ ഖബറിൽ നിന്ന് സഈദ് ബ്നു മുസയ്യബ് റളിയാള്ളാഹു അൻഹു ബാങ്ക് കെട്ടിരുന്നുവെന്നതും, നബി സ്വലല്ലാഹ് അലൈഹി വസല്ലം തങ്ങളുടെ ഖബറരികിൽ ക്ഷാമത്തെ സംബന്ധിച്ച് പരാതിയുമായി വന്ന വ്യക്തിയോട് നബി സ്വലല്ലാഹ് അലൈഹി വസല്ലം തങ്ങൾ പരിഹാരം നിർദേശിച്ചതോന്നും നമ്മുടെ വാദത്തിന് (മഹാന്മാരുടെ ഖബറിന് സമീപം പ്രാർത്ഥിക്കുന്നതിന് പ്രത്യേകതയില്ല ) അപവാദമല്ല. മരണ ശേഷം പരാതി പറഞ്ഞു ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ട പരാമർശിത രൂപത്തിലുള്ള സംഭവങ്ങൾ നബി സ്വലല്ലാഹ് അലൈഹി വസല്ലം തങ്ങളെക്കാൾ സ്ഥാനം കുറഞ്ഞവർക്കും സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്തിളാഉ സിറാത്തിൽ മുസ്തകീം 254/2)
وعليك أن تعلم: أن إجابة النبي ﷺ أو غيره لهؤلاء السائلين، ليس مما يدل على استحباب السؤال، فإنه هو «القائل ﷺ: «إن أحدهم ليسألني المسألة فأعطيه إياها، فيخرج بها يتأبطها نارا»، فقالوا: يا رسول الله، فلم تعطيهم؟ قال: "يأبون إلا أن يسألوني، ويأبى الله لي البخ bوأكثر هؤلاء السائلين الملحين لما هم فيه من الحال، لو لم يجابوا لاضطرب إيمانهم، كما أن السائلين به في الحياة كانوا كذلك، وفيهم من أجيب وأمر بالخروج من المدينة. فهذا القدر إذا وقع يكون كرامة لصاحب القبر.
“നബി സ്വലല്ലാഹ് അലൈഹി വസല്ലം തങ്ങളും മറ്റു മഹാന്മാരും മരണ ശേഷം അവരോടുള്ള സഹായഭ്യർത്ഥനകൾക്ക ഉത്തരേമേകിയെന്നത് അവരോട് ചോദിക്കൽ പുണ്യകർമമാണെന്നതിന് തെളിവല്ല. തിരുനബി സ്വലല്ലാഹ് അലൈഹി വസല്ലം ജീവിത കാലത്ത് ചോദിച്ചവർക്ക് ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചോദിക്കൽ നല്ലതല്ലെന്ന് പറഞ്ഞിട്ടുമുണ്ടല്ലോ (തീർത്തും ന്യായരഹിതമായാണ് പരാമർശിത ഹദീസിനെ അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ജീവിക്കാനാവശ്യമായത് കൈവശമുണ്ടായിരിക്കെ ചോദിച്ചു വന്നവർക്കും നബി സ്വലല്ലാഹ് അലൈഹി വസല്ലം ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാറുണ്ടായിരുന്നു. അനാവശ്യമായുള്ള പ്രസ്തുത ചോദ്യത്തെയാണ് ഈ ഹദീസിലൂടെ എതിർക്കുന്നത്. മറിച്ചു പ്രയാസപ്പെട്ടവൻ ചോദിക്കുന്നത് സംബന്ധിച്ചല്ല )ചോദിക്കുന്നവർ പ്രത്യേക അവസ്ഥകളിലായിരിക്കുമെന്നതിനാൽ ആവശ്യം പൂർത്തീകരിച്ചു നൽകിയിട്ടില്ലെങ്കിൽ അവരുടെ ഈമാൻ തന്നെ അവതാളത്തിലാകുമല്ലോ. ( ആവശ്യം നിറവേറ്റി കൊടുത്തില്ലെങ്കിൽ മഹാന്മാരെ കുറിച്ച് മോശം ധാരണ വരൽ ഇമാനിനെ ഭംഗം വരുത്തുമല്ലോ )അത് സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് മഹാന്മാർ ഉത്തരം നൽകുന്നത്. അത് അവരുടെ കറാമത്തിന്റെ ഭാഗമാണ് ”(ഇഖ്തിളാഉ സിറാത്തിൽ മുസ്തകീം 255/2)
ശ്രദ്ധിച്ചു വായിക്കേണ്ട വരികളാണിത്.മഹാന്മാർ വഫാത്തിന്ന് ശേഷം നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, നമ്മുടെ ഈമാൻ സംരക്ഷിക്കാനാണ് അവർ സഹായിക്കുന്നതെന്നും, പ്രസ്തുത സഹായം അവരുടെ കറാമതാണെന്നും ഇബ്നു തൈമിയ്യ വിശദീകരിച്ചു. എന്നിട്ടും ചോദിക്കാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ വാദം എത്ര അപ്രസക്തമാണ്. തെളിവായി കൊണ്ടുവന്ന ഹദീസാണെങ്കിൽ വിഷയവുമായി യാതൊരു ബന്ധവുമില്ല.അല്ലെങ്കിലും പൂർവികരുടെ നിലപാടുകൾക്കതീതമായി ചിന്തിക്കുന്നവർക്ക് പ്രമാണം എവിടെ നിന്ന് ലഭിക്കാൻ.
ആധുനിക ബിദഇകളോട്
മഹാന്മാരുടെ അഭൗതിക ഇടപെടലുകളിലും , സഹായങ്ങളിലും , വിശ്വസിക്കുന്നത് അവരോട് ചോദിച്ചില്ലെങ്കിൽ പോലും ശിർക്കാണെന്നാണല്ലോ ആധുനിക ബിദഇ കളുടെ വാദം. മഹാന്മാർ അഭൗതിക സഹായം ചെയ്യുമെന്ന് അവരുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യ സമ്മതിച്ചിരിക്കെ ചില ചോദ്യങ്ങൾ പ്രസക്തമാകുന്നു.
1)ആധുനിക ബിദഇകളുടെ നിർവചന പ്രകാരം ഇബ്നു തൈമിയ്യ മുശ്രികാകില്ലേ ? അതോ അദ്ദേഹത്തിന് ശിർക് മനസ്സിലാക്കാൻ സാധിക്കാതെ പോയതാണോ?
2)ആശയ സ്രോതസ്സിന് പിഴച്ചിരിക്കെ ആരാണ് ഈ നിരർത്തക നിർവചനത്തിന് തുടക്കമിട്ടത്?
യഥാർത്ഥത്തിൽ ഇടർച്ച വന്നത് ഇബ്നുതൈമിയ്യക്കും ആധുനിക ബിദഇ കൾക്കും കൂടിയാണ്. കാരണം ആദം നബി ﵇ മുതൽക്ക് ആരംഭിച്ച, നാല് മദ്ഹബിന്റെ പണ്ഡിതന്മാരും അംഗീകരിച്ച, പുണ്യ കർമത്തെ ചോദ്യം ചെയ്യുന്നതിന് പ്രമാണങ്ങളുണ്ടാവില്ലല്ലോ. തന്റെ വാദത്തെ കൃത്യമായി സമർത്തിക്കാതെ പൊതുജനങ്ങളെ ആശയകുഴപ്പത്തിലാക്കുക്കുകയായിരുന്നു അദ്ദേഹമെന്ന് ഇമാം സുബ്കി റഹിമഹുല്ല നിരൂപിക്കുന്നുണ്ട് . ശിർക്കിന്റെ സമൂലമായ നിർവചനം പറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നത് മറ്റൊരു വസ്തുതതയാണ്.
അഹ്ലുസ്സുന്നയുടെ നിരന്തര വിചാരണകൾക്ക് മുന്നിൽ രൂപീകരിക്കപ്പെട്ട "അഭൗതിക ഇടപെടലുകൾ അല്ലാഹുവല്ലാത്തവർക്ക് വകവെച്ചുനൽക്കുക, അവരിൽ നിന്നും അഭൗതിക സഹായം പ്രതീക്ഷിക്കുക "എന്ന ശിർക്കിന്റെ നിർവചനത്തിന് റഷീദ് റിളക്കപ്പുറം പാരമ്പര്യമില്ല തന്നെ. ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന് (ഇബ്നു തൈമിയ്യക്ക് പോലും)പരിചിതമല്ലാത്തതാണ് പ്രസ്തുത നിർവചനമെന്ന് പരാമർശിത വിശദീകരണങ്ങളിൽ നിന്നും സുവ്യക്തമാണ്.
ഇബ്നു തൈമിയ്യക്ക് പോലും പരിചിതമല്ലാത്ത പ്രസ്തുത നിർവചനത്തെ സംബന്ധിച്ച് ആധുനിക ബിദഇകൾ വീണ്ടുമൊരു പുനർവിചിന്തനത്തിനൊരുങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം.