Site-Logo
POST

ഇമാം നവവി

20 Jul 2023

feature image

ശാഫിഈ മദ്ഹബിലെ പണ്ഡിത ജ്യോതിസ്സുകളില്‍ ഉന്നതനാണ് ഇമാം നവവി ﵀. ഹിജ്റ 631(1233 AD) മുഹറം മാസത്തിൽ സിറിയൻ തലസ്ഥാനമായ ദമസ്കസിലായിരുന്നു ജനനം. അറിയപ്പെട്ട ഒരു കുടുംബമായിരുന്നില്ല ഇമാം നവവിയുടെത്. ഇലാഹി ഭക്തനും സൂക്ഷ്മശാലിയുമായിരുന്നു പിതാവ്.
അദ്ദേഹത്തെക്കുറിച്ചും മറ്റു ബന്ധുക്കളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അബൂ സകരിയ മുഹ്‌യിദ്ദീൻ യഹിയ ബ്നു ശറഫ് അന്നവവി എന്നാണ് ഇമാമിന്റെ പൂർണ്ണ നാമം. മുർറി, ഹസൻ, ഹുസൈൻ, മുഹമ്മദ്, ജുമുഅ, ഹസം എന്നിവരാണ് പ്രപിതാഹന്മാർ. നവവി എന്നത് ജന്മനാടിന്റെ പേരാണ്.

കുട്ടിക്കാലത്ത് തന്നെ സമയം നഷ്ടപ്പെടുത്തുന്ന ഒരു കാര്യങ്ങളിലും ഇമാം നവവി വ്യാപൃതനായിരുന്നില്ല. സുഹൃത്തുക്കൾ കളികൾക്കും വിനോദങ്ങൾക്കും വേണ്ടി ക്ഷണിക്കുമ്പോഴെല്ലാം ആ കുഞ്ഞു ബാലൻ ഒഴിഞ്ഞു മാറി. പഠനമായിരുന്നു ഹോബി. ഖുർആൻ മനപ്പാഠമാക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന എന്തിനെയും അവൻ വെറുത്തു. ഒരിക്കൽ കുട്ടികൾ നിർബന്ധപൂർവ്വം കളിക്കാൻ വേണ്ടി കൊണ്ടുപോയെങ്കിലും സമയം നഷ്ടപ്പെടുന്നതോർത്ത് കരഞ്ഞ് മടങ്ങുകയായിരുന്നു. നന്നേ ചെറുപ്പത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ മകനെ തുടർപഠനത്തിനായിക്കണമെന്ന് ഗുരുനാഥൻ പിതാവിനെ ഉപദേശിച്ചിരുന്നു.

18 വയസ്സ് വരെ നവയിലായിരുന്നു ഇമാം നവവി ﵀ താമസിച്ചിരുന്നത്. ഹിജ്റ 649ൽ, അക്കാലത്തെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ദമസ്കസിലേക്ക് യാത്രതിരിച്ചു. 300 ലധികം കോളേജുകളും സ്ഥാപനങ്ങളും അവിടെയുണ്ടായിരുന്നു. ഇസ്ഹാഖിബ്നു അഹ്മദ് അൽ മഗ്രിബി, അബ്ദുറഹ്മാൻ അമ്പാരി, അബ്ദുൽ അസീസ് അൻസാരി തുടങ്ങിയ പണ്ഡിത പ്രതിഭകളിൽ നിന്നാണ് അദ്ദേഹം തഫ്സീർ, ഹദീസ്, കർമശാസ്ത്രം എന്നിവയിൽ പ്രാവീണ്യം കരഗതമാക്കിയത്. അബൂ ഇസ്ഹാഖ് ഇബ്റാഹിം അൽവാസിതിയിൽ നിന്നാണ് സ്വഹീഹ് മുസ്‌ലിം പഠിച്ചത്. മദ്റസ സറാമിയ, മദ്റസ റവാഹിയ, ദാറുൽ ഹദീസ് എന്നിവയായിരുന്നു പഠന കേന്ദ്രങ്ങൾ.

24ആം വയസ്സിൽ അഷ്റഫിയ കോളേജിൽ അധ്യാപനം ആരംഭിച്ചു. പ്രഗൽഭ പണ്ഡിതനെന്ന വിലാസം അന്നേ ഇമാം നവവി ﵀ യെ തേടിയെത്തിയിരുന്നു. അതിനിടയിലാണ് എഡി 1253ൽ ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇമാമിന്റെ ജീവിതഗതിയെ നിർണയിച്ചിരുന്നത്. എപ്പോഴും പഠനത്തിലും അധ്യാപനത്തിലും മാത്രം ശ്രദ്ധ ചെലുത്തി. ഉറക്കം അമിതമാകുമ്പോൾ മാത്രമാണ് വിശ്രമിച്ചിരുന്നത്. രണ്ട് വർഷം ഉറങ്ങാൻ വേണ്ടി ഞാൻ നിലത്ത് കിടന്നിട്ടില്ല എന്ന് ഇമാം നവവി ﵀ തന്നെ പറഞ്ഞിട്ടുണ്ട്.

ഖുത്ബ് അൽ യൌനീനി പറയുന്നു: രാത്രിയിലെയോ പകലിലെയോ ഒരു നിമിഷവും ഇമാം പാഴാക്കാറില്ല. പൂർണ സമയം വിജ്ഞാന വിനിമയത്തിൽ വ്യാപൃതനായിരുന്നു. പഠിച്ചത് ഓർത്തെടുത്തും നോട്ടുകൾ പുനർവായനക്ക് വിധേയമാക്കിയുമാണ് ഇമാം തെരുവിലൂടെ നടക്കാറുണ്ടായിരുന്നത്. ആറ് വർഷത്തോളം അപ്രകാരം ഇമാം അറിവാർജ്ജിച്ചു”.

ലളിതമായിരുന്നു ഇമാമിന്റെ ജീവിതം.
കുടുംബ സ്വാധീനത്തിനവും വൈയക്തികത മികവുമെല്ലാം ഉള്ളപ്പോഴായിരുന്നു അത്. ഭൗതിക ലോകത്തെ യാതൊരുവിധ സന്തോഷവും അദ്ദേഹം ആഗ്രഹിച്ചില്ല. ആകെ ഒരു തലപ്പാവും നീളക്കുപ്പായവുമാണ് ഉണ്ടായിരുന്നത്. നവയിൽ നിന്ന് പിതാവ് അയക്കുന്ന റൊട്ടിയും ഒലീവ് എണ്ണയുമല്ലാതെ മറ്റൊന്നും ഭക്ഷിച്ചിരുന്നില്ല. പിതാവിൽ നിന്ന് ലഭിക്കുന്നത് അനുവദനീയമായ മാർഗങ്ങളിലൂടെ സമ്പാദിച്ചതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.
അധ്യാപനത്തിന് ശമ്പളം വാങ്ങിയിരുന്നില്ല. ചെറിയ ഒരു റൂമും ഗ്രന്ഥ ശേഖരവുമായിരുന്നു ആകെയുള്ള സമ്പാദ്യം.
ഇമാം നവവി ﵀ വിവാഹം കഴിച്ചിരുന്നില്ല. ഭൗതിക വിരക്തിയും പഠന തത്പരതയുമായിരുന്നു കാരണം. നിരന്തര ഗവേഷണങ്ങൾക്കിടയിൽ ഭാര്യയോടുള്ള ബാധ്യത നിറവേറ്റാനാകുമോ എന്ന ആശങ്കയാണ് ബ്രഹ്മചര്യം തെരഞ്ഞെടുക്കാൻ ഇമാമിനെ പ്രേരിപ്പിച്ചതെന്ന് അൽ ദിക്ർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹി. 663 – 664 ലാണ് ഇമാം രചനാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഇസ്‌ലാമിക ചരിത്രത്തില നിർണ്ണായകമായ പല ഗ്രന്ഥങ്ങളുടെയും ക്രോഡീകരണം പൂർത്തീകരിക്കാൻ സാധിച്ചു. മാസ്റ്റർ പീസ് ഗ്രന്ഥമായ അൽ മജ്മൂഅ ഒമ്പത് വാള്യങ്ങളുള്ള ബ്രഹത് ഗ്രന്ഥമാണ്. പക്ഷെ, അതിന് രചന പൂർത്തീകരിക്കാൻ ഇമാമിന് സാധിച്ചിരുന്നില്ല.

മറ്റു പ്രധാന രചനകൾ
1. രിയാളു സ്വാലിഹീൻ
2. അൽ മിൻഹാജ് ബി ശർഹി സ്വഹീഹ് മുസ്‌ലിം
3. അൽ മജ്മൂഅ ശർഹുൽ മുഹദ്ദബ്
4. മിൻഹാജുത്വാലിബീൻ
5. തഹ്ദീബു അസ്മാഇ വല്ലുഗാത്
6. തഖ്‌രീബ് അൽ തൈസീർ
7. അർബഈന ഹദീസ്
8. കിതാബ് അൽ അദ്കാർ
9. ശർഹു സുനനി അബീ ദാവൂദ്
10. ശർഹു സ്വഹീഹിൽ ബുഖാരി
11. മുഖ്തസ്വറു തിർമിദി
12. ത്വബഖാതു ശാഫിഇയ്യ
13. റൗളതു ത്വാലിബീൻ
14. ബുസ്താനുൽ ആരിഫീൻ

ശിഷ്യഗണങ്ങൾ

– ഇബ്നുൽ അത്വാർ
– ജമാലുദ്ദീൻ അൽ മിസ്സി
– അബൂ അൽ അബ്ബാസ് ഇബ്നു ഫറാഅ
– അൽ ബദ്ർ മുഹമ്മദ് ബ്നു ജമാഅ
– അബൂ അൽ റബീഅ് അൽ ഹാശിമി

ഇമാം നവവി ﵀ യും സുൽത്വാനും

സുൽത്താൻ ദാഹിർ ആയിരുന്നു നവവി ഇമാമിന്റെ കാലത്തെ ഭരണാധികാരി. യുദ്ധപ്രിയനായിരുന്നു അദ്ദേഹം. മംഗോളിയന്മാർക്കെതിരെ പോരാടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തത് ദാഹിറായിരുന്നു. വീഴ്ചകൾ വരുത്തിയപ്പോൾ ഇമാം നവവി ﵀ അദ്ദേഹത്തെ മുഖം നോക്കാതെ എതിർത്തു. ദമസ്കസിലെ ജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനുവേണ്ടി ഇമാം അദ്ദേഹത്തിന് പലതവണ കത്തെഴുതിയിട്ടുണ്ട്. മറ്റു പണ്ഡിതരും അതിൽ ഒപ്പു വച്ചിരുന്നു. സിറിയൻ നിവാസികൾക്ക് മേൽ ചുമത്തിയ അധികനികുതി കുറക്കാൻ ആയിരുന്നു അത്. സാഹസികതകൾ പ്രകടിപ്പിച്ചു എന്നതിന്റെ പേരിൽ ഒരിക്കലും ഇമാം നവവി ഭരണാധികാരികളോട് സന്ധി ചെയ്തില്ല. അവരെ ഉപദേശിക്കുന്നത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം കണ്ടു. ജിഹാദ് നടത്താൻ നികുതി ആവശ്യമാണ് എന്നായിരുന്നു സുൽത്താന്റെ പ്രതികരണം.

ഇമാം നവവി ﵀ യുടെ ഇടപെടലുകളെ തുടർന്ന് പ്രകോപിതനായ സുൽത്വാൻ ഡമസ്കസിൽ നിന്ന് ഇമാമിനെ പുറത്താക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗത്യന്തരമില്ലാതെ ഇമാം ജന്മദേശമായ നവയിലേക്ക് മടങ്ങി. പണ്ഡിത സമൂഹം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സുൽത്താൻ ഡമസ്കസിൽ ഉണ്ടെങ്കിൽ അങ്ങോട്ട് വരില്ലെന്നായിരുന്നു നിലപാട്. ഏതാനും മാസങ്ങൾക്ക് ശേഷം ദാഹിർ മരണമടഞ്ഞു. ഇമാം വീണ്ടും ദമസ്കസിലെത്തി. പക്ഷേ, രണ്ടാമത് കാലം അധികം നീണ്ടില്ല. വൈകാതെ രോഗബാധിതനാവുകയും ഹിജ്റ 676(1277AD) റജബ് 24ന് ഇമാം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. 44 വയസ്സായിരുന്നു പ്രായം.

Related Posts