സഹായം തേടുക എന്നാണ് ഇസ്തിഗാസയുടെ ഭാഷാർത്ഥം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരുടെയും മഹാരഥന്മാരുടെയും പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് ജീവിതകാലത്തോ വിയോഗാനന്തരമോ അവരോട് സഹായം അഭ്യർത്ഥിക്കുന്നതിനാണ് സാങ്കേതിക പരമായി ഇസ്തിഗാസ എന്ന് പറയുന്നത്.
ഇസ്തിഗാസയെ രണ്ടായി വർഗീകരിക്കാം. ഒന്ന്, അമ്പിയാക്കളോടും ഔലിയാക്കളോടും നേരിട്ട് സഹായം തേടുക. രണ്ട്, ആഗ്രഹ ലബ്ധിക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കാനും ശുപാർശ ചെയ്യുവാനും മഹാന്മാരോട് അഭ്യർത്ഥിക്കുക. സർവ്വ കാര്യങ്ങളും പ്രദാനം ചെയ്യുന്നത് അല്ലാഹുവാണ്. വിശിഷ്ട വ്യക്തിത്വങ്ങളുടെ സഹകരണം അവ എളുപ്പത്തിൽ ലഭിക്കാൻ കാരണമാകുന്നു. ഉപരി സൂചിത രണ്ട് രീതികളിലും ഈ വിശ്വാസമാണ് അടിസ്ഥാനമായി വർത്തിക്കുന്നത്.
ഖുർആൻ പറയുന്നു: പാപങ്ങളിൽ വ്യാപൃതരായി സ്വന്തത്തോട് അതിക്രമം കാണിച്ചവർ താങ്കളെ(പ്രവാചകരെ) സമീപിക്കുകയും പാപമോചനത്തിന് അപേക്ഷിക്കുകയും അപ്പോൾ താങ്കൾ അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ നിശ്ചയം അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുകയും അവരോട് കാര്യണ്യത്തോടെ പ്രതികരിക്കുകയും ചെയ്യുന്നതാണ്.(ആശയ വിവർത്തനം: വിശുദ്ധ ഖുർആൻ 4:63).
തെറ്റു ചെയ്തവർ തിരുനബി ﷺ യെ സമീപിക്കുന്നത് പാപം പൊറുക്കപ്പെടാനുള്ള കാരണമാണെന്ന് ഖുർആൻ ഈ സൂക്തത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ജീവിത കാലത്ത് മാത്രമല്ല, തിരുനബി ﷺ യുടെ
വിയോഗാനന്തരവും ഇങ്ങിനെ ചെയ്യുന്നത് അനുവദനീയമാണ്.
“ഈ വചനത്തിൽ പറയുന്ന നിയമം കാലഭേദമന്യേ സർവ്വർക്കും ബാധകമാണ്. നിദാന ശാസ്ത്ര പ്രകാരം പ്രസ്തുത ആശയം ഈ സൂക്തത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം”(ശർഹുൽ മുഹദ്ദബ്, ഇമാം നവവി, വാ. 8, പേ. 27). ഇബ്നു കസീറും ഇത് സ്ഥിതീകരിച്ചിട്ടുണ്ട് (തഫ്സീറു ഇബ്നു കസീർ, വാ.1, പേ.520).
അസുഖം ശമിക്കാനും പ്രയാസങ്ങളിൽ നിന്ന് മോചനം ലഭിക്കാനും മഴ ലഭിക്കാനുമെല്ലാം സ്വഹാബികൾ തിരുനബി ﷺ യോട് സഹായം തേടിയതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. തിരുവഫാതിന്റെ ശേഷവും അപ്രകാരം അവർ ചെയ്തിട്ടുണ്ട്. ഇസ്തിഗാസ അനുവദനീയമാണെന്നത് അതിൽ നിന്ന് സ്പഷ്ടമാണ്.
മഴ വർഷിക്കാൻ ഇമാമിനോട് ജനങ്ങൾ അഭ്യർത്ഥിച്ചാൽ അവരോട് റദ്ദ് പറയരുത് എന്നൊരു അധ്യായമുണ്ട് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിൽ. അതിൽ അനുചരന്മാർ തിരുനബി ﷺ യോട് മഴക്കായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട സംഭവവും നൽകിയിട്ടുണ്ട്. മഴ ലഭിക്കാൻ തിരുനബി ﷺ യെ മധ്യവർത്തിയാക്കുന്ന രംഗം അതിൽ ദർശിക്കാം. അവിടുന്ന് അതനുസരിച്ചു. പ്രാർത്ഥിച്ചു. അല്ലാഹു ഉത്തരം നൽകി. മദീനയിൽ ശക്തമായ മഴ വർഷിച്ചു.
ഇങ്ങനെയുള്ള ധാരാളം ഹദീസുകൾ പ്രാമാണിക ഗ്രന്ഥങ്ങളിലുണ്ട്. അത് അവലംബമാക്കി താബിഉകളും ശേഷം വന്നവരും ഇസ്തിഗാസ നിർവ്വഹിച്ചു. മുസ്‌ലിം ലോകം നിരാക്ഷേപം അത് പിന്തുടർന്നു. ആദ്യ നൂറ്റാണ്ടുകളിലൊന്നും ഇസ്തിഗാസക്കെതിരെ വിമർശനങ്ങൾ ഉയർന്നില്ല. പിൽക്കാലത്ത് ഇബ്നു തീമിയ്യയെ പോലുളളവരാണ് മഹാന്മാരോടുള്ള സഹായ തേട്ടത്തെ ആദ്യമായി എതിർക്കുന്നത്. പക്ഷെ, പണ്ഡിതന്മാരുടെ മറുചോദ്യങ്ങൾക്ക് മുന്നിൽ തീമിയ്യൻ വാദങ്ങൾ വിലപ്പോയില്ല. മുസ്‌ലിംകളിലെ ഭൂരിപക്ഷവും ഇന്നും ഇസ്തിഗാസയെ അംഗീകരിക്കുന്നവരായി തുടരുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.