Site-Logo
POST

ഇമാം മാലിക് ബ്ൻ അനസ്

20 Jul 2023

feature image

മദീനക്ക് സമീപത്തുള്ള ദുൽമർവ ഗ്രാമത്തിൽ ഹിജ്റ 93 ലാണ് ഇമാം മാലിക് ബ്ൻ അനസ് ﵀ ൻ്റെ ജനനം. ഹദീസ് വിജ്ഞാനീയ രംഗത്ത് അറിയപ്പെട്ട പണ്ഡിതരായിരുന്നു ഇമാമിന്റെ പിതാവും പിതാമഹന്മാരും. പ്രപിതാമഹൻ തിരുനബി ﷺ യുടെ കൂടെ വിവിധ യുദ്ധങ്ങളിൽ പങ്കെടുത്തതായി ചരിത്രരേഖകൾ പരാമർശിക്കുന്നുണ്ട്. പണ്ഡിത തറവാട്ടിലായിരുന്നു ജനനമെങ്കിലും ഇമാം കുട്ടിക്കാലത്ത്, അറിവിനോട് അത്രത്തോളം പ്രതിപത്തി പ്രകടിപ്പിച്ചിരുന്നില്ല. വിനോദങ്ങളിലും പക്ഷികളെ ലാളിക്കുന്നതിലുമായിരുന്നു സമയം ചെലവഴിച്ചിരുന്നത്.

പത്താം വയസ്സിൽ പിതാവ് മകനെ അടുത്ത് വിളിക്കുകയും ബുദ്ധി പരീക്ഷിക്കാനായി ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. അദ്ദേഹത്തിന് മറുപടിയൊന്നും നൽകാനായില്ല. സാഹചര്യങ്ങൾ മനസ്സിലാക്കിയ പിതാവ് സദുപദേശങ്ങൾ നൽകി മകനെ പഠന മേഖലയിൽ സജീവമാകാൻ പ്രേരിപ്പിച്ചു. മാതാവിന്റെ പിന്തുണയും അതിനുണ്ടായിരുന്നു. ഖുർആൻ പഠനമായിരുന്നു ആദ്യം. ഖുർആൻ പാരായണ ശാസ്ത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ നാഫിഉ ബ്നു അബ്ദുറഹ്മാൻ(റ) ആയിരുന്നു ഗുരു. ഇമാം ശിഹാബ് സുഹ്‌രി, അബ്ദുറഹ്മാൻ ഇബ്നു ഖാസിം ഇബ്നു മുഹമ്മദ് ഇബ്നു അബൂബക്കർ സിദ്ദീഖ്, ആമീറുബിനു അബ്ദുല്ലാഹിബ്നു സുബൈർ ഇബ്നു അവ്വാം, നാഫിഉബ്നു അബീ നുഐം തുടങ്ങി 900ത്തോളം ഗുരുനാഥന്മാരുണ്ടായിരുന്നു ഇമാം മാലിക് ﵀ ന്. ഇമാം സുഫ്‌യാനു ബ്നു ഉയൈന ﵀ പറയുന്നത് പ്രകാരം ചെറുപ്രായത്തിൽ തന്നെ ഇമാം മാലിക് ﵀ സമർത്ഥനായ പണ്ഡിതനായി അറിയപ്പെടുകയും പതിനേഴാം വയസ്സിൽ അധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

സമകാലികർക്കിടയിലെ ഏറ്റവും അറിയപ്പെട്ട പണ്ഡിതനായിരുന്നു ഇമാം മാലിക് ﵀. തിരുനബി ﷺ യോടുള്ള അടങ്ങാത്ത സ്നേഹം കാരണം ഇമാം ഹജ്ജിനു വേണ്ടി അല്ലാതെ മദീനക്ക് പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. അക്കാരണത്താൽ തന്നെ ഇമാം അബൂ ഹനീഫ ﵀, ഇമാം അബൂ യൂസുഫ് ﵀, ലൈസു ബ്നു സഅദ് തുടങ്ങിയ മഹാരഥന്മാരുമായി സമ്പർക്കം പുലർത്താനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശിഷ്യഗണങ്ങളെ സമ്പാദിക്കാനും സാധിച്ചു. ഇമാം ശാഫിഈ ﵀, ഇമാം സുഫ്‌യാനുസ്സൗരി ﵀, അബ്ദുല്ലാഹിബ്നു മുബാറക് ﵀ തുടങ്ങി ആയിരക്കണക്കിന് പഠിതാക്കളുണ്ടായിരുന്നു ഇമാമിന്റെ ദർസിൽ.

അനുപമമായിരുന്നു ഇമാമിന്റെ പ്രകൃതം. വിജ്ഞാനത്തിനും ആരാധനക്കും വേണ്ടി അദ്ദേഹം സ്വജീവിതം സമർപ്പിച്ചു. സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല. സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ ന്റെ കുടുംബക്കാരുടെ വീടാണ് താമസത്തിന് ഉപയോഗിച്ചിരുന്നത്. ആകർഷണീയമായിരുന്നു ഇമാമിന്റെ വേഷവിധാനങ്ങൾ. വിദ്യാർത്ഥി സൗഹൃദ അധ്യാപന സമീപനമാണ് പുലർത്തിയിരുന്നത്. എല്ലാവർക്കും തുല്യപരിഗണന നൽകി. രാജാക്കന്മാർക്കോ ഗവർണർമാർക്കോ ക്ലാസുകളിൽ പ്രത്യേക ഇരിപ്പിടം നൽകിയിരുന്നില്ല.
എക്കാലത്തെയും മികച്ച ഹദീസ് പണ്ഡിതനായിരുന്നു ഇമാം മാലിക് ﵀.

മുവത്വയാണ് ഇമാമിന്റെ പ്രധാന ഗ്രന്ഥം. ഹദീസ് സമാഹാരങ്ങളിൽ മൂന്നാമത്തെതും പ്രബലമായ ഹദീസുകൾ മാത്രം ക്രോഡീകരിച്ച ആദ്യത്തെ രചനയുമാണത്. ആയിരക്കണക്കിന് ഹദീസുകൾ ശേഖരിച്ചതിൽ നിന്ന് പ്രബലമായ ഏതാനും ഹദീസുകൾ മാത്രമാണ് മുവത്വയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബുഖാരിയും മുസ്‌ലിമും വിരചിതമാകുന്നതിന് മുമ്പ് ഈ ഗ്രന്ഥത്തിനാണ് പണ്ഡിതർ പ്രാമാണികത കൽപ്പിച്ചിരുന്നത്. അതിലെ മിക്ക ഹദീസുകളും ഇമാം ബുഖാരി ﵀ യും ഇമാം മുസ്‌ലിം ﵀ യും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാല് സന്താനങ്ങളാണ് ഇമാമിനുള്ളത്. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയും. ആൺകുട്ടികൾ പണ്ഡിതന്മാരായില്ലെങ്കിലും മകൾ ഫാത്വിമ പിതാവിന്റെ പാത പിൻപറ്റി ഹദീസിലും കർമശാസ്ത്രത്തിലും പ്രാഗല്ഭ്യം കരഗതമാക്കി. മൂവത്വ അവർക്ക് മനപ്പാഠമായിരുന്നു. വാതിലിന്റെ പിറകുവശത്തിരുന്ന് അവർ ഇമാമിന്റെ ക്ലാസുകൾ സാകൂതം ശ്രവിച്ചു. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചാൽ ഉടനെ അവർ വാതിലിൽ മുട്ടുകയും അത് ഇമാമിനെ അറിയിക്കുകയും ചെയ്യുമായിരുന്നു. ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് ഇമാമിനുണ്ടായിരുന്നത്. മദീന സന്ദർശന വേളകളിൽ ഖലീഫമാർ നൽകുന്ന ഉപഹാരങ്ങൾ ഇമാം സ്വീകരിക്കാറുണ്ടായിരുന്നു. എന്നാൽ, ഏതെങ്കിലും സർക്കാർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനോ അധികാരികൾക്ക് അനുകൂലമായി മതവിധികൾ നൽകാനോ തയ്യാറായില്ല. സദ്ഭരണം കാഴ്ചവെക്കാൻ അദ്ദേഹം എപ്പോഴും ഭരണാധികാരികളെ ഉപദേശിച്ചു. ഒരുതവണ, ഖലീഫ അൽ മൻസൂറിന്റെ തീരുമാനങ്ങൾക്ക് എതിരെ ഫത്‌വ നൽകിയതിന്റെ പേരിൽ മദീന ഗവർണർ ഇമാമിനെ അറസ്റ്റ് ചെയ്യുകയും ചാട്ടവാറുകൊണ്ട് പ്രഹരിക്കുകയും ചെയ്തിട്ടുണ്ട്.

ഖലീഫ ഈ വാർത്ത അറിഞ്ഞപ്പോൾ ഗവർണറെ പിരിച്ചുവിടുകയും ഇമാമിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. മുവത്വ കഅബാലയത്തിൽ സൂക്ഷിക്കാനും അതിലെ ആജ്ഞകൾ മുസ്‌ലിം ലോകത്തോട് പിൻപറ്റാനും ഖലീഫ മൻസൂർ ഉത്തരവിറക്കിയിരുന്നതായി ചരിത്ര രേഖകൾ പരാമർശിക്കുന്നുണ്ട്. പക്ഷേ, ആ ആവശ്യം നിരാകരിക്കുകയായിരുന്നു ഇമാം മാലിക് ചെയ്തത്. 87ആം വയസ്സിൽ ഹിജ്റ 179(795 AD)ലായിരുന്നു ഇമാം മാലികിന്റെ വിയോഗം.

Related Posts