പ്രവാചക ശിഷ്യൻമാരിലൂടെ പകർന്നുകിട്ടിയ സമഗ്രവും പ്രത്യുൽപന്നപരവുമായ ഇസ്‌ലാമും മുസ്‌ലിംകളുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, മതകീയ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും കർമോത്സുകതയും അവർക്കുണ്ടായിരുന്നു. ഇത് നന്നായി അനുഭവിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഈ ജീവനുള്ള മതത്തെ പൊളിച്ചെഴുതാനായി ഇസ്‌ലാം മതത്തിന്റെ ഒരു വ്യാജപതിപ്പിറക്കാൻ തീരുമാനിച്ചു. ഇതിനുള്ള കോടാലിപ്പിടികളായി ചില മൗലവിമാരെ അവർ ഉപയോഗിച്ചു. ഈജിപ്തിലെ മതയുക്തിവാദിയായ റശീദ് രിളയുടെ മജല്ലതുൽ മനാറിന്റെ കുറേ പഴയ കോപ്പികൾ വക്കം അബ്ദുൽ ഖാദിർ മൗലവിക്ക് ആ കാലത്ത് എങ്ങനെ ലഭിച്ചു എന്നത് ദുരൂഹമാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ ചേർത്തുവായിക്കുമ്പോൾ ഇതിനു പിന്നിൽ ബ്രിട്ടീഷുകാരാവാൻ തന്നെയാണ് കൂടുതൽ സാധ്യത.
കേരളത്തിലെ ആദ്യ വഹാബി ഇയാളായതും അങ്ങനെയാണ്. പിന്നീട് വാഴക്കാട് ദാറുൽ ഉലൂമിൽ പുഠിച്ചുകൊണ്ടിരുന്ന ഇ.കെ മൗലവി കൊടുങ്ങല്ലൂർ ഏറിയാട്ട് ഒരു മദ്‌റസ മുഅല്ലിമായി എത്തിച്ചേരുകയുണ്ടായി. വക്കം മൗലവിയിൽ നിന്ന് ഈ വിഷക്കാറ്റ് അയാൾക്കും ഏറ്റു. ശേഷം മലബാർ കലാപാനന്തരം കൊടുങ്ങല്ലൂരിലേക്ക് ഓടിരക്ഷപ്പെട്ട കെ.എം മൗലവി കൂടി ഈ സംഘത്തിൽ ചേർന്നു. സീതി വക്കീൽ, സി.എൻ അഹ്മദ് മൗലവി, പുളിക്കൽ മുഹമ്മദ് മൗലവി തുടങ്ങിയവരും ഇവരോടൊപ്പം ചേർന്നു. കൂട്ടത്തിൽ കഥയറിയാത്ത ചില മാന്യൻമാരും നാട്ടു പ്രമാണികളും അണിനിരന്നു.
ഈ മൗലവി സംഘത്തെ ഉപയോഗിച്ച് ആയിരത്തി മുന്നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള ഇസ്‌ലാമിനെ പൊളിച്ചെഴുതാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഒന്നാംഘട്ടത്തിൽ സ്വീകരിച്ച തന്ത്രം വിജ്ഞാന സ്രോതസ്സുകളെ നശിപ്പിക്കുക എന്നതായിരുന്നു. ഇതിനവർ രണ്ടു മാർഗങ്ങൾ സ്വീകരിച്ചു. ഒന്ന്: സാധ്യമാകുന്നത്ര ഗ്രന്ഥങ്ങൾ കണ്ടുകെട്ടുക. മുഹിമ്മാത്തുൽ മുസ്‌ലിമീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അൽ അമീൻ പത്രം തുടങ്ങിയവ അതിൽ ചിലതുമാത്രം. രണ്ട്: ഈ ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ട അറബി മലയാളം എന്ന ഭാഷയെ ഇല്ലാതെയാക്കുക. അതുവഴി അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ കഴിയും. ഒപ്പം മലയാളം ലിപിയിലേക്ക് മുസ്‌ലിംകളെ മാറ്റി അതിലൂടെ ഒരു പുതിയ മതം അവരെ പഠിപ്പിക്കുക.
തികഞ്ഞ ആസൂത്രണത്തോടെ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കഥ സി.എൻ അഹ്മദ് മൗലവി കുറിച്ചത് കാണുക: “ബ്രിട്ടീഷുകാർക്ക് എന്തൊക്ക ദോഷങ്ങളുണ്ടെങ്കിലും, അവർ തികഞ്ഞ ഭരണ തന്ത്രജ്ഞൻമാരായിരുന്നു. അവർ സംഗതികളുടെ മർമസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അതു തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞൻമാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു.
1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞു പോയി. അപ്പോൾ മാപ്പിളമാരെ എങ്ങിനെ ‘നന്നാക്കി’യെടുക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചർച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവിൽ അടിയന്തിരമായ ചില തീരുമാനങ്ങളെടുത്തു. 1. മാപ്പിളമാർക്ക് സ്‌കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങൾ വിദഗ്ധൻമാരെക്കൊണ്ട് തയ്യാർ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തിൽ രണ്ടുകൂട്ടരെ ഏൽപ്പിച്ചു. 1. കുഞ്ഞിമോയി ഹാജി മഞ്ചേരിയെ. 2. അബ്ദുൽ ഗഫൂർഷാ സാഹിബ്. അതുരണ്ടും ഗവൺമെന്റ് അംഗീകരിച്ചു നടപ്പിൽ വരുത്തി. അറബി മലയാളത്തിൽ നിന്നും മലയാള ലിപിയിലേക്കുള്ള മുസ്‌ലിംകളുടെ കാൽവെപ്പിന്റെ ആരംഭം ഇതാണ്“ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 75).
ചിന്തിക്കുക, ഒരു സമുദായത്തിന്റെ പാരമ്പര്യവും ഈമാനിക ഊർജ്ജവും ഊതിക്കെടുത്താൻ ഇവർ സ്വീകരിച്ച കുതന്ത്രം. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സമുദായത്തെ അവരുടെ മതത്തിൽനിന്നും വേർപ്പെടുത്തിയെടുക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവിടെ മൗലവിമാരെ ഉപയോഗിച്ച് നടത്തിയത്. ചരിത്രത്തിൽ നിന്നും നാം പാഠമുൾക്കൊള്ളണം. ചില ഭൗതിക വിഷയങ്ങൾകൂടി പഠിപ്പിക്കണം എന്നു നിബന്ധനവെച്ച് മദ്‌റസകൾക്ക് ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള വർത്തമാനകാല ഇടപെടലുകളിൽ പോലും ഇത്തരം ഒളിയജണ്ടകൾ ഇല്ലെന്നു തീർത്തു പറയാൻ സാധ്യമല്ല.
ഇവർ തയ്യാറാക്കിയ പുതിയമതം സമുദായത്തെ പഠിപ്പിക്കാൻ പുതിയ പണ്ഡിതൻമാരെ സൃഷ്ടിക്കേണ്ടതാവശ്യമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാരും വഹാബികളും കൈകോർത്ത കഥ സി.എൻ തന്നെ പറയട്ടെ: ‘ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേകൊല്ലം മറ്റൊരു പ്ലാൻ കൂടി തയ്യാറാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കുവാൻ കഴിവുള്ള ഒരു മുസ്‌ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പി.എൻ. വി. മുഹമ്മദ് മൗലവി(പുളിക്കൽ)യെ, എന്നിട്ട് മുസ്‌ലിം അധ്യാപകൻമാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്‌കൂളിൽ അദ്ദേഹത്തെ നിയമിച്ചു. മുസ്‌ലിം അധ്യാപകൻമാരെ ‘ശരിയായ മതം’ പഠിപ്പിച്ചുവിട്ടാൽ അവർ പിന്നീടു ജോലിക്കു ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ, അതായിരുന്നു ലക്ഷ്യം (പേജ് 76).
രണ്ടു ഭീകര കൃത്യങ്ങളാണ് ഇപ്പോൾ ഇവർ ചെയ്തത്. ഒന്ന,് മതത്തെ പുതിയ രീതിയിൽ പൊളിച്ചെഴുതി, പാരമ്പര്യ മതഗ്രന്ഥങ്ങളെ തമസ്‌ക്കരിച്ചു. രണ്ടാമതായി, ആദരണീയരായ ഗുരുക്കൻമാരിലൂടെ മതം പഠിച്ചിരുന്ന മുസ്‌ലിംകൾക്കായി പുതിയ അധ്യാപകരെ പഴുപ്പിച്ചെടുത്തു. പഴുപ്പിച്ചെടുത്ത ഈ അധ്യാപകൻമാരെ ജനം സ്വീകരിക്കാതെ വന്നപ്പോൾ കേരളീയർക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയെ മൗലവിവേഷം കെട്ടിച്ച് കേരളത്തിലേക്ക് വിട്ട കഥയും സി.എൻ മൗലവി വെളിപ്പെടുത്തുന്നു: ‘മാപ്പിള സമുദായത്തിൽ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാൻ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാർ കണ്ടു.
1929-ൽ മദിരാശിയിൽ നിന്ന് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് സാഹിബിനെ എഡുക്കേഷണൽ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു. വെറും അബ്ദുൽ ഹമീദ് എന്നല്ല, മൗലവി അബ്ദുൽ ഹമീദ് എന്ന പേരിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്. മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി.’
സി.എൻ തുടരുന്നു: ‘സുചിന്തിതമായ പ്ലാൻ അദ്ദേഹം നടപ്പാക്കാൻ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്‌ലിയാമാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രൈനിംഗ് സ്‌കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായമതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്. 1931-ൽ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോൾ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യൻമാർ പോലും ആ കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസിമാരും മറ്റും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടി വന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തുകുറ്റമാണ് ഞാൻ ചെയ്തത് എന്ന് എപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76).
മൗലവി ചെയ്ത കുറ്റം ഈ കങ്കാണിപ്പണിതന്നെ. ചിന്തിക്കുക, ഇവിടെ ‘ശരിയായമതം’ എന്ന് സി.എൻ കോമയിട്ട് പ്രത്യേകം എഴുതിയത് വഹാബിസത്തെപ്പറ്റിയാണ്. ഒറിജിനൽ അതിനു മുമ്പ് സ്വഹാബത്ത് മുഖേന ലഭിച്ച മതമായ അഹ്‌ലുസ്സുന്നയാണ്. അതിനെ തളർത്താനുള്ള ബ്രിട്ടീഷ്-വഹാബി കൂട്ടുകെട്ടിന്റെ കുടില തന്ത്രം തിരിച്ചറിഞ്ഞപ്പോൾ കേരളക്കരയിൽ പുതിയ നവോത്ഥാന മുന്നേറ്റം ആവശ്യമായിവന്നു. വീണുപോകുമ്പോൾ താങ്ങിനിർത്തലും തളരുമ്പോൾ ഉയർത്തെഴുന്നേൽപ്പിക്കലുമാണല്ലോ നവോത്ഥാനം. 1926 ജൂൺ 26-ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പി
റവിയെടുത്തതോടെ പുതിയ നവോത്ഥാന യുഗം ആരംഭിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ വഹാബികളിലൂടെ നടപ്പാക്കാൻ ശ്രമിച്ച എല്ലാ ഗൂഢതന്ത്രങ്ങളും പൊളിച്ചടക്കി ഇസ്‌ലാമിന്റെ പാരമ്പര്യവും പൈതൃകവും സമസ്ത സംരക്ഷിക്കുകതന്നെ ചെയ്തു.