Site-Logo
POST

സംഘടിത സകാത്തും ആത്മീയ ചൂഷണവും

അസ്‌ലം സഖാഫി പയ്യോളി

|

02 Mar 2026

feature image

വിശുദ്ധ റമദാനിൽ ഏറ്റവും വലിയ ആത്മീയ തട്ടിപ്പ്/ ചൂഷണം നടത്തുന്നവരാണ് പുത്തൻ വാദികളായ  മുജാഹിദും ജമാഅത്തും. 
പാവങ്ങളുടെ അവകാശമായ സകാത്ത് മുതൽ സമ്പന്നരിൽ നിന്നും വാങ്ങി അവകാശികൾക്ക് എത്തിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഏറ്റവും വലിയ തട്ടിപ്പ് / ആത്മീയ ചൂഷണം സംഘടിത സകാത്ത് എന്ന പേരിൽ അവർ നടത്തിക്കൊണ്ടിരിക്കുന്നു.
അവരുടെ സംഘടനാ പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് മീഡിയം, പത്ര മാസികകൾ, മീഡിയകൾ, ബുക്ക് സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം എല്ലാം ഈ സകാത്ത് ഫണ്ടിലൂടെയാണ് നടന്നുപോകുന്നത്.
മുജാഹിദ് പിളർപ്പോടെ സംഘടന മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് സകാത്ത് നിഷേധിക്കപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്. സകാത്ത് മുതൽ അവകാശികൾക്ക് നൽകാതെ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങുന്നവരും സജീവമാണത്രേ.

"ഒരു സംഘടനാ പ്രവർത്തനം എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും സംഘടിത സക്കാത്ത് സംവിധാനങ്ങൾക്ക് സംഘടനക്കാർ കൽപ്പിക്കുന്നില്ല. സക്കാത്ത് പിരിച്ചെടുക്കാൻ കാണിക്കുന്ന താൽപര്യം യഥാർത്ഥ അവകാശികളെ കണ്ടെത്തി അത് വിതരണം ചെയ്യുന്ന കാര്യത്തിൽ ഒരു സംഘടനക്കാരനും ശ്രദ്ധിക്കുന്നില്ല...ആവശ്യക്കാരായി അനവധിയാളുകൾ നാട്ടിൽ ഉണ്ടായിരിക്കെ തന്നെ സകാത് മുതലുകൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നു. നിക്ഷേപത്തിന്റെയും വിതരണത്തിന്റെയും കണക്കുകളും നിക്ഷേപകാലത്തേക്ക് ബാങ്ക് അതിനു നൽകിയ പലിശയും അടക്കമുള്ള സ്ഥിതിവിവരണം സത്യസന്ധതയുടെ പേരിൽ സംഘടനക്കാർ പള്ളിയുടെ നോട്ടീസ് ബോർഡിൽ പതിച്ച അനുഭവവും കേരളത്തിലുണ്ടായിട്ടുണ്ട്"

(അൽ ഇസ്‌ലാഹ്  മാസിക 2015 ജൂലൈ പേജ് 5)

അറിഞ്ഞുകൊണ്ട് നടത്തുന്ന ചൂഷണം

സകാതിൻ്റെ വിതരണത്തിൽ ശേഖരിച്ച് വിതരണം ചെയ്യാൻ ഇസ്‌ലാമിക ഭരണകൂടങ്ങൾക്ക് മാത്രമാണ് അധികാരമുള്ളത്. ഭരണാധികാരികൾക്കല്ലാതെ കമ്മിറ്റിക്ക് സകാത്തിന്റെ മുതൽ ശേഖരിക്കാൻ അർഹതയില്ലെന്നത് മുജാഹിദുകൾക്കും ജമാഅത്തുകൾക്കും അറിയാവുന്ന വസ്തുതയാണ്.

ജമാഅത്തെ ഇസ്ലാമി പ്രബോധനം ശരീഅത്ത് പതിപ്പിൽ എഴുതുന്നു:

“ഒരു ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടേറെ നിയമ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സകാത്തിന്റെ കാര്യക്ഷമമായ ശേഖരണ വിതരണം, പലിശ സംബന്ധിച്ച നിയമങ്ങൾ, പ്രതിക്രിയ വിധികൾ, മോഷണത്തിനും വ്യഭിചാരത്തിനുമുള്ള ശിക്ഷകൾ ഇവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു.”

(1984 നവംബർ പേജ് 24)

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:

"സകാത് പിരിച്ചെടുക്കുന്നതിനു വേണ്ടി മുസ്‌ലിം ഭരണാധികാരി നിശ്ചയിക്കുന്നവരാണ് ഈ വിഭാഗം (സകാത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ)

(അൽ ഇസ്‌ലാഹ്  മാസിക 2024 ഫെബ്രുവരി പേജ് 31)

പാവങ്ങളുടെ അവകാശമായ സകാത്ത് ശേഖരിക്കാൻ ഭരണാധികാരികൾക്കല്ലാതെ സംഘടിത കൂട്ടായ്മകൾക്ക് ഇസ്‌ലാം അനുവാദം നൽകിയിട്ടില്ല. എന്നിട്ടും ആരാൻ്റെ സമ്പത്ത് ശേഖരിക്കാനും സൂക്ഷിക്കാനും അവകാശികൾ അല്ലാത്തവർക്ക് കൈമാറാനും മുജാഹിദ് ജമാഅത്ത് നടത്തുന്ന ഈ പ്രവർത്തനം ഹീനവും ആത്മീയ ചൂഷണവും അല്ലാതെ മറ്റെന്താണ്..?

സകാത്ത് കമ്മിറ്റിയിലൂടെ ലക്ഷ്യം സംഘടനാ ഫണ്ട്

1922 ൽ നിഷ്പക്ഷ സംഘം രൂപീകരിച്ച് മുസ്‌ലിംകളിൽ അനൈക്യം സൃഷ്ടിച്ചവർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ സമ്പന്നന്മാരെ സമീപിച്ച് ബാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചു. ബാങ്ക് പലിശ ഹലാലാക്കി കെ എം മൗലവി ഒരു പുസ്തകവും എഴുതുകയുണ്ടായി. സമസ്ത പണ്ഡിതന്മാർ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും സമ്മേളനത്തിൽ ഇതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അവസാനം ഗത്യന്തരമില്ലാതെ ബാങ്ക് പൊളിയുകയും മൗലവിമാർ കടത്തിലാവുകയും സംഘടന തന്നെ പിരിച്ചുവിടേണ്ടി വരികയും ചെയ്ത കഥ ഇ മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന കൃതിയിൽ എഴുതിയിട്ടുണ്ട്. ഈ സമയത്തായിരുന്നു നാദാപുരം സംവാദവും നടന്നത്. സംവാദത്തിലെ പരാജയം ബിദ്അത്തുകാരെ ശരിക്കും മൂലക്കിരുത്തുക തന്നെ ചെയ്തു.

ഈ പ്രതിസന്ധി തരണം ചെയ്യാൻ കെ എം മൗലവി മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിച്ചു. അതിൻ്റെ പ്രഥമ മീറ്റിംഗിൽ സംഘടനാ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടായി കണ്ടെത്തിയത് പാവങ്ങളുടെ അവകാശമായ സകാതായിരുന്നു. അങ്ങനെയാണ് കേരളത്തിൽ ആദ്യമായി സകാത്ത് ശേഖരണ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്.

1937 ഡിസംബർ 19 നാണ് തലശ്ശേരിയിൽ മലബാർ ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പ്രഥമ മീറ്റിംഗിലെ മൂന്നാമത്തെ തീരുമാനം ഇങ്ങനെയാണ്:

"സകാത്ത് മതവിധി പ്രകാരം അതതു കമ്മിറ്റികളുടെ  അധികാരാതൃത്തികളിൽ  പെട്ട എല്ലാവരിൽ നിന്നോ ഇല്ലെങ്കിൽ അതിനു സമ്മതിക്കുന്നവരിൽ നിന്നോ പിരിച്ചെടുത്ത് അത് ലഭിക്കുവാൻ അർഹതയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക."

(അൽ മുർശിദ് മാസിക 1938 ജനുവരി പേജ് 39, 40)

ഇതിൽ പറഞ്ഞ സ്ഥാപനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് നദ്‌വത്ത് തബ്‌ലീഗ് എന്ന സംഘടനയാണ്. ഇത് സംഘടനാ പ്രവർത്തനങ്ങൾക്ക് കെ എം മൗലവി സ്ഥാപിച്ചതാണ്.

1941ൽ മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചപ്പോഴും പ്രവർത്തന ഫണ്ടിന്ന് നോട്ടമിട്ടത് പാവങ്ങളുടെ അവകാശമായ സകാത്തിലേക്ക് തന്നെയായിരുന്നു.

പ്രബോധനം അമ്പതാം വാർഷിക പതിപ്പിൽ എഴുതുന്നു:

" ജമാഅത്തിന്റെ ധനാഗമന മാർഗങ്ങൾ മൂന്ന് രൂപത്തിലായിരിക്കും. 
ഒന്ന്, പുസ്തക വില്പന. 
രണ്ട്, സകാത്ത്.
മൂന്ന്, സംഭാവനകൾ."

(പേജ് 92)

“വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ് സകാത്താണ്. സകാത്ത് കൊടുക്കാനുള്ള നിസ്വാബ് എത്തിയ എല്ലാ ജമാഅത്ത് അംഗങ്ങളും തങ്ങളുടെ സകാത്ത് പ്രാദേശിക ബൈത്തുൽമാലിൽ അടയ്ക്കേണ്ടതാണ്.”

(പ്രാസ്ഥാനിക ശിക്ഷണം, പേജ് 36 ഐ പി എച്ച്)

സകാത്ത് പോലെ മറ്റൊരു ഇബാദത്തിന്റെയും പിന്നാലെ മുജാഹിദും ജമാഅത്തും സജീവമാകാത്തതിന്റെ രഹസ്യവും ഇതൊക്കെ തന്നെയാണ്. ഒരു വർഷത്തേക്കുള്ള മൈലേജ് റമദാനിൽ നേടിയെടുക്കണം.

‘ഫീ സബീലില്ലാഹ്’ എന്നതിൽ സ്ഥാപനങ്ങൾ പെടുമോ..?

സകാതിന്റെ അവകാശികളായി എട്ടു വിഭാഗത്തെ ഖുർആൻ എണ്ണിയിട്ടുണ്ട്. അവകാശികൾ ഇതിൽ പരിമിതമാണ്. ഒമ്പതാമത്തെ ഒരു വിഭാഗം ഇല്ല തന്നെ. മുജാഹിദ് സംഘടനകളും സ്ഥാപനങ്ങളും പത്ര മാസികകളും മീഡിയകളുമെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ എന്ന ഈ വകുപ്പിൽ കയറ്റാനാണ് മൗലവിമാർ ശ്രമിക്കുന്നത്.

അല്ലാഹുവിൻ്റെ മാർഗത്തിൽ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മുസ്‌ലിം ഭരണാധികാരിയുടെ കീഴിൽ നടക്കുന്ന യുദ്ധമാണ്. അല്ലാതെ എല്ലാ നന്മകളും അല്ല. പള്ളിയും മദ്രസയും സംഘടനകളും പത്രമാസികകളും എല്ലാം നന്മകളാണ് എന്ന ന്യായം പറഞ്ഞുകൊണ്ടാണ് 'ഫീ സബീലില്ലാഹി' വകുപ്പിനെ മൗലവിമാർ വലിച്ചു നീട്ടുന്നത്. എന്നാൽ ഇത് പ്രാമാണികമായി ശരിയല്ലെന്ന് മൗലവിമാർക്ക് തന്നെ അറിയാവുന്ന വസ്തുതയാണ്.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:

"ഇവിടെ അല്ലാഹുവിൻറെ മാർഗത്തിൽ എന്നതിന്റെ വിവക്ഷ ജിഹാദാണ്. മുസ്‌ലിം ഭരണാധികാരിയുടെ കീഴിൽ അതിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള യുദ്ധമാണത് അതിൻ്റെ പോരാളികൾക്കും ആയുധങ്ങൾ വാങ്ങുന്നതിന് വേണ്ടിയും അതുപോലെ അതിന് സഹായകമാകുന്ന എല്ലാ കാര്യത്തിനും സക്കാത്തിൽ നിന്നും ചിലവഴിക്കാവുന്നതാണ്."

(2024 ഫെബ്രുവരി പേജ് 32)

ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ വിശ്വാസം കർമ്മം സംശയങ്ങൾക്ക് മറുപടി എന്ന പുസ്തകത്തിലും ഇത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ നല്ല കാര്യങ്ങളെയും ഈ വകുപ്പിൽ ഉൾപ്പെടുത്തുന്നതിന്റെ അർത്ഥശൂന്യതയും ജമാഅത്ത് മൗലവി ഇതിൽ തുറന്നു കാട്ടുന്നു.

"ദൈവമാർഗത്തിലുള്ള സമരവും (ജിഹാദ്) അനുബന്ധ കാര്യങ്ങളും മാത്രമാണ് ഫീ സബീലില്ലയുടെ വിവക്ഷയെന്ന ഭൂരിപക്ഷ അഭിപ്രായമാണ് പ്രാമാണികം. പൊതു നന്മയിൽ അധിഷ്ഠിതമായ കാര്യങ്ങളൊക്കെ ഫീ സബീലില്ലായിൽ ഉൾപ്പെടുത്തുന്ന പക്ഷം സകാത്തിന്റെ ഇതര വകുപ്പുകളും ഫീ സബീലില്ലാഹിയുടെ അർത്ഥ പരിധിയിൽ വരും. അങ്ങനെ വന്നാൽ സകാത്തിന്റെ വിനിമയ മാർഗങ്ങളെ ഖുർആൻ എട്ടു വിഭാഗമായി തിരിച്ചത് നിരർത്ഥകമാണെന്ന് പറയേണ്ടിവരും. നിരർത്ഥക ഭാഷണം ഖുർആനെ സംബന്ധിച്ചിടത്തോളം അചിന്ത്യമാകുന്നു."

(പേജ് 120, 121)

ഈ വസ്തുതകളെല്ലാം അറിഞ്ഞുകൊണ്ടുതന്നെ സകാത്ത് കൊള്ളയടിക്കുക തന്നെയാണ് മൗലവിമാരുടെ റമദാനിലെ കാര്യമായ പരിപാടി.

 

Related Posts