അല്‍ഹാഫിള് ഇബ്‌നു അസാകിര്‍ ﵀ പറയുന്നു: മുഹമ്മദ്ബ്‌നു ഹുസൈന്‍(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രതിഭാധനനായ ഖത്വീബുല്‍ ബഗ്ദാദി ഹജ്ജ് നിര്‍വഹിച്ച് സംസം കുടിച്ചതിന് ശേഷം മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി
പ്രാര്‍ത്ഥന നടത്തി. മൂന്ന് കാര്യവും അദ്ദേഹത്തിന് സഫലമായി. അതിലൊന്ന് മഹാനായ ബിശ്‌റുല്‍ ഹാഫി(റ)യുടെ ചാരത്ത് തന്നെ മറവ് ചെയ്യണമെന്നായിരുന്നു (സിയറു അഅ്‌ലാമിന്നുബലാഅ് 18/279).
അഹ്മദ്ബ്‌നു ഹമ്പല്‍ ﵀ വിന്റെ മകന്‍ അബ്ദുല്ല(റ)വിനെ മറവ് ചെയ്തത് ഖത്വീഅത്തു ഉമ്മു ജഅ്ഫര്‍ എന്നിടത്താണ്. തന്റെ വസിയ്യത്ത് അങ്ങനെയായിരുന്നു. പ്രസ്തുത സ്ഥലത്ത് ഒരു പ്രവാചകന്റെ ഖബറുണ്ടായിരുന്നതാണ് അബ്ദുല്ല(റ)നെ ഈ വസിയ്യത്തിന് പ്രേരിപ്പിച്ചത്. എന്റെ ഉപ്പയുടെ
സമീപത്തെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് പ്രവാചകന്റെ സാമീപ്യവും ബറകത്തുമാണെന്ന അദ്ദേഹം പറയുകയും ചെയ്തിരുന്നു (മുഅ്ജമുല്‍ ബുല്‍ദാന്‍ 1/306).
അബൂ അലിയ്യുന്നൈസാബൂരി പറയുന്നു: ഞാന്‍ മാനസികമായി വളരെ പ്രയാസത്തിലായിരുന്നു. സ്വപ്ന ദര്‍ശനത്തില്‍ തിരുനബി ﷺ എന്നോട് പറഞ്ഞു. യഹ്‌യബ്‌നു യഹ്‌യയുടെ ഖബറിരിന്നരികില്‍ ചെല്ലുക. പാപമോചനം തേടുക. ആവശ്യങ്ങള്‍ ചോദിക്കുക. നിങ്ങളുടെ വിഷയങ്ങള്‍ക്ക് പരിഹാരമാകും. ഞാന്‍ അങ്ങനെ ചെയ്തു. എന്റെ പ്രയാസങ്ങള്‍ നീങ്ങി. ഒരു ലക്ഷംപേരാണ് യഹ്‌യബ്‌നു യഹ്‌യയുടെ ജനാസയില്‍ സംബന്ധിച്ചിരുന്നത് (തഹ്ദീബുത്തഹ്ദീബ് 11/260).
മഹാനായ അബുല്‍ ഹസന്‍ പറയുന്ന
മറ്റൊരു സംഭവം ഹാഫിള് ദഹബി സിയറു അഅ്‌ലാമിന്നുബലയില്‍ (16162) ഉദ്ധരിക്കുന്നു: തിരുനബി ﷺ യെ സ്വപ്ന ദര്‍ശനത്തില്‍ ഞാന്‍ അനുഗമിച്ചു. നബി ﷺ ചെന്നു നിന്നത് യഹ്‌യബ്‌നു യഹ്‌യയുടെ ഖബറിന്നരികിലാണ്. നബി ﷺ യും സ്വഹാബികളും യഹ്‌യബ്‌നു
യഹ്‌യക്കു വേണ്ടി നിസ്‌കരിച്ചു. നിസ്‌കാരശേഷം തിരിഞ്ഞ് നിന്ന് നബി ﷺ പറഞ്ഞു. ഈ ഖബര്‍ മദീന നിവാസികള്‍ക്ക് ഒരു സുരക്ഷയാണ്.’ ഹസനുബ്‌നു ഇബ്‌റാഹീമുല്‍ ഖിലാല്‍ പറഞ്ഞു: എനിക്കൊരു പ്രയാസമുണ്ടായാല്‍ മഹാനായ മൂസബ്‌നു ജഅ്ഫറിന്റെ ഖബറിരികില്‍ ചെന്ന
തവസ്സുല്‍ ചെയ്ത് ഞാന്‍ ദുആ ചെയ്യും. അല്ലാഹു ഞാനുദ്ദേശിച്ച നിലക്കത് പൂര്‍ത്തിയാക്കിത്തരും (അല്‍ മുന്‍തളിം 9,892, ഹാഫിള് ഖത്തീബുല്‍ ബഗ്ദാദിയുടെ താരീഖുല്‍ ബഗ്ദാദ്(1/120).
ബഗ്ദാദുകാര്‍ കൂടുതല്‍ ആശ്രയിക്കുകയും അനുഭവങ്ങള്‍ ലഭ്യമാവുകയും ചെയ്തിരുന്ന ഖബറാണ് മഹാനായ മഅ്‌റൂഫുല്‍ കര്‍ഖി(റ)യുടേത്. ജലക്ഷാമം നേരിടുമ്പോഴും മറ്റു പ്രയാസഘട്ടങ്ങളിലും ലഭിച്ച ഗുണങ്ങളുടെ കാരണത്താല്‍ അത്തിര്‍യാഖുല്‍ മുജര്‍റബ് (അനുഭവത്തിന്റെ ക്രേന്ദം) എന്നാണ് മഅറൂഫുല്‍ കര്‍ഖിയുടെ ഖബറിനെ കുറിച്ച് പറഞ്ഞിരുന്നത്. ഹാഫിള് ഇബ്‌റാഹീം ഹര്‍ബിയടക്കമുള്ളവര്‍ മഹാന്റെ ഖബര്‍ സിയാറത്തിന് ശേഷം തവസ്സുല്‍ ചെയ്ത് ദുആ ചെയ്യുമായിരുന്നു (താരിഖു ബഗ്ദാദ് 1/22). ശൈഖുല്‍ ഇസ്‌ലാം അബ്ദുല്ലാഹില്‍ ഹിജ്‌രി മാലികി പണ്ഡിത പ്രമുഖനും ധന്യമായ ജീവിതത്തിന്നുടമയുമായിരുന്നു. അദ്ദേഹത്തിന്റെ മരണം നടക്കുന്നത് നല്ല ജലക്ഷാമമുള്ള സമയത്താണ്. മഹാനെ മറവ് ചെയ്ത ശേഷം അവിടെ കൂടിയവര്‍ തവസ്സുല്‍ ചെയ്ത് ദുആ നടത്തി. അവര്‍ക്ക് നല്ല മഴ ലഭിച്ചു. ഒരാഴ്ചയോളം
നീണ്ടു നിന്ന മഴ വെള്ളം തളം കെട്ടിയ വഴിയിലൂടെയായിരുന്നു പിന്നെ ഖബര്‍ സിയാറത്തിന് പോയിരുന്നത് (സിയറു അഅ്‌ലാമിന്നുബലാഅ്21/251, ഇമാം സുയൂഥി ﵀ യുടെ തദ്കിറ 401371).
നഫീസത്തുല്‍ മിസ്‌രിയ്യ(റ)യെ കുറിച്ച് പരിചയപ്പെടുത്തി ദഹബി പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ച മഹതിയായിരുന്നു നഫീസ (റ). അവരുടെ ഖബറിരികില്‍ ഉത്തരം ലഭിക്കും(സിയറു അഅ്‌ലാമിന്നുബലാ 10/107). പ്രസിദ്ധനായ സ്വഹാബി പ്രമുഖനാണ് ത്വര്‍ഹത്തുബ്‌നു
ഉബൈദില്ലാഹി(റ). പണ്ഡിതരും മറ്റ് സദ്‌വൃത്തരുമെല്ലാം പ്രയാസങ്ങളുടെ ദുരീകരണത്തിന് മഹാന്റെ ഖബറിന്നരികില്‍ വന്നു ദുആ ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഇടം എന്നാണ് പ്രസ്തുത ഖബര്‍ അറിയപ്പെട്ടിരുന്നത്. (അല്‍ ഹാഫിള് ഇബ്‌നു അബീ ആസ്വിമിന്റെ
അല്‍ ആഹാദു വല്‍മസാനി 1/163).
അലി മൂസാറിളാ(റ) പ്രമുഖനായ നബികുടുംബാംഗമാണ്. ചരിത്രത്തില്‍ പലയിടങ്ങളിലായി ആ മഹാവ്യക്തിത്വത്തെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധ സിയാറത്ത് ക്രേന്ദ്രവുമാണ്. എത്രയോ പ്രമുഖര്‍ അലിമൂസാ
റിള(റ)യുടെ ഖബര്‍ സിയാറത്തിലൂടെ ഫലസിദ്ധി നേടിയിട്ടുണ്ട്. പല പ്രാവശ്യം ഈ അനുഭവം നേടാനായി ചിലര്‍ക്ക് (ഇബ്‌നു ഹിബ്ബാനിന്റെ അസ്സിഖാത്ത് 8/4527).
പ്രമുഖ ചരിധ്രകാരനായ ഇബ്‌നു അസാകിര്‍ താരീഖു ദിമശ്ഖില്‍ എഴുതുന്നു: തിരുനബി ﷺ യുടെ ഖബറിന്നരികില്‍ വെച്ച് ഒരാള്‍ സുബ്ഹിയുടെ വാങ്ക് വിളിച്ചു. ഇത് കേട്ട പള്ളിയുടെ സേവകരില്‍ ഒരാള്‍ അയാളുടെ മുഖത്തടിച്ചു. അയാള്‍ കരഞ്ഞു പറഞ്ഞു: ‘നബിയേ
നിങ്ങളുടെ അടുത്ത് വെച്ചാണല്ലോ എന്നെ ഇങ്ങനെ ചെയ്തത്.’ ഉടന്‍ തന്നെ പള്ളിയുടെ സേവകന്‍ കുഴഞ്ഞു വീണു. മൂന്ന് ദിവസം അയാള്‍ ആ അവസ്ഥയില്‍ വീട്ടില്‍ കഴിഞ്ഞു. മൂന്നാം ദിവസം മരണപ്പെട്ടു.’ ഇമാമുല്‍ അഅ്‌ളം അബൂഹനീഫ ﵀ പറയുന്നതായി ഇബ്‌നു മുബാറക് പറയുന്നു. അയ്യൂബ്ബ്‌നു തമീമിയുസ്സുഖ്തിയാനി ഒരിക്കല്‍ മദീനയില്‍ വന്നപ്പോള്‍ തിരുനബിയോട് മുഖാമുഖം നിന്ന് വളരെ ഭവ്യതയോടെ കാണിച്ച മാതൃക വല്ലാത്തൊരു കാഴ്ചയായിരുന്നു. അനുസരണയുള്ള അടിമയെ പോലെ തല താഴ്ത്തി തിരുനബി ﷺ ക്ക് മുന്നില്‍ നിന്ന അബൂഅയ്യൂബ് എന്നെ നന്നായി ആകര്‍ഷിച്ചു (ത്വബഖാത്തുല്‍ ഹനഫിയ്യ 1/282).
ഇമാം അബൂഹനീഫ ﵀ അബൂ യൂസുഫി(റ)നോട് പറഞ്ഞ വസിയ്യത്തുകളില്‍ ഇങ്ങനെ കാണാം: അബൂ യൂസുഫ്, മഹാന്‍മാരുടെ ഖബറുകളും പുണ്യ സ്ഥലങ്ങളും നിങ്ങള്‍ സിയാറത്ത് ചെയ്യണം (ത്വബഖാത്തുസ്സനിയ്യ ഫീ തറാജിമില്‍
ഹനഫിയ്യ). അബൂ സുലൈമാനുദ്ദാറാനി പറഞ്ഞു: തബിഈ പ്രമുഖന്‍ ഉവൈസുല്‍ ഖറനി ഹജ്ജ് നിര്‍വഹിച്ച ശേഷം മദീനയിലെത്തി. മസ്ജിദുന്നബവിയുടെ വാതില്‍ക്കല്‍ എത്തിയ ഉടനെ ബോധരഹിതനായി. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: എന്നെ
ഇവിടെ നിന്ന് ഉടന്‍ മാറ്റുക. തിരുനബിയെ മറവ്‌ചെയ്ത ഭൂമിയില്‍ എനിക്ക് നില്‍ക്കാന്‍ കഴിയുന്നില്ല (അബു നഈമുല്‍ ഇസ്വ്ബഹാനിയുടെ ഹില്‍യത്തുല്‍ ഔലിയ 9/262).
മഹാനായ ഇമാംശാഫിഈ(റ)യുടെ വാക്യം ഏറെ പ്രസിദ്ധമാണല്ലോ. തനിക്ക് വല്ല ആവശ്യവും നേടാനുണ്ടെങ്കില്‍ രണ്ട് റക്അത്ത് നിസ്‌കരിച്ച് ഇമാം അബൂഹനീഫ ﵀ യുടെ ഖബറിന്നരികിലെത്തി അവിടെവെച്ച് ദുആ ചെയ്യലാണ് പതിവ്. എങ്കില്‍ പെട്ടന്ന് തന്നെ എനിക്ക് പരിഹാരം ലഭിക്കാറുണ്ട് (താരിഖുല്‍ ബഗ്ദാദ് 1/123).
പ്രമാണ പക്ഷവും വിശ്വാസി ജനകോടികളുടെ ജീവിതവും
മഹത്തുക്കളുടെ ഖബര്‍ സിയാറത്തുകളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന അനുഭൂതികള്‍ സംഭരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ സ്വഹാബികള്‍,മദ്ഹബിന്റെ ഇമാമുകള്‍, പ്രസിദ്ധരായ ഗ്രന്ഥ
കര്‍ത്താക്കള്‍, ആദ്ധ്യാത്മിക രംഗത്തെ മഹാമനീഷികള്‍ തുടങ്ങി എല്ലാവരുടെയും മാതൃക അതാണ്. എന്നാല്‍ ഹതഭാഗ്യരായ ചിലര്‍ക്ക് ഇതിന് കഴിയില്ല. അഹങ്കാരവും ധിക്കാരവും സമനില തെറ്റിച്ചപ്പോള്‍ മഹത്തുക്കളുടെ ഖബറുകള്‍ അവര്‍ക്ക് ശവകുടീരങ്ങളായി, കിടത്തപ്പെട്ട
ബിംബങ്ങളായി, തിരുനബി ﷺ യെ സിയാറത്ത്‌ചെയ്യുന്നത് ബിദ്അത്തും ശിര്‍ക്കുമെല്ലാമായി.
ഇബ്‌നുതീമിയ്യയാണ് ഈ കപട വാദങ്ങളുടെ തുടക്കക്കാരന്‍. എന്നാല്‍ കൗതുകം അതല്ല; തിരുനബി ﷺ യുടെ റൗളയടക്കമുള്ള ഖബര്‍ ശരീഫുകളെ നിന്ദിച്ച ഇബ്‌നുതീമിയ്യയുടെ ഖബറിനെക്കുറിച്ച് തന്റെ ശിഷ്യ പ്രമുഖരില്‍ ഒരാളായ അബ്ദുല്‍ ഹാദി പരിചയപ്പെടുത്തുത് അല്‍
ഖബറുശ്ശൂരീഫ (വിശുദ്ധ ഖബ്ര്‍) എന്നാണ് (അല്‍മഖ്ദുദ്ദൂറിയ്യ/47). ഇബ്‌നുതീമിയ്യയുടെ മയ്യിത്ത് കുളിപ്പിച്ച് വെള്ളം കോരിക്കുടിക്കാനും ഖബര്‍ ചുമ്പിച്ച് മണക്കാനുമെല്ലാം അനുയായികള്‍ കാണിച്ചിരുന്ന വികാര പ്രവര്‍ത്തനങ്ങളെ ഇബ്‌നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു കസീര്‍ അല്‍ ബിദായത്തു വന്നിഹായയില്‍ കുറിച്ചിട്ടുണ്ട്. ഉസ്മാന്‍(റ)വിനെ ശത്രുക്കള്‍ ബന്ദിയാക്കി ഉപരോധിച്ച സമയം മുഗീറത്ത്ബ്‌നു ശുഅ്ബ(റ) സന്ദര്‍ശിച്ച് നടത്തിയ സംഭാഷണമുണ്ട്. ഹൃദയ സ്പര്‍ശിയായ പ്രസ്തുത സംഭാഷണത്തില്‍ മൂന്ന് നിര്‍ദേശങ്ങളും തള്ളി ഉസ്മാന്‍(റ) പ്രതികരിച്ചത്
ഇങ്ങനെ: തിരുനബിയുടെ സാന്നിധ്യമൊഴിവാക്കി മദീന വിടാന്‍ ഞാന്‍ തയ്യാറല്ല (താരീഖ് ബഗ്ദാദ്4/222, ഇബ്‌നു അസാകീര്‍-താരിഖു ദിമശ്ഖ് 394360).
ഉമറുബ്‌നു അബ്ദുല്‍ അസീസ് മദീനയോട് യാത്ര പറഞ്ഞിറങ്ങിയാല്‍ തിരിഞ്ഞ് നോക്കി കരയും (മുവത്വ 2/889). ഇമാം ബുഖാരി (റ)പ്രസിദ്ധമായ തന്റെ താരീഖിന്റെ രചന നടത്തിയത് തിരുനബിയുടെ ഖബര്‍ ശരീഫിരികില്‍ വെച്ചായിരുന്നു (സിയാറു അഅ്‌ലാമിന്നുബലാഅ്
12/400, ഫത്ഹുല്‍ ബാരി 1/478). തിരുനബിയുടെ കാലത്തും ശേഷവും നബി സാന്നിധ്യം കൊതിച്ച് നീങ്ങിയ സത്യ പാരമ്പര്യത്തെ പരിഹസിച്ച് ഇബ്‌നു തീമിയ്യ പറഞ്ഞു: ഖബറിങ്കല്‍ പോകുന്നത് കൊണ്ട് ഖബറാളികള്‍ക്കോ പോവുന്നവര്‍ക്കോ ഒരു കാര്യവുമില്ല (ഫതാവ ഇബ്‌നുതീമിയ്യ 27/416).
എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷമാക്കരുതെന്ന ഹദീസാണ് ഇബ്‌നുതീമിയ്യ ഉദ്ധരിക്കുന്ന ന്യായം. ശൈഖ് സകിയ്യുല്‍ മുന്‍ദിരി പറഞ്ഞു: ഈ ഹദീസിന്റെ താല്‍പര്യം സിയാറത്ത് വര്‍ധിപ്പിക്കണമെന്നാണ്. സിയാറത്ത് ചില സമയങ്ങളില്‍ മാത്രം പരിമിതപ്പെടുത്തി വര്‍ഷത്തിലെ രണ്ട്
ആഘോഷങ്ങള്‍ പോലെയാവരുത്. നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് എന്ന് ഹദീസിലുണ്ടല്ലോ. ഖബറുകളില്‍ നിസ്‌കാരം നടക്കാറില്ല എന്ന പോലെയാവരുത് നിങ്ങളുടെ വീടുകള്‍; അവിടെ നിസ്‌കാരം നടക്കണം. ഇതാണ് ഇതിന്റെ താല്‍പര്യം. എന്നത് പോലെ ആഘോഷമാക്കരുതെന്ന് പറഞ്ഞാല്‍ ചില സമയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ സിയാറത്ത് വര്‍ധിപ്പിക്കണമെന്നാണ്. ഇമാം സുബ്കി(റ) ഇത്തരമൊരു ആശയവും താല്‍പ്പര്യവുമാണ് തന്റെ ശിഫായില്‍ ഉദ്ധരിച്ചത്
പ്രമുഖരുടെ സിയാറത്ത്
ദീനിന്റെ എക്കാലത്തെയും വഴികാട്ടിയായി ചരിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന മഹത്തുക്കളെല്ലാം സിയാറത്ത് ചെയ്യുന്നവരും അതിന് പ്രോത്സാഹനം നല്‍കി രചന നടത്തിയവരും അതില്‍ ആനന്ദിച്ചവരുമായിരുന്നു. ചിലരെ നമുക്ക് പരിചയപ്പെടാം
1. അല്‍ ഹാഫിള് ഇബ്‌റാഹിമുല്‍ ഹര്‍ബി മഹാനായ മഅറുഫുല്‍ കര്‍ഖി(റ)യെ സിയാറത്ത് ചെയ്യുകയും അത്തിര്‍യാഖുല്‍ മുജര്‍റബ് എന്ന വിശേഷിപ്പിക്കുകയും ചെയ്തു.
2.അല്‍ ഹാഫിള് അബ്ദു റബീഉബ്‌നു സാലിം, മുഹമ്മദ്ബ്‌നു ഉബൈദില്ലാഹില്‍ ഹിജ്‌രിയുടെ ഖബര്‍ സിയാറത്ത് ചെയ്തു തവസ്സുല്‍ചെയ്ത് പ്രാര്‍ത്ഥിച്ചു (ദഹബി, സിയറു അഅ്‌ലാമിന്നുബല)
3. അല്‍ ഹാഫിള് അബൂ ശൈഖില്‍ ഇസ്ബഹാനി തിരുറൗളയിലെത്തി വിശപ്പിന്റെ പ്രയാസം പറഞ്ഞു (സിയറു അഅ്‌ലാമിന്നുബല16/400)
4. അല്‍ മുഹദ്ദിസ് അബൂ അലിയ്യില്‍ ഖിലാല്‍: മൂസബ്‌നു ജഅ്ഫര്‍(റ)ന്റെ ഖബറിന്നടുത്തെത്തി തവസ്സുല്‍ ചെയ്ത് ദുആ ചെയ്തു.(താരീഖു ബഗ്ദാദ് 1201)
5. അല്‍ ഹാഫിള് അബൂ സുര്‍അതുല്‍ ഇറാഖി തിരു നബി(സ്വ)യുടെ തിരുറൗളയിലെത്തി
എനിക്ക് വിശക്കുന്നു എന്ന് സങ്കടം പറഞ്ഞു (ഇബ്‌നു ജൗസിയുടെ അല്‍ മുന്‍തളിം 9/74)
6. അല്‍ ഹാജ് ഇബ്‌നു ഹിബ്ബാന്‍ വല്ല പ്രയാസവും നേരിട്ടാല്‍ ഇമാം അലിയ്യുറിള(റ)യുടെ ഖബറിന്നരികിലെത്തും (അസ്സിഖാത് 8/452)
7. അല്‍ ഹാഫിള് ത്വബ്‌റാനി തിരുറൗളയിലെത്തി
വിശപ്പിനെ കുറിച്ച് ആവലാതിപ്പെട്ടു (സിയറു അഅ്‌ലാമിന്നുബല 16/400).
8. അല്‍ ഹാഫിള് ഇലാനി ഇബ്‌നു തീമിയ്യക്കെതിരെ സിയാറത്ത് പ്രമേയമാക്കി രചന നടത്തി.
9. അല്‍ ഹാഫിളുല്‍ കലാഇ തിരു റൗളക്കരികിലെത്തി സിയാറത്ത് ചെയ്യാനും സഹായംതേടാനും പ്രചോദിപ്പിച്ച് ഗ്രന്ഥരചന നടത്തി (കശ്ഫുള്ളുനൂന്‍).
10. അല്‍ ഹാഫിളുല്‍ മഹാമിലി മഅ്‌റൂഫുല്‍ കര്‍ഖിയെ സിയാറത്ത് ചെയ്ത് സന്തോഷിച്ചു (താരീഖ് ബഗ്ദാദ് 1/123).
11. അല്‍ ഹാഫിള് അബ്ദുല്‍ ഹഖ് അല്‍ ഇശ്ബിലി തന്റെ ആഖിബത്തുൻ ഫീ ഇല്‍മിദിക്‌റില്‍ മഹാന്മാരുടെ ഖബറുകള്‍ക്കരികിലെ സാന്നിധ്യം കൊണ്ടുള്ള മഹത്ത്വം എഴുതി വെച്ചു(മനാമി, ഫൈളുല്‍ ഖദീര്‍ 1/230).
12. അല്‍ ഹാഫിള് അബ്ദുല്‍ ഗനിയ്യില്‍ മഖ്ദീസി ഇമാം അഹ്മദ് (റ)വിന്റെ ഖബര്‍ തടവി രോഗശമനം തേടി.
13. അല്‍ ഹാഫിള് മുഹമ്മദുല്‍ മുന്‍കദിര്‍(റ)തിരുനബിയുടെ ഖബര്‍ ശരീഫില്‍ കവിള്‍ വെച്ച്‌സഹായം തേടി (സിയർ).
14. അല്‍ഹാഫിള് ബ്‌നുനുഖ്ത്വ ഖുറാഫയിലെ ഒരു മഹാന്റെ ഖബര്‍ സിയാറത്ത് ചെയ്ത് ബറകത്ത് എടുത്തു (അത്തഖ്‌യിദ് 1/370).
15 അല്‍ ഹാഫിളു ദഹബി സ്വാലിഹീങ്ങളില്‍ പ്രമുഖനായ ഒരു മഹാത്മാവിന്റെ ഖബര്‍ സിയാറത്ത് ചെയ്യുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു (സിയറുഅ്ലാമി നുബ്‌ല18/101)
ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്മാരെല്ലാം മഹത്തുക്കളെ സിയാറത്ത് ചെയ്തവരും പ്രോത്സാഹനം നല്‍കി രചനകള്‍ നടത്തിയവരുമായിരുന്നു. ഖാളി മാവറദി, ഖാളി അബൂത്വയിബ്, അബൂഹാമിദുല്‍ ഗസ്സാലി, ഇസ്സുബ്‌നു അബ്ദിസലാം, തഖിയ്യുദ്ദീനുബ്‌നു ദഖീഖില്‍ ഈദ്, മുഹിബ്ബു ത്വബ്‌രി, ഇബ്‌നു റിഫ്അ്, റാഫിഈ, ഇമാം നവവി, തഖ്‌യുദ്ദീനു സ്സുബുകി, ഇസ്സുബ്‌നു ജമാഅ, ജലാലുല്‍ ഖസ്‌വീനി, തഫ്താസാനി, ശരീഫുല്‍ ജുര്‍ജാനി, സകരിയ്യല്‍ അന്‍സ്വാരി, ഇബ്‌നു ഹജറില്‍ ഹൈതമി ﵀, ഇബ്‌നുഹജറില്‍ അസ്ഖലാനി ﵀ എന്നിവര്‍ അവരില്‍ ചിലരാണ്.
മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരായ ഇബ്‌നു അത്വാഇല്ലാഹി സ്സിക്കന്തരി ﵀, ഇബ്‌നുല്‍ ഹാജ് ﵀, അല്ലാമാ ഖലീല്‍, ഇബ്‌നു ഖത്തീബ് ﵀ തുടങ്ങിയവര്‍ മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി വളരെ കൂടുതല്‍ സംസാരിച്ചവരാണ്.
ഹനഫി പണ്ഡിത പ്രമുഖരായ അബൂമന്‍സൂറുല്‍ കര്‍മാനി ﵀, കമാലു ബ്‌നുഹുമാം ﵀, ഇബ്‌നു അബുല്‍ വഫ ﵀, അല്‍ ഖുറാശി ﵀, മുല്ല അലിയ്യൂല്‍ഖാരി ﵀ മുതലായവര്‍ ഈ രംഗത്ത് വലിയമാതൃക കാണിച്ചവരായിരുന്നു.
ഹമ്പലി മദ്ഹബിലെ ഇബ്‌നു അഖീല്‍ ﵀,ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ﵀, ഇബ്‌നുഖുദാമ ഇബ്‌നു മുഫ്‌ലിഹ് ﵀ തുടങ്ങി വളരെയധികം പണ്ഡിതന്മാര്‍ സിയാറത്തിന് പ്രചോദനംനല്‍കി രചന നടത്തിയതായി കാണാം. എന്നിട്ടും ഖബര്‍ സന്ദര്‍ശനത്തിനെതിരെ വരട്ടു ന്യായങ്ങളുന്നയിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ?