പ്രഭാതം മുതൽ അഥവാ ‘ഫജ്ർ സ്വാദിഖ്’ പ്രത്യക്ഷമായതു മുതൽ അസ്തമയം വരെ ശാരീരിക ദാഹവും വികാരങ്ങളും അടക്കിവെക്കുക എന്നതാണ് ഇസ്‌ലാമിലെ നോമ്പ്.
നിർബന്ധ നോമ്പിൻ്റെ മാസമാണ് റമളാൻ. അതു ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ ഒന്നാണ്. ഖുർആനും ഹദീസും മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനവും ഇതിനെ സാക്ഷീകരിക്കുന്നു. വിശുദ്ധ ഖുർആനിൽ പറഞ്ഞതിൽ നിന്നും നമുക്ക് ഇങ്ങനെ ഗ്രഹിക്കാം: “സത്യാസത്യ വിവേചനത്തിൻ്റേയും സന്മാർഗ്ഗത്തിന്റേയും വിശദീകരണമായി, ജനതതിക്ക് മാർഗ്ഗദർശനമായി ഖുർആൻ അവതരിക്കപ്പെട്ട മാസമാണ് റമളാൻ. അതിനാൽ ഈ മാസം വല്ലവരും സന്നിഹിതരായാൽ അവർ നോമ്പനുഷ്‌ഠിച്ചുകൊളളട്ടെ” (അൽബഖറ 185).
ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം: “ഇസ്‌ലാം അഞ്ച് സ്തംഭങ്ങളുടെ മേൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
1. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക. 2. നിസ്കാരം നിലനിർത്തുക. 3. സകാത്ത് കൊടുക്കുക. 4.റമളാനിൽ നോമ്പനുഷ്ഠിക്കുക. 5.ഹജ്ജ് ചെയ്യുക “.
ഹിജ്റ രണ്ടാം വർഷം ശഅബാനിലാണ് നോമ്പ് നിർബന്ധമാക്കപ്പെട്ടത്. പ്രവാചകർ ﷺ ഒമ്പത് വർഷം സ്വഹാബാക്കളോടൊപ്പം നോമ്പനുഷ്‌ഠിച്ചിട്ടുണ്ട്. പ്രായപൂർത്തിയും ബുദ്ധിയും ശക്തിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും റമളാൻ നോമ്പ് നിർബന്ധമാണ്.
ഇളവിന് അർഹരായവർ
ഏതൊരു വിഷയത്തിലും ആരേയും വിഷമിപ്പിക്കുന്ന രീതിയും ശാസനയും ഇസ്‌ലാം മതത്തിനില്ല തന്നെ. കഴിവിന്നനുസാരമായതു മാത്രമേ അതു ശാസിക്കയുളളൂ. നോമ്പിൻ്റെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണുളളത്. ചിലപ്പോൾ ചില കാരണങ്ങളാൽ നോമ്പ് പിടിക്കാൻ സാധിക്കാതെ വന്നേക്കാം. അത്തരക്കാർക്ക് വിട്ടുവീഴ്‌ച ചെയ്യേണ്ടതാവശ്യമാണല്ലോ. അങ്ങനെ താൽക്കാലികമായോ അല്ലാതെയോ വിട്ടുവീഴ്ച ലഭിക്കുന്നവരെ കുറിച്ചു അൽപ്പം പറയാം.
കുട്ടികൾ: പ്രായപൂർത്തിയാവാത്തവർക്ക് നോമ്പ് നിർബന്ധം ഇല്ല. എങ്കിലും വകതിരിവുള്ള കുട്ടികളുടെ നോമ്പ് സ്വീകരിക്കപ്പെടുന്നതാണ്. അവർക്ക് നോമ്പ് പരിശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയത്രെ. ഏഴാം വയസ്സിൽ നോൽക്കാൻ ആജ്‌ഞാപിക്കയും പത്താം വയസ്സിൽ അനുഷ്ഠിക്കാത്തതിന് അടിക്കുകയും വേണം. പിഞ്ചോമനകളുടെ ഭാവി മതകീയമാകണമെങ്കിൽ കൊച്ചുന്നാളിലെ അവർക്ക് ശീലവും ബോധവും നൽകണം. അതിനത്രെ മതം ഇങ്ങനെ ശാസിക്കുന്നത്.
രോഗം: വിഷമം നേരിടുമെന്ന് കണ്ടാലും രോഗം വർദ്ധിക്കുമെന്നോ ശമനം താമസിക്കുമെന്നോ ഭയന്നാലും രോഗികൾക്ക് വ്രതമൊഴിവാക്കൽ അനുവദനീയമാണ്. വിഷമം കടുത്തതും അസഹനീയവുമാണെന്ന് കണ്ടാൽ ഒഴിവാക്കൽ നിർബന്ധവുമത്രെ. ഏതായാലും ഒഴിവാക്കപ്പെട്ടവ രോഗശമനാനന്തരം നോറ്റു വീട്ടേണ്ടത് അനിവാര്യം തന്നെ. ശമനം പ്രതീക്ഷയില്ലാത്ത രോഗികളെങ്കിൽ ഓരോ ദിനത്തിനും ഓരോ മുദ്ദ് (800 മി.ലി.) ഭക്ഷണ സാധനം ദാനമായി നൽകിയാൽ മതി. നോമ്പനുഷ്‌ഠി ക്കേണ്ടതില്ല.
യാത്ര : 82 നാഴിക വഴി ദൂരം ഹലാലായ യാത്ര ചെയ്യുന്നവനും നോമ്പ് ഉപേക്ഷിക്കാം. യാത്രക്കിടയിൽ പ്രയാസങ്ങൾ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. പകൽ സമയത്താണ് യാത്രയുടെ ആരംഭമെങ്കിൽ അന്നത്തെ നോമ്പ് മുറിക്കാവതല്ല. യാത്രക്കിടയിൽ നോമ്പ് പിടിക്കയും ശേഷം മുറിക്കണമെന്ന് തോന്നുകയും ചെയ്‌താൽ അങ്ങനെ ചെയ്യാവുന്നതാണ്. വിനഷ്ടമായ നോമ്പുകൾ പിന്നീട് ‘ഖളാഅ് ‘ വീട്ടൽ യാത്രക്കാരന് നിർബന്ധമത്രെ. സാധിതമെങ്കിൽ നോമ്പ് പിടിക്കലാണ് യാത്രക്കാരന് ഉത്തമമെന്ന കാര്യം പ്രത്യേകം ഓർക്കുക. എന്നും എക്കാലത്തും യാത്രയിലായിക്കഴിഞ്ഞു കൂടുന്നവർക്ക് നോമ്പിൻ്റെ ബാധ്യതയിൽ നിന്നും പാടെ ഒഴിഞ്ഞു മാറാൻ പഴുതുകളൊന്നുമില്ല. റമളാനിൽ നോൽക്കുന്നില്ലെങ്കിലും മറ്റൊരവസരത്തിൽ നോറ്റുവീട്ടൽ നിത്യയാത്രക്കാരനും അനിവാര്യം തന്നെ.
ഗർഭം, മുലകുടി : തനിക്കോ, തൻ്റെ കുഞ്ഞിനോ, രണ്ടുപേർക്കുമോ- പ്രയാസമാകുമെന്നു കണ്ടാൽ ഗർഭിണിക്കും അമ്മിഞ്ഞയുട്ടുന്നവൾക്കും നോമ്പുപേക്ഷിക്കാം. പിന്നീട് ഖളാഅ് വീട്ടിയാൽ മതി. കുഞ്ഞിന്റെ പ്രയാസം മാത്രം ഓർത്താണ് വ്രതമൊഴിവാക്കിയതെങ്കിൽ ഖളാ വീട്ടുന്നതോടൊപ്പം മുദ്ദ് കൊടുക്കുകയും വേണം. അഥവാ ഓരോ ദിനത്തിനും 800 മി. ലി. ഭക്ഷണ സാധനം നൽകണം.
വാർദ്ധക്യം : പ്രായാധിക്യം കൊണ്ട് കഴിവ് നശിച്ചവർക്ക് നോമ്പ് നിർബന്ധമില്ല. ഒരു ദിനത്തിന് ഒരു മുദ്ദ് ഭക്ഷണം ദാനം നൽകിയാൽ മതി.
ആർത്തവം, പ്രസവം : ഋതുമതികളും പ്രസൂതികകളും നോമ്പുപേക്ഷിക്കൽ നിർബന്ധമാണ്. പിന്നീട് ഖളാ വീട്ടുകയും വേണം. ആയിശാ ബീവി ﵂ പറയുന്നു: “ആർത്തവകാലത്തെ നോമ്പ് ഖളാ വീട്ടാൻ കല്‌പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിസ്ക്‌കാരം ഖളാ വീട്ടാൻ കല്‌പനയില്ല”.
ശക്തമായ വിശപ്പ്, ദാഹം :
സഹനത്തിന്റേയും ശേഷിയുടേയും മുഴുവൻ സീമകളും വിട്ടുകടന്ന അതിശക്തമായ വിശപ്പും ദാഹവും അനുഭവപ്പെട്ടാൽ നോമ്പ് മുറിക്കൽ അനുവദനീയമാണ്. ഖളാഅ് വീട്ടേണ്ടത് നിർബന്ധവുമത്രെ.