സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി ഉസ്താദ് 2023 ആഗസ്റ്റ് ലക്കം ബുൽബുൽ പത്രികയിൽ എഴുതിയ
സംസ്ഥാന രൂപീകരണത്തിന്റെ കാരണം രാഷ്ട്രീയം? എന്ന ലേഖനത്തോടുള്ള വസ്തുതാപരമായ പ്രതികരണമാണ് ഈ കുറിപ്പ്. 2023 ഏപ്രിൽ ലക്കം എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പതിപ്പ് രിസാലയിൽ മുഹ്‌യിസ്സുന്ന പൊന്മള ഉസ്താദിന്റെ ആത്മകഥയിലെ പരാമർശങ്ങളോടുള്ള മറുപടിയായാണ് ബുൽബുലിൽ അദ്ദേഹം ഈ ലേഖനം എഴുതിയത്.
ലൗഡ് സ്പീക്കർ വിഷയത്തിലെ അഭിപ്രായവ്യത്യാസം മാത്രമായിരുന്നില്ല 1967ൽ സമസ്ത അധ്യക്ഷപദം രാജിവച്ച് സ്വദഖത്തുള്ള ഉസ്താദ് മറ്റൊരു സംഘടന രൂപീകരിച്ചതിന് പിന്നിൽ. മറിച്ച് രാഷ്ട്രീയ നേതാക്കന്മാരായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്കും പി എം എസ് എ പൂക്കോയ തങ്ങൾക്കും പണ്ഡിത സഭയായ സമസ്തയുടെ മുശാവറയിൽ അംഗത്വം നൽകിയതിൽ അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു.
സ്വദഖത്തുള്ള ഉസ്താദുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിച്ച്
പൊന്മള ഉസ്താദ് രിസാലയിൽ പങ്കുവെച്ചതിന്റെ ചുരുക്കമിതാണ്.
എന്നാൽ, സ്വദഖത്തുള്ള ഉസ്താദ് ജീവിതകാലത്ത് ഇപ്രകാരം ആരോടും പറഞ്ഞിട്ടില്ലെന്നും ഇങ്ങനെയൊരു വാദം ഉന്നയിക്കാൻ തുടങ്ങിയിട്ട് പത്തുവർഷമേ ആയിട്ടുള്ളൂ എന്നുമാണ് നജീബ് ഉസ്താദ് പ്രധാനമായും ലേഖനത്തിൽ വിശദീകരിക്കുന്നത്.
“രാഷ്ട്രീയമായ ഈ പ്രചാരണങ്ങൾക്കിടയിൽ പോലും സംസ്ഥാന രൂപീകരിക്കാൻ നിമിത്തം രാഷ്ട്രീയമാണെന്ന് അവിടുന്നു പ്രസംഗിച്ചിട്ടില്ല. എഴുതിയിട്ടില്ല”.
“1974 മുതൽ 1985-ൽ വഫാത്താവുന്നതു വരെയുള്ള പതിനൊന്നു വർഷക്കാലം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ പ്രചാരണ സമ്മേളനങ്ങൾ എത്രയെത്രയാണു ശൈഖുനായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്. വഫാത്തിനോടടുത്ത് 1983-ൽ എസ്.വൈ.എഫിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാത്രം ദശക്കണക്കിന് പ്രചാരണയോഗങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം നൂറുക്കണക്കിനു സമ്മേളനങ്ങളിൽ ഒരിക്കൽ പോലും ഇവർ പ്രചരിപ്പിക്കുന്ന രാഷ്ട്രീയകാരണം സംസ്ഥാനയുടെ രൂപീകരണത്തിന് ശൈഖുനാ പറഞ്ഞിട്ടില്ല. മറ്റുള്ളവരാരും പ്രസംഗിച്ചിട്ടില്ല. ആധുനിക സമസ്തക്കാർ മതവിധികളിൽ പറഞ്ഞു നടക്കുന്ന ഫിഖ്ഹിനു വിരുദ്ധമായ കാര്യങ്ങളും ഉച്ചഭാഷിണി തീരുമാനവും സമസ്തയുടെ മറ്റു വ്യതിചലനങ്ങളുമാണ് അവയിലെല്ലാം ചൂണ്ടിക്കാട്ടിയിരുന്നതും വിമർശന വിധേയമാക്കിയിരുന്നതും” എന്നും അദ്ദേഹം എഴുതുന്നുണ്ട്.
എന്താണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം?. ശൈഖുനാ പൊന്മള ഉസ്താദ് പറഞ്ഞത് അബദ്ധമാണോ?. ഒരു പതിറ്റാണ്ടിനു മുമ്പ് അപ്രകാരം ആരും പറഞ്ഞിട്ടില്ലേ? തുടങ്ങിയ സംശയങ്ങൾ ഉപരിസൂചിത പരാമർശങ്ങൾ വായിക്കുമ്പോൾ അനുഭവപ്പെടുക സ്വാഭാവികമാണ്. അതിനു പിന്നിലെ ചരിത്ര വസ്തുതകൾ നമുക്ക് പരിശോധിക്കാം.
കേവലം പത്തുവർഷം മാത്രം പഴക്കമുള്ള നിരർത്ഥകവാദം അല്ല ഇത്. മറിച്ച് സംസ്ഥാനയുടെ രൂപീകരണകാലം മുതൽ ഇങ്ങനെയൊരു കാരണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ പരിശോധിച്ചാൽ അക്കാര്യം പകൽവെളിച്ചം പോലെ വ്യക്തമാകും.
സുന്നി ടൈംസിൽ നിന്ന് വായിക്കാം:
“അദ്ദേഹം(സ്വദഖതുല്ല ഉസ്താദ്) സമസ്തയുടെ പ്രസിഡണ്ടായിരുന്ന കാലത്ത് സമസ്തയുടെ ഭരണഘടനക്ക് ഒരു ചെറിയ ഭേദഗതി വരുത്തണമെന്ന് മുശാവറ തീരുമാനിച്ചു. ബഹു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ പി എം എസ് പൂക്കോയ തങ്ങൾ എന്നീ അഭിവന്ദ്യ നേതാക്കളെ സമസ്തയുടെ മുശാവറയിൽ അംഗങ്ങളാക്കുകയായിരുന്നു ആ ഭേദഗതി കൊണ്ടുള്ള ഉദ്ദേശം. അതിനുശേഷം ഫൈസാബാദ് ജാമിഅ നൂരിയയുടെ പ്രധാന കെട്ടിടത്തിൽ സമസ്തയുടെ ജനറൽബോഡി യോഗം ചേരുകയുണ്ടായി. മുൻപത്തെ തീരുമാനമടങ്ങുന്ന റിപ്പോർട്ട് ജനറൽബോഡിയുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടു. ബഹുമാനപ്പെട്ട പല ഉലമാക്കളും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ പി എം എസ് പൂക്കോയ തങ്ങൾ ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ മുതലായ സാദാത്തുക്കളും നിറഞ്ഞ ആ യോഗത്തിലേക്ക് 13 പേരടങ്ങിയ ഒരു പടയെ പരിശീലനം നൽകി പറഞ്ഞയച്ചുകൊണ്ട് ബഹു: സ്വദഖതുല്ല മൗലവി പ്രസിഡണ്ടായിരുന്നു കൂടി പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നു”.
“ബഹുമാനപ്പെട്ട ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും സമസ്തയിൽ അംഗങ്ങളാക്കുന്നതിനോട് ആയിരുന്നു അന്നത്തെ പടവെട്ട് ആ യോഗത്തിൽ സംബന്ധിച്ചിരുന്ന പരശതമാളുകളും ഇന്നും അത് വിസ്മരിച്ചിരിക്കില്ല. കേവലം 13 പേർ ആരായിരുന്നുവെന്നും അതിന് പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നുവെന്നും അവിടെ സംബന്ധിച്ച എല്ലാവർക്കും ബോധ്യമായിരുന്നു. അതിനുശേഷം കോഴിക്കോട് വെച്ചാണ് സമസ്തയുടെ ജനറൽബോഡിയോഗം ചേർന്നത് അന്ന് ബഹുസ്വതുള്ള മൗലവി കോഴിക്കോട് തന്നെ മറ്റൊരു കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് പടയാളികൾക്ക് പരിശീലനം നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു പടയാളികൾ തയ്യാറായി നിന്നിരുന്നു കയ്യേറ്റം നടത്താൻ പോലും അവർ ശ്രമിച്ചു ഭാഗ്യവശാൽ കുഴപ്പമൊന്നും കൂടാതെ കലാശിച്ചു അങ്ങനെ അദ്ദേഹവും സൈന്യങ്ങളും സമസ്തയിൽ നിന്നും ഒഴിച്ചു പോയി മറ്റൊരു സംഘടന രൂപീകരിച്ചതായി കേട്ടിരുന്നു” (നുസ്രത്ത് പത്രത്തോളം അധപ്പതിക്കരുത്, പി കെ ഇമ്പിച്ചിക്കോയ തങ്ങൾ, സുന്നി ടൈംസ് 15/10/1971).
സംസ്ഥാന രൂപീകരണത്തിന്റെ നാലു വർഷങ്ങൾക്കു ശേഷം പ്രസിദ്ധീകൃതമായ ഈ ലേഖനം സംഘടനയുടെ രൂപീകരണ പശ്ചാത്തലങ്ങളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നുണ്ട്. അത്തരമൊരു യാഥാർത്ഥ്യത്തെയാണ് കേവലം പത്തുവർഷം മാത്രം പഴക്കമുള്ള ഒരു വാദമായി നജീബ് ഉസ്താദ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ബുൽബുലിലെ ലേഖനത്തിൽ അദ്ദേഹം ആരോപിച്ച മറ്റു പല വിഷയങ്ങൾക്കുമുള്ള മറുപടിയും പി കെ ഇമ്പിച്ചിക്കോയ തങ്ങളുടെ സുന്നി ടൈംസ് ലേഖനത്തിലുണ്ട്.
തുടർന്നു വായിക്കാം: ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും പി എം എസ് എ പൂക്കോയ തങ്ങളെയും മറ്റും സമസ്തയിൽ അംഗങ്ങളാക്കുന്നതിനെതിരിൽ പട നയിച്ചത് മുമ്പ് പറഞ്ഞുവല്ലോ. എന്നാൽ ഇന്ന് ബഹു: ബാഫഖി തങ്ങൾ സമസ്തയുടെ മുശാവറ അംഗവും അതിന്റെ ഖജാൻജിയുമാണ്. വിദ്യാഭ്യാസ ബോർഡിൻറെ ഇന്നോളമുള്ള ഖജാൻജി ബഹു തങ്ങൾ തന്നെയാണ്. ഇത് ബഹു: സ്വദഖത്തുള്ള മൗലവി ഇഷ്ടപ്പെടുകയില്ല എന്നാണല്ലോ അദ്ദേഹം നയിച്ച പട വ്യക്തമാക്കുന്നത്. അതുകൊണ്ട് ബഹു തങ്ങൾ അവർകൾക്ക് എതിരായി പ്രവർത്തിക്കാൻ അദ്ദേഹം കണ്ടുപിടിച്ച ഒരു രംഗമാണ് വഖഫ് രക്ഷാസംഘം”.
വഖഫ് രക്ഷാ സംഘത്തിന്റെ പേരിൽ
നജീബ് ഉസ്താദ് ഉന്നയിച്ച ആരോപണങ്ങൾക്ക് സുന്നി ടൈംസ് അന്നേ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ചുരുക്കം. കൂടാതെ, പല രാഷ്ട്രീയ ആരോപണങ്ങളും അന്നും അതിനുശേഷം ബാഫഖി തങ്ങൾക്കെതിരെയും മുസ്‌ലിം ലീഗിനെതിരെയും സ്വദഖത്തുല്ല ഉസ്താദും അദ്ദേഹത്തിൻ്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നുസ്രത്തും ഉന്നയിച്ചത് സുന്നി ടൈംസ് എടുത്തുദ്ധരിക്കുന്നുണ്ട്.
പിന്നെ മറ്റൊരു വിഷയം, “ഇപ്പോൾ എന്തു വിഷയത്തിനാണോ എ.പി തെറ്റിയത് അതേ വിഷയത്തിനാണ് ഞാനും തെറ്റാൻ കാരണം. ഇതെല്ലാം എന്നോട് സ്വദഖത്തുല്ല ഉസ്താദ് നേരിട്ടു പറഞ്ഞതാണ്” എന്ന പൊന്മള ഉസ്താദിന്റെ വാക്കുകളാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ എന്നു മുതൽക്കാണ് ദൗർഭാഗ്യകരമായ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പോലും അറിയാം. അത് തിരിച്ചറിഞ്ഞാൽ തീരാവുന്നതേയുള്ളൂ സ്വദഖത്തുല്ല ഉസ്താദിന്റെ വഫാതുമായി ബന്ധപ്പെടുത്തിയുള്ള അതിന്റെ മറുപടിയിലെ നിരർത്ഥകത.
വാൽക്കഷണം: “നുസ്രത്തിന്റെ അതേ ഭാഷയും ശൈലിയും ഉപയോഗിച്ച് അതിന് മറുപടി പറയാൻ സുന്നി ടൈംസ് മുതിരരുത്. അത്രത്തോളം സുന്നി ടൈംസ് അധപ്പതിക്കരുത്. ഈയുള്ളവന്റെ വിനീതമായ ഒരപേക്ഷയാണിത്. സുന്നി ടൈംസ് കേരള അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മഹത്തായ ഒരു സംഘടനയുടേതാണ്. നുസ്രത്ത് പേരിന് ഒരു സംഘത്തിൻറെതാണെങ്കിലും സത്യത്തിൽ ഒരു വ്യക്തിയുടേതാണ്. ആ വ്യക്തിക്ക് തോന്നുന്നതെല്ലാം അതിൽ എഴുതുകയും എഴുതിക്കുകയും ചെയ്യാം. വ്യക്തികൾക്ക് തോന്നുന്നതെല്ലാം സുന്നി ടൈംസിൽ എഴുതാൻ നിർവാഹമില്ലല്ലോ. അതുകൊണ്ട് ‘കുഴി വെട്ടുന്ന ഏർപ്പാടും തീ കൊളുത്തുന്ന’ ഏർപ്പാടും സുന്നി ടൈംസിന് വേണ്ട. അല്ലാതെ തന്നെ ധാരാളം ജോലികൾ അതിന് നിർവഹിക്കാൻ ഉണ്ടാകുമല്ലോ”. (മുകളില്‍ ഉദ്ധരിച്ച സുന്നി ടൈംസ് ലേഖനത്തിന്റെ ആദ്യ ഭാഗം).
-ഉമൈർ ബുഖാരി ചെറുമുറ്റം