Site-Logo
POST

ഇസ്‌ലാമിന് അന്യമായ തക്ഫീറുകൾ

നഫ്‌സീർ അഹ്‌മദ്‌ സുറൈജി

|

26 Feb 2025

feature image

മതത്തിനുള്ളിലെ മറ്റുള്ള അവാന്തര  വിഭാഗങ്ങളിൽ നിന്നും അഹ്‌ലുസ്സുന്നയെ (അശാഇറത്ത്) വേർതിരിക്കുന്ന ഏറ്റവും വലിയ ഘടകമാണ് ''തക്ഫീർ'' വിശയത്തിലെ കൃത്യമായ നിലപാട്.
മുസ്‌ലിം ലോകത്തിലെ ഒരാളെയും തോന്നലുകളുടെ പേരിലോ, മികച്ച ഭാവനകളുടെ പേരിൽ പോലും (ളുനൂൻ) അശാഇറത്ത് കുഫ്ർ കൊണ്ട് ചാപ്പയടിക്കുന്നില്ല. അതേ സമയം, ഖവാരിജുകളെ പോലുള്ള നവീന പ്രസ്ഥാനങ്ങൾ ഏതൊരു പാപത്തിന്റെ പേരിലും അതു ചെയ്യുന്നയാൾ കാഫിർ ആണെന്ന് മുദ്ര കുത്തുകയാണ് ചെയ്തത്.
ഈമാൻ ഉണ്ടെങ്കിൽ തെറ്റു ചെയ്യുന്നത് പ്രശ്നമേയില്ല എന്നു പറയുന്ന മുർജിഅതും, വൻ കുറ്റം ചെയ്യുന്നവരുടെ ഈമാൻ നഷ്ടപ്പെടുമെങ്കിലും അവർ കുഫ്റിലേക്ക് പ്രവേശിക്കില്ല (അഥവാ ഈമാൻ, കുഫ്ർ എന്നിവക്ക് ഇടയിലാണ്) എന്ന് പറയുന്ന  മുഅ്‌തസിലതും മറ്റൊരു ഭാഗത്തുണ്ട്.
പിൻ കാലത്തു വന്ന വഹാബിയ്യത്ത് തക്ഫീർ വിഷയത്തിൽ സ്വീകരിച്ച നിലപാട് മേൽ പറഞ്ഞ നവീന വാദികളിൽ നിന്നും ഏറെ വിഭിന്നമായിരുന്നില്ല. മാത്രവുമല്ല, അവരുടെ അടിസ്ഥാന രഹിതമായ തക്ഫീർ  അതിരു കടക്കുകയും പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന വിഷയങ്ങളെ ചൊല്ലി പോലും അവർ തക്ഫീർ ചെയ്തു.
ഇവരുടെ ആശയം സ്വീകരിച്ചവരല്ലാത്ത ഒരു മുസ്ലിമും ഇസ്ലാമിലെ അംഗവുമല്ല എന്ന് പ്രത്യക്ഷമായും,പരോക്ഷമായും ഇവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഒട്ടനവധി രചനകളിലൂടെയും മറ്റും അവർ നിർവ്വഹിച്ച ഈ ''കാഫിറാക്കൽ'' പ്രവണതയെ അവരുടെ തന്നെ നേതാക്കളുടെ വാചകങ്ങളിൽ നിന്നും കണ്ടെത്തുകയാണ് ഈ ഭാഗം.

1️⃣ ഇബ്നു അബ്‌ദിൽ വഹാബ്
[മരണം ഹി: 1206]
''ആത്മാർഥതമായി ഞാൻ നിങ്ങളോട് ഒരു വിഷയം ഉണർത്തുന്നു. അല്ലാഹു തന്നെ സത്യം, ഞാൻ വിജ്ഞാനം തേടി, എന്നെ അറിയുന്നവർ എനിക്കു അറിവുകൾ ഉണ്ടെന്ന് വിശ്വസിച്ചു, പക്ഷെ ആ സമയം എനിക്കു ''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന വചനത്തിന്റെ അർത്ഥം അറിയില്ലായിരുന്നു.
ഇത് വരേക്കും ദീനുൽ ഇസ്‌ലാമിനേയും എനിക്കു അറിയില്ലായിരുന്നു. അപ്രകാരം, എന്റെ ഗുരുക്കൻമാരിൽ ''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന വചനത്തെ ശരിയായ നിലക്ക് മനസ്സിലാക്കിയ ഒരാളും ഉണ്ടായിരുന്നില്ല. സമകാലികരായ ഏതെങ്കിലും പണ്ഡിതർ അവർക്ക്
''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന വിശുദ്ധ കലിമയുടെ ആശയം മനസ്സിലായിട്ടുണ്ടെന്നോ, ഇസ്‌ലാമിനെ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നോ, തന്റെ ഗുരുക്കൻമാരിൽ ഏതെങ്കിലും ഒരുവൻ ആ കലിമയെ നേരായ നിലക്ക് ഗ്രഹിച്ചിട്ടുണ്ടെന്നോ പറയുകയാണെങ്കിൽ അത് പച്ചക്കള്ളവും, തെറ്റുദ്ധരിപ്പിക്കലും, അനർഹമായതിനെ അവകാശപ്പെടലുമാണ്.!''  (١)

2️⃣ ഇബ്നു അബ്‌ദിൽ വഹാബ്
[മരണം ഹി: 1206]
മക്കാ മുശ്‌രിക്കുകളുടെ സ്വഭാവം പറയുന്ന രണ്ടു സൂക്തങ്ങൾ ഉദ്ധരിച്ച ശേഷം ഇദ്ദേഹം പറഞ്ഞു: ''ലോകത്തു നിലവിലുള്ള മുസ്‌ലിമീങ്ങളിൽ ഭൂരിഭാഗവും തിരുനബി ﷺ പോരാടിയ അക്കാലത്തെ മുശ്‌രിക്കുകളെക്കാൾ എത്രയോ അപകടകരമായ ശിർക്കിലും, കുഫ്റിലുമാണെന്ന വസ്തുത ഈ സൂക്തങ്ങളുടെ ആശയം  മനസ്സിലാക്കിയാൽ നിനക്ക് ബോധ്യമാവും.'' (٢) 

3️⃣ മുസ്‌ലിം ലോകത്തെ ഭൂരിഭാഗവും നാലിൽ ഒരു കർമ്മ ശാസ്ത്ര ധാരയെ നിർബന്ധമായും അനുധാവനം  ചെയ്യുന്നവരാണ്. അതേ സമയം തന്നെ അശ്അരീ/മാതുരീദീ എന്നിവയിൽ ഒരു വിശ്വാസ ധാരയെയും അവർ പിൻപറ്റുന്നു.
ഇനി ഇബ്നു അബ്‌ദിൽ വഹാബിന്റെ പേര മകന്റെ വാക്കുകൾ ശ്രദ്ധിക്കൂ!
അബ്‌ദുറഹ്‌മാൻ ബ്നു ഹസൻ ബ്നു അബ്ദിൽ വഹാബ് [മരണം ഹി: 1285]
''അബുൽ ഹസൻ അൽ അശ്അരിയിലേക്ക് ചേർത്തി പറയുന്ന ഈ വിഭാഗം അല്ലാഹുവിനു വ്യത്യസ്ത 'സ്വിഫാതുകൾ' സ്ഥാപിച്ചു. മുൻഗാമികളുടെ
വഴിയിൽ നിന്നും വ്യതിചലിക്കുകയും ചെയ്തു. നേരായ പാതയിൽ നിന്നും തെന്നി മാറിയ വിഭാഗം ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും പിന്തിരിപ്പിക്കുകയും, ശിർക്കിനെ അനുവദിക്കുകയും, അല്ലാഹുവല്ലാത്തവരെ ആരാധിക്കാൻ സമ്മതിക്കുകയും ചെയ്തു. കാഫിറുകളായ ഈ വിഭാഗത്തെ എതിർത്തുകൊണ്ട് ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.'' (٣)

4️⃣ സിദ്ധീഖ് ഖാൻ അൽഖന്നൂജീ [മരണം ഹി: 1307]
'' മദ്ഹബുകളെ അനുധാവനം ചെയ്യൽ ശിർക്കാവുന്നു. മദ്ഹബുകളെ പിൻപറ്റുന്നവരെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ!  മരിച്ചു മണ്മറഞ്ഞ പണ്ഡിതരെയും, ഔലിയാക്കളെയുമാണ് ഇവർ തുടരുന്നത്, കഷ്ടം!
മാത്രവുമല്ല, ഖുർആൻ, ഹദീസ് എന്നിവയിലുള്ള അവഗാഹം മുന്നേ ജീവിച്ചു പോയ കുറച്ചു പണ്ഡിതർക്കു മാത്രം അവർ വകവെച്ചു കൊടുക്കുകയും ചെയ്യുന്നു.
അല്ലാഹുവിന്റെയും, പ്രചകന്റെയും വാക്കുകളെക്കാൾ പണ്ഡിതരുടെ വാക്കുകൾക്ക് അവർ മുൻഗണന നൽകുകയും ചെയ്യുന്നു!" (٤)
എത്ര അപകടമാണ് ഈ പ്രസ്താവന!
സിദ്ധീഖ് ഖാൻ അൽഖന്നൂജീ എന്നവർ അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളിലും 
ഇബ്നു അബ്ദുൽ വഹാബിനെ ഏറെ പ്രശംസിക്കുകയും, അദ്ദേഹത്തിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പ്രസ്താവന അനുസരിച്ച് സന്മാർഗികളായ എത്ര മുസ്‌ലിങ്ങൾ ലോകത്തുണ്ട്?!

5️⃣ അബ്ദുറഹ്മാൻ ബ്നു ഖാസിം അനജ്ദീ [മരണം ഹി:1392]
'' ഇബ്നു തൈമിയ്യയുടെ ശിഷ്യരുടെ കാല ശേഷം ഇസ്‌ലാം മാഞ്ഞു പോയിരുന്നു.
നക്ഷത്രങ്ങളെ ആരാധിക്കപ്പെട്ടു. അല്ലാഹുവിനെ കൂടാതെ പലരെയും ആരാധിക്കപ്പെട്ടു.  അങ്ങനെ, നൂറ്റാണ്ടുകൾക്കു ശേഷം ഇസ്ലാമിന്റെയും മുസ്ലിമീങ്ങളുടെയും നേതൃത്വവും, വിജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രവുമായ മുജ്തഹിദുകളിൽ ശ്രദ്ധേയരായ ഇബ്നു അബ്‌ദിൽ വഹാബിനെ നിയോഗിക്കപ്പെട്ടു" (٥)
അപ്പോൾ, ഇബ്നു തൈമിയ്യയുടെ ശിഷ്യരുടെ കാലശേഷവും ഇബ്നു അബ്‌ദിൽ വഹാബിന്റെ വരവിനിടയിലും ഇസ്‌ലാം തീരെ ഇല്ല എന്ന്!

(١) الرسالة الثامنة والعشرون من كتاب الرسالة الشخصية (186)
(٢) الدرر السنية (1/160)
(٣) الدرر السنية (3/209)
(٤) الدين الخالص (1/140)
(٥) الدرر السنية (1/16)

6️⃣ സ്വാലിഹ് അൽ ഫൗസാൻ

''മക്കാ മുശ്‌രിക്കുകൾ അശാഇറത്തിന്റെ മുൻഗാമികളാണ്. മുൻഗാമികളും, പിൻഗാമികളും എത്ര മോശം!'' (١)

7️⃣ ഖലീദ് ബ്നു അലിയ്യിൽ മർളിയ്യ് ഗാമിദീ

പണ്ഡിതർ എന്നു പറയപ്പെടുന്ന എന്നാൽ ശിർക്കിന്റെ പ്രചാരകരോ, ഏതെങ്കിലും ഗ്രന്ഥങ്ങളിലൂടെ ശിർക്കിനെ പ്രോത്സാഹിപ്പിച്ചവരോ, ശിർക്കിലേക്കുള്ള മാധ്യമങ്ങളെ പ്രചരിപ്പിച്ചരോ ആയ ചിലരെ ഞാൻ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞു കൊണ്ട് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പറഞ്ഞ വ്യക്തിത്വങ്ങളെ നോക്കൂ..????????

▶️ 5,6,7 നൂറ്റാണ്ട്:
• ഇമാം മക്കിയ്യുബ്നു ത്വാലിബ് [വഫാത് ഹി 437]
•ഇമാം ഖുശൈരീ [ഹി 465]
•ഇമാം ഗസാലി [ 505]
•ഇമാം കലാഈ [634]
•ഇമാം സ്വർസ്വരീ [656]
•ഇമാം ഖുനീ [672]
•ഇമാം അബൂ നഅ്‌മാൻ [683]

▶️ എട്ടാം നൂറ്റാണ്ട്:
•ഇമാം ഖശാശീ [730]
•ഇമാം ഇബ്നുൽ ഹാജ്‌ (അൽ മദ്ഖൽ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് [737]
•ഇമാം തഖ്‌യുദ്ദീനുസ്സുബ്കീ [756]
•ഇമാം യാഫിഈ [768]
•ഇമാം താജുദ്ദീനുസ്സുബ്കീ [771]
•ഇബ്നു ബത്വൂത്വ [779]
•ഇമാം തഫ്താസാനി [792]

▶️ ഒമ്പതാം നൂറ്റാണ്ട്:
• ഇമാം ജുർജാനി [818]
• ഇമാം അൽഉബ്ബീ [828]
• ഇമാം അൽമുഖ്‌രീ [847]
• ഇമാം സുലൈമാൻ അൽജസൂലീ [870]
• ഇമാം റസൂഖ് [899]

▶️ പത്താം നൂറ്റാണ്ട്:
• ഇമാം സുയൂത്വീ [911]
• ഇമാം ഖസ്ത്വല്ലാനീ [923]
• ഇമാം ബൂസ്വീരീ [963]
• ഇമാം ഇബ്നു ഹജർ [974]
• ഇമാം ശഅ്‌റാനീ

▶️ പതിനൊന്നാം നൂറ്റാണ്ട്:
• ഇമാം മുനാവീ [1031]
• ഇമാം അഹ്‌മദ് സർഹിന്ദീ [1034]
• ഇമാം അബ്ദുൽ ഹഖ് ദഹ്‌ലവീ [1052]
• ഇമാം ശിഹാബുദ്ദീൻ ഖഫാജീ [1069]

• ഇമാം സുർഖാനീ [1122]
• ഇമാം സുലൈമാൻ അൽ ഖുർദീ [1194]
• ഇമാം സബീദീ [1205]
• ഇമാം ഇബ്നു അജീബ [1224]
• ഇമാം അലവീ അൽ ഹദ്ദാദ് [1232]
• ഇമാം സ്വാവീ [1241]
• അഹ്‌മദ് സൈനീ ദഹ്‌ലാൻ [1309]
• ഇമാം അഹ്‌മദ് റസാ ബറേലീ [1340]
• ശൈഖ് മുതവല്ലി ശഅ്‌റാവീ
ഇങ്ങനെ, പതിനാലു നൂറ്റാണ്ടു വരെയുള്ള ഒരുപാട് പേരെ അദ്ദേഹം എണ്ണി പറയുന്നുണ്ട്. (٢)

അഞ്ചാം നൂറ്റാണ്ടു മുതൽ അതാത് കാലഘട്ടത്തിലെ മുസ്‌ലിം സമുദായത്തിന് നേതൃത്വം നൽകിയ ഉന്നത പണ്ഡിതന്മാർക്കെതിരെയാണ് വഹാബിയായ ഖലീദ് ബ്നു അലി എന്ന ഇദ്ദേഹം ശിർക്ക് ആരോപിച്ചത്.
വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം, തസ്വവുഫ് തുടങ്ങിയ മേഖലകളിൽ കഴിയും വിധം ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഈ ഉമ്മത്തിനെ സേവിച്ച ഉന്നത പണ്ഡിതരെയും, അവരുടെ അനുയായികളെയും മുശ്‌രിക്കുകലാക്കലോടു കൂടി ഈ ഉമ്മത്തിൽ ഇനി എത്ര മുസ്‌ലിമീങ്ങൾ ബാക്കിയുണ്ട് ?!!

ഇദ്ദേഹം ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ തുടങ്ങിയവരുടെ ശിഷ്യനാണെന്നത് ശ്രദ്ധേയമാണ്!
''തക്ഫീറുൽ അശാഇറത്ത്'' അഥവാ, അശാഇറത്ത് കുഫ്റിലാണ് എന്ന് സമർഥിക്കാൻ മാത്രം ഒരു ഗ്രന്ഥവും ഇദ്ദേഹത്തിനുണ്ട്.
ആ ഗ്രന്ഥത്തിൽ
•ഇമാം നവവി
•ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ
•ഇമാം ഖുർതുബീ
തുടങ്ങിയ ഉന്നത പണ്ഡിതരെ കൂടി മേൽ പറഞ്ഞവരുടെ കൂട്ടത്തിൽ പെടുത്തുന്നുമുണ്ട്! (٣)
ഇനി ആരാണ് ബാക്കി ?!!


(١) الإرشاد إلى صحيح الإعتقاد على أهل الشرك والإلحاد (144)
(٢) نقض عقائد الأشاعرة والماتريدية (208-205)
(٣) تكفير الأشاعرة (24)

Related Posts