Site-Logo
POST

ഫിത്വർ സകാത്; ലക്ഷ്യം, നിർവ്വഹണം

04 Aug 2023

feature image

ഹിജ്‌റ രണ്ടാം വര്‍ഷമാണ് റമളാന്‍ നോമ്പും ഫിത്ര്‍ സകാത്തും നിര്‍ബന്ധമായത്. അതിന്റെ നിർവ്വഹണത്തിന് പിന്നില്‍ തിരുനബി ﷺ പഠിപ്പിക്കുന്നത് രണ്ട് ലക്ഷ്യങ്ങളാണ്. 1. വന്നുപോയ അപാകങ്ങള്‍ പരിഹരിച്ച് റമളാന്‍ നോമ്പ് സ്വീകൃതമാവുക. 2, ദരിദ്രര്‍ക്ക് പെരുന്നാള്‍ സുദിനം സുഭിക്ഷമായ ഭക്ഷണം ഉറപ്പുവരുത്തുക. നിസ്‌കാരത്തില്‍ സഹ്‌വിന്റെ സുജൂദ് പോലെയാണ് നോമ്പിന് ഫിത്ര്‍ സകാത്ത്, അത് നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കും (തുഹ്ഫ).

‘റമളാനിലെ നോമ്പ് ആകാശഭൂമിക്കിടയില്‍ തടഞ്ഞു വെക്കുന്നു. ഫിത്ര്‍ സകാത്ത് അര്‍ഹമായവര്‍ക്ക് നല്‍കിയാലല്ലാതെ അത് സ്വീകരിക്കപ്പെടുകയില്ല’ എന്ന് ഹദീസിലുണ്ട്. ഫിത്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യതയും കഴിവുമുള്ളവര്‍ കൊടുക്കാതിരുന്നാല്‍ റമളാന്‍ നോമ്പിന്റെ പ്രതിഫലം മുഴുവനായി ലഭിക്കാതെവരും(ശര്‍വാനി).
ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിവസമായ ചെറിയ പെരുന്നാളില്‍ ഭക്ഷണത്തിന് വകയില്ലാത്തവര്‍ സമൂഹത്തിലുണ്ടാവാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതുകൊണ്ട് അതിനുപയുക്തവും യുക്തിസഹവുമായ കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഫിത്ര്‍ സകാത്തിലൂടെ വിശുദ്ധ ഇസ്‌ലാം ചെയ്തിട്ടുള്ളത്.

ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി പ്രത്യക്ഷപ്പെട്ട വിവരമറിഞ്ഞാല്‍ നാളെ പെരുന്നാളാഘോഷിക്കാന്‍ എന്തു ചെയ്യുമെന്ന വേവലാതിക്ക് വകനല്‍കാതെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. ഇത്തരമൊരു സാമൂഹ്യനിയമവും യുക്തിസഹമായ സംവിധാനവും ഇസ്‌ലാമിന്റെ സവിശേഷതയാണ്. സ്വാര്‍ത്ഥതക്ക് പകരം പാരസ്പര്യ ബോധമാണ് പരിശുദ്ധ ഇസ്‌ലാം വളര്‍ത്തുന്നത്.

സ്വന്തം കടം, കുടുംബനാഥനും അവന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ രാവിലേക്കും പകലിലേക്കും ആവശ്യവും അനുയോജ്യവുമായ വസ്ത്രം, ഭവനം, സേവകന്‍, പെരുന്നാള്‍ രാപ്പകലിന് മതിയായ ഭക്ഷണപാനീയങ്ങള്‍ എന്നിവ കഴിച്ച് ഫിത്ര്‍ സകാത്തിലേക്ക് തിരിക്കാവുന്ന എന്തെങ്കിലും കൈവശമുള്ളവര്‍ക്കൊക്കെയും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണ്. പെരുന്നാള്‍ രാപകല്‍ നല്‍കേണ്ട ഭക്ഷണം എന്നതില്‍ ചെലവു നല്‍കേണ്ട വളര്‍ത്തു മൃഗങ്ങളും മറ്റും ഉള്‍പ്പെടുന്നതാണെന്ന് തുഹ്ഫയില്‍ കാണാം. അവധി എത്തിയ കടം പോലെ പിന്നീട് വീട്ടേണ്ട കടബാധ്യതയുള്ളവര്‍ക്കും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാവില്ല.

ഫിത്ര്‍ സകാത്ത് വാങ്ങാന്‍ അര്‍ഹരായവര്‍ കൊടുക്കാനും ബാധ്യസ്ഥമായി വരാം. അതിനാല്‍ നാട്ടിലെ മിക്കവരും നല്‍കാന്‍ കടപ്പെട്ടവരാകും. തന്റെ സകാത്തിനോട് കൂടെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായമായ മാതാപിതാക്കള്‍, ഭാര്യ, മക്കൾ തുടങ്ങിയവരുടെ സകാത്ത് കുടുംബനാഥന്‍ നല്‍കണം.

എല്ലാവരുടേതും കൊടുക്കാന്‍ തികയാത്തപ്പോള്‍ ആദ്യം തന്റേയും പിന്നെ ഭാര്യ, ഏറ്റവും ചെറിയ സന്താനം, പിതാവ്, മാതാവ്, എന്നീ ക്രമത്തില്‍ നല്‍കേണ്ടതാണ്. പിണങ്ങി നില്‍ക്കുന്ന ഭാര്യയുടേത് ഭര്‍ത്താവ് നല്‍കേണ്ടതില്ല. അവള്‍ക്കു കഴിവുണ്ടെങ്കില്‍ അവള്‍ നല്‍കണം. അതുപോലെ പ്രായപൂര്‍ത്തിയെത്തിയവരും സാമ്പത്തിക ശേഷിയുള്ളവരുമായ മക്കളുടെ സകാത്ത് രക്ഷിതാവ് നല്‍കേണ്ടതില്ല. നല്‍കണമെങ്കില്‍ അവരുടെ അനുവാദം വാങ്ങുകയും വേണം. ചെറിയ കുട്ടികള്‍ക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്ന് നല്‍കലാണ് നിര്‍ബന്ധം, രക്ഷിതാവ് കൊടുക്കുന്നതിനും വിരോധമില്ല. ജാരസന്തതികളുടെ സകാത്ത് മാതാവാണ് നല്‍കേണ്ടത്.

ചെറിയ പെരുന്നാള്‍ രാവില്‍ സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാവുക. അന്നേരം തന്റെ സംരക്ഷണത്തിലായി ആരെല്ലാം ജീവിച്ചിരിപ്പുണ്ടോ അവര്‍ക്കെല്ലാം വേണ്ടി സകാത്ത് നല്‍കണം. അപ്പോള്‍, സൂര്യാസ്തമനത്തിന്റെ ഒരു സെക്കന്റു മുമ്പ് ജനിച്ച കുട്ടി, വിവാഹം കഴിച്ച ഭാര്യ, അസ്തമനത്തിനു ശേഷം മരിച്ചവര്‍, വിവാഹമോചിതയായ ഭാര്യ മുതലായവരുടെ ഫിത്ര്‍ സകാത്ത് നല്‍കേണ്ടിവരും. സൂര്യാസ്തമനത്തിനു ശേഷം ജനിച്ച കുഞ്ഞിനോ വിവാഹം കഴിച്ച ഭാര്യക്കോ നല്‍കേണ്ടതില്ല. ഒരു സ്ത്രീ പ്രസവിച്ചപ്പോള്‍ കുട്ടിയുടെ കുറച്ചു ഭാഗം സൂര്യാസ്തമനത്തിനു മുമ്പും ബാക്കി ശേഷവുമാണ് പുറത്തു വന്നതെങ്കില്‍ കുട്ടിക്ക് സകാത് വേണ്ടതില്ല. പൂര്‍ണമായും വരാത്തതിനാല്‍ വയറ്റിലുള്ള കുട്ടിയെ പോലെയാണ് പരിഗണിക്കുക.

നിയ്യത്ത് പ്രധാനം

സകാത്ത് വീടുവാനുള്ള നിബന്ധനകളിലൊന്നാണ് നിയ്യത്ത്. ഉടമസ്ഥന്‍ വിതരണം ചെയ്യുമ്പോള്‍ വിതരണ ഘട്ടത്തിലും, ഫിത്ര്‍ സകാത്തിനായി ധാന്യം മാറ്റിവെക്കുമ്പോഴും, വിതരണം ചെയ്യുന്നത് മറ്റൊരാളാണെങ്കില്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുമ്പോഴും നിയ്യത്ത് ചെയ്യാം. കുട്ടികളുടെയോ ഭ്രാന്തന്മാരുടെയോ സകാത്ത് നല്‍കുമ്പോള്‍ അവരുടെ സംരക്ഷകരാണ് നിയ്യത്ത് ചെയ്യേണ്ടത്. വിതരണം ചെയ്യുന്നത് ഫിത്ര്‍ സകാത്താണെന്ന് കരുതലാണ് നിയ്യത്ത്.

നല്‍കേണ്ട സമയം

പെരുന്നാള്‍ ദിവസം ഈദ് നിസ്‌കാരത്തിന് പുറപ്പെടുന്നതിനു മുമ്പായി ഫിത്വര്‍ സകാത്ത് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. നിസ്‌കാര ശേഷം വിതരണം ചെയ്യാനായി പിന്തിപ്പിക്കല്‍ പൊതുവെ കറാഹത്താണ്. എന്നാല്‍ ഇപ്പോള്‍ സ്ഥലത്തില്ലാത്ത ബന്ധു, അയല്‍വാസി എന്നിവര്‍ക്കു നല്‍കണമെന്ന ലക്ഷ്യത്തോടെ നിസ്‌കാര ശേഷത്തേക്കു വിതരണം മാറ്റിവെക്കല്‍ സുന്നത്താണ്. പക്ഷേ പെരുന്നാള്‍ ദിവസം സൂര്യന്‍ അസ്തമിക്കുന്ന തിനു മുമ്പായി വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ് (തുഹ്ഫ).

സ്വത്തോ അവകാശിയോ സ്ഥലത്തില്ലാതിരിക്കുക പോലുള്ള മതിയായ കാരണങ്ങളില്ലാതെ പെരുന്നാള്‍ ദിവസവും വിട്ട് ഫിത്ര്‍ സകാത്ത് പിന്തിക്കുന്നത് ഹറാമാണ്. അതു നിമിത്തം അവള്‍ കുറ്റക്കാരനാകുന്നതും പിന്നീട് വേഗത്തില്‍ കൊടുത്തു വീട്ടല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ മറവി പോലെയുള്ള കാരണങ്ങളാല്‍ പിന്തിച്ചവന്‍ കുറ്റക്കാരനാവാത്തതിനാല്‍ വേഗത്തില്‍ വീട്ടല്‍ നിര്‍ബന്ധമില്ല. റമളാന്‍ ഒന്നു മുതല്‍ തന്നെ നല്‍കാവുന്നതാണെങ്കിലും അതു പാടില്ലെന്ന് പറഞ്ഞ പണ്ഡിതരുടെ അഭിപ്രായം പരിഗണിച്ച് അപ്രകാരം ചെയ്യാതിരിക്കലാണ് നല്ലത്.

നേരത്തെ നല്‍കിയത് ഫിത്ര്‍ സകാത്തായി പരിഗണിക്കണമെങ്കില്‍ വാങ്ങിച്ച വ്യക്തി ഫിത്ര്‍ നിര്‍ബന്ധമാകുന്ന ശവ്വാലിന്റെ ആദ്യ ഘട്ടത്തില്‍ സകാത്ത് വാങ്ങാന്‍ അര്‍ഹനായ വിധം ജീവിച്ചിരുന്നാല്‍ മാത്രമേ ആദ്യം നല്‍കിയത് പരിഗണിക്കുകയുള്ളൂ. അദ്ദേഹം മരണപ്പെടുകയോ അഥവാ സമ്പന്നനായതു കൊണ്ടോ മറ്റോ സകാത്ത് വാങ്ങാന്‍ അര്‍ഹനല്ലാതാവുകയോ ചെയ്താല്‍ വീണ്ടും നല്‍കേണ്ടിവരും.

എത്ര നല്‍കണം?

ഒരു സ്വാഅ് (നാല് മുദ്ദ് /3.200 ലിറ്റര്‍) ഓരോ വ്യക്തിക്കും നല്‍കണം. അതില്‍ ലിംഗ, പ്രായ വ്യത്യാസങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. ഇന്ന് നിലവിലുള്ള തൂക്ക അളവ് അരിക്കനുസരിച്ച് വ്യത്യാസം വരുന്നതിനാല്‍ കുറഞ്ഞുപോകാതിരിക്കാന്‍ ജാഗ്രത വേണം.
ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാകുമ്പോള്‍ എവിടെയാണോ നാമുള്ളത് അവിടെ തന്നെയാണ് നല്‍കേണ്ടത്. അവിടെ സ്വീകരിക്കാന്‍ അര്‍ഹരില്ലെങ്കില്‍ മാത്രം അടുത്ത നാട്ടിലേക്ക് നീക്കാം.

അവകാശികള്‍

സകാത്ത് സ്വീകരിക്കാന്‍ അര്‍ഹരായ എട്ട് വിഭാഗത്ത ഖുര്‍ആന്‍ എണ്ണിപ്പറയുന്നുണ്ട്. അവര്‍ തന്നെയാണ് ഫിത്ര്‍ സകാത്തിന്റെയും അവകാശികള്‍ അവകാശികളുടെ കൈകളില്‍ എത്തിച്ചാല്‍ മാത്രമേ ദായകന്റെ ബാധ്യത വീടുകയുള്ളൂ. എന്നത് വിസ്മരിക്കരുത്.
ദരിദ്രര്‍, അഗതികള്‍, നവ മുസ്‌ലിംകള്‍, കടമുള്ളവര്‍, യാത്രക്കാര്‍, ഇസ്‌ലാമിക
ഭരണമുള്ളയിടങ്ങളിലെ ഔദ്യേഗിക സകാത്ത് തൊഴിലാളികള്‍, മോചന കരാര്‍ തയ്യാറായ അടിമകള്‍, യോദ്ധാവ് എന്നിവരാണ് അവകാശികള്‍. സകാത്ത് വിതരണം ചെയ്യേണ്ട നാട്ടിലെ ഈ പറയപ്പെട്ട വിഭാഗങ്ങള്‍ക്കെല്ലാം നല്‍കണം. സകാത്തിന്റെ അവകാശികളില്‍പെട്ട ഏതെങ്കിലും മൂന്നു വ്യക്തികള്‍ക്ക് കൊടുത്താല്‍ മതിയാവുമെന്നാണ് ഇമാമുമാരായ റൂയാനി(റ), സുബ്കി(റ) തുടങ്ങി ഒരു വിഭാഗം ശാഫിഈ പണ്ഡിതന്മാരുടെ പക്ഷം.
സകാത്തിന്റെ അവകാശിയായ ഒരാള്‍ക്ക് നല്‍കിയാലും മതി എന്ന് പറഞ്ഞ ഇമാമുകളുമുണ്ട്.

സംഘടിത സകാത്തിലെ
അപകടം

സകാത്ത് നല്‍കേണ്ട ധനത്തെ പണ്ഡിതന്മാര്‍ രണ്ടായി വിഭജിച്ചിട്ടുണ്ട്. ബാഹ്യ ധനം, ആന്തരിക ധനം. ഇമാം നവവി(റ) വിവരിക്കുന്നു. ഫിത്ര്‍ സകാത്ത്, കച്ചവട സ്വത്ത്, നിധി, സ്വര്‍ണം, വെള്ളി എന്നിവ ആന്തരിക സ്വത്തുക്കളാണ്. ഖനികള്‍, പഴവര്‍ഗങ്ങള്‍, ആട്, മാട്, ഒട്ടകം, കൃഷി തുടങ്ങിയവ ബാഹ്യ സ്വത്തുക്കളും (ശര്‍ഹുല്‍ മുഹദ്ദബ്),
സകാത്ത് വിതരണത്തിന് ഇസ്‌ലാം അനുവദിച്ചത് മൂന്ന് മാര്‍ഗങ്ങളാണ്.

1. തങ്ങളുടെ ധനത്തിന്റെ
സകാത്ത് ഉടമസ്ഥര്‍ നേരിട്ട്
അവകാശികള്‍ക്ക് വിതരണം ചെയ്യുക.
2. വിതരണം ചെയ്യാന്‍ യോഗ്യനായ മറ്റൊരു വ്യക്തിയെ ഏല്‍പ്പിക്കുക.
3. ഇസ്‌ലാമിക ഭരണമുള്ളിടത്ത് ഭരണാധികാരിയെ ഏല്‍പ്പിക്കുക.

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക ഭരണകൂടമില്ല. അതിനാല്‍ മൂന്നാമത്തെ മാര്‍ഗം നമുക്ക് ബാധകമല്ല. ഇസ്‌ലാമിക ഭരണകൂടം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ചില സംഘടനകള്‍ മുന്നോട്ടുവന്ന് ജനങ്ങളുടെ സകാത്ത് സ്വീകരിച്ചു വിതരണം ചെയ്യുന്നു എന്ന് അവകാശപ്പെടാറുണ്ട്. പൂര്‍ണമായും എതിര്‍ക്കപ്പെടേണ്ട ഈ ദുരാചാരത്തിനു പിന്നില്‍ പുത്തന്‍വാദികളാണ്. വിവേചന രഹിതമായി ബാഹ്യവും ആന്തരികവുമായ എല്ലാവരുടേയും സമ്പത്തിന്റെയും സകാത്ത് അവര്‍ ശേഖരിക്കുന്നു. യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണം നില നില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ തന്നെയും ആന്തരിക ധനത്തിന്റെ സകാത്ത് ആവശ്യപ്പെടലും അത് പിരിച്ചടുക്കലും ഭരണാധികാരിക്ക് അനുവദനീയമല്ലെന്നതില്‍ പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ് (തുഹ്ഫ, മുഗ്‌നി, നിഹായ).

വസ്തുത ഇതായിരിക്കെ ജനങ്ങളുടെ സകാത്ത് നിഷ്ഫലമാക്കുന്ന ഇത്തരം പ്രവണതകള്‍ ഏത്രമേല്‍ നിരര്‍ത്ഥകമാണ്?
സകാത്ത് വിതരണത്തിന് മേല്‍ പറഞ്ഞ മൂന്നാലൊരു മാര്‍ഗമല്ലാതെ മറ്റൊന്നും മുന്‍ഗാമികളാരും സ്വീകരിച്ചിരുന്നതായി യാതൊരു രേഖയുമില്ല. എന്നാല്‍ മറ്റ് കര്‍മങ്ങള്‍ നിഷ്ഫലമാക്കാനായി നവീന ചിന്താഗതിക്കാര്‍ പുത്തനാശയങ്ങള്‍ സ്വീകരിച്ചതു പോലെ ഒന്നായി മാത്രമേ ഇതിനെ നമുക്ക് കാണാന്‍ കഴിയൂ. മുസ്‌ലിം ഭരണാധികാരികളോ അവരുടെ പ്രതിനിധികളോ സകാത്ത് പിരിച്ചതിനെയാണ് തീര്‍ത്തും പ്രമാണ വിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നതെന്നതാണ് ഏറെ വിചിത്രം.

‘ജനങ്ങളുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ സകാത്ത് വാങ്ങുക’ എന്ന ആശയം വരുന്ന സൂറതുത്തൗബയുടെ നൂറ്റി മൂന്നാം സൂക്തം അവര്‍ വ്യാഖ്യാനം ചെയ്യാറുണ്ട്. എന്നാല്‍ സകാത്ത് വാങ്ങാനുള്ള പ്രസ്തുത ആയത്തിലെ കല്‍പന മുസ്‌ലിം ഭരണാധികാരികളോട് മാത്രമാണെന്ന് മുഫസ്സിറുകള്‍ വിവരിക്കുന്നുണ്ട്. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ഭരണാധികാരികള്‍ പിടിച്ചെടുത്തിരുന്നത് ബാഹ്യ സമ്പത്തിന്റെ സകാത്ത് മാത്രമായിരുന്നു. ഫിത്ര്‍ സകാത്ത് ബാഹ്യ ധനത്തില്‍ ഉള്‍പ്പെടുകയില്ല. പക്ഷേ ഇത്തരം സകാത്ത് കമ്മിറ്റികള്‍ ഏറെയും പിരിച്ചെടുക്കുന്നത് ഫിത്ര്‍ സകാതാണെന്നത് അത്യന്തം ഖേദകരമാണ്.

Related Posts