Site-Logo
POST

ഫിത്ർ സകാത്; സവിശേഷതകളും നിയമങ്ങളും

19 Mar 2024

feature image

ഹിജ്റ  രണ്ടാം  വര്‍ഷത്തിൽ നിയമമാക്കപ്പെട്ട ഒരു കർമമാണ് ഫിത്ർ സകാത്ത്. റമളാനിലെ അവസാന നോമ്പും സമാപിക്കുന്നത്തോടെയാണ് ഫിത്ർ സകാത്ത് നിർബന്ധമാവുക. അക്കാരണത്തലാണ് അങ്ങനെ പേര് വരാൻ കാരണം. സകാതുല്‍  ബദന്‍,  സകാതു  റമളാന്‍,  സകാതു  സ്സൗമ്, സകാതു  റുഊസ്,  സകാതുല്‍  അബ്ദാന്‍ എന്നിങ്ങനെയുള്ള പേരുകളും ഫിത്ർ സകാത്തിനുണ്ട്.

വളരെയധികം സവിശേഷതകളുണ്ട് ഫിത്ർ സകാതിന്. മഹാരഥന്മാർ അതിന്റെ പുണ്യങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാധിച്ചിട്ടുണ്ട്. ഇമാം  ശാഫി ﵀ യുടെ ഗുരുവായ  ഇമാം  വകീഅ ﵀ പറയുന്നു. “സഹ്‌വിന്റെ സുജൂദ്  വഴി  നിസ്കാരത്തിലെ ന്യൂനതകൾ പരിഹരിക്കപ്പെടുന്നത് പോലെ  ഫിത്വറ്  സകാത്  റമളാനിലെ ന്യൂനതകളെ പരിഹരിക്കുന്നതാണ് (തുഹ്ഫ  3/305).
ചെറിയപെരുന്നാള്‍  പകലിലും  രാത്രിയിലും  തനിക്കും താന്‍  ചെലവ്  കൊടുക്കല്‍  നിര്‍ബന്ധമായവർക്കുമുള്ള ഭക്ഷണം, വസ്ത്രം, പാര്‍പിടം, ആവശ്യമായ  സേവകന്‍, കടം എന്നിവ  കഴിച്ച് വല്ലതും  ശേഷിച്ചാല്‍  ഫിത്വറ്  സകാത് നല്‍കല്‍  നിര്‍ബന്ധമാണ്.

അവധിയെത്തിയ  കടവും  പിന്നീട് നല്‍കേണ്ട  കടവും  ഈ  വിഷയത്തില്‍ വിത്യാസമില്ല.  കടം നല്‍കിയവന്‍  വൈകിപ്പിക്കുന്നത്  തൃപ്തിപ്പെട്ടാലും  ശരി (ഫത്ഹുല്‍  മുഈന്‍  172).  ചെലവ്  കഴിച്ച്  ബാക്കിയുള്ളത്  എന്നതിനര്‍ത്ഥം  പണം  മാത്രമല്ല,  മറ്റു  സമ്പത്തുകൂടി  ഉള്‍പ്പെടുന്നതാണ്. ഫിത്വറ്  സകാതിന്  മതിയായ  ധനമില്ലാത്തവന്‍  അതിന് വേണ്ടി  ജോലി  ചെയ്ത്  ധനം  സമ്പാധിക്കല്‍  നിര്‍ബന്ധമില്ല. എന്നാല്‍ അവന്റെ അശ്രദ്ധ കാരണം  മുമ്പ്  വീട്ടാതെ  പോയ  സകാതിന് വേണ്ടി ജോലി  ചെയ്യല്‍  നിര്‍ബന്ധവുമാണ്.  ഇന്ന്  സമൂഹത്തിലെ ഭൂരിഭാഗം പേരും ഫിത്വറ്  സകാത്  നല്‍കാന്‍  ബാധ്യതയുള്ളവരായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ ചെലവും  പെരുന്നാള്‍  ദിവസത്തിലെ  ചെലവിന്റെ പരിധിയില്‍ വരുന്നതാണ് (തുഹ്ഫ  3/312).  എന്നാല്‍, ശവ്വാല്‍ പിറവി സമയത്ത്  മതിയായ  സാമ്പത്തികശേഷിയില്ലാത്തവന്ന്  പെരുന്നാള്‍ ദിവസം പെട്ടെന്ന് കഴിവുണ്ടായാല്‍ സകാത്  നല്‍കല്‍  സുന്നത്താണ്, നിര്‍ബന്ധമില്ല  (തുഹ്ഫ  3/312).

ഫിത്വറ്  സകാത് നൽകേണ്ട സമയത്തെ അഞ്ചു ഘട്ടങ്ങളായി പണ്ഡിതന്മാർ വർഗീകരിച്ചിട്ടുണ്ട്. അവ ഏതെല്ലാം എന്നു നോക്കാം.
1. അനുവദനിയമായ ഘട്ടം – റമളാന്‍  ഒന്ന് മുതല്‍  പെരുന്നാള്‍ മാസപ്പിറവി വരെ. പക്ഷെ, പെരുന്നാള്‍  മാസപ്പിറവിയുടെ  സമയത്ത് സകാത്  സ്വീകരിച്ചവന്‍  അതിന്  യോഗ്യനായി  സ്ഥലത്തുണ്ടായിരിക്കണം.
2. നിർബന്ധ ഘട്ടം – റമളാൻ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ.
3. സുന്നത്തായ ഘട്ടം –  സൂര്യന്‍  അസ്തമിച്ചത്  മുതല്‍  പെരുന്നാള്‍  നിസ്കാരം  ആരംഭിക്കുന്നത്  വരെ. ഫിത്വറ് സകാത് വിതരണ സൗകര്യാര്‍ത്ഥം  ചെറിയപെരുന്നാള്‍ നിസ്കാരം  അല്‍പം വൈകി നിർവഹിക്കൽ സുന്നതാണ്.
4. കറാഹത്തായ  ഘട്ടം – പെരുന്നാള്‍  നിസ്കാരത്തിന്  ശേഷം അസ്തമയം  വരെ. എന്നാല്‍  അടുത്ത  കുടുംബക്കാരന്‍, അയല്‍വാസിmതുടങ്ങിയവര്‍ക്ക് നല്‍കാന്‍ വേണ്ടി നിസ്കാര  ശേഷത്തേക്ക് പിന്തിക്കൽ  സുന്നത്താണ്. അതേ സമയം മേൽപറയപ്പെട്ടവർക്ക് വേണ്ടിയാണെങ്കിലും പെരുന്നാൾ അസ്തമയത്തിലേക്ക് പിന്തിക്കൽ കുറ്റകരമാണ് (ഫത്ഹുൽ മുഈൻ)
5. ഹറാമായ ഘട്ടം – പെരുന്നാള്‍ പകലിലെ  അസ്തമയത്തിന് ശേഷത്തേക്ക്  പിന്തിക്കല്‍ (ഇആനത്തു ത്വാലിബീൻ: 2/174)

ഫിത്ർ സകാത് വിതരണ വേളയിൽ നിയ്യത്ത് നിർബന്ധമാണ്. ‘ഇത്  എന്റെയും  ആശ്രിതരുടേയും  ഫിത്വറ്  സകാതാണ്’  എന്ന് കരുതിയാൽ മതിയാവും. സകാത്  നല്‍കാന്‍ ബാധ്യതയുള്ളയാൾ ആണ് അപ്രകാരം കരുതേണ്ടത്. നാല് അവസരങ്ങളാണ് നിയ്യത്ത് നിർവഹിക്കാൻ ഉള്ളത്. ഒന്ന്, സകാത്  വസ്തു അളന്ന് നീക്കിവെക്കുമ്പോള്‍. രണ്ട്, അവകാശികള്‍ക്ക് നല്‍കുമ്പോള്‍. മൂന്ന്, വകീലിനേയോ  ഭരണാധികാരിയേയോ  ഏല്‍പിക്കുമ്പോള്‍. നാല്, അളന്ന് നീക്കി വെച്ച്  ഓഹരി ചെയ്യുന്നതിനിടയില്‍ (ഫത്ഹുല്‍ മുഈന്‍-176).

നാട്ടിലെ മുഖ്യ ആഹാരമായി  ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥമാണ് ഫിത്ർ സകാത്തായി നല്‍കേണ്ടത്. ഒന്നിലതികം  മുഖ്യ ആഹാരങ്ങൾ ഉണ്ടാവുകയും രണ്ടും തുല്ല്യമാവുകയും  ചെയ്താല്‍ ഇഷ്ടമുള്ളത്  നല്‍കാം.  അവയിൽ ഏറ്റവും നല്ലത് നൽകലാണ് ഉത്തമം. പൊടി നൽകാൻ പാടില്ല. ഒരാളുടെ  സകാത്  വിഹിതം രണ്ട് തരം  ധാന്യങ്ങളില്‍  നിന്നായാലും സ്വീകരിക്കപ്പെടില്ല. പത്തിരി, പായസം എന്നിവയുണ്ടാക്കി  നല്‍കിയാലും  മതിയാവില്ല.  അത്  അവകാശികള്‍ക്ക് ഗുണകരമല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം  ഇഷ്ടാനുസരണമുള്ള  ഉപയോഗത്തിന് ധാന്യം തന്നെ  നല്‍കലാണ് ഫലപ്രദം (തുഹ്ഫ,  ശര്‍വാനി: 3/325).

ധാന്യം തന്നെയാണ് നൽകേണ്ടത്. ശാഫിഈ  മദ്ഹബ്  പ്രകാരം വില മതിയാവില്ല (തുഹ്ഫ: 3/324). സകാതുല്‍  ബദന്‍ അഥവാ ശരീരത്തിന്റെ സകാതാണ് ഫിത്ർ സകാത് എന്നതിനാൽ
ശരീരവുമായി കൂടുതല്‍  ബന്ധപ്പെട്ട നാട്ടിലെ  മുഖ്യാഹാരം തന്നെ നല്‍കണം. മറ്റു മദ്ഹബുകൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ഒരു  വ്യക്തിക്ക് ഒരു സ്വാഅ (3.200  ലിറ്റര്‍) ആണ് സകാത്തിന്റെ മാനദണ്ഡം. നാല്  മുദ്ധ് ആണ് ഒരു സ്വാഅ. നബി ﷺ യുടെ  കാലത്തുണ്ടായിരുന്ന  പാത്രങ്ങള്‍ ‘മുദ്ദുന്നബവിയ്യ്’  എന്ന  പേരില്‍  ഇന്ന്  വിപണിയില്‍  ലഭ്യമാണ്. അത്  വാങ്ങി  ഉപയോഗിക്കാവുന്നതാണ്.  അളവാണ്  അടിസ്ഥാനപരമായി  സ്ഥിരപ്പെട്ടത്  എന്നതിനാല്‍  തൂക്കം  പലപ്പോഴും  കൃത്യമാവണമെന്നില്ല.  ധാന്യത്തിന്‍റെ  കനവും  കട്ടിയുമനുസരിച്ച് വ്യത്യാസപ്പെടും.  എങ്കിലും  ഒരാള്‍ക്ക് 2.700  കി.ഗ്രാം  എന്ന  നിലയില്‍  നല്‍കിയാല്‍  ഇന്ന്  പൊതുവെ  ലഭിക്കാറുള്ള  ധാന്യങ്ങളുടെ അളവിനോട്  അത് തുല്ല്യമാവും.

സകാതിന്റെ അവകാശികള്‍  പൊതുവെ  എട്ട്  വിഭാഗമാണ്.  എന്നാല്‍  അവയില്‍  അടിമ,  സകാത്  ഉദ്യോഗസ്ഥന്‍,  അല്ലാഹുവിന്റെ മാര്‍ഗത്തില്‍  യുദ്ധം  ചെയ്യുന്നവന്‍  എന്നിവര്‍  ഇന്ന് നമുക്കിടയിലില്ല. ശേഷിക്കുന്ന ഫഖീര്‍, മിസ്കീന്‍, പുതുവിശ്വാസി,  കടക്കാരന്‍,  യാത്രക്കാരന്‍,  എന്നീ  അഞ്ച് വിഭാഗത്തിൽ പെട്ടവർ ഉണ്ട്. ലഭ്യമായ ഓരോ  വിഭാഗത്തില്‍ നിന്നും  മൂന്നാള്‍ക്ക്  വീതമാണ്  നല്‍കേണ്ടത്.  അപ്പോള്‍  അഞ്ച് വിഭാഗത്തില്‍  നിന്നായി  പതിനഞ്ച്  ആളുകള്‍ക്ക്  നല്‍കേണ്ടിവരും.  ഒരു  വിഭാഗത്തിലെ  മൂന്നാള്‍ക്ക് നല്‍കിയാല്‍  മതിയെന്ന് സുബ്കി  ഇമാമിനും  കേവലം  ഒരാള്‍ക്ക് നല്‍കിയാല്‍  മതിയാകുമെന്ന്  അദ്റഈ(റ)വിനും  അഭിപ്രായങ്ങളുണ്ട് (തുഹ്ഫ  7/169). തനിക്ക് തരാനുള്ള  കടത്തിലേക്ക്  തിരിച്ച്  നല്‍കണമെന്ന  വ്യവസ്ഥയില്‍  നല്‍കിയാല്‍  സകാത്  വീടില്ല.  പക്ഷെ   കൊടുത്തവന്‍ അവകാശിയാണെങ്കില്‍  അത്  തന്നെ  വാങ്ങുന്നതില്‍  കുഴപ്പമില്ല (ശര്‍വാനി  3/319).  വ്യവസ്ഥ  പാടില്ലെന്ന്  മാത്രം.  വാങ്ങിയവനും നല്‍കിയവനും  ഒന്നാവുന്നത്  തെറ്റല്ലെന്ന്  ചുരുക്കം. ഫിത്ർ സകാത് നേരിട്ടോ വിശ്വസ്തനും  യോഗ്യനുമായ  വകീലിനെ എൽപ്പിച്ചോ നൽകാവുന്നതാണ്. കമ്മിറ്റികൾക്ക് നൽകിയത് കൊണ്ട് ഒരിക്കലും അത് വീടില്ല. എന്നാൽ ഇസ്‌ലാമിക ഭരണ സംവിധാനം ഉള്ള രാജ്യങ്ങളിൽ ഭരണാധികാരികൾക്ക് നൽകാവുന്നതാണ്.

Related Posts