ഖബ്ർ സിയാറത്ത് സുന്നത്താണ്, മുസ്‌ലിംകളുടെ ഇജ്‌മാഅ ആണ്. (ശറഹു മുസ്‌ലിം: 314/1)
മുസ്‌ലിംകളുടെ ഖബ്ർ സിയാറത്ത് ചെയ്യൽ പുരുഷന്മാർക്ക് ഇജ്‌മാഅ എന്ന നിലക്ക് സുന്നത്താണ് (തുഹ്ഫ 199/3). ഖബ്റ് സിയാറത്ത് ഇസ്‌ലാമിൽ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനുവദിക്കുകയുണ്ടായി. ശിർക്ക് മുസ്‌ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുവരാനുള്ള സാഹചര്യം ഇല്ലാതായ ശേഷമാണ് ഇസ്‌ലാം ഖബ്ർ സിയാറത്ത് സുന്നത്തായി പ്രഖ്യാപിച്ചത്.
قَالَ رَسُولُ اللَّهِ ﷺ نَهَيْتُكُمْ عَنْ زِيَارَةِ القُبُورِ فَزورُوهَا (مسلم کتاب الجنائز)
നിങ്ങൾക്ക് ഞാൻ ഖബർ സിയാറത്ത് തടഞ്ഞിരുന്നു. ഇനി നിങ്ങൾ സിയാറത്ത് ചെയ്തുകൊള്ളുക (മുസ്‌ലിം). ആഇശ(റ) പറയുന്നു. നബി(സ്വ) രാത്രിയുടെ അവസാന സമയം ജന്നത്തുൽ ബഖീഇലേക്ക് പോവുകയും അവരോട് സലാം പറയുകയും നിങ്ങൾ കരാർ ചെയ്യപ്പെട്ടത് നിങ്ങൾ എത്തിയിട്ടുണ്ടെന്നും നിശ്ചയം ഞാൻ നിങ്ങളോടോപ്പം എത്തിച്ചേരുമെന്ന് പറയുകയും ചെയ്തു( മുസ്‌ലിം).
എല്ലാ വർഷാരംഭത്തിലും നബി(സ്വ) തങ്ങൾ ശുഹദാക്കളുടെ ഖബർ സിയാറത്തിന് എത്തുകയും സലാം പറയുകയും അവരെ പ്രശംസിക്കുകയും ചെയ്തിരുന്നു. നാല് ഖുലഫാഉറാശിദുകളും ഇപ്രകാരം ചെയ്തിരുന്നു (റാസി).
എന്നാൽ നബി(സ്വ)യുടെയും മറ്റു അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവരുടെയും ഖബർ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്കും സുന്നത്താണ് (തുഹ്ഫ).
روى عبد الرزاق : كَانَتْ فَاطِمَةُ بِنْتُ رَسُولِ اللهِ ﷺ تزور قبر حمزة كُل جمعة (مصنف عبد الرزاق ٥٧٦/٣)
ഫാത്തിമ(റ) എല്ലാ വെള്ളിയാഴ്‌ചയും ഹംസ(റ)വിന്റെ ഖബർ സന്ദർശിക്കുന്നവരായിരുന്നു.
എന്നാൽ നവീനവാദികൾ ഖബർ സിയാറത്തിനായി പ്രത്യേകം വാഹനമൊരുക്കി പോവാൻ പാടില്ലെന്ന് പറഞ്ഞ് ഹദീസ് ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. അല്ലാഹു പറയുന്നു: അവർ തങ്ങളുടെ ശരീരങ്ങളെ ദ്രോഹിച്ച(പശ്ചാതപിച്ച)വരായി താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ പാപമോചനത്തിന് അർത്ഥിക്കുകയും റസൂൽ അവർക്കുവേണ്ടി മാപ്പിരക്കുകയും ചെയ്താൽ (അവരെ സംബന്ധിച്ച്) വളരെയധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവർ കണ്ടെത്തിയിരിക്കുന്നതാണ്. (നിസാഅ 6).
ഇവിടെ പാപമോചനത്തിനായി വിശ്വാസികൾ നബി(സ്വ)യെ സമീപിക്കണമെന്നും നബി(സ്വ)യുടെ അടുക്കൽവെച്ച് അല്ലാഹുവിനോട് പാപമോചനം അർത്ഥിക്കണമെന്നും നബിയും അവർക്കു വേണ്ടി പാപമോചനർത്ഥിക്കണമെന്നുമാണ് ഈ സൂക്തം വിവരിക്കുന്നത്. ഇവിടെ നബി(സ)യുടെ ജീവിത സമയത്തെന്നോ മരണശേഷമെന്നോ അല്ലാഹു വേർതിരിച്ച് പറയുന്നില്ല. മാത്രമല്ല ഖബർ സിയാറത്തിനു വേണ്ടി നടത്തുന്ന യാത്രയും സുന്നത്താണെന്ന് മേൽ സൂക്തം വ്യക്തമാക്കുന്നുണ്ട് ജാഊക അവർ തങ്ങളുടെ അടുക്കൽ വന്നാൽ എന്ന പ്രയോഗം മദീനക്കാർക്കുമാത്രമല്ല. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്കും ബാധകമാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. പണ്ഡിതന്മാർ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്.
സിയാറത്തിനുവേണ്ടിയുള്ള യാത്ര സുന്നത്താണെന്ന് ഇത് വ്യക്തമാക്കുന്നു. സിയാറത്ത് ചെയ്യുന്നവനായി എന്റെ അരികിൽ വന്നാൽ എന്ന ഹദീസിൽ ഇക്കാര്യം കൂടുതൽ വ്യക്തമാണ്. സിയാറത്ത് സുന്നത്താണെന്ന് വ്യക്തമായാൽ അതിനുള്ള യാത്രയും സുന്നത്താകുമല്ലോ. നബി(സ്വ) മദീനയിൽ നിന്ന് ശുഹദാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ പോകാറുണ്ടായിരുന്നു എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടതാണ്. സമീപ പ്രദേശങ്ങളിലേക്കുള്ള യാത്രയാകാമെങ്കിൽ വിദൂരത്തേക്കും ആകാവുന്നതാണല്ലോ (വഫാഉൽ വഫ 1/1364). അതുകൊണ്ടു തന്നെ സിയാറത്തിനെതിരെ നവീനവാദികൾ നടത്തുന്ന വാദങ്ങളെല്ലാം പൊള്ളയാണ്.