യസീദിനെ ലഅനത് ചെയ്യുന്നതിനെ സംബന്ധിച്ച് 1954 ഏപ്രിൽ 24, 25 തിയ്യതികളിൽ താനൂരിൽ വെച്ച് ചേർന്ന സമസ്ത മുശാവറ നൽകിയ ഫത്‌വ.
ചോദ്യത്തിന്റെ പശ്ചാതലം
“ഞങ്ങളുടെ നാട്ടിൽ(തലശ്ശേരിയിൽ) ഒരാൾ പ്രസംഗം ചെയ്തു കൊണ്ടിരിക്കുമ്പോൾ മുആവിയ(റ)ന്റെ മകനായ യസീദിനെ ലഅനത് ചെയ്യൽ അനുവദനീയമാണെന്ന് പ്രസ്താവിക്കുകയും ലഅനത് ചെയ്യുവാൻ ജനങ്ങളോട് ജനങ്ങളോട് ആജ്ഞാപിക്കുകയും ചെയ്തതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉളവാകുകയും തദ്ദേശ മുസ്‌ലിംകൾക്കിടയിൽ ഒരു കോളിളക്കം തന്നെ ഉണ്ടാവുകയും ചെയ്തതിനാലാണ് ഈ ചോദ്യം ഞാൻ സമർപ്പിക്കുവാൻ കാരണമായത്.
ഉത്തരം: “മുആവിയ(റ)ന്റെ പുത്രൻ യസീദിനെ ലഅനത് ചെയ്യൽ ജാഇസാവുകയില്ല. തുർമുദി(റ) രിവായത്ത് ചെയ്ത ഹദീസിന്റെ രത്ന ചുരുക്കത്തിൽ അർഹൻ അല്ലാത്ത ഒരു വ്യക്തിയെ ആരോരുത്തൻ ല അനത്ത് ചെയ്യുന്നുവോ ആ ശാപം അവനിലേക്ക് തന്നെ മടങ്ങുന്നതാണ്”.
ഖുത്വുബി ഉസ്താദ്, വാളക്കുളം അബ്ദുൽബാരി ഉസ്താദ്, പറവണ്ണ ഉസ്താദ്, അയനിക്കാട് ഇബ്റാഹീം മുസ്‌ലിയാർ, പതി ഉസ്താദ്, കെ കെ സ്വദഖത്തുള്ള ഉസ്താദ്, ഇ കെ ഉസ്താദ് തുടങ്ങിയവർ പങ്കെടുത്ത മുശാവറ യോഗത്തിലേതാണ് തീരുമാനം.
ഫത്‌വയുടെ അവസാനഭാഗത്ത് നൽകിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്. “ബാലിശങ്ങളും അനാവശ്യവുമായ ഇത്തരം കക്ഷി വഴക്കുകൾ പാടെ ഉപേക്ഷിച്ച് വാശി മൂത്താൽ നാശം ഫലം എന്ന പഴമൊഴി ഓർത്ത് ബഹുമാനപ്പെട്ട ഉലമാഇൻറെ ഫത്‌വ ശിരസാവഹിച്ച് കൊണ്ട് ഏകോദര സഹോദരങ്ങളായി വർത്തിക്കുവാൻ തലശ്ശേരി മുസ്‌ലിം സഹോദരങ്ങളോടും ബാലിശങ്ങളായ ഇത്തരം വാദങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും മറ്റും ഫിത്ന ഉളവാക്കുന്നതിനെ സൂക്ഷിക്കണമെന്ന് മാന്യ പ്രാസംഗികന്മാരായ ഉലമാക്കളോടും അഭ്യർത്ഥിക്കുന്നു”
(കടപ്പാട്: 1954 ജൂൺ ലക്കം അൽബയാൻ)
ഉമൈർ ബുഖാരി