Site-Logo
POST

നബി യോട് സഹായം തേടൽ; ഇമാമീങ്ങളുടെ നിലപാട്

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

|

18 Sep 2023

feature image

മരണപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും രീതിയിൽ സഹായം പ്രതീക്ഷിക്കൽ ശിർക്കും കുഫ്റും ആണെന്നാണ് വഹാബികളും മൗദൂദികളും നാളിതു വരെ സമൂഹത്തിൽ പ്രചരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലോക മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ ഇസ്‌ലാമികവൃത്തത്തിൽ നിന്ന് മാറ്റി നിർത്തുന്നതും. എന്നാൽ വഫാത്തായ തിരുനബിയോട് ശഫാഅത്ത് തേടണമെന്നത് നാല് മദ്ഹബിലെ പണ്ഡിതന്മാർ രേഖപ്പെടുത്തിയതാണ്.

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനും മുഹർറിറുൽ മദ്ഹബ് എന്ന പേരിൽ പ്രശസ്തനുമായിട്ടുള്ള ഇമാം നവവി(റ) പറയുന്നത് കാണുക: “രണ്ട് ഖലീഫമാർക്കും സലാം പറഞ്ഞതിനു ശേഷം അവൻ വീണ്ടും അല്ലാഹുവിന്റെ റസൂലിന്റെ(സ) തിരുമുഖത്തിനു അഭിമുഖമായി തന്നെ നിൽക്കണം. റസൂലിനെ(സ) അവന്റെ സ്വന്തം കാര്യത്തിൽ വസീലയാക്കണം, നബി തങ്ങളോട് തന്റെ റബ്ബിലേക്ക് ശഫാഅത്തിനെ ചോദിക്കണം”.

‎ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ اﻷﻭﻝ ﻗﺒﺎﻟﺔ ﻭﺟﻪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺴﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ اﻟﻤﺎﻭﺭﺩﻱ ﻭاﻟﻘﺎﺿﻲ ﺃﺑﻮ اﻟﻄﻴﺐ ﻭﺳﺎﺋﺮ ﺃﺻﺤﺎﺑﻨﺎ ﻋﻦ اﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ .شرح المهذب ٨/٢٧٤

എന്നാൽ ഇതിനു മറുപടിയെന്നോണം ഒരാൾ എഴുതുന്നത് നോക്കൂ: സൂക്തത്തിന്റെ പ്രാഥമികവും സന്ദർഭോചിതവുമായ അർഥം. പ്രബോധകനായ നബിയുടെ അരികിൽ വരാതെ മാറി നടക്കുകയും തെറ്റുകളിൽ ആപതിക്കുകയും ചെയ്തവർ, ആദ്യം വേണ്ടത് നബിയുടെ തിരുസന്നിധിയിൽ വരികയാണ്; എന്നിട്ട് തെറ്റുകുറ്റങ്ങൾക്ക് അല്ലാഹുവിനോട് മാപ്പിരക്കുക. അപ്പോൾ തിരുദൂതരും അല്ലാഹുവിനോട് അവർക്ക് വേണ്ടി പ്രാർത്ഥിക്കും; അങ്ങനെ അവർക്ക് വിശുദ്ധരായി മാറാം.

ഈ സൂക്തത്തിൽ തെറ്റ് ചെയ്തവർ നബിയുടെ ചാരത്ത് വരണം എന്ന് പറഞ്ഞത് നബിയുടെ അരികിൽവരാതെ മാറി വന്നവർക്ക് മാത്രം ബാധകമാണോ? അങ്ങിനെയാണോ സ്വഹാബത്ത് മനസ്സിലാക്കിയത് ? അല്ല എന്ന് വ്യക്തം. ഇമാം ബുഖാരിയും മുസലിമും ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കൂ:

نِ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: «إِنَّ رَجُلًا أَصَابَ مِنِ امْرَأَةٍ قُبْلَةً، فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرَهُ، فَأَنْزَلَ اللَّهُ تَعَالَى: {وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ} الحديث مُتَّفَقٌ عَلَيْهِ. 

ഈ ഹദീസ് വിശദീകരിച്ച് മുല്ലാ അലിയ്യിൽ ഖാരി ഇങ്ങനെ പറയുന്നു:

‎فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : عَمَلًا بِقَوْلِهِ تَعَالَى: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ}

തിരുദൂതരുമായുള്ള അകൽച്ചയാണ് പ്രശ്നമെന്നും അവർക്ക് മാത്രമെ നബിയുടെ സന്നിധിയിൽ വരണമെന്നത് ബാധകമാകൂ എന്നതും സ്വന്തം ഗവേഷണം ആണെന്ന് വ്യക്തമായി. കപട വിശ്വാസികളുമായി ബന്ധപ്പെട്ടാണ് മേൽ സൂക്തത്തിന്റെ അവതരണമെന്ന് പറഞ്ഞവരും അവർക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ എന്ന് പറഞ്ഞിട്ടില്ല.

സൂക്തത്തിൽ ഇല്ലാത്തതും ചിലർ കൂട്ടിച്ചേർത്തതുമായ കാര്യങ്ങൾ എന്ന് പറഞ്ഞ് അദ്ധേഹം എഴുതുന്നു: ശഫാഅത്ത് ചെയ്യാൻ നബിയോട് അഭ്യർത്ഥിക്കുക“. ശഫാഅത്ത് ചെയ്യണമെന്ന് അപേക്ഷിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് നബിയുടെ അരികിൽ വരാൻ പറഞ്ഞത്?.

ശഫാഅത്ത് ചെയ്യാൻ നബിയോട് അഭ്യർത്ഥിക്കണം എന്ന് കൂട്ടിച്ചേർത്തത് ആരാണ്?. അല്ലാമ ഇബ്നു കസീർ പ്രസ്തുത സൂക്തം വിശദീകരിച്ചു എഴുതുന്നത് കാണുക:

‎وقوله:(وَلَوْ أَنْهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ ) يُرْشِدُ تَعَالَى الْعُصَاةَ وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمُ الْخَطَء وَالْعِصْيَانُ أَنْ يَأْتُوا إِلَى الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّهَ عِنْدَهُ، وَيَسْأَلُوهُ أَنْ يَسْتَغْفِرَ لَهُمْ، فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّهُ عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ، وَلِهَذَا قَالَ: {لَوَجَدُوا اللَّهَ تَوَّابًا رَحِيمًا}

“തെറ്റും കുറ്റവും ചെയ്തവരോട് അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് വരാനും അവർ തങ്ങളുടെ ദോഷം പൊറുത്ത് തരാൻ അല്ലാഹുവിനോട് ആവശ്യപ്പെടാനും പിന്നീട് നബിയോട് തങ്ങളുടെ പാപം പൊറുത്ത് കിട്ടാൻ അല്ലാഹുവിനോട് ശിപാർശ ചെയ്യാനുമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു നിർദ്ദേശിക്കുന്നത്”

വഫാത്തിന് ശേഷവും ബാധകം

ഇനിയുള്ള സംശയം പ്രസ്തുത സൂക്തം തിരുനബിയുടെ വഫാത്തിന് ശേഷം അവിടുത്തോട് ശഫാഅത്ത് തേടാൻ തെളിവാണോ എന്നതാണ്. ജീവിത കാലത്ത് തേടാമെങ്കിൽ മരണ ശേഷവും ആവാമെന്നാണ് അതിന്റെ മറുപടി. അഥവാ ആയത്ത് മുത്വലഖാണ്. അത് കൊണ്ടാണ് ഈ സൂക്തം വിശദീകരിച്ചവരാരും അത് തിരുനബിയുടെ ജീവിത കാലത്തേക്ക് മാത്രമാണെന്ന് പറയാതിരുന്നതും.

സ്വഹാബത്തിന്റെ നിലപാട്

അബ്ദുല്ലാഹിബുനു മസ്ഊദ് (റ) പറയുന്നു: “സൂറത്തുന്നിസാഇലെ അഞ്ച് സൂക്തങ്ങൾ ഭൗതിക പ്രപഞ്ചവും അതിലുള്ള മുഴുവൻ വസ്തുക്കളും കിട്ടുന്നതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്നതാണ്. ഏതൊരു പണ്ഡിതനും ആ ആയത്തുകളിലൂടെ കടന്നുപോകുമ്പോൾ ഏതൊക്കെയാണെന്ന് അവയെന്ന് തിരിച്ചറിയും.”
അതിൽ നാലാമത്തെതായി മഹാൻ എണ്ണുന്നത് സൂറത്തുന്നിസാഇലെ 64 മത്തെ വചനമാണ്. ഏത് കാലത്തും വിശുദ്ധ ഖുർആനിനെ സംബന്ധിച്ച് വിവരമുള്ളവർക്ക് തിരിച്ചറിയാം എന്ന് പറഞ്ഞ സൂക്തങ്ങൾ ഒന്നും നബിയുടെ കാലത്ത് മാത്രം ബാധകമല്ല, അത് തന്നെയാണ് തന്റെ സന്തോഷത്തിന്റെ കാരണവും.

‎٦٥٩ -قَالَ: قَالَ عَبْدُ اللَّهِ: إِنَّ فِي النِّسَاءِ لَخَمْسُ آيَاتٍ مَا يَسُرُّني بِهِنَّ الدُّنْيَا وَمَا فِيهَا، وَقَدْ عَلِمْتُ أَنَّ الْعُلَمَاءَ إِذَا مَرُّوا بِهَا يَعْرِفُونَهَا: (١) {إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كريمًا} (٢)، وَقَوْلُهُ عَزَّ وَجَلَّ: {إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لدنه أجرًا عظيمًا} (٣)، وَ {إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دون ذلك لمن يشاء (٤)، {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا}، (٥) {وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يجد الله  رواه الطبراني في “الكبير” والحاكم في المستدرك وقال الهيثمي في مجمع الزوائد رجاله رجال الصحيح.

മാലികി ഇമാമിന്റെ നിലപാട്

മുസ്‌ലിം ഭരണാധികാരിയായിരുന്ന അബൂജഅഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.
“അല്ലയോ ഇമാം…ഞാന്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബിയിലേക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കുകയാണോ വേണ്ടത്?.
ഇമാം മാലിക് (റ) പറഞ്ഞു: എന്തിന് തിരുനബിയിൽ നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബിയിലേക്ക് മുഖം തിരിച്ച് അവിടുത്തോട് ശിപാര്‍ശ തേടൂ.”

‎وَقَالَ: يَا أَبَا عَبْدِ اللَّهِ أَسْتَقْبِلُ الْقِبْلَةَ وَأَدْعُو أَمْ أَسْتَقْبِلُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: «وَلِمَ تَصْرِفُ وَجْهَكَ عَنْهُ وَهُوَ وَسِيلَتُكَ وَوَسِيلَةُ أَبِيكَ آدَمَ عَلَيْهِ السَّلَامُ إِلَى اللَّهِ تَعَالَى يَوْمَ القيامة!! بل استقبله واستشفع فَيُشَفِّعَهُ اللَّهُ» .. قَالَ اللَّهُ تَعَالَى: «وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ» الشفا للقاضي عياض ٢/٩٢

ഈ സംഭവം നിരവധി പണ്ഡിതമാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വന്നിട്ടുണ്ട്:

‎ ابن الملقن في غاية السول في خصائص الرسول ص ٢٧٥ والمقريزي في امتاع الاسماع و ملا علي القاري في شرح الشفا ٢/٧٣ وابن عساكر في اتحاف الزائر ٤٦ . 

സ്വഹാബത്തും ഇമാം മാലിക് (റ) അടക്കമുള്ള പണ്ഡിതമാരും ഇബ്നു കസീർ അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കളും സൂറത്തുന്നിസാഇലെ 64ആം സൂക്തത്തിൽ നിന്ന് തിരുനബിയോട് ശഫാഅത് ആവശ്യപ്പെടണം എന്നാണ് മനസ്സിലാക്കിയത് എന്ന് വ്യക്തമായല്ലോ.

സത്യം ഉൾകൊള്ളാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ – ആമീൻ

 

Related Posts