Site-Logo
POST

ബർസൻജി മൗലിദ് ഇശ്ഖിന്റെ സർഗാത്മക വിലാസം

16 Aug 2023

feature image

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചുര പ്രചാരം നേടുകയും പാരായണം നടത്തപ്പെടുകയും ചെയ്യുന്ന വിശിഷ്ട മൗലിദാണ് ബർസൻജി മൗലിദ്. ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ, അഥവാ അതിമനോഹര നബിയുടെ മൗലിദിൽ ക്രോഡീകൃതമായ രത്നഹാരം എന്നാണിതിന്റെ പേര്. പേരുപോലെത്തന്നെ തിരുനബി ചരിത്രത്തെ അതീവ ഹൃദയഹാരിയായി ചേർത്തുവെച്ച സുന്ദരസൃഷ്ടിയാണിത്.

മദീനയിലെ മുഫ്തിയും മഹാപണ്ഡിതനും സാത്വികനുമായ ജഅ്ഫർ ബിൻ ഹസനിൽ ബർസൻജി(റ) എന്നവരാണിതു രചിച്ചത്. ഇത് ഗദ്യരൂപത്തിലാണ്. ഇതിന്റെ പദ്യരൂപം സ്വസഹോദരൻ അലിയ്യുൽ ബർസൻജി(റ) തയ്യാറാക്കിയത് പ്രചാരത്തിലുണ്ട്. പരസ്പരം തിരിച്ചറിയാനാകാത്ത വിധം കാവ്യാത്മകത രണ്ടിലും കാണാവുന്നതാണ്. ആദ്യാന്ത്യം പ്രാസപ്പൊരുത്തം സംരക്ഷിച്ചുകൊണ്ടാണ് ഗദ്യരചന. നബി ﷺ യുടെ കുടുംബ മാഹാത്മ്യവും പരിശുദ്ധിയും വിവരിക്കുന്ന ഭാഗത്ത് ഇമാം ബൂസ്വീരി(റ)യുടെയും അൽ ഹാഫിള് സൈനുദ്ദീനിൽ ഇറാഖി(റ)യുടെയും ഈരണ്ട് വരി കവിതകൾ ചേർത്തിട്ടുണ്ട്. പ്രവാചക ജനന രംഗത്തെ അതിമനോഹരമായി ആവിഷ്കരിച്ച ബുസ്വീരി(റ)യുടെ ആറ് വരി കവിതകളും ചേർത്തിട്ടുണ്ട്. അവിടങ്ങളിൽ മാത്രമാണ് അന്ത്യാക്ഷര പ്രാസനിബദ്ധത നഷ്ടപ്പെട്ടിട്ടുള്ളത്. ഈ മൂന്ന് ഭാഗങ്ങളും അറബികളുടെ പ്രകൃതമനുസരിച്ച് വിനിമയമധ്യേ കടന്നുവന്നത്, അവയുടെ ആശയ പ്രകാശനത്തിനും ദൃഢീകരണത്തിനും ഒരു പ്രമാണം കണക്കെയാണ്.

ഇമാം ബൂസ്വീരി(റ)യുടെ അൽ ഖസീദതുൽ ഹംസിയ്യയിൽ നിന്നുള്ള പത്ത്, പതിനൊന്ന് വരികളാണ് ആദ്യത്തേത്. അതിന്റെ ആശയമിതാണ്: “മിഥുനരാശിയും നക്ഷത്രങ്ങളുമെന്ന പോലെ തിരുനബി യിൽ നിന്നും അന്യമല്ലാത്ത സവിശേഷത കുടുബ പൈതൃകത്തിനുമുണ്ട് എന്നു നിനക്ക് കാണാനാവും. അഭിമാന സാരഥികളായ പിതൃപരമ്പരയിൽ അങ്ങ് നിരുപമ പവിത്ര വിശുദ്ധ പ്രകൃതക്കാരനാണ്.

റസൂൽ യുടെ കുടുംബ പൈതൃകത്തിന്റെ പരിശുദ്ധി എടുത്തുകാട്ടാൻ ഇമാം ബൂസ്വീരി(റ) ഉപയോഗിച്ച വാക്കുകൾക്ക് അതിന്റെ ചാരുത നഷ്ടപ്പെടാതെ ഭാഷാന്തരം അസാധ്യം. ആശയം സൂചിപ്പിക്കുക മാത്രമേ നിർവാഹമുള്ളൂ. ഈ പൈതൃക പരിശുദ്ധി എന്തുകൊ ണ്ടാണ് അതിലെ കണ്ണികൾക്കും സിദ്ധിച്ചതെന്ന് വിശദീകരിക്കുന്നതിനാണ് അൽ ഹാഫിളുൽ ഇറാഖിയുടെ അൽ മൗരിദുൽ ഹനിയ്യ ഫീ മൗലിദിസ്സനിയ്യിൽ നിന്നുള്ള രണ്ടു വരികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

“ആദം മുതൽ തന്റെ മാതാപിതാക്കൾ വരെയുള്ള തലമുറകളിലാരും അവിശുദ്ധ ദാമ്പത്യത്തിലോ അവിഹിത ലൈംഗികതയിലോ ഏർപ്പെട്ടിട്ടില്ല. മുഹമ്മദ് നബി ക്കുള്ള ആദരവും പേരിന്റെ പരിരക്ഷയും പരിഗണിച്ച് അവിടുത്തെ ഉന്നതരായ പിതാക്കളെ നാഥൻ സംരക്ഷിച്ചതാണിത്.

പ്രമാണം നിരത്തി പറയേണ്ട ഒരാശയത്തിന് ബലം നൽകാൻ പ്രാമാണികനായ ഒരു ഹദീസ് പണ്ഡിതനെ തന്നെ ഉദ്ധരിച്ചതിനു തുല്യമാണിത്. കവിതയായി എന്നു കൊണ്ടുമാത്രം ഇതിനു പ്രാധാന്യം കുറയുന്നില്ല. തുടർന്ന് അൽപ ഭാഗം പിന്നിട്ടാൽ ഇമാം ബൂസ്വീരി(റ)യുടെ ആറു വരികൾ ഉദ്ധരിക്കുന്നുണ്ട്; ഖസീദതുൽ ഹംസിയ്യയിൽ നി ന്നുതന്നെ. ജനനം, ജനന സമയം, ഉമ്മയുടെ സൗഭാഗ്യം, കുഞ്ഞിന്റെ മുഖസൗന്ദര്യം, സത്യനിഷേധികളുടെ ദൗർഭാഗ്യം, തിരുജന്മമെന്ന അനുഗ്രഹം എന്നിവയാണതിൽ പരാമർശിക്കപ്പെടുന്നത്. ഈ മൂന്ന് ഘട്ടങ്ങളിലാണ് അന്ത്യാക്ഷരപ്രാസപ്പൊരുത്തം നഷ്ടപ്പെട്ടിട്ടുള്ളത്.

ഉള്ളടക്കം

മൊത്തം പത്തൊമ്പത് ഖണ്ഡങ്ങളായിട്ടാണ് ബർസൻജി മൗലിദ് ക്രമീകരിച്ചിരിക്കുന്നത്. അവയെ ഇങ്ങനെ സംഗ്രഹിക്കാം:

ഖണ്ഡം ഒന്ന്: ആമുഖം. രണ്ട്: നബി യുടെ കുടുംബവും വംശവും അവയുടെ മഹത്ത്വവും പൈതൃകത്തിന്റെ പരിശുദ്ധിയും.

മൂന്ന്: ഗർഭധാരണം. ഗർഭകാലത്തെ സുവാർത്തകൾ, ആമിന(റ) കണ്ട സ്വപ്നങ്ങൾ.

നാല്: അബ്ദുല്ല(റ)യുടെ രോഗവും മരണവും, പ്രസവം, പ്രസവ സമയത്തെ സന്തോഷം, നബി യുടെ മുഖസൗന്ദര്യം, ലോകത്തിന്റെ സന്തോഷം, നിഷേധികളുടെ ദുഃഖം.

അഞ്ച്: പ്രസവം, റസൂൽ ജാതനായ സ്വഭാവം, ആദരവുകൾ, അബ്ദുൽ മുത്വലിബുമായി സന്തോഷം പങ്കിട്ടത്.

ആറ്: ജനന സമയത്ത് ലോകത്തുണ്ടായ അത്ഭുതങ്ങൾ.

ഏഴ്: മുലകുടി, മുലകുടിപ്പിച്ച
ഉമ്മയുമായി നബി നിലനിർത്തിയ നല്ല ബന്ധം, ഹലീമ(റ)യുടെ സൗഭാഗ്യങ്ങൾ.

എട്ട്: നബി യുടെ വളർച്ച, ഉമ്മയുടെ അടുത്ത് തിരിച്ചെത്തിയത്, നെഞ്ച് പിളർത്തിയ
ത്, ഹലീമ ബീവിയുടെയും കുടുംബത്തിന്റെയും ഇസ്‌ലാമാശ്ലേഷണം.

ഒമ്പത്: ഉമ്മയോടൊപ്പം മദീനയിൽ പോയത്, തിരിച്ചുവരുമ്പോൾ ഉമ്മ മരണപ്പെട്ടത്, ഒന്നാം ശാം യാത്രയും അത്ഭുതങ്ങളും.

പത്ത്: 25-ാം വയസ്സായപ്പോൾ ശാമിലേക്കുള്ള രണ്ടാം കച്ചവടയാത്രയും അത്ഭുതങ്ങളും, വലിയ ലാഭം ലഭിച്ചത്, ഖദീജാ ബീവിയുടെ നിരീക്ഷണം, വിവാഹാഭ്യർത്ഥന, വിവാഹം.

പതിനൊന്ന്: 35 വയസ്സാ യപ്പോൾ ഖുറൈശികളുടെ കഅ്ബ പുനർനിർമാണം, നബി മധ്യസ്ഥത വഹിച്ചത്, ഹജറുൽ അസ്വദ് സ്വന്തം കരങ്ങളാൽ തത്സ്ഥാനത്തുവെച്ചത്‌.

പന്ത്രണ്ട്: ഹിറാഗുഹയിൽ ഏകാന്തനായി വസിച്ചത്, 40 വയസ്സു തികഞ്ഞപ്പോൾ രിസാലത്ത് ലഭിച്ചത്, വഹ്‌യിന്റെ രീതികൾ, പ്രബോധന നിർദേശം.

പതിമൂന്ന്: അബൂബക്കർ(റ) ആദ്യ പുരുഷ വിശ്വാസിയാണന്നത്, മറ്റു വിഭാഗത്തിലെ ആദ്യ വിശ്വാസികൾ, നിസ്കാരനിർവഹണാരംഭം, ഖുറൈശികളുടെ മർദനം, ത്വാഇഫിലെ മർദനം, നബി എല്ലാം സഹിച്ചത്, ഗുണത്തിനായി പ്രാർത്ഥിച്ചത്.

പതിനാല്: ഇസ്റാഅ്-മിഅ്റാജ്, മിഅ്റാജിൽ കണ്ട നബിമാർ, നിസ്കാരം ഫർളാക്കിയത്, അബൂബക്കർ(റ)ന് സിദ്ദീഖ് എന്ന അപരനാമം സിദ്ധിച്ചത്.

പതിനഞ്ച്: ഹജ്ജ് വേളയിൽ മദീനക്കാരെ കണ്ടത്, ബൈഅത്ത് നടന്നത്, ഹിജ്റ പോകാൻ സ്വഹാബികൾക്ക് നിർദേശം നൽകിയത്, നബി(സ്വ)യും സിദ്ദീഖ് വും ഹിജ്റ തുടങ്ങിയത്, സൗർ ഗുഹയിൽ താമസിച്ചത്. പ്രാവും ചിലന്തിയും കാവലായത്, സുറാഖയുടെ വാഹനത്തിന്റെ കാൽ ആഴ്ന്നിറങ്ങിയത്.

പതിനാറ്: ഹിജ്റ തുടരുന്നത്, ഉമ്മു മഅ്ബദിന്റെ ക്ഷീണിച്ച ആടിൽ നിന്ന് പാൽ ലഭിച്ചത്, അബൂമഅ്ബദ്(റ)വിന്റെ അത്ഭുതം, റബീഉൽ അവ്വൽ 12-ന് തിങ്കൾ മദീനയിലെത്തിയത്, ഖുബാഇലെ പള്ളി നിർമാണം.

പതിനേഴ്, പതിനെട്ട്: നബി യുടെ സ്വഭാവവും ജീവിതരീതിയും ശരീരപ്രകൃതിയും സമീപനങ്ങളും.

പത്തൊമ്പത്: ദീർഘവും സമ്പുഷ്ടവുമായ ഒരു പ്രാർത്ഥന

ഇതാണ് ബർസൻ ജി മൗലിദിന്റെ ഉള്ളടക്കം. എല്ലാം അതി മനോഹരമായ പദവിന്യാസങ്ങൾ. സംഭവ ക്രമീകരണത്തിന് ഭാഷയുടെ പ്രയോഗസൗകര്യങ്ങളെ അതിസമർത്ഥമായി ഉപയോഗിച്ചാണിതിന്റെ രചനാരീതി.

പ്രചാരം, സ്വീകാര്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകാര്യത നേടുകയും വലിയ സദസ്സുകളിൽ പാരായണം നടത്തുകയും ചെയ്യുന്ന മൗലിദാണിത്. അറബ്, അറബേതര രാജ്യങ്ങളിലും ഇത് പ്രിന്റുചെയ്ത് ഉപയോഗിച്ചുവരുന്നു. ആഫ്രിക്കയിൽ ബർസൻജി മൗലിദ് മനഃപാഠമാക്കുന്ന രീതിതന്നെയുണ്ട്. അറബി ഭാഷയിൽ അൽപമെങ്കിലും പരിജ്ഞാനമുള്ളവർക്ക് പ്രവാചകരുടെ ജീവിത ചരിത്രം പോലെ ഇത് പാരായണം ചെയ്യാനാവുന്നു. അറബികൾ മൗലിദ് സദസ്സുകളിൽ ധാരാളമായി ഇതു പാരായണം ചെയ്യാറുണ്ട്. അവരുടെ ആകർഷകമായ പാരായണ ശൈലിയോടൊപ്പം ആശയമറിഞ്ഞുള്ളതായതിനാൽ നബി യോടുള്ള സ്നേഹാദരവുകൾ പാരായണം ചെയ്യുന്നവരിലും സദസ്സിലും പ്രകടമാകുന്നതു കാണാം.

പാരായണം സാകൂതം ശ്രവിക്കുന്നവർ ഇടക്കിടെ സ്വലാത്തുകൾ ചൊല്ലുകയും ഓരോ ഖണ്ഡത്തിന്റെയും അവസാനത്തിൽ “അത്ത്വിരില്ലാഹുമ്മ ഖബറഹുൽ കരീം ബി അർഫിൻ ശദിയ്യിൻ മിൻ സ്വലാത്തിൻ വതസ്‌ലീം’ (അല്ലാഹുവേ, സ്വലാത്തും സലാമും നിമിത്തമായി കസ്തൂരിയുടെ പരിമളം കൊണ്ട് അവിടുത്തെ ഖബറിനെ നീ സുഗന്ധപൂരിതമാക്കേണമേ) എന്ന ജവാബ് മനസ്സിൽ നിന്നുമുയരുന്നുണ്ടാകും. അർത്ഥം നന്നായി ഗ്രഹിക്കാനാവാത്തതിനാൽ സാധാരണക്കാർ ഒരുമിക്കുന്ന നമ്മുടെ മൗലിദ് സദസ്സുകളിൽ പൊതുവെ ബർസൻജി മൗലിദ് ഓതുന്നത് കുറവാണ്. നമ്മുടെ രീതിയനുസരിച്ച് ഇടക്കിടെ ജവാബ് ചൊല്ലാൻ അവസരമുണ്ടാകുന്ന പദ്യ ഗദ്യ മൗലിദാണ് കൂടുതൽ പ്രിയങ്കരം.

പദ്യവൽക്കരണം

മുകളിൽ പരാമർശിച്ചതുപോലെ ബർസൻജി മൗലിദിന്റെ പദ്യവൽക്കരണവും പ്രചാരത്തിലുള്ളതാണ്. അൽപം കൂടി കാര്യങ്ങൾ ചേർത്തും ഉള്ളവ ഒന്നും നഷ്ടപ്പെടാതെയുമാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ത്വവീൽ വൃത്തത്തിലാണ് രചന. മുമ്പു പറഞ്ഞതുപോലെ ഗദ്യം തയ്യാറാക്കിയ ജഅ്ഫറുൽ ബർസൻജി(റ)യുടെ സഹോദരനാണിതിന്റെ കർത്താവ്. അലി എന്ന അദ്ദേഹത്തിന്റെ അപരനാമം സൈനുൽ ആബിദീൻ എന്നാണ്. ഇക്കാരണത്താൽ ചരിത്രകാരന്മാരിൽ ചിലർ സൈനുൽ ആബിദീൻ എന്നും മറ്റുചിലർ അലി എന്നും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതു കാണാം.

സിൽകുദ്ദുറർ ഫീ അഅയാനിൽ ഖർനിസ്സാനി അശ്ർ എന്ന കൃതിയിൽ സമർഖന്ദിലെ മുഫ്തിയും ചരിത്രകാരനും സാഹിത്യകാരനുമായ മുഹമ്മദ് ഖലീൽ അഫൻദി(റ), അലി എന്നും ജഅഫർ(റ)വിന്റെ സഹോദരനായ ഇദ്ദേഹമാണ് ബർസൻജി മൗലിദിന്റെ പദ്യവൽക്കരണം നടത്തിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഉമർ റിളാ കഹ്ഹാല മുഅജമുൽ മുഅല്ലിഫീനിലും ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫത്ഹുല്ലാഹിൽ ഹമവി, നതാഇജുസ്സഫർ ഫീ അഹ്‌ലിൽ ഖർനിൽ ഹാദീഅശ്ർ എന്ന കൃതിയിൽ സയ്യിദ് ഹസൻ എന്നവരുടെ രണ്ട് മക്കളെ പരിചയപ്പെടുത്തുന്നത് സൈനുദ്ദീൻ, ജഅഫർ എന്നാണ്. അബ്ദുറഹ്മാൻ അൻസ്വാരി തുഹ്ഫതുൽ മദനിയ്യീൻ എന്നറിയപ്പെടുന്ന തന്റെ തുഹ്ഫതുൽ മദനിയ്യീൻ എന്നറിയപ്പെടുന്ന തന്റെ തുഹ്ഫതുൽ മുഹിബ്ബീന വൽ അസ്ഹാബി ഫീ മഅരിഫതി മാലിൽ മദനിയ്യീന മിൻ അൻസാബ് എന്ന ഗ്രന്ഥത്തിലും സൈനുദ്ദീൻ എന്ന പേരാണ് ജഅ്ഫർ(റ)വിന്റെ സഹോദരന് പറഞ്ഞിരിക്കുന്നത്.

പദ്യത്തിലുള്ള ബർസൻജിയുടെ അവസാന ഖണ്ഡത്തിലെ പ്രാർത്ഥനയിൽ ഇങ്ങനെ കാണാം: നിസ്സാരനും നിന്റെ കൊച്ചുദാസനുമായ സൈനുൽ ആബിദീന് മാപ്പും പാപമോചനവും നൽകണേ. അതിന് ശേഷം ഗദ്യ കർത്താവായ ജഅഫർ (റ)വിനെ മഹത്ത്വങ്ങളുടെ പാരാവാരം എന്നു വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുമുണ്ട്.

വിവരണം

ബർസൻ ജി മൗലിദിന് ധാരാളം മഹാന്മാർ വിവരണങ്ങൾ രചിച്ചിട്ടുണ്ട്. ഒന്ന് ബർസൻജി കുടുംബത്തിൽ നിന്ന് തന്നെ വിരചിതമായതാണ്. അൽ കൗകബുൽ അൻവർ അലാ ഇഖ്ദിൽ ജൗഹരി ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ എന്നാണിതിന്റെ പേര്. അറുന്നൂറിലധികം പേജുകളുള്ള ബൃഹത്തായ ഗ്രന്ഥമാണിത്. ബർസൻജി മൗലിദ് കർത്താവിന്റെ സന്താന പരമ്പരയിൽ അഞ്ചാം തലമുറയിൽ പെട്ട ജഅ്ഫറുബ്നു ഇസ്മാഈലിൽ ബർസൻജിയാണിത് തയ്യാറാക്കിയിരിക്കുന്നത്. ബർസൻജി മൗലിദിനെ ഇഴപിരിച്ച് വിശദീകരിക്കുന്ന കൃതിയാണിത്. ഇതിന്റെ സോഫ്റ്റ്, ഡസ്ക് എഡിഷനുകൾ ലഭ്യമാണ്.

ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ബ്നു അഹമദ് ബ്ൻ മുഹമ്മദ് അലീഷ് രചിച്ച അൽ ഖൗലുൽ മുൻജി അലാ മൗലിദിൽ ബർസൻജി മറ്റൊരു വിവരണ ഗ്രന്ഥമാണ്. ഈജിപ്തിൽ നിന്ന് അച്ചടിക്കുന്ന ഇത് ചെറുതെങ്കിലും വിലപ്പെട്ട കൃതി തന്നെയാണ്.

തൽഹീനുസ്സൻജി എന്ന പേരിൽ ഒരു വ്യാഖ്യാനം ഈജിപ്തിൽ നിന്നും മുദ്രണം ചെയ്തതിന്റെ സോഫ്റ്റ് കോപ്പി നെറ്റിൽ ലഭ്യമാണ്. സുയൂത്വി എന്ന പേരിൽ പ്രസിദ്ധനായ അബ്ദുർറഹീമിൽ മാലികിൽ ജുർജാവിയാണ് ഇതിന്റെ കർത്താവ്. തീരെ ചെറുതല്ലാത്ത ഈ കൃതിയും മഹത്തായൊരു സേവനമത്രെ. മുഖല്ലലാത്തി എന്ന പേരിൽ പ്രസിദ്ധനായ അലിയ്യുബ്നു അലിയ്യിൽ ഇസ്സി അൽ അസ്ഹരി(റ) എന്ന ശാഫിഈ പണ്ഡിതൻ രചിച്ച ബർസൻജി മൗലിദ് വ്യാഖ്യാനമാണ് അൽ കവാകിബുദുർറിയ്യ ബി ശർഹിൽ ജവാഹിരിൽ ബർസൻജിയ്യ ഫീ മൗലിദി ഖൈറിൽ ബരിയ്യ എന്നത്. കൈറോയിലെ ദാറുൽ കുതുബിൽ ഇതിന്റെ ഒരു പതിപ്പുണ്ട്. ഇത് അൽ മൗരിദുൽ ഹനിയ്യി എന്ന ഹാഫിളുൽ ഇറാഖി(റ)യുടെ മൗലിദ് കൃതിയുടെ പുതിയ പതിപ്പിന്റെ ആമുഖ പഠനത്തിൽ കാണുന്നുണ്ട്.

പദ്യത്തിലുള്ള ബർസൻജി മൗലിദിന് എഴുതപ്പെട്ട വ്യാഖ്യാനമാണ് തർഗീബുൽ മുശ്താഖീൻ ലിബയാനി മൻള്വൂമതി സയ്യിദിൽ ബർസൻജി സൈനുൽ ആബിദീൻ എന്ന കൃതി. ഖുർആൻ വ്യാഖ്യാതാവും ശാഫിഈ പണ്ഡിതനും പ്രസിദ്ധ സാത്വികനുമായ മുഹമ്മദ് ബ്ൻ ഉമർ നവവി അൽജാവി(റ) എന്നവരാണതിന്റെ കർത്താവ്. ഇന്തോനേഷ്യയിൽ നിന്നും ഇതു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഫത്ഹുല്ലത്വീഫ് ബിശർഹി നള്മിൽ മൗലിദിശ്ശരീഫ് എന്ന പേരിൽ ഒരു വ്യാഖ്യാനവും പദ്യ രൂപത്തിലുള്ള ബർസൻജിക്കുണ്ട്. മുസ്തഫ ബിൻ മുഹമ്മദിൽ അഫീഫി അശ്ശാഫിഈ(റ) രചിച്ചതാണിത്. ചെറുതല്ലാത്ത ഈ വിവരണ ഗ്രന്ഥം അച്ചടിയിലുണ്ട്. മക്കയിൽ വെച്ചാണ് അദ്ദേഹം ഇതിന്റെ രചന നിർവഹിച്ചിട്ടുള്ളത്. സ്വഫാ മലയിൽ നിന്നു തുടങ്ങുകയും മർവയിൽ വെച്ചു അവസാനിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം തന്നെ പ്രസ്തുത ശർഹിന്റെ അവസാനത്തിൽ ചേർത്തിട്ടുണ്ട്.

അലിയ്യുശ്ശിബ്റാമല്ലസി(റ) രചിച്ച അൽകവാകിബുദുരിയ്യ ബി ശർഹിൽ ജവാഹിറിൽ ബർസൻജിയ്യ എന്ന ഒരു വ്യഖ്യാനവും ബർസൻജിക്കുണ്ട്. റിയാളിലെ ഫൈസൽ റിസർച്ച് സെന്ററിൽ ഇതിന്റെ കോപ്പിയുണ്ട്. (നമ്പർ 01906).

സംക്ഷേപങ്ങൾ .

ടുണീഷ്യൻ പണ്ഡിതനായ ശൈഖ് സയ്യിദ് അഹ്മദ് ജമാലുദീനിത്തൂനിസി(റ) ബർസൻജി മൗലിദിനെ സംക്ഷേപിച്ചിട്ടുണ്ട്. പ്രത്യേകം പേരു നൽകാത്തതിനാൽ മുഖ്തസ്വറുൽ മൗലിദിൽ ബർസൻജി എന്ന പേരിലാണതറിയപ്പെടുന്നത്. ടുണീഷ്യയിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കർത്താവിന്റെ പേര് വ്യക്തമല്ലാത്ത ഒരു സംക്ഷേപം ബർസൻജിയുടെ കയ്യെഴുത്തു പ്രതിയായി കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലുള്ളത് ഓൺലൈനിൽ ലഭ്യമാണ്.

സൗദിയിലെ പ്രസ്തുത ലൈബ്രറിയിലെ കയ്യെഴുത്തു കൃതികളുടെ വിഭാഗത്തിൽ ഒരു സംക്ഷിപ്ത ബർസൻജിയുണ്ട്. (നമ്പർ 5671). മുഖ്തസ്വറു മൗലിദിൽ ബർസൻജി എന്നാണ് പേര്. മുഹമ്മദ് ഫാതിഹുൽ ഹബ്റാവി എന്നെഴുതിക്കാണാം. എന്നാൽ അവസാന പുറത്തുള്ള കവിതയിൽ രചയിതാവായ മുസ്ത്വഫൽ അസ്വീലു’ എന്നാണ് കാണുന്നത്. അതിൽ നിന്ന് കർത്താവ് മുസ്തഫ എന്ന പേരിലറിയപ്പെടുന്ന ആളാണെന്ന് അനുമാനിക്കാം.

അൽ അസ്‌ലുൽ മുൻജീ

കേരളത്തിൽ നിന്നും ബർസൻജി മൗലിദിനു ചെയ്ത മഹത്തായ സേവനമാണ് മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാരുടെത്. ഹി 1422-ൽ തയ്യാറാക്കിയ ഈ കൃതിക്ക് അക്ഷരസംഖ്യ 1422 വരുന്ന അൽ അൽ മുൻ ജീ ബിഖ്തിസ്വാരി മൗലിദിൽ ബർസൻജി എന്നാണു പേരു നൽകിയിരിക്കുന്നത്. ഗദ്യം മാത്രമുള്ള മൗലിദുകൾക്ക് അനറബികളായ നമ്മുടെ നാട്ടിൽ പൊതുവെ സ്വീകാര്യത കുറവാണ് എന്നതാണനുഭവം.

ബർസൻജി മൗലിദിനെ സംബന്ധിച്ചിടത്തോളം ആ സാഹചര്യം ഇല്ലാതാക്കുന്നതിന് വൈലത്തൂർ ബാവ ഉസ്താദിന്റെ ഈ രചന സഹായിക്കും. ഗദ്യങ്ങളും പദ്യങ്ങളും ഇടകലർത്തിയാണിൽ രചിച്ചിരിക്കുന്നത്. ഗദ്യം ആറ് ഖണ്ഡങ്ങളും ഒരു പ്രാർത്ഥനാ ഖണ്ഡവും. പദ്യം ആറു ഖണ്ഡങ്ങളും അതിലൊന്ന് തവസ്സുൽ ബൈതുമാണ്. ബർസൻജി മൗലിദിലെ ആശയങ്ങൾ പദ്യഗദ്യങ്ങളിലായി അതിമനോഹരമായി അടുക്കിവെച്ചിരിക്കുന്നു. ബാവ ഉസ്താദിന്റെ ഇതര മൗലിദ് കൃതികളുടെ കൂടെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ബർസൻജി മൗലിദിന് വ്യത്യസ്ത സേവനം ചെയ്തവർ ഇനിയുമുണ്ട്. വ്യാഖ്യാനങ്ങൾ തയ്യാറാക്കിയും പദക്കുരുരുക്കഴിച്ചും പര്യായപദങ്ങളും ആശയങ്ങളും നൽകിയും സേവനം ചെയ്തവരുമുണ്ട്. അവയുടെ വ്യത്യസ്ത പതിപ്പുകളും ലഭ്യമാണ്. പദ്യത്തിലുള്ള ബർസൻജിക്ക് അശ്ലാഹിദുൽ മുൻജി ലിൽമൗലിദിൽ ബർസൻജി എന്ന പേരിൽ ഒരു ‘മുആറള’ (സമാന കവിത) രചിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദുല്ലാഹി ബ്ൻ മുഹമ്മദ് സ്വാലിഹിൽ ഖസ്റജിയാണ് കർത്താവ്. 82 വരികളും 19 ഖണ്ഡങ്ങളുമാണിതിലുള്ളത്. അവസാന ഖണ്ഡം ത്വലഅൽ ബദ്റുവിന്റെ മുഅജ്ജസത് (അടിസ്ഥാന കവിതയുടെ പ്രാസമൊപ്പിച്ച് നിരവധി വരികൾ രചിക്കുന്നരീതി) 59 വരികൾ ചേർത്തിട്ടുണ്ട്. ശൈഖ് മുഹമ്മദ് അൽ ഖസ്റജി ക്രോഡീകരിച്ച സംയുക്ത മൗലിദ് കൃതിയിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്.

Related Posts