Site-Logo
POST

അശ്റഖ ബൈത്ത്, ഈ അനുരാഗ കാവ്യത്തിനെന്തു ചന്തം?!

14 Aug 2023

feature image

ൾർറഫൽ അനാം മൗലിദിലെ അശ്റഖ ബൈത്ത് പ്രവാചകാനുരാ ഗികളുടെ ഇഷ്ട കീർത്തനമാണ്. തിരുനബി ﷺ യുടെ ജനന രംഗത്തെ അത്ഭുത സംഭവങ്ങൾ മനോഹരമായി ഗദ്യ രൂപത്തിൽ വർണിച്ചതിനു ശേഷമാണ് ഹരീരി പ്രശസ്തമായ ഈ വരികളിലേക്കു പ്രവേശിക്കുന്നത്. മുത്ത് നബിയുടെ ജനനം മുതൽ അവിടുത്തെ ജീവിത ത്തിലുണ്ടായ അനിതര സാധാരണമായ പല സംഭവങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ആ വരികളെല്ലാം. “പൂർണേന്ദു ഞങ്ങളിൽ ഉദയം ചെയ്തിരിക്കുന്നു. ആ പ്രഭയിൽ മറ്റു പൂർണ ചന്ദ്രന്മാർ അപ്രത്യക്ഷമായി.
സന്തുഷ്ടിയുടെ വദനമേ, അങ്ങയുടെ അഴകിനു സമാനമായതു
ഞങ്ങൾ കണ്ടിട്ടില്ല തന്നെ”.
എന്നു പറഞ്ഞുകൊണ്ടാണ് കവി അനുരാഗ പ്രകടനം ആരംഭിക്കുന്നത്.

“അങ്ങ് സൂര്യനാണ്. പൂർണ ചന്ദ്രനാണ്. അങ്ങ് പ്രകാശത്തിനു മേൽ പ്രകാശവുമാണ്. അങ്ങ് ജീവാമൃതാണ്. അല്ല, അതിനേക്കാൾ അമൂല്യമാണ്. ഹൃദയങ്ങളുടെ വിളക്കുമാണ് അവിടുന്ന് എന്നു കൂടി വ്യക്തമാക്കുന്നതിലൂടെ കവി വർണനയുടെ വിശാലാകാശത്തെത്തിയത് അനുഭവപ്പെടും. തിരുനബി ﷺ യുടെ അംഗ ലാവണ്യവും ആകാര സൗഷ്ഠവവും ബോധ്യപ്പെട്ട ഒരാളുടെ വർണനയാണ് പ്രാരംഭ വരികളിൽ തന്നെ ദൃശ്യമാവുന്നത്.

‘നബി ﷺ യെക്കാൾ സൗന്ദര്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അവിടുത്തെ മുഖത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതു പോലെ തോന്നാറുണ്ട്’ എന്നാണല്ലോ മഹാനായ അബൂഹുറൈറ(റ) തിരുനബി സൗന്ദര്യത്തെ കുറിച്ച് പ്രസ്താവിച്ചത്. ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഒരു ഹദീസി ൽ കാണാം: “പതിനാലാം രാവിൽ ചന്ദ്രൻ പ്രകാശിക്കുന്നതു പോലെ അവിടുത്തെ മുഖം പ കാശിക്കുമായിരുന്നു’ (ശമാഇലു തുർമുദി). ഇമാം ബുഖാരി(റ)യുടെ ഒരു നിവേദനം ഇങ്ങനെ; ബറാഅ്(റ)വിനോട് ചോദ്യമുണ്ടായി. “തിരുനബി ﷺ യുടെ മുഖം വാളു പോ ലെയായിരുന്നോ?’ അദ്ദേഹം മറുപടി പറഞ്ഞു: “ഒരിക്കലുമല്ല, മറിച്ച് ചന്ദ്രനെ പോലെയായി രുന്നു’ (സ്വഹീഹുൽ ബുഖാരി).

തന്റെ സ്നേഹഭാജനത്തിന്റെ ലാവണ്യ വിസ്താരത്തെ കുറഞ്ഞ വാക്കുകളിലെങ്കിലും അവതരിപ്പിച്ച ആത്മസായൂജ്യത്തിൽ അവിടുത്തെ വദന ദർശനത്തിനുള്ള കവിയുടെ ആഗ്രഹമാണ് പിന്നീടുള്ള വരികളിൽ പ്രകടമാവുന്നത്. അതിനുവേണ്ടി റസൂൽ ﷺ യെ വ്യത്യസ്ത പേരുകളിൽ സംബോധന ചെയ്ത് ആത്മബന്ധം വർധിപ്പിക്കാനുള്ള ശ്രമവും കവി നടത്തുന്നുണ്ട്.

“എന്റെ പ്രേമഭാജനമേ, മുഹമ്മദരേ,
പൂർവ പശ്ചിമ ദിക്കുകളുടെ മണവാളരേ,
ഏറെ കരുത്ത് നേടിയവരേ, ശ്രേഷ്ഠരേ, ഇരു ഖിബ്‌ലകളിലേക്ക് നിസ്കാര നേതൃത്വം നല്കിയവരേ”.

ശേഷം കവി തീരെ വളച്ചു കെട്ടില്ലാതെ വിഷയം അവതരിപ്പിക്കുകയാണ് ചെയ്‌യുന്നത്. “ആദരണീയ മാതാപിതാക്കളുടെ പുത്രാ!
അവിടുത്തെ വദനം ദർശിക്കുന്നവർ വിജയം വരിച്ചവരാണ്.
അങ്ങയുടെ ശീതള ജലാശയം പുനരുത്ഥാന നാളിൽ ഞങ്ങളുടെ ദാഹശമന കേന്ദ്രവുമാണ്’.

ആദരണീയ മാതാപിതാക്കൾ എന്ന കവിയുടെ പ്രയോഗം ശ്രദ്ധേയമാണ്. നബി ﷺ യുടെ പ്രവാചകത്വ ലബ്ധിക്കു ശേഷം മാതാപിതാക്കളെ പുനർജീവിപ്പിച്ചുകൊണ്ട് അവിടുത്തെ ആദർശത്തിൽ വിശ്വസിക്കാൻ അല്ലാഹു അവർക്ക് അവസരം നൽകിയിട്ടുണ്ടെന്ന ചരിത്ര സത്യത്തിലേക്കുള്ള സൂചനയാണിത്. തിരുനബി ﷺ യുടെ മാതാപിതാക്കൾ
പരലോകത്ത് രക്ഷപ്പെട്ടവരാണെന്നു പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങൾ തന്നെ പണ്ഡിത ലോകത്ത് വിരചിതമായിട്ടുണ്ട്. ശീതള ജലാശയമെന്ന കവിയുടെ പരാമർശം ഹൗളുൽ കൗസറിനെക്കുറിച്ചാണ്. മഹ്ശറിൽ നബി ﷺ ക്കു ബഹുമാനപൂർവം നൽകപ്പെടുന്ന ഹൗളുൽ കൗസറിന്റെ നാലു ഭാഗങ്ങളിൽ ഓരോന്നിനും ഓരോ മാസത്തെ വഴിദൂരമുണ്ട്. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതും വെണ്ണയേക്കാൾ മാർദവമുള്ളതും കസ്തൂരിയേക്കാൾ സുഗന്ധമുള്ളതുമായ വെള്ളമാണ് അതിലുള്ളത്.

പുനരുത്ഥാനനാളിൽ അവിടുത്തെ ജലാശയത്തിൽ പ്രതീക്ഷവെക്കുന്നത്. അസ്ഥാനത്തല്ലെന്നും മിണ്ടാപ്രാണികൾ പോലും പ്രതീക്ഷ പുലർത്തുന്ന നേതാവാണ് തന്റെ സ്നേഹഭാജനമെന്നുമാണ് ശേഷം അദ്ദേഹം രേഖപ്പെടുത്തുന്നത്.
“അങ്ങയുടെ സവിധത്തിലല്ലാതെ ഒട്ടകങ്ങൾ പ്രതീക്ഷവെച്ചു വരുന്നത് ഞങ്ങൾ കണ്ടിട്ടില്ല. അങ്ങേക്കു മേഘം തണൽ വിരിക്കുകയും അങ്ങയുടെ മേൽ മാനവസമൂഹം
സ്വലാത്തുകളുരുവിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
ഒട്ടകങ്ങൾക്കു പോലും അങ്ങയിലാണു പ്രതീക്ഷയുള്ളതെന്നു പൊതുവായി പറഞ്ഞ കവി പിന്നീട് ആ ചരിത്ര സംഭവങ്ങൾ വിവരിക്കാൻ
ശ്രമിക്കുകയാണ്. “അങ്ങയുടെ സവിധത്തിൽ ഭവ്യതയോടെ ഒരു വൃദ്ധഒട്ടകം വന്നിരുന്നല്ലോ എന്റെ സ്നേഹഭാജനമായ നബിയേ,
വിരണ്ടോടിയ മാൻപേട അഭയം തേടുകയും അങ്ങയോടു പരിഭവം പറയു കയും ചെയ്തിരുന്നല്ലോ.
തിരുസവിധത്തിൽ വന്ന് മൃഗങ്ങൾ പോലും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടിരുന്ന സംഭവങ്ങളാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്.

ഒരു ദിവസം ഒരു വൃദ്ധഒട്ടകം വായ തുറന്നു പിടിച്ച് സ്വഹാബികളുടെ അടുത്തേക്കു വന്നു. അപ്പോൾ അവർ നബി ﷺ യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതിനെ ഞങ്ങൾക്ക് ഭയമുണ്ട്. തിരുനബി ﷺ പറഞ്ഞു: “നിങ്ങളതിനെ വെറുതെ വിടുക. അത് എന്നോടു സഹായം തേടി വന്നതാണ്. ഉടനെ അത് തിരുനബിയുടെ അടുത്തെത്തി. അതിന്റെ ചുണ്ട് നബി ﷺ യുടെ ചുമലിൽ വെച്ച് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ചെറുപ്പകാലത്ത് എന്നെ വാങ്ങിയ ഇവർ കഷ്ടപ്പാടുള്ള പല ജോലികളും എന്നെകൊണ്ടു ചെയ്യിപ്പിച്ചു. ഇപ്പോൾ എനിക്കു വാർധക്യമാവുകയും ജോലി ചെയ്യാൻ കഴിയാതാവുകയും ചെയ്തപ്പോൾ അവർ എന്നെ കശാപ്പ് ചെയ്യാനുദ്ദേശിക്കുന്നു. അതു കൊണ്ട് അവരിൽ നിന്നു എന്നെ രക്ഷിക്കണം. അല്ലാഹുവിനോടും അങ്ങയോടും ഞാൻ ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിക്കുന്നു. ഒട്ടകം നബി ﷺ യോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ ഉടമകൾ വന്നു. ഒട്ടകം പറഞ്ഞ കാര്യങ്ങൾ നബി ﷺ അവരെ ബോധ്യപ്പെടുത്തി. അതെല്ലാം സത്യമാണെന്നവർ സമ്മതിക്കുകയും റസൂൽ ﷺ യുടെ തീരുമാനം ഞങ്ങളംഗീകരിക്കാമെന്ന് പറയുകയും ചെയ്തു. അങ്ങനെ നബി ﷺ യുടെ അഭ്യർത്ഥന പ്രകാരം അവർ ഒട്ടകത്തെ സ്വതന്ത്രമാക്കിയ ഈ സംഭവം ഹദീസ് ഗ്രന്ഥ ങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നതാണ്.

ശറഫൽ അനാമിന്റെ ചില കോപ്പികളിൽ വൃദ്ധഒട്ടകം എന്ന വാക്കിനു പകരം മരത്തടി എന്ന വാക്കാണുള്ളത്. അതനുസരിച്ച് ‘മരത്തടി അങ്ങയുടെ അടുക്കൽ കരഞ്ഞു കൊണ്ടു വന്നു’ എന്നാണർത്ഥം വരിക. ഇതു വിരൽ ചൂണ്ടുന്നതു ജാബിർ(റ) റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിലേക്കാണ്. അദ്ദേഹം പറയുന്നു: നബി ﷺ തങ്ങൾക്കു ഖുതുബ നിർവഹിക്കാൻ ഒരു അൻസ്വാരി വനിത പുതിയ മിമ്പർ നൽകി. പ്രവാചകർ ﷺ അതു സ്വീകരിച്ചു കൊണ്ട് പഴയ മിമ്പർ മാറ്റിവെച്ച് പുതിയതിൽ ഖുതുബ നിർവഹിക്കാൻ കയറിയപ്പോൾ ഒരു കുട്ടി കരയുന്നതു പോലെ പഴയ മിമ്പറായ ഈത്തപ്പനത്തടി കരയാൻ തുടങ്ങി. കരച്ചിൽ ശക്തിപ്പെട്ടപ്പോൾ നബി ﷺ മിമ്പറിൽ നിന്നിറങ്ങി വന്നു അതിന്മേൽ കൈവെച്ചു കൊണ്ടു സമാധാനിപ്പിച്ചു.

ഹാഫിള് അബു നഈം(റ) ഉദ്ധരിക്കുന്നതു കാണുക. അനസ് ബ്നു മാലിക്(റ) പറയുന്നു: തിരുനബി ﷺ ഒരു വിഭാഗം ജനങ്ങളുടെ അരികിലൂടെ കടന്ന് പോകാനിടയായി. അവർ അവിടെ ഒരു മാനിനെ വേട്ടയാടിപ്പിടിച്ചു കെട്ടിയിട്ടിരുന്നു. നബി ﷺ യെ കണ്ടമാത്രയിൽ ആ മാൻപേട പറഞ്ഞു; “അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് രണ്ട് കു ഞ്ഞുങ്ങളുണ്ട്. അങ്ങ് അനുമതി തരുന്നപക്ഷം ഞാൻ അവർക്ക് മുലയൂട്ടി തിരിച്ചു വരാം”. അപ്പോൾ നബി ﷺ ചുറ്റുമുള്ളവരോടു ചോദിച്ചു. “ആരാണിതിന്റെ ഉടമ?” അവർ പറഞ്ഞു: “ഞങ്ങൾ തന്നെ”. “എന്നാൽ ഇതിനെ ഒന്നഴിച്ചു വിടുക. അത് കുഞ്ഞുങ്ങൾക്കു മുലയൂട്ടി തിരിച്ചു വരും’. അവിടുന്ന് പറഞ്ഞു.

അപ്പോൾ അവർ ചോദിച്ചു: എന്താണതിനുറപ്പ്? ‘ഞാൻ തന്നെ. അവിടുന്ന് പ്രതിവചിച്ചു. അപ്പോൾ അവരതിനെ അഴിച്ചുവിട്ടു. അൽപ സമയത്തിനകം തന്നെ അത് തിരിച്ചെത്തി. അവർ ആദ്യസ്ഥലത്ത് തന്നെ അതിനെ ബന്ധിക്കുകയും ചെയ്തു. പിന്നീട് നബി ﷺ അവരോടു ചോദിച്ചു: “ഇതിനെ നിങ്ങൾ വിൽക്കുമോ? അവർ പറഞ്ഞു: “നിങ്ങൾക്കു ഞങ്ങൾ അതു തന്നു കഴിഞ്ഞു നബിയേ”. അപ്പോൾ അവിടുന്ന് പറഞ്ഞു: “എന്നാൽ അതിനെ നിങ്ങൾ അഴിച്ചു വിടുക”. അവർ അതിനെ അപ്പോൾ തന്നെ മോചിപ്പിക്കുകയും ചെയ്തു (ദലാഇലുന്നുബുവ്വ).

ലോകത്തിലെ മുഴുവൻ
വസ്തുക്കളുടെയും അഭയ കേന്ദ്രമായ പ്രവാചകരുടെ സവിധത്തിലെത്താനുള്ള അഭിലാഷമാണ് ഹരീരിയുടെ പിന്നീടുള്ള വരികളിൽ കാണുന്നത്.
“തീർത്ഥാടനത്തിനായി അവർ ഒട്ടകങ്ങൾ ഒരുക്കി. യാത്ര പുറപ്പെടാനുള്ള ആഹ്വാനം പുറപ്പെടുവിച്ചപ്പോൾ അവരെ സമീപിച്ചു പറഞ്ഞു; വഴികാട്ടീ, എനിക്കു വേണ്ടി ഒന്ന് നിൽക്കൂ. എന്നാൽ യാത്രയിൽ അവരോടൊപ്പം പോവാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ കവി, തന്റെ പ്രേമ സന്ദേശങ്ങളെങ്കിലും രാവിലെയും
വൈകുന്നേരവും റൗളയിൽ
കൊണ്ടുപോയി കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. “ഹേ, അപാരമായ അനുരാഗമേ!.
ആ പുണ്യഭവനത്തിന്റെ ഭാഗത്തേക്കു പ്രഭാതത്തിലും പ്രദോഷത്തിലും
എന്റെ സന്ദേശങ്ങളെങ്കിലും
വഹിച്ചു കൊണ്ടുപോകൂ.

മുത്ത് നബിയോടുള്ള അടങ്ങാത്ത അനുരാഗം തന്റേതു മാത്രമല്ലെന്നും സകലസൃഷ്ടികളും ഈ വിഷയത്തിൽ ഒരു പോലെയാണെന്നുമാണ് പിന്നീടുള്ള പരാമർശം: “ഹേ, മിന്നിത്തിളങ്ങുന്ന നെറ്റിത്തടത്തിനുടമയായ പ്രവാചകരേ, ജഗത്തിലുള്ളവർ മുഴുക്കെയും അങ്ങയെ ഏറെ പ്രണയിച്ചിരിക്കുന്നു. അങ്ങയിൽ അനുരക്തമായ ഹൃദയവും കാണാൻ വെമ്പൽ കൊള്ളുന്ന മനസ്സുമായി
അവർ അടങ്ങാത്ത രോദനത്തിൽ കഴിയുകയാണ്. അപ്രാപ്യമായ അങ്ങയുടെ ഗുണ മഹിമകൾ കണ്ട്
ഭൂമുഖത്തുള്ളവരെല്ലാം അമ്പരന്നിരിക്കുന്നു. പ്രവാചകന്മാരുടെ
പരിസമാപ്തിയാണല്ലോ അത്. തന്റെ യജമാനനോട് അത്യധികം കൃതജ്ഞതയുള്ളവരും’.

കഴുമരത്തിനു ചുവട്ടിൽ നിൽക്കുന്ന ഖുബൈബ്(റ) മരണത്തിന്റെ കാലൊച്ച നേരിൽ കേട്ടിട്ടും തന്റെ ഹബീബിന് ഉപദ്രവമേൽക്കുന്നതു സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നു ശത്രു പക്ഷത്തോട് ഉറക്കെ പറഞ്ഞ് വീര രക്തസാക്ഷിത്വം വരിച്ചതും എന്തു ത്യാഗം സഹിച്ചും മുത്ത് നബി ﷺ യെ കാണണമെന്നു കരുതിയ റശീദുൽ ബഗ്ദാദി(റ) വിറകു കെട്ടിനുള്ളിലൊളിച്ച് മദീനയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തിയതുമെല്ലാം അവിടത്തോടുള്ള അദമ്യമായ പ്രേമത്തിന്റെ മകുടോദാഹരണങ്ങളാണ്. ലോകത്തുള്ള പ്രവാചക പ്രേമികളിലൊരാളായി മാറി ജീവിതത്തെ ധന്യമാക്കാനും അവിടുത്തെ അനുഗ്രഹാശിസ്സുകൾ കൊണ്ട് ഇഹപര വിജയം വരിക്കാനും ഭാഗ്യമുണ്ടാകണമെന്ന ഉറച്ച തീരുമാനത്തോടെയുള്ള സഹായാഭ്യർത്ഥനയാണ് പിന്നീട് കവി നടത്തുന്നത്.

“ഈ സാധുവായ വിനീതനിതാ അവിടുത്തെ അപാരവും പ്രവിശാലവുമായ ഔദാര്യങ്ങൾ കാംക്ഷിക്കുന്നു. സുവിശേഷകനും താക്കീതുകാരനുമായ പ്രവാചകരേ, അങ്ങയിൽ നിന്നു ഉത്തമമായതു ഞാൻ പ്രതീക്ഷിക്കുന്നുനരക വിമോചകരേ, പ്രതിസന്ധി ഘട്ടങ്ങളിലെ എന്റെ സഹായിയും അഭയ കേന്ദ്രവുമായ പ്രവാചകരേ! അവിടുന്ന് എന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ!’

പ്രവാചക പ്രേമമാണ് മനസ്സിന്റെ സന്തോഷത്തിനുള്ള യഥാർത്ഥ നിദാനമെന്നും അതിനു മാത്രം
വിശുദ്ധമായ വ്യക്തിത്വമാണ്
നബി ﷺ യുടേതെന്നും കവി ഉണർത്തുന്നുണ്ട്. “അവിടത്തോടുള്ള സ്നേമാസ്വദിച്ച്, മനോവ്യഥകൾ നീങ്ങിയ അടിമ വിജയം വരിച്ചു.
യവനിക നീക്കി പുറത്തു വന്ന പൗർണമീ, അങ്ങയിൽ ഞാൻ അനുരക്തനായിരിക്കുന്നു.
മഹിതമായ ഗുണങ്ങളാണല്ലോ അങ്ങയുടേത്’. ഹുസൈൻ(റ)ന്റെ പിതാമഹനായ പ്രവാചകരേ, അങ്ങയേക്കാൾ പവിത്രമായ കുടുംബ വേരുള്ള ഒരാളും
ലോകത്തില്ല. അനവരതം അല്ലാഹു അങ്ങയിൽ അനുഗ്രഹം
വർഷിക്കട്ടെ’.

പ്രവാചകർ ﷺ യുടെ അപദാനങ്ങൾ പാടിപ്പറഞ്ഞ് അല്ലാഹുവിനു മുമ്പിൽ സങ്കട ഹർജി ബോധിപ്പിക്കുമ്പോൾ അവക്കു പെട്ടെന്ന് ഉത്തരം കിട്ടുമെന്ന വലിയ പ്രതീക്ഷ രചയിതാവിനുണ്ട്. അതുകൊണ്ട് തന്നെയാണ് സർവ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിനു വേണ്ടിയും സദ്കർമങ്ങൾ വർധിപ്പിച്ചു പാരത്രിക മോക്ഷം ലഭിക്കുന്നതിനു വേണ്ടിയുമുള്ള പ്രാർത്ഥനക്കായി ഈ ഇടം ഉപയോഗിക്കുന്നത്.
“സുകൃതങ്ങളുടെ ഉടമയും പദവികൾ
ഉയർത്തുന്നവനുമായ അല്ലാഹുവേ,
നീ എന്റെ പാപങ്ങൾ പൊറുത്തു തരികയും തിന്മകൾ മാപ്പാക്കുകയും ചെയ്യേണമേ. അല്ലാഹുവേ, നീ മഹാപാപങ്ങളും ചെറുദോഷങ്ങളും
ഏറെ പൊറുക്കുന്നവനും കുറവുകൾ മറക്കുന്നവനും പിഴവുകൾ മാറ്റുന്നവനുമാണല്ലോ.
രഹസ്യവും പരസ്യവും അറിയുന്നവനും പ്രാർത്ഥനക്കുത്തരം നൽകുന്നവനുമാണു നീ.
ഞങ്ങളുടെ നാഥാ! സകല സൽകർമങ്ങളും നൽകി ഞങ്ങളെ നീ അനുഗ്രഹിക്കേണമേ.

Related Posts