Site-Logo
POST

മൗലിദുകളിലെ പരാമർശങ്ങൾ, വസ്തുതയെന്ത്?

അലവി സഖാഫി കൊളത്തൂർ

|

12 Aug 2023

feature image

മൗലിദ് ഗ്രന്ഥങ്ങളിൽ വസ്തുതാപരമല്ലാത്ത ഭാവനകൾ ഹിതം പോലെ രചയിതാക്കൾ ധാരാളമായി എഴുതിച്ചേർത്തിരിക്കുന്നുവെന്നും ശിർക്കും ബിദ്അത്തുമാണെന്നതിനു പുറമെ ഇക്കാരണം കൊണ്ടു കൂടി അത്തരം കള്ളക്കഥകൾ പാരായണം ചെയ്യുന്നത് അപരാധവും അബദ്ധവുമാണെന്നും ബിദഇകൾ പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഏതാനും പരാമർശങ്ങളും അവയിലുള്ള പണ്ഡിതനിലപാടുകളും എന്താണെന്നു നമുക്കു പരിശോധിക്കാം.

പ്രസവ സമയത്തെ പ്രകാശവും ശാമിലെ മാളികകളും

ചോദ്യം: ആമിന ബീവി(റ) നബി യെ പ്രസവിച്ച സന്ദർഭത്തിൽ ഒരു പ്രകാശം കണ്ടെന്നും അതിലൂടെ ശാമിലെ കൊട്ടാരമാളികകൾ കാണാനായെന്നും മൗലിദു കളിലുണ്ടല്ലോ. ഇത് സത്യമാണോ?

മറുപടി: അതേ, ഹദീസ്-ചരിത്ര ഗ്രന്ഥങ്ങൾ പരതിയാൽ നമുക്കിത് ബോധ്യപ്പെടും. ഇമാം ബൈഹഖി(റ) ഇർബാളുബ്നു സാരിയ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബി പറഞ്ഞു; ഞാൻ അല്ലാഹുവിന്റെ അടിമയും ആദം നബി സൃഷ്ടിക്കപ്പടുന്നതിന് മുമ്പുതന്നെ അന്ത്യപ്രവാചകനുമാണ്. എന്റെ പൂർവപിതാവ് ഇബ്റാഹീം നബി യുടെ പ്രാർത്ഥനയുടെ ഫലവും ഈസാ നബി യുടെ സുവിശേഷവുമാണ്. എന്റെ മാതാവ് കണ്ട സ്വപ്നവുമാണ് ഞാൻ. നിശ്ചയം എന്നെ പ്രസവിച്ച സമയം മാതാവ് ഒരു പ്രകാശം കാണുകയും ശാമിലെ മാളികകൾ അതിലൂടെ പ്രകാശിതമാവുകയും ചെയ്തു (ദലാഇലു നുബുവ്വ 1/30). ഇതേ ഹദീസ് 2/600-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം 2/600-ൽ പ്രസ്താവിക്കുകയും ഹാഫിള് ദഹബി തൽഖീസിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം നൂറുദ്ദീനുൽ ഹൈസമി മജ്മഉ സ്സവാഇദിൽ ഇദ്ധരിക്കുകയും ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാർ എന്നിവർ റിപ്പോർട്ട് ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: ഇമാം അഹ്മദ്(റ)വിന്റെ സനദ് സ്വഹീഹും സ്വീകാര്യവുമാണ് (മജ്മഉസ്സവാഇദ് 8/ 223). ഈ ഹദീസ് ഇമാം ഖസ്ത്വല്ലാനി ഉദ്ധരിച്ച ശേഷം ഇപ്രകാരം പറഞ്ഞു: പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് ഇബ്നു ഹിബ്ബാനും പറഞ്ഞിട്ടുണ്ട് (അൽ മവാഹിബുല്ലദുന്നിയ്യ 1/116).

ഹാഫിള് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. അൽ അജ്ഫാഇ(റ)വിൽ നിന്ന് നിവേദനം. നബി പറഞ്ഞു; എന്റെ മാതാവ് എന്നെ പ്രസവിച്ചപ്പോൾ ഒരു പ്രകാശം വെളിവാകുകയും അതിൽ ശാമിലെ കൊട്ടാരം കാണാനാവുകയും ചെയ്തു”.

അബൂ ഉമാമത്തൽ ബാഹിലി(റ)വിൽ നിന്ന് നിവേദനം. നബി പറഞ്ഞു: എന്നെ പ്രസവിച്ച നേരത്ത് എന്റെ മാതാവിൽ നിന്നൊരു പ്രകാശം പുറപ്പെടുകയും ശാമിലെ കെട്ടിടങ്ങൾ പ്രകാശിക്കുകയും ചെയ്തു (അത്ത്വബഖാതുൽ കുബ്റാ 1/102, അൽകാമിൽ 1/355, സീറതുബ്നു കസീർ 1/206-207, താരീഖുബ്നു അസാകിർ 3/79).

നബി യെ മുലയൂട്ടിയ ഹലീമാ ബീവി(റ) പറയുന്നു. ആമിന ബീവിക്ക് ഗർഭ കാലം ഏറെ പ്രയാസരഹിതമായിരുന്നു. പ്രസവ സമയത്ത് ഒരു പ്രകാശം പുറപ്പെടുകയും അതിലൂടെ ശാമിലെ മാളികകൾ ദർശിക്കുകയും ചെയ്തു (ദലാഇലുന്നുബുവ്വ, താരീഖുദ്ദിമശ്ഖ് 3/94).

ഈ സംഭവം ഹാഫിള് ഇബ്നു കസീർ അൽ ബിദായതു വന്നിഹായ 2/263-ലും ഇബ്നു ജരീറു ത്വബരി(റ) താരിഖുൽ ഉമമി വൽ മുലൂക്കി 2/155-ലും ഇബ്നു ജൗസി സ്വിഫതുസ്സ്വഫ്‌വ 2/52-ലും സുയൂത്വി(റ) അൽ ഖസാഇസുൽ കുബ്റ 1/46-ലും രേഖപ്പെടു
ത്തിയിട്ടുണ്ട്. മറ്റനേകം ഗ്രന്ഥങ്ങളിലും വിവിധ പരമ്പരകൾ വഴി ഈ സംഭവം ഉദ്ധരിച്ചു കാണാം. ഇവയൊക്കെയും തള്ളിക്കളയുന്നവർക്കു മാത്രമേ പ്രസവ സമയത്തെ പ്രകാശം പസരിക്കൽ നിഷേധിക്കാനാവുകയുള്ളൂ.

നബിദിനം
പന്ത്രണ്ടിനോ?

ചോദ്യം: നബി യുടെ ജന്മദിനം റബീഉൽ അവ്വൽ 12-നാണെന്നതിനു വല്ല തെളിവുമുണ്ടോ? തിരുനബി യുടെ ജന്മദിനത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളില്ലേ?

മറുപടി: നബി യുടെ ജന്മദിനത്തെക്കുറിച്ച് ദുർബലമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രാമാണികവും ഭൂരിപക്ഷ പണ്ഡിതർ അംഗീകരിക്കുന്നതും റബീഉൽ
അവ്വൽ 12-നാണെന്നാണ്. പ്രസിദ്ധ ചരിത്ര പണ്ഡിതനായ ഇബ്നു ഇസ്ഹാഖിൽ നിന്നു ഹാഫിള് ഇബ്നുൽ അസീർ ഉദ്ധരിക്കുന്നു; ആമുൽ ഫീൽ (ആനക്കലഹ വർഷം) റബീഉൽ അവ്വൽ മാസം പന്ത്രണ്ട് തിങ്കളാഴ്ചയാണ് പ്രവാചകർ ഭൂജാതരായത് (അൽ കാമിൽ). ഇതേ അഭിപ്രായം ഹാഫിള് ഇബ്നു സഅദ്, ഇമാം ബൈഹഖി(റ) എന്നിവർ ഇബ്നു ഇസ്ഹാഖിൽ നിന്ന് ഉദ്ധരിക്കുന്നു. ഇതു തന്നെ ഹാഫിള് ഇബ്നു അസാകിർ തന്റെ താരീഖദ്ദിമശ്ഖ് 2 /73-ലും ഉദ്ധരിച്ചിട്ടുണ്ട്.

ഇമാം ഖസ്തല്ലാനി പറയുന്നു: റബീഉൽ അവ്വൽ പന്ത്രണ്ടിന്
റസൂൽ ജനിച്ചുവെന്ന അഭിപ്രായമനുസരിച്ചാണ് മക്കാവാസികളുടെ മുമ്പും ഇപ്പോഴുമുള്ള നിലപാട്. നബി(സ്വ) ജനിച്ച ദിവസം അവരെല്ലാവരും പ്രസവിച്ച സ്ഥലം സന്ദർശിക്കാറുണ്ട്. റബീഉൽ അവ്വൽ 12-നാണ് (അൽ മവാഹിബ് മഅ സുർഖാനി 1/132). പഴയ കാലം മുതൽ തന്നെ നബി(സ്വ)യുടെ ജന്മനാട്ടുകാർ പ്രവാചക ജന്മദിനം ആഘോഷിച്ചിരുന്നതിന്റെ ഭാഗ മായിരുന്നു ഈ സന്ദർശനം എന്നുകൂടി വ്യക്തമാണ്.

ഇത്രയും വിശദീകരിച്ചതിൽ നിന്ന് റബീഉൽ അവ്വൽ 12ന് തിരുനബി ഭൂജാതനായി എന്ന അഭിപ്രായം ശരിയാണെന്ന് മനസ്സിലാക്കാം. മക്കാ നിവാസികൾ നബി ജനിച്ച ദിവസം ജന്മസ്ഥലത്ത് സന്ദർശനം നടത്തുന്നത് ഇതേ ദിവസമാണെന്നതു കൂടി ചേർത്ത് ഹാഫിള് ഇബ്നു കസീർ ഉദ്ധരിക്കുന്നു; ജാബിർ(റ), ഇബ്നു അബ്ബാസ്(റ) എന്നിവർ പറയുകയുണ്ടായി; നിശ്ചയം നബി പ്രസവിക്കപ്പെട്ടത് റബീറ്റൽ അവ്വൽ 12-ന് തിങ്കളാഴ്ചയാണ്. അതേ ദിവസം തന്നെയാണ് പ്രവാചകത്വം ലഭിച്ചതും വാനലോകത്തേക്ക് ഉയർത്തപ്പെട്ട(മിഅ്റാജ്)തും ഹിജ്റ പോയതും അവിടുന്ന് വഫാതായതും (അൽ ബിദായതു വന്നിഹായ 2/260, അസ്സീറതുന്നബവിയ്യ1/199).

ഭൂരിപക്ഷ പണ്ഡിതന്മാരുടെയും ചരിത്ര ഗ്രന്ഥങ്ങളുടെയും പിൻബലമുള്ള അഭിപ്രായമാണ് നബിദിനം റബീഉൽ അവ്വൽ 12-നാണ് എന്നത്. ഇതാണ് സുന്നികൾ സ്വീകരിക്കുന്നത്. ചരിത്ര പിൻബലത്തോടെയാണ് സുന്നികൾ നബിദിനം ആഘോഷിക്കുന്നതും. അതിനാൽ ഇതിന് തെളിവില്ലെന്നു പറയുന്നവരാണ് പരിഹാസ്യരാകുന്നത്.

പിറവി സമയത്തെ ആകാശ നോട്ടം

ചോദ്യം: നബി(സ്വ) ജനിച്ചപ്പോൾ സാധാരണ കു ഞ്ഞുങ്ങളുടേതിനു വിരുദ്ധ മായി ആകാശത്തിലേക്ക് തല യുയർത്തിപ്പിടിച്ചുകൊണ്ടാണ് പിറന്നതെന്ന് മൗലിദുകളിൽ കാണുന്നു. ഇതിൽ വസ്തുത യുണ്ടോ?

മറുപടി: ഉണ്ട്. തിരുനബി യുടെ മാതാവ് ആമിന ബീവി(റ) പറയുകയുണ്ടായി. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുന്നതു പോലെയായിരുന്നില്ല എന്റെ കുട്ടിയുടെ പിറവി. ആകാശത്തേക്ക് തലയുയർത്തിപ്പിടിച്ച് കൈകൾ നിലത്ത് കുത്തിയാണ് മകൻ ഭൂജാതനായത് (സ്വഹീഹു ഇബ്നി ഹിബ്ബാൻ, അൽ കൗകബുൽ അൻവർ പേ, 177).

വീഴുന്ന വിഗ്രഹങ്ങൾ

ചോദ്യം: നബി യുടെ ജന്മദിനത്തിൽ വിഗ്രഹങ്ങൾ നിലംകുത്തി വീണുവെന്ന് മൗലിദിൽ കാണുന്നു. എന്താണു യാഥാർത്ഥ്യം?

മറുപടി: സത്യസന്ദേശത്തിന്റെ പ്രചാരകനും പ്രബോധകനുമായിട്ടാണ് തിരുനബി രംഗത്തു വരികയെന്നതു കൊണ്ടുതന്നെ അസത്യത്തിന്റെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങൾ പുണ്യപ്രവാചകരുടെ പിറവിയോടെ കീഴ്മേൽ മറിയുകയെന്നത് സ്വാഭാവികമാണല്ലോ. ഭാവിയിൽ ഈ പ്രവാചകർ നടത്തുന്ന സത്യത്തിന്റെ വ്യാപനവും അസത്യത്തിന്റെ വിപാടനവുമാണ് അത് സൂചിപ്പിക്കുന്നത്.

ഈ സത്യം ചരിത്രഗ്രന്ഥങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. ഹാഫിള് ഇബ്നു കസീർ പറയുന്നു: നബി യുടെ പ്രസവ സമയത്ത് മുഴുവൻ വിഗ്രഹങ്ങളും തലകീഴായി മറിഞ്ഞുവീണു (അൽ ബിദായതു വന്നിഹായ 3/20). അല്ലാമാ സൈനി ദഹ്‌ലാൻ(റ) ഉദ്ധരിക്കുന്നു: നബി യുടെ ജനനത്തെക്കുറിച്ച് അബ്ദുൽ മുത്വലിബ് പറയുന്നു; ഞാൻ കഅബയിലായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം തൽസ്ഥാനത്തു നിന്നു സുജൂദിലായി നിലംപൊത്തുന്നതു ഞാൻ കണ്ടു (അസ്സീറത്തുന്നബവിയ്യ വൽ ആസാറുൽ മുഹമ്മദിയ്യ 1/31).

ഹാഫിള് അബൂനുഐം, ഇമാം വാഖിദി(റ) എന്നിവർ അബൂഹുറൈറ(റ)യിൽ നിന്നുദ്ധരിക്കുന്നു: നബി യെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചയച്ചപ്പോൾ എല്ലാ ബിംബങ്ങളും തല കീഴായി മറിഞ്ഞു. ശൈത്വാന്മാരെല്ലാവരും ഇബ്‌ലീസിനരികിലെത്തി ഈ വിവരം പറഞ്ഞു. ഇബ്‌ലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു. അവസാനത്തെ നബി പ്രത്യക്ഷപ്പെട്ടതിന്റെ അടയാളമാണിത്. നിങ്ങൾ അതെവിടെയാണെന്ന് കണ്ടുപിടിക്കുക. അവർ പോയി അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അവസാനം ഇബ്‌ലീസും അന്വേഷിച്ചിറങ്ങി. അങ്ങനെ മക്കയിൽ ഈ പ്രവാചകർ ജനിച്ചതായി കണ്ടെത്തി (അൽ ഖസ്വാഇസ് 1/110).

ഹാഫിള് ഇബ്നു അസാകിർ ഉർവ(റ)യിൽ നിന്നു നിവേദനം ചെയ്യുന്നു. വറഖത് ബ്നു നൗഫൽ, സൈദിബ്നു അംരിബ്നു നുഫൈൽ, ഉബൈദുല്ലാഹിബ്നു ജഹ്ശ്, ഉസ്മാനുബ്നു ഹുവൈരിസ് എന്നിവർ പതിവായി ഒരുമിച്ചു കൂടാറുള്ള വിഗ്രഹത്തിനടുത്ത്, നബി പ്രസവിക്കപ്പെട്ട ദിവസം നിൽക്കുമ്പോൾ അത് കീഴ്മേൽ മറിയുന്നതാണ് കണ്ടത്. ഉടനെ അവരത് ശരിയാക്കി വച്ചെങ്കിലും വീണ്ടും മറിഞ്ഞുവീണു. അങ്ങനെ മൂന്ന് തവണ ആവർത്തിച്ചു. ആ സമയം ഇസ്മാനു ബ്നു ഹുവൈരിസ് പറഞ്ഞു; വിശേഷമായ എന്തോ സംഭവിച്ചതു കൊണ്ടാണ് ഈ വിഗ്രഹങ്ങൾ പല തവണയായി മറിഞ്ഞു വീഴുന്നത്. ശേഷം അദ്ദേഹം വിഗ്രഹങ്ങളോട് സംബോധനയായി ഏതാനും പദ്യ ശകലങ്ങൾ ഉരുവിട്ടു. അയാ സ്വനമൽ ഈദില്ലദീ സ്വഫ്ഫ ഹൗലഹു… എന്നു തുടങ്ങുന്ന താണ് ആ വരികൾ (താരീഖ് ബ്നു അസാകിർ 3/424, അൽ ഖസാഇസ് 1/52, അസ്സ്വിറാതുൽ ഹലബിയ്യ 1/79, അസ്സീറത്തുന്നബവിയ്യ 1/31).

ഇസ്ലാമിക ചരിത്രം പ്രാമാണികമായി തെളിയിക്കുന്നതാണ് ഈ വിഗ്രഹം മറിയലെന്ന് ബോധ്യപ്പെടാൻ ഇത്രയും മതിയല്ലോ.

 

Related Posts