Site-Logo
POST

പെരുന്നാളും തക്ബീറും

08 Jan 2024

feature image

ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷമാകുന്നു(ഹദീസ്). അനസ്ബ്നു മാലിക്(റ) പറയുന്നു: ജാഹിലിയ്യാ സമൂഹം വര്‍ഷത്തില്‍ രണ്ടു ദിവസം ആഘോഷത്തിനായി സംവിധാനിച്ചിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: നിങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ഇതുവരെ രണ്ടു ദിനങ്ങളുണ്ടായിരുന്നല്ലോ, ഇനി മുതല്‍ അതിനേക്കാള്‍ പുണ്യകരമായ രണ്ടു ആഘോഷ ദിവസങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു; ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയും.
ഔദ് അഥവാ ആവര്‍ത്തനം എന്ന പദത്തില്‍ നിന്നാണ് ഈദ് എന്ന പദം രൂപം കൊണ്ടത്. വർഷാ വർഷം ആവർത്തിച്ചു വരുന്നതാണല്ലോ പെരുന്നാൾ. അത് കൊണ്ട് അതിനെ ഈദ് എന്നു വിളിക്കുന്നു. പ്രസ്തുത ദിവസത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അടിമൾക്ക് പതിവിലുപരി നല്കപ്പെടുന്നു എന്ന ഉദ്ദേശത്തിലുള്ള അവാഇദുല്ലാഹ്( അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍) എന്ന പ്രയോഗത്തിൽ നിന്നാണ് ഈദ് ഉത്ഭവിച്ചതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്.

ആഭാസ രഹിതവും മതം അനുശാശിക്കുന്ന രൂപത്തിലുമാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. നോമ്പിന്റെ ആത്മീയതയും അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്നുള്ള പ്രതീക്ഷയും നിലനിർത്തിയാവണം വിശ്വാസികളുടെ പെരുന്നാളുകൾ. അതിന് ഭംഗം വരുന്ന ഒന്നും അവരിൽ നിന്ന് ഉണ്ടാവരുത്. അന്ന് നോമ്പ് നിഷിദ്ധമാണ്.
തക്ബീർ ധ്വനികളാൽ പെരുന്നാൾ ദിനം മുഖരിതമാകണം. ഇലഹീ സ്മരണയാണല്ലോ ഒരു വിശ്വാസി എപ്പോഴും കാത്തു സൂക്ഷിക്കേണ്ട ആയുധം.

വിശുദ്ധ ഖുര്‍ആനില്‍ പരാമർശിക്കപ്പെട്ട ഇബാദത്താണ് തക്ബീർ. വിശുദ്ധ റമളാന്‍ മാസം പൂര്‍ത്തീകരിക്കാനും നിങ്ങളെ ധര്‍മപന്ഥാവിലൂടെ വഴിനടത്തിയ അല്ലാഹുവിനു തക്ബീര്‍ ചൊല്ലി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാന്‍ (2185). 
നാഫിഅ(റ) നിവേദനം ചെയ്യുന്നു: ഫള്ല്‍, അബ്ദുല്ലാഹ്, അലി, ജഅഫര്‍, ഹസന്‍, ഹുസൈന്‍, ഉസാമ, സൈദ്, അയ്മന്‍ (റ) തുടങ്ങിയ സ്വഹാബികളോടു കൂടെ ഉച്ചത്തില്‍ തക്ബീറും തഹ്ലീലും മുഴക്കിക്കൊണ്ടാണ് നബി(സ്വ) ഇരു പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന് പോകാറുണ്ടായിരുന്നത്. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഞാനേറെ ഇഷ്ടപ്പെടുന്നുവെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പെരുന്നാളുകളെ തക്ബീറുകള്‍ കൊണ്ട് ഭംഗിയാക്കുക (ത്വബ്റാനി).

രണ്ടുവിധം തക്ബീറുകളാണ് പെരുന്നാളിൽ സുന്നത്തുള്ളത്. ഒന്ന്: തക്ബീര്‍ മുര്‍സല്‍. എല്ലാ സമയത്തും അത് നിർവഹിക്കാം. ഇരു പെരുന്നാൾ ദിവസങ്ങളിലും ഇപ്രകാരം ചൊല്ലൽ പുണ്യകരമാണ്. രണ്ട്: തക്ബീര്‍ മുഖയ്യദ്. നിസ്കാരശേഷം മാത്രം ചൊല്ലുന്ന ഇത് ബലിപെരുന്നാളില്‍ മാത്രമേ സുന്നത്തുള്ളൂ. അതുകൊണ്ടുതന്നെ ബലിപെരുന്നാളില്‍ നിസ്കാരാനന്തരം മറ്റു ദിക്റുകള്‍ക്ക് മുമ്പാണ് തക്ബീര്‍ ചൊല്ലേണ്ടത്. ചെറിയ പെരുന്നാളില്‍ ശേഷവും. ചെറിയ പെരുന്നാളില്‍ പെരുന്നാള്‍ രാവിലെ മഗ്രിബ് മുതല്‍ പെരുന്നാള്‍ നിസ്കാരം തുടങ്ങുന്നതുവരെ മുഴുവന്‍ സമയങ്ങളിലും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് (തുഹ്ഫ).

Related Posts