വാർത്ത, വൃത്താന്തം, സംസാരം, സംഭാഷണം, സംഭവ വിവരണം, കഥ, പുതിയത് എന്നൊക്കെയാണ് ഹദീസിന്റെ ഭാഷാർത്ഥം. സാങ്കേതിക തലത്തിൽ മുഹമ്മദ് നബി ﷺയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവക്കാണ് ഹദീസ് എന്ന് പറയുന്നത്. മറ്റൊരു നിർവചനപ്രകാരം മുഹമ്മദ് നബി ﷺ യിലേക്ക് ചേർത്തിപ്പറയുന്ന പ്രസ്താവന, പ്രവൃത്തി, അംഗീകാരം, സൃഷ്ടിപരവും സ്വഭാവപരവുമായ വിശേഷണം എന്നിവയാണ് ഹദീസ്. ഇസ്‌ലാമിക ചതുർപ്രമാണങ്ങളിൽ ഒന്നാണ് ഹദീസ്. ഹദീസിന്റെ വ്യാഖ്യാനങ്ങളില്ലെങ്കിൽ ഖുർആൻ വ്യക്തമായി മനസ്സിലാക്കുക പ്രയാസമായിരിക്കും. അതിനാൽ ഖുർആൻ ശരിയാംവിധം മനസ്സിലാക്കാൻ ഹദീസുകൾ അനിവാര്യമാണ്.
ഖുർആനിന്റെ വ്യാഖ്യാനം നബി ﷺ യുടെ 23 വർഷത്തെ ജീവിതമാണ്. പ്രസ്തുത കാലയളവിൽ വാക്കിലൂടെയും കർമത്തിലൂടെയും അംഗീകാരം നൽകുന്നതിലൂടെയും അവിടുന്ന് ഖുർആൻ വ്യാഖ്യാനിച്ചു. അല്ലാഹു പറയുന്നതു കാണുക: “താങ്കൾക്കു നാം ഉൽബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിച്ചത് താങ്കൾ അവർക്ക് വിവരിച്ചുകൊടുക്കാനും അവർ ചിന്തിക്കാനും വേണ്ടി’ (നഹ്ൽ: 44).
ഖുർആനിന്റെ ശരിയായ വിശദീകരണം നബി ﷺ യുടെ ഹദീസുകളാണെന്നും ജനങ്ങൾക്ക് വിവരിക്കുന്നതിനു വേണ്ടിയാണ് നബി ﷺ യിലേക്ക് ഖുർആൻ അവതരിപ്പിച്ചതെന്നും ഈ സൂക്തത്തിൽനിന്ന് സുതരാം വ്യക്തമാണല്ലോ. വിശുദ്ധ ഖുർആനിന്റെ ആശയങ്ങളും അർത്ഥതലങ്ങളും ഭാഷാപാണ്ഡിത്യം കൊണ്ടുമാത്രം മനസ്സിലാക്കാവുന്നതല്ല. ആയിരുന്നുവെങ്കിൽ അറബിഭാഷ നന്നായി സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന സ്വഹാബത്തിന് നബി ﷺ യുടെ വിശദീകരണം ആവശ്യമായി വരില്ലായിരുന്നു. അതിനാൽ ഖുർആനിന്റെ വിശദീകരണം ഉൾക്കൊള്ളുന്ന ഹദീസുകളും അത് നബി ﷺ യിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയ സ്വഹാബികളെയും അവഗണിച്ച് ഖുർആനിന് ആര് എന്ത് വിശദീകരണം നൽകിയാലും സത്യവുമായി നേരിയ ബന്ധംപോലും അതിനുണ്ടാവുകയില്ലെന്ന കാര്യം തീർച്ചയാണ്. മുസ്‌ലിമാണെന്നവകാശപ്പെടുകയും എന്നാൽ മതപ്രമാണങ്ങളെ, പ്രത്യേകിച്ച് ഹദീസുകളെ നിരാകരിക്കുകയും ചെയ്യുന്ന ചിലരെ കാണാം. മോഡേണിസ്റ്റുകൾ എന്ന് ഇവരറിയപ്പെടുന്നു. ഖുർആൻ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് ഹദീസുകൾ സ്വീകരിച്ചേ പറ്റൂ. എന്തു കൊണ്ടെന്നാൽ ഖുർആനിലെ നിരവധി സൂക്തങ്ങൾ ഹദീസുകളുടെ ആധികാരികത തെളിയിക്കുന്നുണ്ട്. ഇസ്‌ലാം ഉൾക്കൊള്ളണമെങ്കിൽ ഹദീസുകൾ കൂടിയേ തീരൂവെന്നും നമുക്ക് മനസിലാക്കാനാവും.
നബി ﷺ യുടെ ശാസനകളും ചര്യകളും അനുസരിക്കാൻ ഖുർആൻ കൽപിക്കുന്നു.
“(നബിയേ) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു‘’ (ആലുഇംറാൻ: 31).
അല്ലാഹുവിന്റെ പ്രിയം ലഭിക്കാനുള്ള ഏകമാർഗം നബി ﷺ യുടെ മാതൃക സ്വീകരിച്ച് ജീവിക്കലാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. നബി ﷺ യുടെ മാതൃക എന്താണെന്നതിന് ദൃക്സാക്ഷികൾ അവിടുത്തെ അരുമ ശിഷ്യന്മാരായ സ്വഹാബത്ത് ആണല്ലോ. അവരാണ് നബി ﷺ യുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും അംഗീകാരങ്ങളുമെല്ലാം ലോകത്തിന് കൈമാറിയത്. അത്തരം വിഷയങ്ങളാണല്ലോ ഹദീസുകൾ ഉൾകൊള്ളുന്നത്.
എങ്കിൽ ഹദീസുകൾ നിരാകരിക്കുന്നവർക്ക് ഖുർആനിന്റെ ശരിയായ അർത്ഥവും ആശയവും എവിടെ നിന്ന് ലഭിക്കും? നബി ﷺ യുടെ വാക്കുകൾ പ്രമാണമാണെന്നും ഖുർആൻ പറയുന്നു: ‘റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അവിടുന്ന് നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക’ (ഹഷ്‌ർ : 7). അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവിന്റെ റസൂലിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്’ (അഹ്സാബ്: 21). നബി ﷺ യുടെ ജീവിതം തന്നെയും പ്രമാണമാണെന്ന സൂചനയാണ് ഈ വചനം നൽകുന്നത്.
നബി ചര്ക്കെതിരെ പ്രവർത്തിക്കുന്നത് ദൈവധിക്കാരവും ദുർമാർഗവുമാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ആ കാര്യത്തിൽ സ്വന്തമായൊരു തീരുമാനമെടുക്കാൻ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല. അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്നവരോ നിശ്ചയം അവർ വ്യക്തമായ വഴികേടിൽ അകപ്പെട്ടിരിക്കുന്നു’ (അഹ്സാബ്: 36).
അല്ലാഹു പറയുന്നു:
“നാമിതാ ഈ ഗ്രന്ഥം സത്യസമേതം താങ്കൾക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് അല്ലാഹു കാണിച്ചുതരുന്നതു പ്രകാരം താങ്കൾ ജനങ്ങൾക്കിടയിൽ വിധികൽപിക്കേണ്ടതിനാകുന്നു’ (നിസാഅ: 105).
മത കാര്യങ്ങളിൽ നബി ﷺ യുടെ തീരുമാനങ്ങൾ അംഗീകരിക്കാത്തവർ നിഷേധികളാണെന്നും ഖുർആൻ പഠിപ്പിക്കുന്നു. ‘പറയുക; അല്ലാഹുവെയും റസൂലിനെയും നിങ്ങൾ അനുസരിക്കുക. ഇനി താങ്കളുടെ ഈ സന്ദേശം അവർ സ്വീകരിക്കുന്നില്ലെങ്കിൽ നിശ്ചയം അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അവൻ സ്നേഹിക്കുകയില്ല (ആലുഇംറാൻ: 32).
നബി ﷺ അനേകം സന്ദർഭങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മിഖ്ദാദുബ്നു മഅദീ കരിബ(റ)യിൽ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. നബി ﷺ പ്രസ്താവിച്ചു.
أَلَا إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ، أَلَا يُوشِكُ رَجُلٌ شَبْعَانُ على أريكته يقول: عليكم بهذا القرآن، فَمَا وَجَدتُّم فيه مِنْ حَلَالِ فَأَحِلُوهُ، وَمَا وَجَدتُّمْ فِيهِ مِنْ حَرَامِ فَحَرَمُوهُ“അറിയുക: നിശ്ചയം എനിക്ക് ഖുർആനും അതിന്റെ കൂടെ അതിനോട് തത്തുല്യമായതും നൽകപ്പെട്ടു. അറിയുക: വയർ നിറച്ച് ഒരാൾ (വിഡ്ഢി) മെത്തയിൽ ചാരിയിരുന്ന് പറയും: “നിങ്ങൾ ഖുർആൻ സ്വീകരിക്കുക. അതിൽ ഹലാലായി നിങ്ങൾ കാണുന്നത് ഹലാലായും ഹറാമായി കാണുന്നത് ഹറാമായും സ്വീകരിക്കുക“(അബൂദാവൂദ്: 3988).
“ഖുർആനിന്റെ കൂടെ അതിനോട് തത്തുല്യമായതും എനിക്ക് നൽകപ്പെട്ടു” എന്നത് വിവരിച്ച് ഇമാം ബൈഹഖി(റ) എഴുതുന്നു. ഈ ഹദീസ് രണ്ട് വ്യാഖ്യാനത്തിന് സാധ്യത ഉള്ളതാണ്.
1- പാരായണം ചെയ്യപ്പെടുന്ന, ബാഹ്യമായ ദിവ്യസന്ദേശം നബി ﷺ ക്ക് ലഭിച്ചതുപോലെ പാരായണം ചെയ്യപ്പെടാത്ത ആന്തരികമായ ദിവ്യസന്ദേശവും നബി ﷺ ക്ക് ലഭിച്ചിട്ടുണ്ട്.
2-പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം നബി ﷺ ക്ക് ദിവ്യസന്ദേശമായി നൽകി. അതിനോട് തുല്യമായ വിശദീകരണവും നബി ﷺ ക്ക് നൽകി. അഥവാ ഖുർആനിലുള്ളത് വിശദീകരിക്കുവാനുള്ള അനുവാദം നബി ﷺ ക്ക് അല്ലാഹു നൽകി. അതിന്റെ അടിസ്ഥാനത്തിൽ വ്യാപകാർത്ഥം കാണിക്കുന്ന പ്രസ്താവനകളെ നബി ﷺ പരിമിതപ്പെടുത്തുകയും മറിച്ചും ചെയ്യും. ഖുർആനിൽ (വ്യക്തമായി)പരാമർശിച്ചിട്ടില്ലാത്തവയുടെ നിയമവും അവിടുന്ന് വിശദികരിക്കും. നിയമം സ്ഥിരപ്പെടുന്നതിലും അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാകുന്നതിലും പാരായണം ചെയ്യുന്ന ഖുർആനിൽ വ്യക്തമായി പറഞ്ഞതിന്റെ സ്ഥാനം തന്നെയാണ്
തന്നെയാണ് അതിനുമുള്ളത് (ഔനുൽ മഅബൂദ്: 10/124).
പ്രസ്തുത ഹദീസ് വിശദീകരിച്ച് ഖത്വാബി(റ) എഴുതി: ഖുർആനിൽ (വ്യക്തമായി) പരാമർശിക്കാത്ത വിഷയങ്ങളിൽ നബി ﷺ നടപ്പിലാക്കുന്ന ചര്യകൾക്ക് എതിർ പ്രവർത്തിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതാണ് ഈ ഹദീസ്. ഖവാരിജ്, റാഫിളത്ത് തുടങ്ങിയ പുത്തൻ പ്രസ്ഥാനക്കാർ സ്വീകരിക്കുന്ന സമീപനം ഇതാണ്. ഖുർആനിന്റെ ബാഹ്യം മാത്രം സ്വീകരിക്കുകയും ഖുർആനിന്റെ വിഷതീകരണം ഉൾക്കൊള്ളുന്ന സുന്നത്തുകൾ അവഗണിക്കുകയുമാണ് അവർ ചെയ്യുന്നത്. അതിനാൽ അവർ പരിഭ്രമിക്കുകയും പിഴക്കുകയും ചെയ്തു (ഔനുൽ മഅബൂദ് 10:124). ഖുർആൻ പോലെ ഹദീസും പ്രമാണമാണെന്ന് ഈ വചനം തെളിയി ക്കുന്നു.
നബി ﷺ യിൽ നിന്ന് ഒരു കാര്യം സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അത് സ്വയം തന്നെ പ്രമാ ണമാണെന്നും ഇത് വ്യക്തമാക്കുന്നു. ‘നിങ്ങൾക്കൊരു ഹദീസ് ലഭിച്ചാൽ നിങ്ങളതിനെ ഖുർആനുമായി തട്ടിച്ചുനോക്കുക, എന്നിട്ട് ഖുർആനുമായി അത് യോജിക്കുന്ന പക്ഷം അത് നിങ്ങൾ സ്വീകരിക്കുക എന്ന് ചിലർ ഉദ്ധരിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. അത് മതനിഷേധികൾ കെട്ടിയുണ്ടാക്കിയ വെറും വർത്തമാനമാണെന്ന് യഹ്യബ്നു മഈൻ(റ) പ്രസ്താവിച്ചതായി സകരിയ്യസ്സാജി(റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂറാഫിഇ(റ)ൽ നിന്നു അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:
“എന്റെ കല്പനയോ വിലക്കോ വന്നിട്ടും എനിക്കറിഞ്ഞുകൂടാ, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ കാണുന്നതിനെ അനുസരിക്കാം എന്നു പറഞ്ഞ് തന്റെ മെത്തയിൽ ചാരിക്കിടക്കുന്നവനായി നിങ്ങളിലൊരുവനെയും ഞാൻ കാണരുത് (അബൂദാവൂദ്: 3989). ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഔനുൽ മഅബൂദിൽ പറയുന്നു: നിശ്ചയം നബി ﷺ യുടെ മുഅജിസത്ത് വ്യക്തമാവുകയും അവിടുന്ന് പറഞ്ഞകാര്യം അപ്പടി സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ പഞ്ചാബിൽ നിന്ന് ഒരു വ്യക്തി (ഖാദിയാനി) പുറപ്പെട്ടിരിക്കുന്നു. ഖുർആനിന്റെ വക്താവായാണ് അയാൾ സ്വയം പരിചയപ്പെടുത്തുന്നത്. ഖുർആനിന്റെ വക്താക്കളും അയാളുമായി ബഹുദൂരം അകലമുണ്ട്. പ്രത്യുത അയാൾ മതനിഷേധികളിലും മതഭ്രഷ്ടരിലും പെട്ടയാളാണ്. പിശാച് അയാളെ വഴിപിഴപ്പിക്കുകയും ശരിയായ പാന്ഥാവിൽ നിന്ന് അയാളെ അകറ്റുകയും ചെയ്തു. തന്നിമിത്തം മുസ്‌ലിംകൾ പറയാത്ത പലതും അയാൾ പറയുകയും നബി ﷺ യെ നിന്ദിച്ച് നീട്ടി സംസാരിക്കുകയും ചെയ്തു. പ്രബലമായ ഹദീസുകൾ പൂർണമായും അയാൾ തള്ളിക്കളയുന്നു. അതെല്ലാം അല്ലാഹുവിന്റെ മേൽകെട്ടിച്ചമച്ചുണ്ടാക്കിയവയാണെന്നും ഖുർആൻ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നും അയാൾ തട്ടിവിടുന്നു. നബി ﷺ യുടെ ഹദീസുകൾ അനിഷേധ്യമായി (മുതവാതിർ) സ്ഥിരപ്പെട്ടവയാണെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. ഖുർആനല്ലാത്തത് അടിസ്ഥാനമാക്കി ആരെങ്കിലും പ്രവർത്തിച്ചാൽ “അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് തീരുമാനം പറയാത്തവർ സത്യനി ഷധികളാണ്’ എന്ന ഖുർആനിന്റെ പ്രസ്താവനയിൽ ഉൾപ്പെടുമെന്നും അയാൾ ജൽപിക്കുന്നു. സത്യനിഷേധം (കുഫ്ർ) ഉൾക്കൊള്ളുന്ന, ഇത്തരത്തിലുള്ള പല പ്രസ്താവനകളും അയാൾ നടത്തിയിട്ടുണ്ട്. ധാരാളം വിവരദോഷികൾ അയാളെ പിന്തുടരുകയും അയാളെ ഇമാമായി കണക്കാക്കുകയും ചെയ്യുന്നു. അയാൾ കാഫിറാണെന്നും മതനിഷേധിയാണെന്നും ഇസ്‌ലാമിക വൃത്തത്തിൽ നിന്ന് പുറത്താണെന്നും ആധുനിക പണ്ഡിതന്മാർ ഫത്‌വ
നൽകിയിരിക്കുന്നു. കാര്യം അവർ പറഞ്ഞതു പോലെ തന്നെയാണ് (ഔനുൽ മഅബൂദ് 10/125).
റസൂലുല്ലാഹി(സ്വ) ഇപ്രകാരം പ്രസ്താവിച്ചതായി തനിക്ക് വിവരം ലഭിച്ചതായി ഇമാം മാലിക്(റ) പറയുന്നു: “ഞാൻ രണ്ട് കാര്യങ്ങൾ നിങ്ങളിൽ ഉപേക്ഷിച്ചുപോകുന്നു. അവ രണ്ടും മുറുകെപിടിക്കുന്ന പക്ഷം നിശ്ചയം നിങ്ങൾ വഴിപിഴ ച്ചുപോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകരുടെ ചര്യയുമാണത് (മുവത്വ: 1395).
ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നി വേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:
مَا بَالُ أَقْوَامٍ يَتَنَزَّهُونَ عَنِ الشَّيْيَ أَصْنَعُهُ، فَوَاللَّهِ إِنِّي لَأَعْلَمُهُمْ بالله وأشدهم له خشية (بخاري: ٥٦٣٦)
ഞാൻ അനുഷ്ഠിക്കുന്ന ഒരു കാര്യത്തിൽ നിന്ന് പിന്മാറി നിൽക്കുന്ന ജനങ്ങളുടെ സ്ഥിതി എന്തായിരിക്കും. തീർച്ചയായും അവരെക്കാൾ അല്ലാഹുവെ അറിയുകയും അവരെക്കാൾ അവനെ ഭയപ്പെടുകയും ചെയ്യുന്നവനാണ് ഞാൻ’ (ബുഖാരി. 5636). മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: “എന്നിൽ നിന്നുള്ള ഒരു വചനമെങ്കിലും നിങ്ങൾ പ്രചരിപ്പിക്കുക“ (ബുഖാരി: 3202). ഹദീസ് നിഷേധം മതനിഷേധം തന്നെയാണെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.
كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى، قَالُوا: يَا رَسُولَ اللَّهِ! وَمَنْ يَأْبَى؟ قَالَ: «مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي
فقد ابي
“എന്റെ സമുദായം മുഴുവനും സ്വർഗത്തിൽ പ്രവേശിക്കും. വിസമ്മതിച്ചവർ ഒഴികെ.’ അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, വിസമ്മതിക്കുന്നവർ ആരാണ്? അവിടുന്ന് അരുളി: “ഏതൊരാൾ എന്നെ അനുസരിക്കുന്നുവോ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ഏതൊരാൾ എനിക്ക് എതിർ പ്രവർത്തിക്കുന്നുവോ തീർച്ചയായും അവൻ വിസമ്മതിച്ചു’ (ബുഖാരി 6737).
ജലാലുദ്ദീൻ സുയൂത്വി(റ) പറയുന്നു: ഖുർആനിനെ ആരായുന്നവർ സുന്നത്തിനെയും അന്വേഷിക്കേണ്ടതാണ്. കാരണം അത് ഖുർആന്റെ വ്യാഖ്യാനവും വിശദീകരണവുമാകുന്നു. ചുരുക്കത്തിൽ, ഹദീസിനെ തള്ളുന്നവർക്ക് ഖുർആനിന്റെ ശരിയായ ആശയം വായിച്ചെടുക്കാനോ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനോ സാധിക്കില്ല. ഇത്തരത്തിലുള്ള പലരും പിൽക്കാലത്ത് രംഗത്തുവരുമെന്ന് നബി ﷺ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. ആ പ്രവചനം ഇന്നും പുലർന്നുകൊണ്ടിരിക്കുന്നു. അതിനാൽ നബി ﷺ യുടെ പ്രവചന പൂർത്തീകരണമാണ് ഹദീസ് നിഷേധമെന്ന് ഗ്രഹിക്കാം.