Site-Logo
POST

ദേവ്ബന്ദ് ദാറുൽ ഉലൂം തബ്‌ലീഗുകാർ തട്ടിയെടുത്തവിധം

അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി

|

26 Mar 2024

feature image

ഉത്തർ പ്രദേശിലെ പശ്ചിമ ജില്ലകളിൽ പെട്ട സഹാറൻപൂരിലെ പുരാതന ഗ്രാമമാണ് ദേവ്ബന്ദ്. മുഗൾ ചക്രവർത്തി ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണ കാലത്ത് ഹിജ്റ 726ൽ ഷാഹ് ഹാറൂൻ ജിഷ്‌തി എന്ന ഒരു മഹാൻ സഹാറൻപൂർ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രദേശത്ത് താമസമാക്കി. മഹാ പണ്ഡിതനും ജിഷ്‌തി ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അദ്ദേഹത്തിന്റെ പേരിൽ ആ പ്രദേശം ഷാഹാറൂൻപൂർ എന്നാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്. ഷാഹാറൂൻപൂർ എന്ന പേര് ലോപിച്ച് സഹാറൻപൂർ ആയി പിന്നീട് മാറുകയായിരുന്നു.

ദേവ്ബന്ദ് എന്ന് പിന്നീട് അറിയപ്പെട്ട പ്രദേശത്തെ നിവാസികളുടെ അപേക്ഷ അനുസരിച്ച് സുലൈമാൻ നബി ﵇ ന്റെ സൈന്യം അവിടെ എത്തുകയും ജനങ്ങളെ ഉപദ്രവിക്കുകയും അക്രമം ചെയ്യുകയും ചെയ്‌തിരുന്ന പിശാചുക്കളെ ബന്ധികളാക്കുകയും ചെയ്തു‌. ബഹുദൈവാരാധകർ ഈ പിശാചുക്കളെ ദേവീദേവന്മാരായി വിശ്വസിച്ച് അവരെ ആരാധിച്ചിരുന്നു. ഈ ദേവീദേവന്മാരെ ബന്ധിയാക്കിയ സ്ഥലം എന്ന അർത്ഥത്തിൽ പ്രസ്തുത പ്രദേശം ദേവ്ബന്ദ് എന്ന് അറിയപ്പെട്ടു എന്നതാണ് ഈ പേരിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ഒരു ചരിത്ര പക്ഷം.

ഹിജ്റ 894മുതൽ 923 വരെ ഭരണം നടത്തിയ സുൽത്വാൻ സിക്കന്തർ ഷായുടെ ഗവർണർ ഹസൻ ഖാൻ പുതുക്കി പണിത കോട്ട ദേവ്ബന്ദിലെ പുരാതന ശേഷിപ്പുകളിൽ പ്രധാനമായതാണ്. ഹസൻ ഖാൻ പുതുക്കി പണിതതിനാൽ ഹസൻഗഡ് എന്ന പേരിൽ കോട്ട സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നു. ഛത്തഃ മസ്ജിദ്(തേനീച്ച കൂടുള്ള പള്ളി) എന്ന പേരിൽ അറിയപ്പെട്ട പള്ളി ദേവ്ബന്ദിലെ അതിപുരാതന പള്ളിയാണ്. ഇമാം ഇബ്നുൽ ജൗസി ﵀ ന്റെ ശിഷ്യനും ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദി ﵀ ന്റെ മുരീദും ശൈഖ് ബഹാഉദ്ദീൻ സകരിയ്യ മുൽതാനി ﵀ ന്റെയും ശൈഖ് സഅദുശ്ശീറാസി ﵀ ന്റെയും സഹപാഠിയുമായ ഷാഹ് ജങ്കൽ ബാഷ് എന്ന പേരിൽ പ്രസിദ്ധനായ ശൈഖ് അലാവുദ്ദീൻ ﵀ ന്റെ മഖ്ബറ പ്രസ്തുത പള്ളിയോട് ചേർന്നാണ് ഉള്ളത്.

ഹിജ്റ 1331ൽ വഫാത്തായ ദേവ്ബന്ദിലെ പ്രശസ്‌ത ശൈഖ് സയ്യിദ് മുഹമ്മദ് ആബിദ് ഹുസൈൻ ﵀ 60 വർഷത്തോളം ഛത്തഃ മസ്ജിദിൽ താമസിച്ച് തന്റെ രിയാളകൾ പൂർത്തിയാക്കുകയും ആരാധനാ കർമ്മങ്ങളിൽ മുഴുകുകയും ചെയ്തു. പ്രസ്തുത 60 വർഷത്തിനിടക്ക് ഒരിക്കൽ പോലും തഹജ്ജുദ് നിസ്കാരം നഷ്ടപ്പെട്ടിട്ടില്ല. തുടർച്ചയായ 30 വർഷം ഇമാമിനോടൊപ്പം തക്ബീറത്തുൽ ഇഹ്റാം നിർവ്വഹിച്ച് മഹത്വം കരസ്ഥമാക്കിയിട്ടുണ്ട്. എണ്ണമറ്റ കറാമത്തുകൾ അദ്ദേഹത്തിൽ നിന്ന് വെളിവായിട്ടുണ്ട്. മുകാശഫത്തിന്റെ വിജ്ഞാനം ഉള്ള മഹാനുമായിരുന്നു അദ്ദേഹം (താരിഖേ ദാറുൽ ഉലൂം ദേവ്ബന്ദ് വാഃ 2: 222).

ഹിജ്റ 1250ൽ ദേവ്ബന്ദിലെ മർദൂം ഖേസ് എന്ന പ്രദേശത്ത് ജനിച്ച ശൈഖ് ആബിദ് ഹുസൈൻ ﵀ മൗലാനാ വിലായത്ത് അലി സഹാറൻപൂരി ﵀, മിയാൻജി കരീം ബഖ്ഷ് റാംപൂരി ﵀, ശൈഖ് ഇംദാദുല്ലാ മുഹാജിർ മക്കി ﵀ എന്നിവരുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം ഭീമൻ തുക ചിലവഴിച്ച് മീലാദാഘോഷം സംഘടിപ്പിച്ചിരുന്നു എന്നതിനു പുറമേ എല്ലാ വെള്ളിയാഴ്ച രാവിലും മഗരിബ് നിസ്കാര ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഛത്തഃ മസ്‌ജിദിൽ മൗലിദ് സദസ്സ് സംഘടിപ്പിക്കപ്പെട്ടിരുന്നു(തദ്കിറത്തുൽ ആബിദീൻ പേ: 877). ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിലുള്ള മൗലിദ് റമളാനിലെ നാല് വെള്ളിയാഴ്ചകളിലും ഛത്തഃ മസ്ജിദിൽ നടക്കുന്നുണ്ട്. (അൽ ബലാഗ് മാസിക, ഉർ ദു ലക്കം: ദുൽഹിജ്ജ, 1388)

സുലൈമാൻ നബി ﵇ ന്റെ കാലം വരെയോ അതിനപ്പുറമോ വരെ പഴക്കമുള്ള സുന്നി പാരമ്പര്യമുള്ളതും അതി പുരാതന പള്ളിയിൽ സുന്നി ആചാരങ്ങൾ പ്രദേശവാസികളായ മഹാന്മാരായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്നതുമായ അനുഗ്രഹീത ഗ്രാമമായ ദേവ്ബന്ദിൽ ആണ് ദാറുൽ ഉലൂം എന്ന പേരിൽ ഇന്ന് പ്രസിദ്ധമായ മത കലാലയം ഉള്ളത്. മദ്റസ അറബി ഇസ്‌ലാമി എന്ന പേരിൽ ഛത്തഃ മസ്‌ജിദിൽ ഹിജ്റ 1283 മുഹറം 15 ന് ക്രിസ്‌താബ്ദം 1866 മെയ് 30ന് സ്ഥാപിതമായ മതപാഠശാലയാണ് ഇന്നത്തെ ദാറുൽ ഉലൂമായി വികസിച്ചത്. മദ്റസ അറബി ഇസ്‌ലാമി എന്ന ഈ പാഠശാല ആരംഭിച്ചത് 21 വിദ്യാർത്ഥികളെ കൊണ്ടായിരുന്നു. മുല്ലാ മഹ്മൂദ് എന്ന പണ്ഡിതനായിരുന്നു പ്രഥമ മുദരിസ്. ആദ്യ അധ്യയന വർഷം അവസാനിക്കുമ്പോഴേക്കും വിദ്യാർത്ഥികൾ 78 ആയി വർദ്ധിച്ചിരുന്നു. അവരിൽ 58 പേർ ഇന്ത്യാ രാജ്യത്തിന് പുറത്തു നിന്നുള്ളവരായിരുന്നു. (ദാറുൽ ഉലൂം ദേവ്ബന്ദ് കാ ബാനി കോൻ ഹേ, : 26,53)

ദേവ്ബന്ദ് ദാറുൽ ഉലൂം സ്ഥാപിച്ചത് മുഹമ്മദ് ഖാസിം നാനൂതവി ആയിരുന്നു എന്നാണ് ആധുനിക തബ്ലീഗ് ജമാഅത്തുകാർ പ്രചരിപ്പിക്കുന്നത്. ഇത് വസ്‌തുതകൾക്ക് വിരുദ്ധവും നുണയുമാണ്. ദേവ്ബന്ദിൽ ജനിച്ചു വളർന്ന സുന്നി ആചാരങ്ങൾ കൃത്യതയോടെ അനുഷ്‌ഠിച്ച 60 വർഷം ഛത്തഃ മസ്‌ജിദിൽ ആരാധനാ കർമ്മങ്ങളിൽ മുഴുകിയ ശൈഖ് ആബിദ് ഹുസൈൻ എന്ന മഹാനാണ് മദ്റസ അറബി ഇസാമി എന്ന ദേ വ്ബന്ദ് ദാറുൽ ഉലൂമിന്റെ സ്ഥാപകൻ എന്നതാണ് ആദ്യകാല ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുതയും സത്യവും.

തബ്ലീഗ് ജമാഅത്തുകാരുടെ ‘ആഗോള പണ്ഡിതൻ’ അബുൽ ഹസൻ നദ്‌വിയുടെ പിതാവും കടുത്ത തബ്‌ലീഗ് ആദർശ വാദിയുമായ അബ്ദുൽ ഹയ്യിൽ ലഖ്നവി രേഖപ്പെടുത്തുന്നു: “ദേവ്ബന്ദിലെ മദ്റസ അറബി ഇസ്‌ലാമി ശൈഖ് ആബിദ് ഹുസൈൻ ദേവ്ബന്ദി സ്ഥാപിച്ചു” (നുസ്‌ഹത്തുൽ ഖവാത്വിർ വാ: 7 പേ: 1068). മൗലവി നദീർ അഹ്‌മദ് ദേവ്ബന്ദി തന്റെ തദ്കിറത്തുൽ ആബിദീൻ എന്ന ഗ്രന്ഥത്തിലും ഇങ്ങിനെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. താരീഖെ ദാറുൽ ഉലൂം ദേവ്ബന്ദ് എന്ന ഗ്രന്ഥം വാല്യം 1, പേജ് 155ലും സവാനി ഹെ ഖാസിമി എന്ന ഗ്രന്ഥം പേജ് 262ലും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. ദേവ്ബന്ദ് ദാറുൽ ഉലൂമിൽ ഉസ്‌താദുതഫ്‌സീറായ അൻവർ ഷാ കശ്മീരി അൽ ബലാഗ് ഉറുദു മാസിക ഹിജ്റ 1388 ദുൽഹിജ്ജ ലക്കത്തിൽ എഴുതിയ ലേഖനത്തിലും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. അൽ ഹദിയ്യത്തു സനിയ്യ എന്ന ദാറുൽ ഉലൂം ദേവ്ബന്ദിനെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥത്തിൽ ദുൽഫുഖാർ അലിയും ഇത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ ഹംദർദ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ ഡോ. ഗുലാം യഹ്‌യ അൻജും ദാറുൽ ഉലൂം സ്ഥാപിക്കാനുണ്ടായ പശ്ചാത്തലം വിശദീകരിച്ചു കൊണ്ട് എഴുതുന്നു. ‘മത വിദ്യഭ്യാസവുമായുള്ള മുസ്‌ലിംകളുടെ ബന്ധം തകർക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ നിരവധി ഗൂഢ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് മനസ്സിലാക്കിയ ശൈഖ് ആബിദ് ഹുസൈൻ ﵀ മുസ്‌ലിംകളെ മത വിദ്യഭ്യാസത്തിന്റെ മാർഗത്തിൽ ഉറപ്പിച്ച് നിറുത്തുന്നതിനും അതു വഴി അവരുടെ സന്മാർഗം സംരക്ഷിക്കുന്നതിനും വേണ്ടി ദേവ്ബന്ദ് ദാറുൽ ഉലൂം എന്ന ഉന്നത കലാലയം സ്ഥാപിച്ചു (ദേവ്ബന്ദ് ദാറുൽ ഉലൂം കാ ബാനി കോൻ ഹൈ പേ: 6).

ഡോ. ഗുലാം യഹ്‌യ വീണ്ടും എഴുതുന്നു. ബ്രിട്ടീഷുകാരുടെ മുഴുവൻ ഗൂഢാലോചനകളും മുസ്‌ലിംകളുടെ ഈമാൻ ബലഹീനമാക്കുന്നതിനും അവരുടെ ഹൃദയത്തിൽ നിന്ന് തിരുനബി ﷺ യോടും സ്വഹാബികളോടും മറ്റ് മഹാന്മാരോടുമുള്ള സ്നേഹവും ആദരവും പിഴുതുമാറ്റാനും വേണ്ടിയായിരുന്നു. ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ വിശ്വാസങ്ങളും വീക്ഷണങ്ങളും ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു. (ibid പേ: 68)

ദാറുൽ ഊലൂം ആരംഭിച്ച ഛത്തഃ മസ്‌ജിദിൽ നിന്നും ഇന്ന് ദാറുൽ ഉലൂം നില നിൽക്കുന്ന ഭാഗത്തേക്ക് മാറാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് നദീർ അഹ്‌മദ് ദേവ്ബന്ദി തദ്കിറത്തുൽ ആബിദീനിൽ രേഖപ്പെടുത്തിയത് ഡോ. ഗുലാം യഹ്യ ഉദ്ദരിക്കുന്നു: ഛത്തഃ മസ്‌ജിദിന്റെ പുനർനിർമ്മാണത്തിന് ശേഷവും മദ്റസ അറബി ഇസ്‌ലാമി ഏതാനും വർഷം അവിടെ തന്നെ നടന്നു. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം മസ്‌ജിദിന്റെ റൂമുകളിൽ അവരുടെ പഠനവും അധ്യാപനവും താമസവും പ്രയാസകരമായപ്പോൾ മസ്‌ജിദ് ഖാളി പള്ളിയുടെ സമീപത്ത് ഒരു സ്ഥലം വാടകക്കെടുത്തെങ്കിലും അതൊരു ശാശ്വത പരിഹാരമല്ലാത്തതിനാൽ മദ്റസ അറബി ഇസ്‌ലാമിയുടെ ഭാരവാഹികളെ വിളിച്ചുകൂട്ടി മദ്റസക്ക് സ്വന്തം ഭൂമി വാങ്ങേണ്ടതിന്റെ ആവശ്യം അവരെ ബോധ്യപ്പെടുത്തി. എന്നാൽ സ്ഥലം കണ്ടെത്താനും വാങ്ങാനുമുള്ള ചുമതല അവർ ശൈഖ് ആബിദ് ഹുസൈൻ ﵀ നെ തന്നെ ഏൽപ്പിക്കുകയായിരുന്നു. അതനുസരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ഥലം കണ്ടെത്തുകയും വാങ്ങുകയും ചെയ്‌തു. പ്രസ്‌തുത ഭൂമിയുടെ ആധാരം ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ പേരിൽ തന്നെ ആയിരുന്നു. മദ്റസയുടെ സെക്രട്ടറി കൂടിയായിരുന്ന മൗലവി റഫീഉദ്ദീനെ കെട്ടിട നിർമാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു‌. ഒരു ലക്ഷം രൂപ ചെലവഴിച്ച് പ്രഥമ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ദാറുൽ ഉലൂ മിന്റെയും നിർമ്മാണത്തിന് വേണ്ടിയുള്ള ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ രാപ്പകൽ ഭേദമന്യേയുള്ള അദ്ധ്വാനവും പണം സ്വരൂപിക്കാനുള്ള കഷ്ടപ്പാടുകളും ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. (ibid പേ: 54, 55)

ദേവ്ബന്ദ് ദാറുൽ ഉലൂമിനെ നട്ടു വളർത്തിയതും 30 വർഷം വരെ അതിനെ പരിപാലിച്ച് ഒരു വട വൃക്ഷമായി വളർത്തിയതും ശൈഖ് മുഹമ്മദ് ആബിദ് ഹുസൈൻ ﵀ ആണ് (ibid പേ: 93). ദേവ്ബന്ദിലെ ശൈഖ് ശൈദാ സ്വാഹിബ് ﵀ ന്റെ മഖ്ബറയുടെ സമീപത്താണ് ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ മഖ്ബറ സ്ഥിതിചെയ്യുന്നത്. ദേവ്ബന്ദ് ദാറുൽ ഉലൂമിന്റെ സ്ഥാപകനായ സയ്യിദ് മുഹമ്മദ് ആബിദ് ഹുസൈൻ ﵀ ന്റെ മഖ്ബറ എന്നാണ് അവിടെ ബോർഡ് വെച്ചിട്ടുള്ളത് (ibid പേ: 48). ശൈഖ് ആബിദ് ഹുസൈൻ ﵀ ആദർശവും വിശ്വാസവും എന്തായിരുന്നു എന്നും അതിന്റെ പിന്തുടർച്ചക്കാർ ആരാണെന്നും ഡോ. ഗുലാം യഹ്‌യ പറയുന്നു: അക്കാലത്ത് അദ്ദേഹത്തിന്റെ വിശ്വാസം എന്തായിരുന്നോ അതിന്റെ പ്രചാരകരും പതാക വാഹകരും ഇക്കാലത്ത് ശൈഖ് അഹ്‌മദ് റസാ ഖാൻ ബറേൽവി ﵀ ന്റെ പ്രതിനിധികളും അനുയായികളുമാണ്. (ibid :51)

ദാറുൽ ഉലും സ്ഥാപിച്ചതുമായി ഖാസിം നാനൂതവിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നതിന്ന് അബുൽ ഹസൻ നദ്‌വിയുടെ പിതാവ് അബ്ദുൽ ഹയ്യിന്റെ വാക്കുകൾ തന്നെ തെളിവാണ്. അദ്ദേഹം പറയുന്നു: ഹിജ്റ 1273ൽ ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടപ്പോൾ ബ്രട്ടീഷ് ഗവൺമെന്റിനെതിരെ വിപ്ലവം നയിക്കുന്ന ആളാണെന്ന് ഖാസിം നാനൂതവിയെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായി. അതിനെ തുടർന്ന് അദ്ദേഹം കുറേക്കാലം ഒളിവിൽ കഴിഞ്ഞു. പിന്നീട് പ്രത്യക്ഷപ്പെടുകയും തെറ്റിദ്ധാരണയിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്തു. ശേഷം ഖാസിം നാനൂതവിയും യഅകൂബ് നാനൂതവിയും അദ്ദേഹത്തിന്റെ വിഭാഗത്തിൽ പെട്ട ഒരു സംഘം ആളുകളും ഹിജ്റ 1277ൽ ഹിജാസിലേക്ക് പോയി. ഹജ്ജും സിയാറത്തും നിർവ്വഹിച്ച് ഇന്ത്യയിലേക്ക് മടങ്ങി. ഖാസിം നാനൂതവി ആ യാത്ര യിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. ഇന്ത്യയിലെത്തിയ അദ്ദേഹം കുറേ കാലം മീററ്റിൽ താമസമാക്കി. മുംതാസ് അലി ഖാനിന്റെ മുജ്തബാഇയ പ്രസ്സിൽ പുസ്‌തകങ്ങളിലെ തെറ്റു തിരുത്തൽ(പ്രൂഫ് റീഡിംഗ്) തൊഴിൽ ചെയ്‌ത്‌ ജീവിത ചെലവിനുള്ള പണം കണ്ടെത്തി. ദേവ്ബന്ദിൽ ശൈഖ് ആബിദ് ഹുസൈൻ ദേവ്ബന്ദി മദ്റസ ഇസ്‌ലാമിയ സ്ഥാപിക്കുമ്പോൾ അദ്ദേഹം മീററ്റിലായിരുന്നു. ഖാസിം നാനൂതവി അതിനെ പ്രശംസിക്കുകയും പിന്തുണക്കുകയും പിന്നീട് അതിന്റെ കമ്മറ്റിയംഗവുമായി. പിന്നീട് 1285ൽ ഹറമൈനിയിൽ പോയി ഹജ്ജും സി യാറത്തും നിർവ്വഹിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരികയും മീററ്റിൽ തന്നെ താമസിക്കുകയും ചെയ്തു‌.(നുസ്ഹത്തുൽ ഖവാത്വിർ വാ: 7 പേ: 1068)

ഡോ. ഗുലാം യഹ്‌യ രേഖപ്പെടുത്തുന്നു: ദാറുൽ ഉലൂം സ്ഥാപിക്കുന്ന സമയത്ത് ഖാസിം നാനൂതവി ദേവ്ബന്ദിൽ ഉണ്ടായിരുന്നതേയില്ല. ഹിജ്റ 1290 വരേ നാനൂതവി ഡൽഹിയിലും മീററ്റിലുമായി താമസിക്കുകയായിരുന്നു എന്നതാണ് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്ന യാഥാർത്ഥ്യം. അതിനു ശേഷം ഒരിക്കൽ അദ്ദേഹം ദേവ്ബന്ദിൽ വരികയും ദാറുൽ ഉലൂമിന്റെ മേൽ നോട്ട ഉത്തരവാദിത്വം സ്വീകരിക്കുകയുമായിരുന്നു. (ദേവ്ബന്ദ് ദാ റുൽ ഉലൂം കാ ബാനി കോൻ ഹെ പേ: 58)

ക്രിസ്താബ്ദം 1997 ഡസംബർ മാസത്തിൽ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖൗമീ ആവാസ് പത്രത്തിൽ കമൽ ദേവ്ബന്ദി എഴുതുന്നു: ദാറുൽ ഉലൂം സ്ഥാപിച്ച് എട്ട് വർഷത്തിന് ശേഷം ഖാസിം നാനൂതവി ദേവ്ബന്ദിൽ വന്നു. അന്നുണ്ടായ ചില തർക്കങ്ങളെ തുടർന്ന് പ്രസ്‌തുത കെട്ടിടത്തിന്റെ മേൽ നോട്ട ചുമതല ഖാസിം നാനൂതവിയുടെ കുടുംബത്തിന് വഖഫ് രൂപത്തിൽ ശൈഖ് ആബിദ് ഹുസൈൻ ﵀ രേഖാമൂലം ഏൽപിച്ചു. മേൽ നോട്ട ചുമതല ഏൽപിക്കുന്നതിന് മുമ്പ് ദാറുൽ ഉലൂം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കെ അതിന്റെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ കമ്മറ്റിയിൽ ഖാസിം നാനൂതവിയെ ഉൾപ്പെടുത്തിയിരുന്നു. ഇത് വിശദീകരിച്ച് കൊണ്ട് ഡോ. ഗുലാം യഹ്‌യ എഴുതുന്നു: ഛത്തഃ മസ്‌ജിദിൽ സ്ഥല പരിമിതി നിമിത്തമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു സ്ഥലം വാടകക്ക് വാങ്ങി. പിന്നീട് അവിടെ വെച്ചാണ് പഠനം നടന്നത്. എന്നാൽ മുദർരിസ് മുല്ലാ മഹ്‌മൂദ് മാത്രമായിരുന്നു. ആ സ്ഥലവും മതിയാകാതെ വന്നപ്പോൾ സ്ഥാപനത്തിന് സ്ഥായിയായ രൂപം നൽകുന്നതിനു വേണ്ടി ശൈഖ് ആബിദ് ഹുസൈൻ ഒരു യോഗം വിളിച്ചു. സ്ഥാപനത്തിന്റെ പ്രഥമ കാര്യ നിർവാഹക സമിതി തെരഞ്ഞെടുക്കപ്പെട്ടത് പ്രസ്‌തുത യോഗത്തിലാണ്. മൗലവി മുഹമ്മദ് ഖാസിം, മൗലവി ഫസലു റഹ്‌മാൻ, മൗലവി ദുൽ ഫുഖാറലി, മൗലവി മുഹ്‌താബ് അലി, മുൻശിഅ ഫ‌ലേഹഖ് എന്നിവർ പ്രസ്‌തുത സമിതിയിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സമിതിയുടെ പ്രസിഡന്റ്റ് ശൈഖ് ആബിദ് ഹുസൈൻ ﵀ തന്നെ സ്ഥാപനത്തിന്റെ വേതന രഹിത മാനേജറായും നിശ്ചയിക്കപ്പെട്ടു. ശേഷം സ്ഥാപനത്തിന്റെ വരുമാനം വർദ്ധിച്ചപ്പോൾ മൗലവി മുഹമ്മദ് യഅഖൂബിനെ ബലിയിൽ നിന്ന് വിളിച്ച് വരുത്തി പ്രധാന മുദരിസായും ഫാരിസി ഭാഷയും വിശുദ്ധ ഖുർആനും പഠിപ്പിക്കാൻ വേവ്വേറെ അധ്യാപകരെയും നിയമിച്ചു. (ibid പേ:53-54)

ശൈഖ് ആബിദ് ഹുസൈൻ ﵀ ന്റെ ആത്മീയ ഗുരുക്കളിൽ ഒരാളായ മുഹാജിർ മക്കിയുമായുള്ള ഖാസിം നാനൂതവി യുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള മുൻ പരിചയം അനുസരിച്ചാണ് അദ്ദേഹത്തെ നിർവ്വാഹക സമിതിയിൽ അംഗമാക്കിയതും മേൽനോട്ട ചുമതല ഏൽപിച്ചതും. ഖാസിം നാനൂതവി അക്കാലത്ത് സുന്നി ആദർശക്കാരനായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന മീററ്റിലെ പ്രസ്സിന്റെ ഉടമ മുംതാസ് അലിഖാൻ അക്കാലത്തെ പ്രമുഖ സുന്നി പണ്ഡിതനാണ്. ഉച്ച സൂര്യനേക്കാൾ ശക്തമായി പ്രശോഭിക്കുന്ന ചരിത്ര ലക്ഷ്യങ്ങളെ മുഴുവൻ അവഗണിച്ച് കൊണ്ട് ഖാസിം നാനൂതവിയെ ദാറുൽ ഉലൂമിന്റെ സ്ഥാപകനായി അവരോധിക്കാനുള്ള ഗുഢ നീക്കങ്ങൾ പലപ്പോഴും നടന്നിട്ടുണ്ട്. ഡോ. ഗുലാം യഹയ എഴുതുന്നു: നാനൂതവിയെ ദാറുൽ ഊലൂമീന്റെ സ്ഥാപകനാക്കാനുള്ള ഗൂഡാലോചന ഹിജ്റ 1320/ക്രിസ്‌താബ്ദം 1905ന് ശേഷം ഉണ്ടായതാണ്. കാരണം അതിന് മുമ്പുള്ള ദാറുൽ ഉലൂമിന്റെ രേഖകളിലൊന്നും ഖാസിം നാനൂതവിയെ അതിന്റെ സ്ഥാപകനായി കണ്ടെത്താൻ കഴിയില്ല.(ibid പേ 58.59).

ഇതേ വസ്തുത ഇഫ്തിഖാർ ഹുസൈൻ 1998 ജനുവരി 17 ലെ ഖൗമി ആവാസിൽ എഴുതിയത് ഡോ. ഗുലാം പേ: 93 ഉദ്ധരിച്ചിട്ടുണ്ട്. ദേവ്ബന്ദ് ദാറുൽ ഉലൂമിൽ നിന്ന് ബിരുദം എടുത്തവർക്ക് ഖാസിമി എന്ന വിശേഷണം ആദ്യകാലങ്ങളിൽ നൽകിയിരുന്നില്ല. അത് പിൽക്കാലത്ത് ഉണ്ടായതാണ് എന്നത് ഈ ഗൂഡാലോചനയെ ശരിവെക്കുന്നു. ജംഇയ്യത്ത് ഉലമായേ ഹിന്ദ് കാര്യദർശിമാരിൽ ഒരാളായ അബ്ദുൽ ഹമീദ് നുഅമാനി 1998 ജനുവരി 2ലെ ഖൗമി ആവാസിൽ എഴുതിയ ലേഖനത്തിൽ ഖാസിമി വിശേഷണത്തെക്കുറിച്ച് രേഖപ്പെടുത്തുന്നു. ഖാസിമി വിശേഷണം പിൽക്കാലത്ത് പ്രചാരത്തിൽ വന്നതാണെന്ന് നിസ്സംശയം പറയാൻ സാധിക്കുന്നതാണ്. മഹ്‌മൂദുൽ ഹസൻ, ഹുസൈൻ അഹ്‌മദ് മദനി, അൻവർ ഷാ കശ്‌മീരീ, അഷറഫ് അലി ത്വാനവി തുടങ്ങിയ ദാറുൽ ഉലൂമിൽ നിന്ന് ആദ്യ കാലത്ത് ബിരുദമെടുത്തവർ അവരുടെ പേരിന്റെ കൂടെ ഖാസിമി എന്ന് വിശേഷണം എഴുതിയിരുന്നില്ല. ഖാരി ത്വയ്യിബിന്റെ മേൽ നോട്ടത്തിൽ ആണ് ഖാസിമി എന്ന വിശേഷണം എഴുതാൻ ആരംഭിച്ചത്. ദേവ്ബന്ദ് മദ്റസ അറബി ഇസ്‌ലാമി എന്ന സ്ഥാപനത്തിന് (ചില ചരിത്ര രേഖകളിൽ മദ്റസ അറബി ഫാരിസി റിയാളി എന്നും കാണുന്നുണ്ട്) ദാറുൽ ഉലൂം എന്ന പേരും വളരേ അടുത്ത കാലത്ത് പ്രചാരത്തിൽ വന്നതാണ്. കാരണം കടുത്ത തബ്‌ലീഗ് ജമാഅത്തുകാരനായ അബ്ദുൽ ഹയ്യ് ഹിജ്റ 1394-നു ശേഷം രചിച്ച തന്റെ നുസ്ഹത്തുൽ ഖവാത്വിർ എന്ന ഗ്രന്ഥത്തിൽ ഇരുപതോളം തവണ പ്രസ്തുത സ്ഥാപനം പരാമർശിക്കുന്നുണ്ട്. അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ, അൽ മദ്റസത്തുൽ അറബിയ്യ, അൽ മദ്റസത്തുൽ ആലിയ, അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യതുൽ അറബിയ്യ എന്നീ പേരുകൾ ഉപയോഗിച്ചാണ് പൊതുവെ പ്രസ്തു‌ത സ്ഥാപനത്തെ അദ്ദേഹം പരാമർശിക്കുന്നത്. ദാറുൽ ഉലൂം എന്ന പേര് രണ്ടോ മൂന്നോ സ്ഥലങ്ങളിൽ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതടിസ്ഥാനത്തിൽ ഹിജ്റ 1394ന് ശേഷവും മദ്റസതുൽ ഇസ്‌ലാമിയ്യ, അറബിയ്യ തുടങ്ങിയ പേരുകളാൽ ആണ് പ്രസ്തുത സ്ഥാപനം പരക്കെ അറിയപ്പെട്ടിരുന്നത് എന്ന് ഗ്രഹിക്കാം.

ഖാസിം നാനൂതവിയെ ദാറുൽ ഉലൂമിനെ സ്ഥാപകനാക്കാനുള്ള ഗൂഢാലോചന നടന്നത് ഹിജ്റ 1320, ക്രിസ്താബ്ദം 1905 ന് ശേഷമാണെന്ന വസ്‌തുത ലക്ഷ്യ സഹിതം ഡോ. ഗുലാം യഹ്യ പേ:58 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാരണവും അദ്ദേഹം പറയുന്നു: ഹിജ്റ 1283ൽ പ്രസ്‌തുത മദ്റസ സ്ഥാപിച്ചത് ശൈഖ് മുഹമ്മദ് ആബിദ് ഹുസൈൻ ആണ്. പിന്നീട് ദാറുൽ ഉലൂമിന്റെ സ്ഥാപകനായി അദ്ദേഹത്തെ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല എന്നത് ഒരു ചോദ്യചിഹ്നമാണ്. സത്യ സന്ധന്മാർ ഈ വിഷയം ഗൗരവത്തോടെ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. മൗലിദാഘോഷം, ഫാത്തിഹ പോലുള്ള മരിച്ചവർക്ക് വേണ്ടി നടത്തുന്ന മരണാനന്തര കർമ്മങ്ങൾ, മശാഇഖുമാരുടെ പേരിൽ നടത്തുന്ന നേർച്ചകൾ, സഹായഭ്യർത്ഥന തുടങ്ങിയവ അംഗീകരിക്കുന്ന ആളായിരുന്നു ശൈഖ് ആബിദ് എന്നതിനാൽ അദ്ദേഹത്തിന്റെ പേര് മറച്ച് വെക്കുകയും പകരം സംഘത്തലവൻ എന്ന നിലയിൽ ഖാസിം നാനൂതവി പ്രത്യക്ഷപ്പെടുകയും മുന്നിൽ വരികയും ചെയ്‌തു എന്നത്‌ അനുകാലിക തെളിവുകൾ സ്ഥിരീകരിക്കുന്ന യാഥാർത്ഥ്യമാണ്.(പേ: 60)

ഖാസിം നാനൂതവി, റഷീദ് അഹ്‌മദ് ഗംഗോഹി, അശ്റഫ് അലി താനവി, ഹുസൈൻ അഹ്‌മദ് മദനി, മുഹമ്മദ് സകരിയ്യ കാന്തലവി തുടങ്ങിയവർ ആദ്യകാലത്ത് തവസ്സുൽ, ഇസ്തിഗാസ, ബറക്കത്തെടുക്കൽ, സിയാറത്ത് യാത്ര, തുടങ്ങിയ കാര്യങ്ങൾ അംഗീകരിച്ചിരുന്ന സുന്നികളായിരുന്നു എന്ന് സയ്യിദ് മു ഹമ്മദ് അലവി മാലികി(ന.മ.)യുടെ മഫാഹീം യജിബു അൻ തുസ്വഹ്ഹഹ എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതിയ മുഹമ്മ ദ് അസീസുൽ റഹ്മാൻ ഹഖാനി തന്റെ അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട് (പേ:57)

ഖലീൽ അഹമദ് അമ്പേട്ടവി, ഇസ്മാഈൽ ദഹ്ലവി, റഷീദ് അഹ്മദ് ഗംഗോഹി, ഹുസൈൻ അഹ്‌മദ് മദനി എന്നിവരുടെ ആദർശങ്ങൾ എന്താണെന്ന് അന്വേഷിച്ച് കൊണ്ട് മദീനാ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകൻ മുഹമ്മദ് ഇല്യാസിന്റെ ശിഷ്യനും അദ്ദേഹത്തിന്റെ വാമൊഴികൾ ക്രോഡീകരിച്ച് മൽഫൂളാത്ത് എന്ന ഗ്രന്ഥമെഴുതുകയും ചെയ്‌ത മൻസൂർ നുഅമാനിക്ക് അയച്ച കത്തിനു നൽകിയ ദീർഘമായ മറുപടിയിൽ ഇവരൊക്കെ ആദ്യകാലത്ത് വഹാബിസത്തിന് എതിരായിരുന്നു എന്നും ശേഷം വഹാബി ആദർശക്കാർ ആയിത്തീരുകയും ചെയ്‌തു എന്നും വസ്തുനിഷ്ഠമായി സമർത്ഥിച്ചിട്ടുണ്ട്. പ്രസ്‌തുത മറുപടി ദേവ്ബന്ദ് ദാറുൽ ഉലൂമിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അദ്ദാഈ എന്ന അറബി ദ്വൈവാരികയിൽ പുസ്‌തകം: 2 ലക്കം: 8 (1977 ഡിസംബർ 25) മുതൽ പുസ്‌തകം : 2 ലക്കം: 16, 17 (1978 ഏപ്രിൽ 25, മെയ് 10) വരേയുള്ള ലക്കങ്ങളിൽ തുടർ ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. (അതിന്റെ മലയാള വിവർത്തനം തിരിച്ചറിവ് എന്ന ഈ ലേഖകന്റെ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്).

ഇസ്മാഈൽ ദഹ്ലവി ഇന്ത്യയിൽ വഹാബിസം എന്ന ഇസ്‌ലാഹി പ്രവർത്തനത്തിന്റെ പതാക ഏറ്റെടുത്ത ആളായിരുന്നു എന്ന് മുഹമ്മദ് കുട്ടശ്ശേരി എഴുതിയ ഇസ്‌ലാഹി പ്രസ്ഥാന ചിരത്രത്തിനൊരാമുഖം എന്ന പുസ്തകത്തിന്റെ പേജ് 17ൽ പറയുന്നു. ഇതേ വസ്‌തുത ഇസ്‌മാഈൽ ദഹ്ലവിയുടെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഉർദു ഗ്രന്ഥത്തിന്റെ ആമുഖത്തിലും പറയുന്നുണ്ട്. അതിലുപരി തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥവും ഇതിന് തെളിവാണ്. തിരുനബി ﷺ അന്ത്യ പ്രവാചകനെന്ന വിശുദ്ധ ഖുർആനിന്റേയും തിരു സുന്നത്തിന്റെയും പ്രസ്താവനകൾ വെറും പ്രശംസാ വാചകം മാത്രമാണെന്നും ആയതിനാൽ തിരുനബി ﷺ യുടെ കാലത്തോ അതിന് ശേഷമോ മറ്റൊരു പ്രവാചകൻ നിയോഗിക്കപ്പെട്ടാൽ അത് അന്ത്യ പ്രവാചകത്വത്തിന് ഭംഗം വരുത്തുന്നതുമല്ലെന്ന ഖാദിയാനിസത്തിന്റെ അടിസ്ഥാന ആശയം ഖാസിം നാനൂതവി തന്റെ തഹ്‌ദീറുന്നാസ്(പേ: 4, 5, 43) എന്ന ഗ്രന്ഥത്തിലൂടെ പ്രചരിപ്പിച്ചു. അഷ്റഫ് അലി താനവി, റഷീദ് അഹ്‌മദ് ഗംഗോഹി തുടങ്ങിയവർ ഈ വഹാബി-ഖാദിയാനി സങ്കരമതത്തെ ഏറ്റു പിടിച്ചു. പ്രസ്തുത മതം പ്രചരിപ്പിക്കാനായി അവർക്ക് ശേഷം മുഹമ്മദ് ഇല്യാസ് തബ്ലീഗ്‌ ജമാഅത്ത് രൂപീകരിച്ചു.

ആദ്യ കാലത്ത് സുന്നികളായിരുന്ന ഖാസിം നാനൂതവി തുടങ്ങിയവരിൽ ബ്രിട്ടീഷ് സൃഷ്‌ടിയായ ഖാദിയാനിസവും വഹാബിസവും എങ്ങനെ സ്വാധീനിച്ചു എന്ന് കൂടി വിശദീകരിക്കാം. മുസ്‌ലിംകളുടെ മതപരമായ മുഴുവൻ ഉയർച്ചയും നശിപ്പിക്കുന്നതിനുളള തന്ത്രങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാർ നിരവധി പണ്ഡിതന്മാരെ വകവരുത്തുകയും മതസ്ഥാപനങ്ങൾ നശിപ്പിക്കുകയോ അടച്ചു പൂട്ടുകയോ ഇതര വിദ്യഭ്യാസ സ്ഥാപനങ്ങളായി മാറ്റുകയോ ചെയ്‌ത സംഭവങ്ങൾ നിഷേധിക്കാനാകാത്തതാണ്. ക്രിസ്താബ്ദം 1913ൽ കാൺപൂരിലെ മത്സ്യമാർക്കറ്റിലെ പള്ളിയുടെ ഒരു ഭാഗം ശത്രുക്കൾ തകർത്തതിനെ തുടർന്ന് തടിച്ച് കൂടിയ മുസ്‌ലിംകൾക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിൽ മുന്നൂറോളം മുസ്‌ലിംകൾ കൊല്ലപ്പെട്ട സംഭവം അക്കൂട്ടത്തിൽ ഒന്നാണ്.

മദ്റസകളും മതസ്ഥാപനങ്ങളും തകർത്ത ബ്രിട്ടീഷുകാർ ശേഷം മുഹമ്മദൻ സ്‌കൂൾ എന്ന പേരിൽ ഭൗതിക വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. പാശ്ചാത്യൻ സംസ്‌കാരവും ക്രിസ്ത്യാനിറ്റിയും മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായിരുന്നു മുഹമ്മദൻ സ്‌കൂളുകൾ. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അജണ്ട പ്രസ്തുത സ്കൂളുകളിൽ നടപ്പാക്കുന്നതിനും അത് ഉറപ്പ് വരുത്തുന്നതിനുമായി മുസ്‌ലിം നാമധാരികളായ വ്യക്തികളെ പ്രസ്‌തുത സ്‌കൂളുകളുടെ ഇൻസ്പെക്ടർമാരായി നിയമിക്കുകയും ചെയ്തു.

മദ്റസകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എന്ന പേരിൽ ബ്രിട്ടീഷ് ഗവൺമെന്റ് മദ്റസകൾക്ക് വേണ്ടി ഇൻസപ്ക്ടർമാരെ നിയമിച്ചത് അവരുടെ മാറ്റൊരു ഗൂഢ പദ്ധതിയായിരുന്നു. ഖാസിം നാനൂതവി ദേവ്ബന്ദ് ദാറുൽ ഉലൂമിന്റെ സ്വദർ മുദരിസായി നിയമിച്ച മുഹമ്മദ് യഅഖൂബ് അലി നാനൂതവി, മഹ്മൂദുൽ ഹസൻ ദേവ്ബന്ദി, ഫറഹ്‌മാൻ ദേവ്ബന്ദി തുടങ്ങിയവർ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വേതനം പറ്റി അവരുടെ അജണ്ടകൾ മദ്റസകളിൽ നടപ്പാക്കാനായി നിയമിതരായ ഇൻസ്പെക്ടർമാർ ആയിരുന്നു. പ്രസ്തുത സർക്കാർ തൊഴിലിൽ നിന്നും വിരമിച്ച ശേഷമാണ് യഅഖൂബ് അലി നാനൂതവി ദേവ്ബന്ദ് ദാറുൽ ഉലൂമിന്റെ സ്വദർ മുദർരിസ് ആയി നിയമിക്കപ്പെട്ടത്.

ദേവ്ബന്ദ് ദാറുൽ ഉലൂമിലെ ആദർശ വ്യതിയാനത്തിന്റെ നിമിത്തമായി ഗണിക്കപ്പെടുന്ന യഅഖൂബ് അലി നാനൂതവിയുടെ നിയമത്തെക്കുറിച്ച് ഉത്തരേന്ത്യയിലെ വഹാബിസത്തിന്റെ വക്താവ് അബ്ദുൽ ഖാലിഖ് ഖുദ്ദൂസി പറയുന്നു: ‘ദേവ്ബന്ദ് ദാറുൽ ഉലൂം സ്ഥാപിതമായ ശേഷം സ്വദർ മുദർരിസായി നിയമിതനായത് മംലൂക് അലിയുടെ പുത്രൻ യഅഖൂബ് നാനൂതവി ആയിരുന്നു. ക്രിസ്താബ്ദം 1855ൽ അദ്ദേഹത്തിന് മദ്റസകളിലെ ഇൻസ്പെക്ടർ പദവി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞത് അത്ഭുതകരമായ യാദൃശ്ചികതയാണ്.”(ഡോ. ഗുലാം യഹ്‌യ/ ദാറുൽ ഉലൂം കാ ബാനി കോൻ, പേ: 63)

ഹിജ്റ 1273ൽ ബ്രിട്ടീഷ്കാർക്കെതിരെയുള്ള ശക്തമായ ലഹള നടന്നപ്പോൾ ഖാസിം നാനൂതവിയെക്കുറിച്ച് ബ്രിട്ടീഷ് വിരുദ്ധ സമര നേതാവാണെന്ന് തെറ്റിദ്ധാരണ ഉണ്ടായെന്നും അതിനെ തുടർന്ന് അദ്ദേഹം ഒളിവിൽ പോകുകയും കുറേ നാളുകൾക്ക് ശേഷം തിരിച്ച് വരികയും അല്ലാഹു അയാളെ രക്ഷപ്പെടുത്തുകയും ആരോപണത്തിൽ നിന്ന് മുക്തനാക്കുകയും ചെയ്തു എന്നും കടുത്ത തബ്ലീഗ് ആദർശക്കാരനായ അബ്ദുൽ ഹയ്യ് തന്റെ നുസ്ഹത്തുൽ ഖവാതിർ വാ: 7, പേ: 1068ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഖാസിം നാനൂതവിയുടെ ബ്രിട്ടീഷ് വിധേയത്വവും അനുഭാവവും ഇതിൽ നിന്ന് സ്പ‌ഷ്ടമാണ്.

ദേവ്ബന്ദ് ദാറുൽ ഉലൂമിനെ കുറിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് മേലുദ്യോഗസ്ഥരുടെ അഭിപ്രായം കടുത്ത തബ്ലീഗ് ജമാഅത്ത് ആദർശക്കാരനായ പ്രൊഫസർ മുഹമ്മദ് അയ്യൂബ് രേഖപ്പെടുത്തുന്നതിങ്ങനെയാണ്: “ക്രിസ്താബ്ദം 1875 ജനുവരി 31 ഞായറാഴ്ച ലഫ്റ്റനന്റ് ഗവർണറും തന്റെ പ്രൈവറ്റ് സെക്രട്ടറിയും കൂടി ദാറുൽ ഉലൂം സന്ദർശിക്കാൻ വന്നു. ശേഷം അദ്ദേഹം നടത്തിയ ആശ്ചര്യം പ്രകടിപ്പിക്കുന്ന പ്രസ്‌താവനയുടെ ഒരു ഭാഗ ഇങ്ങനെയായിരുന്നു: പല വലിയ കോളേജുകളിലും ആയിരങ്ങൾ ചിലവഴിച്ച് നടത്തുന്ന ദൗത്യങ്ങൾ ചില്ലിക്കാശ് കൊണ്ട് ഇവിടെ നിർവ്വഹിക്കപ്പെടുന്നു. ആയിരങ്ങൾ വേതനം വാങ്ങുന്ന പ്രിൻസിപ്പൽ ജോലി ഇവിടെ ഒരു മൗലവി നാൽപത് രൂപക്ക് നിർവ്വഹിക്കുന്നു. ഈ മദ്റസ സർക്കാരിന് എതിരല്ല. മറിച്ച് സർക്കാരിന്റെ അനുകൂലിയും സഹായിയും ആണ്.(മൗലാനാ മുഹമ്മദ് അഹ്സൻ നാനൂതവി, പേ: 217)

തബ്ലീഗ് ജമാഅത്ത് നേതാക്കൾ ബ്രിട്ടീഷ് വിരുദ്ധ പോരാളികളായിരുന്നു എന്ന് പറയുന്ന ആധുനിക തബ്‌ലീഗുകാർക്കും നെല്ലും പതിരും വേർതിരിക്കാത്ത ചരിത്രകാരന്മാർക്കും അബ്ദുൽ ഹയ്യിന്റെയും മുഹമ്മദ് അയ്യൂബിന്റെയും ഈ രണ്ട് പ്രസ്താവനകൾ കനത്ത തിരിച്ചടിയാണ്. ഇസ്‌ലാമിക ചരിത്രവും മതപാഠശാലകലും വികൃതമാക്കൽ ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ നയമായിരുന്നു. ക്രിസ്ത്യൻ മിഷണറികളുടെയും ഇസ്‌ലാമിലെ പുത്തൻവാദികളുടെയും പ്രവർത്തനങ്ങളെയും ഇംഗ്ലീഷുകാർ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന ഡോ. ഷൗഖി അബൂ ഖലീലിന്റെ പ്രസ്‌താവന (അതസുദുവലിൽ ആലമിൽ ഇല്സാമി പേ: 187) ദേവ്ബന്ദ് ദാറുൽ ഉലൂമിനേയും തബ്‌ലീഗ് നേതാക്കളെയും കുറിച്ചുള്ള ഉപരി സൂചിത പരാമർശങ്ങൾക്ക് ആമുഖമായി ഗണിക്കാവുന്നതാണ്.

ദേവ്ബന്ദ് ദാറുൽ ഉലൂമിന്റെ അധികാര, അധ്യാപന സ്ഥാനങ്ങൾ വഹിക്കുന്നതോടൊപ്പം ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കുകയും അവരുടെ വേതനം പറ്റുകയും ചെയ്ത ഇവർക്ക് ഉണ്ടായ ആശയ വ്യതിയാനം ജനാബ് നൗഷാദ് ആലമിനെ തൊട്ട് ഡോ. ഗുലാം യഹ്‌യ ഉദ്ധരിക്കുന്നു: ഖാസിം നാനൂതവി തന്റെ തഹ്‌ദീറുന്നാസ് എന്ന ഗ്രന്ഥത്തിൽ തിരുനബി ﷺ യുടെ അന്ത്യ പ്രവാചകത്വം നിഷേധിച്ചു. റഷീദ് അഹ്‌മദ് ഗംഗോഹി തന്റെ ഫതാവാ റഷീദിയ്യയിൽ അല്ലാഹു കളവ് പറയാൻ കഴിവ് ഉള്ളവനാണെന്ന ഫത്‌വ നൽകി. ഖലീൽ അഹമദ് അമ്പേട്ടവി തന്റെ ബറാഹിനെ ഖാത്വിഅ എന്ന ഗ്രന്ഥത്തിൽ
തിരുനബി ﷺ യുടെ വിജ്ഞാനം ശൈത്വാന്റെ വിജ്ഞാനത്തേക്കാൾ കുറവാണെന്ന് രേഖപ്പെടുത്തി. റഷീദ് അഹ്മദ് ഗംഗോഹി ഇത് ശരിവെക്കുകയും ചെയ്തു. അഷ്റഫ് അലി ത്വാനവി തന്റെ ഹിഫ്സൽ ഈമാൻ എന്ന ഗ്രന്ഥത്തിൽ തിരുനബി(സ്വ)യുടെ പരിശുദ്ധ വിജ്ഞാനത്തെ ഭ്രാന്തൻ, മൃഗങ്ങൾ, കാലികൾ എന്നിവയോട് സാമ്യപ്പെടുത്തികൊണ്ട് അവിടുത്തെ അദൃശ്യ ജ്ഞാനത്തെ നിഷേധിച്ചു. ഖാസിം നാനൂതവി തന്റെ തസ്ഫിയത്തുൽ അഖാഇദ് എന്ന ഗ്രന്ഥത്തിൽ വിശുദ്ധ പ്രവാചകന്മാർ കളവ് പറയുന്നവരും പാപങ്ങൾ പ്രവർത്തിക്കുന്നവരുമാണെന്ന് എഴുതി. ദേവ്ബന്ദിലെ ദാറുൽ ഇഫ്ത്താഇലെ പണ്ഡിതന്മാരായ മുഫ്തി മസ്ഊദ് അഹ്‌മദും മുഫ്തി സയ്യിദ് അഹ്മദ് അലി സഈദും പ്രസ്തുത വിശ്വാസങ്ങൾ കുഫ്‌രിയത്താണെന്ന് ഫത്‌വ നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.(പേ:65-66)

ദാറുൽ ഉലൂമിനെ വൈജ്ഞാനിക മത പരിഷ്കരണ വിപ്ലവത്തിന്റെ കേന്ദ്രമാക്കാനും അതിനെ മുസ്‌ലിം ഉമ്മത്തിന്റെ തന്നെ മത പരിഷ്കരണ വിപ്ലവത്തിന്റെ ഭാഗത്തേക്ക് തിരിച്ച് വിടാനുമുള്ള കഠിനമായ പരിശ്രമങ്ങൾ ഖാസിം നാനൂതവിയും റഷീദ് അഹ്മദ് ഗംഗോഹിയും നടത്തുകയുണ്ടായി എന്ന അഖ്ലാഖ് ഹുസൈൻ ഖാസിമിയുടെ വെളിപ്പെടുത്തലും ഡോ. ഗുലാം യഹ്യ ഉദ്ധരിച്ചിട്ടുണ്ട് (പേ:87). നാനൂതവി, ഗംഗോഹി തുടങ്ങിയവരുടെ ആദർശങ്ങൾ അതിന് മുമ്പ് മറ്റാർക്കും ഉണ്ടായിരുന്നില്ലെന്ന ദാറുൽ ഉലൂമിലെ ഉസ്താദുത്തഫ്‌സീർ കൂടിയായിരുന്ന അൻവർ ഷാ കാശ്മീരിയുടെ പ്രസ്‌താവനയും ഡോ. ഗുലാം യഹ്യ രേഖപ്പെടുത്തിയിട്ടുണ്ട്. അൻസർ ഷാ പറയുന്നു: “ഖാസിം നാനൂതവി, റഷീദ് അഹ്‌മദ് ഗംഗോഹി എന്നിവരിൽ നിന്നാണ് ദേവ്ബന്ദിസത്തിന്റെ നേതൃത്വം ആരംഭിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആയതിനാൽ ദേവ്ബന്ദിസത്തിന്റെ ആരംഭം ഷാ വലിയ്യുല്ലാഹിദ്ദഹ്ലവിയിൽ നിന്നാണ് എന്ന് പറയുന്നതിന് പകരം ഈ രണ്ട് പണ്ഡിതന്മാരിൽ നിന്നാണ് എന്നാണ് ഞാൻ പറയുന്നത്”
(പേ: 88-89).

തബ്‌ലീഗിസം അഥവാ ദേവ്ബന്ദിസം ഷാ വലിയ്യുല്ലാഹിയുടേയും മറ്റും ആദർശമാണെന്ന ആധുനിക തബ്‌ലീഗുകാരുടെ വാദഗതി അൻസർ ഷാ ഇവിടെ നിഷേധിച്ചത് പ്രകാരം അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ആദർശമാണത് എന്നതിനേയും വ്യക്തമായി നിഷേധിച്ചത് ഡോ. ഗുലാം ഉദ്ധരിച്ചിട്ടുണ്ട്. “ദേവ്ബന്ദിസം ശൈഖ് ഷാ വലിയ്യുല്ലാഹിയുടെ ആദർശമേ അല്ല”.(പേ:131). “ശൈഖ് ഷാ അബ്‌ദുൽ ഹഖ്‌ ദഹ്‌ലവിയുടെ ആദർശങ്ങൾക്ക് ദേവ്ബന്ദിസവുമായി ബന്ധമില്ല.”(പേ:133). ശേഷം ഡോ. ഗുലാം യഹ്‌യ രേഖപ്പെടുത്തുന്നു: ശൈഖ് ആബിദ് ഹുസൈൻ ﵀ പടുത്തുയർത്തിയ ദേവ്ബന്ദും ഇന്ന് ലോകത്ത് പ്രസിദ്ധമായ ദേവ്ബന്ദും പരസ്പര വിരുദ്ധമാണെന്നത് തീർച്ച തന്നെ”(പേ:134).

ബ്രിട്ടീഷുകാരുടെ ഇസ്‌ലാമിക വിരുദ്ധ പ്രവർത്തനങ്ങൾ പ്രതിരോധിക്കാനായി ശൈഖ് ആബിദ് ഹുസൈൻ ﵀ സ്ഥാപിച്ച ദാറുൽ ഉലൂമിനെ ബ്രിട്ടീഷുകാരന് ഒറ്റികൊടുത്ത് വഹാബിസവും ഖാദിയാനിസവും മതപരിഷ്‌കരണവും ഇസ്‌ലാഹി പ്രവർത്തനമെന്ന ഓമനപ്പേരിട്ട് പ്രചരിപ്പിക്കാൻ അവിടെ കളമൊരുക്കിയ ഖാസിം നാനൂതവി വ്യക്തി ജീവിതത്തിലും പരിഷ്കാരി ആയിരുന്നു എന്ന് അബ്‌ദുൽ ഹയ്യിന്റെ വാക്കുകളിൽ നിന്ന് ഗ്രഹിക്കാം. അദ്ദേഹം പറയുന്നു “കപട ഫുഖഹാഇന്റെയും പണ്ഡിതന്മാരുടേയും വേഷമായ തലപ്പാവ്, മേൽതട്ടം തുടങ്ങിയവയിൽ നിന്ന് ഖാസിം നാനൂതവി വളരെ വിദൂരത്തായിരുന്നു” (നുസ്ഹത്തുൽ ഖവാത്വിർ വാ:7, പേ: 1067).

ആരെങ്കിലും എപ്പോഴെങ്കിലും ചൂഷണം ചെയ്തിട്ടുണ്ടെങ്കിലും തലപ്പാവും മേൽ തട്ടവും തിരുനബി ﷺ യുടെ സുന്നത്താണെന്നത് നിഷേധിക്കാൻ മുസ്‌ലിമിന് കഴിയില്ല. സ്വഹാബാക്കൾ, താബിഉകൾ ശേഷം ഇന്നോളം കഴിഞ്ഞു പോയ സജ്ജനങ്ങളായ മുസ്‌ലിം പണ്ഡിതന്മാർ ആരും അതിനെ നിഷേധിക്കുകയോ വില കുറച്ച് കാണുകയോ ചെയ്തിട്ടില്ല. പണ്ഡിതന്മാർ വലിപ്പമുള്ള തലപ്പാവ് ധരിക്കണമെന്നാണ് പല പണ്ഡിതന്മാരും പഠിപ്പിക്കുന്നത്. എങ്കിൽ ഖാസിം നാനൂതവിക്കും അബ്‌ദുൽ ഹയ്യിനും തലപ്പാവും മേൽത്തട്ടവും കപടന്മാരുടെ വേഷമായതിനു പിന്നിൽ പാശ്ചാത്യൻ ചിന്തയല്ലാതെ മറ്റെന്താണുള്ളത്.

ദേവ്ബന്ദ് ദാറുൽ ഉലൂമും അതിന്റെ അടിസ്ഥാന സ്ഥാവരജംഗമ വസ്‌തുക്കളും സുന്നികളുടേതാണെന്നും അതിന്റെ അടിസ്ഥാന ആദർശം സുന്നിസമാണെന്നും അതിന്റെ സംരക്ഷണത്തിനാണ് ദാറുൽ ഉലൂം സ്ഥാപിതമായതെന്നും അറിയുന്ന സുന്നികൾ അതിനെ സ്നേഹിക്കുന്നവരും ഇന്ന് നിലവിലുള്ള അതിന്റെ ദുർഗതിയിൽ വ്യസനിക്കുന്നവരുമാണ്. ഖാസിം നാനൂതവിയും സംഘവും കഠിനാധ്വാനം ചെയ്‌തിട്ടും ദേവ്ബന്ദ് ദാറുൽ ഉലൂമിനെ പൂർണമായി വഹാബിവൽക്കരിക്കാനോ തബ്‌ലീഗ് വൽക്കരിക്കാനോ കഴിഞ്ഞിട്ടില്ല. മറിച്ച് ദാറുൽ ഉലൂമിന്റെ നടത്തിപ്പുകാർ, ഉസ്‌താദുമാർ, വിദ്യാർത്ഥികൾ എന്നിവരിൽ ഒളിഞ്ഞോ തെളിഞ്ഞോ പലപ്പോഴും വഹാബിസവും തബ്‌ലീഗിസവും സ്വാധീനിച്ചിട്ടുണ്ട്. വർത്തമാന കാലത്ത് ഈ സ്വാധീനം അല്പം ശക്തിയാണെന്ന് മാത്രം. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിനെ പൂർണ്ണമായും തബ്‌ലീഗ് വൽക്കരിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും ശക്തി പ്രാപിച്ചെങ്കിലും വിജയിച്ചിട്ടില്ലല്ലോ.

തൊള്ളായിരത്തി അമ്പതുകൾക്ക് ശേഷം ദാറുൽ ഉലൂമിൽ ചേർന്ന് പഠനം നടത്തിയ പണ്ഡിതന്മാർ അവരുടെ പഠനകാല അനുഭവങ്ങൾ വിശദീകരിച്ചതിൽ നിന്ന് ഇത് ഗ്രഹിക്കാവുന്നതാണ്. ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരുടെ(ന.മ.) വാക്കുകൾ ശൈഖുൽ ഹദിസ് ജ്ഞാന വീഥിയിലെ വിളക്കുമാടം എന്ന പുസ്‌തകത്തിൽ ഉദ്ദരിക്കുന്നു: “ദേവ്ബന്ദിലെ ചില ഉസ്‌താദുമാരിലും ഉത്തരേന്ത്യക്കാരായ ചുരുക്കം വിദ്യാർത്ഥികളിലും പുത്തനാശയത്തിലേക്ക് ചായ്‌വുള്ളവർ ഉണ്ടായിരുന്നു. എന്നാൽ അത് മറനീക്കി പുറത്തു വന്നിരുന്നില്ല”(പേ: 38). “അല്ലാമാ ഇബ്റാഹീം ബാൽയാവിയായിരുന്നു അക്കാലത്ത് പ്രിൻസിപ്പാളായി സേവനം ചെയ്തിരുന്നത്. ഇദ്ദേഹം തബ്‌ലീഗ് ജമാഅത്തിനോട് കടുത്ത എതിർപ്പുള്ള ആളായിരുന്നു.”(ibid :38)

ദാറുൽ ഉലൂമിലെ മലയാളി സമാജത്തിന്റെ സെക്രട്ടറി കൂടി ആയ ഇസ്മാഈൽ മുസ്‌ലിയാർ (ന.മ.) ആ വർഷം റബീഉൽ അവ്വൽ മാസത്തിൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഗംഭീര മൗലിദ് സദസ്സ് സംഘടിപ്പിച്ചതും പ്രസ്‌തുത പരിപാടിയിൽ ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ നഅതേ ശരീഫ് പാടിയതും അനന്തരം തബ്‌ലീഗുകാരായ ചില വിദ്യാർത്ഥികൾ വൈസ് പ്രിൻസിപ്പാൾ ആയിരുന്ന ശൈഖ് ഫഖ്റുൽ ഹസന് പരാതി കൊടുത്തതും അദ്ദേഹം തിർമിദി ഹദീസ് ക്ലാസിൽ മലയാളികളെ ചോദ്യം ചെയ്തതും പിന്നീട് മൂന്ന് ദിവസങ്ങളിലായി സുന്നികളുടേയും തബ്‌ലീഗുകാരുടേയും ഇടയിൽ നടന്ന വാശിയേറിയ വാദ പ്രതിവാദത്തിന്റേയും അനുഭവങ്ങൾ പേ:38 മുതൽ44 വരെ വിവരിച്ചിട്ടുണ്ട്. ഖത്മുൽ ബുഖാരി നേർച്ചയാക്കുന്നവർ ദാറുൽ ഉലൂമിലെ വിദ്യാർത്ഥികളെ കൊണ്ട് അത് നിർവ്വഹിപ്പിച്ച് മിഠായി വിതരണം ചെയ്യുന്നതിന് തെളിവ് ഉള്ള പോലെ മൗലിദ് ആഘോഷിക്കാനും തെളിവ് ഉണ്ടെന്ന് പറഞ്ഞ് മൂന്നാം ദിവസം ഉസ്‌താദ് ഫഖ്റുൽ ഹസൻ തന്നെ സംവാദം അവസാനിപ്പിക്കുകയുമായിരുന്നു.

റഈസുൽ ഉലമാ സുലൈമാൻ മുസ്‌ലിയാരുടെ അനുഭവം മറ്റൊന്നാണ്. അദ്ദേഹം പറയുന്നു: “ദേവ്ബന്ദിൽ തബ്‌ലീഗുകാരില്ലായിരുന്നു. അവർ പുറത്ത് നിന്ന് വരുന്നവരാണ്. ദാറുൽ ഉലൂമിൽ തബ്‌ലീഗ്കാർ വന്നാൽ ജാഹിലീങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കാൻ നടക്കുകയാണ് എന്ന് പറഞ്ഞ് അവരോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരായിരുന്നു അവിടുത്തെ ഉസ്‌താദുമാർ”.

പ്രിൻസിപ്പാളിനു പുറമേ ഉസ്‌താദുത്തഫ്‌സീർ ആയിരുന്ന അൻസർ ഷാ കാശ്‌മീരി, ശൈഖുൽ ഹദീസ് ആയിരുന്ന ശരീഫുൽ ഹസൻ തുടങ്ങിയ പ്രധാന ഉസ്‌താദുമാരൊക്കെ സുന്നികളായിരുന്നെന്ന് പൊന്മള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ പറയുന്നു. ദാറുൽ ഉലൂമിലെ പൂർവ്വ കാല ഉസ്‌താദുമാരുടെ ഖബർ സിയാറത്തിന് വിദ്യാർത്ഥികൾ എത്തുന്നതിന് മുമ്പ് തന്നെ ശൈഖ് അൻസർ ഷാ കാശ്‌മീരി എത്തുകയും ഖബറിനു സമീപം നിന്ന് കൈ ഉയർത്തി ദുആ ഇരക്കുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥി പാർലിമെന്റിന്റെ പ്രധാന മന്ത്രികൂടിയായ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ദാറുൽ ഉലൂമിൽ മീലാദ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയപ്പോൾ തിരുവനന്തപുരം സ്വദേശിയായ ബഷീറുദ്ദീൻ എന്ന വിദ്യാർത്ഥി അതിനെതിരെ രംഗത്ത് വന്നു. ദാറുൽ ഉലൂമിലെ പണ്ഡിതന്മാരൊക്കെ മൗലിദ് പാരായണത്തിന് എതിരാണെന്നും ആയതിനാൽ അത് നടത്തരുതെന്നും അയാൾ പൊന്മള ഉസ്താദിനെ സമീപിച്ച് അറിയിച്ചു. ദാറുൽ ഉലൂം സുന്നി സ്ഥാപനമായത് കൊണ്ടാണല്ലോ ഞാൻ ഇവിടെ വന്നത്. ഇവടുത്തെ മുതിർന്ന പണ്ഡിതന്മാർ മൗലിദ് കഴിക്കുന്നതിന് എതിരുമല്ലല്ലോ എന്ന് പൊന്മള ഉസ്‌താദ് മറുപടിയും പറഞ്ഞു. ശേഷം ബഷീറുദ്ദീൻ ശൈഖ് ശരീഫുൽ ഹസൻ സാഹിബിനെ സമീപിച്ച് പരാതിപ്പെട്ടപ്പോൾ അദ്ദേഹം പൊന്മള ഉസ്‌താദ് അടക്കമുള്ള വിദ്യാർത്ഥികളെ വിളിക്കുകയും മൗലിദ് പരിപാടിയുടെ വിശദീകരണം ആരായുകയും ചെയ്തു‌. മൻഖൂസ്, ശർറഫൽ അനാം മൗലിദുകളുടെ ഏടുകൾ ഹാജറാക്കുകയും മൗലിദുകളുടെ പാരായണമാണ് പ്രധാനമെന്ന് അവർ വിശദീകരിക്കുകയും ചെയ്തപ്പോൾ ശൈഖ് ശരീഫുൽ ഹസൻ രണ്ട് മൗലിദുകളും പരിശോധിക്കുകയും അത് പാരായണം ചെയ്യുന്നത് തെറ്റില്ലെന്നും പരിപാടി നടത്താൻ അനുവദിക്കുകയും ചെയ്‌തു. ശേഷം ബഷീറുദ്ദീൻ പ്രിൻസിപ്പാളിനെ സമീപിച്ചെങ്കിലും മൗലിദ് മുടക്കാനുള്ള ശ്രമം അവിടെയും പരാജയപ്പെടുകയും പരിപാടി നടക്കുകയും ചെയ്തു.

ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ പ്രവർത്തകരായ ഏതാനും ചെറിയ ഉസ്താദുമാരായിരുന്നു വഹാബീ-തബ്‌ലീഗ്‌ ആദർശക്കാരായി അന്ന് അവിടെയുണ്ടായിരുന്നത്. അവർ അവരുടെ ക്ലാസുകളിൽ ചിലപ്പോഴൊക്കെ ആദർശം വിശദീകരിക്കും. എന്നാൽ അന്നത്തെ പ്രധാന ഉസ്‌താദുമാർ പ്രസ്‌തുത ആദർശങ്ങൾ ശരിയല്ലെന്നും സുന്നി ആദർശമാണ് ശരിയെന്നും അവരുടെ ക്ലാസുകളിൽ വിശദീകരിക്കുകയും ചെയ്തിരുന്നത് പൊന്മള ഉസ്താദ് ഓർക്കുന്നു.
മറ്റൊരു പ്രധാന സംഭവം കൂടി പൊന്മള ഉസ്‌താദ് വിശദീകരിച്ചു. ശൈഖ് ഹസൻ ഹസ്റത്ത് ഒരു ദിവസം ദേവ്ബന്ദ് ദാറുൽ ഉലൂമിൽ വന്നു. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേതു പോലെ തന്നെ ദാറുൽ ഉലൂമിലെ എല്ലാവരും വഹാബികൾ അല്ല. അവിടെ പ്രധാന ഉസ്‌താദുമാർ സുന്നികളാണ്. ഏതാനും ചിലർ മാത്രമാണണ് വഹാബികൾ ഉള്ളത് എന്ന് ശൈഖ് ഹസൻ ഹസ്റത്ത് മലയാളി വിദ്യാർത്ഥികളോട് പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. നൂറ്റി നാൽപ്പതോളം ഉസ്‌താദുമാർ അന്ന് ദാറുൽ ഉലൂമിൽ അധ്യാപനം നടത്തുന്നുണ്ട്. ഇത്രയധികം പണ്ഡിതന്മാരുടെ കൂട്ടത്തിൽ ആർക്കെങ്കിലുമൊക്കെ ബിദ്അത്ത് ആദർശം ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണല്ലോ എന്ന് പൊന്മള ഉസ്താദ് കൂട്ടിച്ചേർത്തു.

Related Posts