അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച് മറുപടി പറയുക എന്നത് ഇബ്നു തൈമിയ്യയുടെ ഒരു രീതിയാണ്. ഇത്തരത്തിൽ ഇമാം ഗസ്സാലി ﵀ യുടെ പേരിൽ വ്യാജ ആരോപണമുന്നയിച്ച് ഇസ്‌ലാമിക വൃത്തത്തിൽ നിന്ന് തന്നെ മാറ്റിനിർത്തിയതിനെ സംബന്ധിച്ചാണ് ഇവിടെ പറയുന്നത്.
ഇബ്നുതൈമിയ്യ തന്റെ അർറദ്ദു അല ശ്ശാദുലി എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: “ഫിലോസഫിക്കാരുടെ അഭിപ്രായത്തിൽ മനുഷ്യാത്മാക്കൾ ഉറക്കത്തിലും ചിലർ ഉണർച്ചയിലും ഖഗോളാത്മാക്കളുമായി ബന്ധപ്പെടുന്നു. ഉറക്കത്തിലും ഉണർച്ചയിലും മനുഷ്യർക്ക് ലഭിക്കുന്ന മുകാശഫ ഖഗോളാത്മാക്കളുമായി ബന്ധപ്പെട്ടതു കൊണ്ടാണെന്നാണവരുടെ വാദം. ഭൗതിക ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളുടെയും മൂല കാരണം ഈ ആത്മാക്കളാണ്. അതുകൊണ്ടു തന്നെ മനുഷ്യാത്മാക്കൾ അവയുമായി ബന്ധപ്പെടുമ്പോൾ അതിലുള്ള മുഴുവൻ കാര്യങ്ങളും മനുഷ്യന്റെ ആത്മാവിലേക്ക് ആവാഹിക്കുന്നു. പൂർവ്വകാല ഫിലോസഫിക്കാർ ഇതു പറഞ്ഞിട്ടില്ല, ഇബ്നു സീനയും ശിഷ്യന്മാരുടെയും വാദമാണിത്. ഇബ്നു അറബിയുടെയും ഇമാം ഗസ്സാലിയുടെയും വാക്കുകളിൽ ഇത് കാണാം. അവർ സൂഫിസത്തെ പറ്റി പറഞ്ഞത് ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ്. ഇസ്‌ലാമിക തത്വത്തിൽഅല്ല. അതുകൊണ്ടുതന്നെ അവർ ഇസ്മാഈലി ശിയാക്കളുടെയും ബാത്വിനിയത്തിനെയും പോലെ ദൈവനിഷേധികളായി മാറി“.
وعندهم أن نفوس البشر تتصل بالنفس الفَلَكية أو بالعقل الفعَّال في المنام، أو في اليقظة لبعض الناس، وهم يدَّعون أن ما يحصل للناس من المكاشفة يقظةً ومنامًا هو بسبب اتصالها بالنفس الفَلَكية، والنفس الفَلَكية عندهم هي سبب حدوث الحوادث في العالم، فإذا اتصلت بها نفس البشر انتقش فيها ما كان في النفس الفلكية
وهذه الأمور لم يذكرها قدماءُ الفلاسفة، إنما ذكرها ابنُ سينا ومن تلقَّى عنه، ويوجد في بعض كلام أبي حامد، وابن عربي، وابن سبعين، وأمثال هؤلاء الذين تكلموا في التصوف والحقيقة على قاعدة الفلاسفة لا على أصول المسلمين، ولهذا خرجوا بذلك إلى الإلحاد كإلحاد الشيعة الإسماعيلية، والقرامطة الباطنية. ( الرد على الشاذلي لابن تيمية١/٨٢)
ഇബ്നു തൈമിയ്യ വീണ്ടും എഴുതുന്നു:
وقد يوجد في كلام أبي حامد الغزالي في مثل جواهر القرآن والإحياء، ويظن من لا يعرف حقيقة هؤلاء ولا حقيقة دين الإسلام أن هذا من كلام أولياء الله المكاشفين، ولا يعلم هذا الجاهل أن الفلاسفة الصوفيين تقوله في العقل الفعال، وأن العالم السفلي يفيض عنه، وأنه في الحقيقة ربه ومدبره (المستدرك على مجموع الفتاوى)
“ഇമാം ഗസാലിയുടെ ജവാഹിറുൽ ഖുർആനിലും ഇഹ്‌യയിലും ഇതേ ആശയം കാണാം. ഇവരുടെ സത്യാവസ്ഥയും ഇസ്‌ലാമിനെ സംബന്ധിച്ച യഥാർത്ഥ അറിവുമില്ലാത്തവർ ഇത് അല്ലാഹുവിൻറെ ഔലിയാഇന്റെ വാക്കാണെന്ന് തെറ്റിദ്ധരിക്കും. യഥാർത്ഥത്തിൽ ഫിലോസഫി സൂഫികളുടെ സ്വയം നിർമ്മിതമായ അഭിപ്രായമാണത്. ഖഗോളാത്മാക്കളാണ് ജഡിക ലോകത്തെ നിയന്ത്രിക്കുന്നക്കുന്നതും സംരക്ഷിക്കുന്നതും എന്നാണ് അവരുടെ വിശ്വാസം”
ഇമാം ഗസ്സാലി ഫിലോസഫിക്കാരുടെ ഇസ്‌ലാമിക വിരുദ്ധ വാദം സ്വീകരിച്ചെന്നും അതുകൊണ്ടുതന്നെ മതനിരാസത്തിലേക്ക് വരെ എത്തിപ്പെട്ടെന്നുമാണ് ഇബ്നു തൈമിയ ഇവിടെ പറയുന്നത്. യഥാർത്ഥത്തിൽ ഇമാം ഗസ്സാലി ഫിലോസഫിക്കാരുടെ മത വിരുദ്ധ അഭിപ്രായത്തെ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല അതിനെ ഖണ്ഡിക്കാൻ വേണ്ടി മാത്രം തഹാഫുത്തുൽ ഫലാസിഫ: എന്ന ഗ്രന്ഥം എഴുതിയിട്ടുള്ള വിശ്വപ്രസിദ്ധ പണ്ഡിതനാണ്.
ഇമാം ഗസ്സാലി ഫിലോസഫിക്കാരുടെ മേൽ വാദത്തെ ശക്തിയുക്തം ഖണ്ഡിച്ചത് തഹാഫുതുൽ ഫലാസിഫയിൽ കാണാം. “ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കാണുന്നത് ലൗഹുൽ മഹ്ഫൂളുമായി അഥവാ ഗഗോളാത്മാവുമായി ബന്ധപ്പെട്ടതു കൊണ്ടാണ് എന്നാണ് ഫിലോസഫിക്കാരുടെ വാദം. പ്രവാചകരുടെ അതീന്ദ്രിയ ജ്ഞാനവും ഇതുപോലെയാണെന്നാണ് അവർ വാദിക്കുന്നത്. നമ്മുടെ മറുപടി അല്ലാഹു പ്രവാചകർക്ക് എന്തുകൊണ്ട് അദൃശ്യ ജ്ഞാനങ്ങൾ നേരിട്ട് അറിയിച്ചു കൊടുത്തുകൂടാ. സ്വപ്നം കാണുന്നവർക്ക് അല്ലാഹു അല്ലെങ്കിൽ അവന്റെ മലക്ക് അറിയിച്ചു കൊടുക്കുന്നതിലൂടെയാണ് അറിവ് ലഭിക്കുന്നത് എന്നതുപോലെ. അപ്പോൾ നിങ്ങൾ പറയുന്ന യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ല. പ്രമാണങ്ങളിൽ ലൗഹ്, ഖലം എന്നീ വാചകങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നത് നിങ്ങളുടെ വാദത്തെ സാധൂകരിക്കുന്നില്ല. കാരണം ഈ പദങ്ങൾ കൊണ്ട് നിങ്ങൾ പറഞ്ഞ അർത്ഥം ശറഇൽ ആരും വിവക്ഷിച്ചിട്ടില്ല“.
قولهم يرى النائم ما يكون في المستقبل
وذلك باتصاله باللوح المحفوظ، أي بنفس الفلك ولهذا زعموا: يرى النائم في نومه ما يكون في المستقبل وذلك باتصاله باللوح المحفوظ ومطالعته، ومهما اطلع على الشيء ربما بقي ذلك بعينه في حفظه وربما تسارعت القوة المتخيلة إلى محاكاتها….وزعموا أن النبي مطلع على الغيب بهذا الطريق أيضاً. إلا أن القوة النفسية النبوية قد تقوى قوة لا تستغرقها الحواس الظاهرة، فلا جرم يرى هو في اليقظة ما يراه غيره في المنام. ثم القوة الخيالية تمثل له ما رآه
والجواب أن نقول: بم تنكرون على من يقول إن النبي يعرف الغيب بتعريف الله على سبيل الابتداء؟ وكذا من يرى في المنام فإنما يعرفه بتعريف الله أو بتعريف ملك من الملائكة فلا يحتاج إلى شيء مما ذكرتموه، فلا دليل في هذا ولا دليل لكم في ورود الشرع باللوح والقلم فإن أهل الشرع لم يفهموا من اللوح والقلم هذا المعنى قطعاً،
تهافت الفلاسفة ص ٢٢٧
നോക്കൂ, എത്ര വ്യക്തമായിട്ടാണ് ഇമാം ഗസ്സാലി ഫിലോസഫിക്കാരുടെ തെറ്റായ പ്രസ്തുത വാദത്തെ തകർത്തു കളഞ്ഞത്. വൈജ്ഞാനിക സത്യസന്ധത പുലർത്താത്ത ഇബ്നു തൈമിയ്യ അഹ്‌ലുസ്സുന്നയുടെ നിരവധി പണ്ഡിതന്മാർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് കാണാം. സത്യം മനസ്സിലാക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ.