Site-Logo
POST

അശ്അരിയ്യത്തിൻ്റെ പുത്തനുണർവും സലഫിസവുമായുള്ള തുറന്ന പോരാട്ടവും

18 Sep 2023

feature image

(Arabi 21.com ൽ ബസ്സാം നാസിർ എന്ന അറബ് എഴുത്തുകാരൻ്ലേഖനത്തിൻ്റെ സംഷിപ്തം )

ഈയിടെയായി അറബ് ഇസ്‌ലാമിക രാജ്യങ്ങൾ അശ്അരീ വിശ്വാസധാരയുടെ ശക്തമായ പുത്തനുണർവിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണ്.
കഴിഞ്ഞ ഏതാനും ദശകങ്ങൾക്ക് മുമ്പ് വരെ ഇവിടങ്ങളിൽ ശക്തമായ വേരോട്ടമുണ്ടായിരുന്ന രണ്ട് പ്രസ്ഥാനങ്ങളാണ് അശ്അരീ മാതുരീദീ വിശ്വാസധാരകൾ.
ഈജിപ്തിലെ ജാമിഉൽ അസ്ഹർ, ടുണീഷ്യയിലെ ജാമിഅ സൈതൂന, മോറോക്കോയിലെ ജാമിഉൽ ഖുറവിയീൻ തുടങ്ങിയ ലോക പ്രശസ്ത യൂനിവേയ്സിറ്റികളെല്ലൊം അശ്അരീ മസ്‌ലകിൽ ചലിക്കുന്നവയാണ്.

അൽപ കാലത്തേക്കാണെങ്കിലും അശ്അരീ മസ്‌ലകിന് സ്വാധീനം നഷ്ടപ്പെടാനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും സഊദി അറേബ്യയും മറ്റ് ഗൾഫ് രാഷ്ട്രങ്ങളും സലഫിസത്തിന് നൽകിയ നിർലോഭമായ സാമ്പത്തിക സഹായമായിരുന്നു അവയിൽ പ്രധാനം. അത് സലഫിസത്തിൻ്റെ തീവ്രരീതികൾക്കും ആശയയങ്ങൾക്കും ഇതര മുസ്‌ലിം നാടുകളിൽ പ്രചാരം ലഭിക്കാൻ സഹായിച്ചു. അശ്അരീ മാതുരീദീ വിശ്വാസ ധാരകളുടെ എതിർചേരിയിലാണല്ലോ സലഫിസത്തിന്റെ സ്ഥാനം.

സഊദിയുടെ പിന്തുണയാണ് എക്കാലത്തും സലഫിസത്തിന്റെ ശക്തി. ഔദോഗിക ആശയമായിരുന്നു അവർക്കത്. യൂനിവേഴ്സിറ്റി, സ്കൂൾ സിലബസുകളിൽ സഊദി സർക്കാർ സലഫിസം പഠിപ്പിച്ചു. രാജ്യവുമായി അക്കാദമിക രംഗത്ത് സഹകരിച്ച അസ്ഹറിലെ പ്രൊഫസർമാർക്ക് സ്ഥാനമാനങ്ങളും ഉയർന്ന ശമ്പളവും നിലനിർത്താൻ അതിനോട് ആഭിമുഖ്യം പുലർത്തേണ്ടിയിരുന്നു. അതോടെ അവരിലെ അശ്അരീ വിശ്വാസ ദർശനങ്ങൾ രഹസ്യമാക്കേണ്ടി വന്നു.

എന്നാലിപ്പോൾ സൗദിഅറേബ്യ, വിശേഷിച്ച് മുഹമ്മദ്ബ്ൻ സൽമാൻ അധികാരത്തിൽ വന്നതിന് ശേഷം സലഫിസത്തെ കയ്യൊഴിയുന്ന കാഴ്ചയാണ് നാം കാണുന്നത്. മാത്രമല്ല, പുറം രാജ്യങ്ങളിൽ സലഫീ പ്രചാരണത്തിന് നീക്കിവെച്ചിരുന്ന സാമ്പത്തിക വിഹിതവും അദ്ദേഹം വെട്ടിക്കുറച്ചു. അതേതുടർന്ന്, അശ്അരീ പണ്ഡിതന്മാർ
സലഫിസത്തിൻ്റെ തജ്‌സീമീ വാദമടക്കമുള്ള വികല ആശയങ്ങളെ തുറന്നുകാണിക്കാൻ ശക്തമായി രംഗത്തു വന്നുകൊണ്ടിരിക്കുന്നു.

അറബ് ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് സലഫിസത്തെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഈ പാശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്.
ഇസ്‌ലാമിക ലോകത്ത് മതതീവ്രവാദത്തിൻ്റെയും ഭീകരവാദത്തിൻ്റെയും വിത്തിട്ടതിൻ്റെയും
തക്ഫീരീ ചിന്തകൾക്ക് ഫലഭൂയിഷ്ടമായ നിലമൊരുക്കിയതിൻ്റെയും ഉത്തരവാദി സലഫിസമാണെന്ന് അവർതിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.
ഇത് മുസ്‌ലിം ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് സലഫിസത്തെ ലക്ഷ്യമിടാനും പൊതു സമൂഹത്തിൻ്റെ പരസ്യ വിചാരണക്ക് വിധേയമാക്കാനും കാരണമായി.

സലഫിസത്തിൻ്റെ തിരിച്ചു പോക്കും ബലഹീനതയും അശ്അരീ മസ്‌ലക് ദീനീരംഗം കയ്യടക്കുന്നതിന് അവസരമൊരുക്കി. ആത്മീയതക്ക് സൂഫിസവും വിശ്വാസരംഗത്തേക്ക് ക്ക് അശ്അരി മസ്‌ലകുമാണ് പൊതുവെ നിർദ്ദേശിക്കപ്പെടുന്നത്.
ഹദീസ് വിജ്ഞാനീയത്തിൽ ഗവേഷകനായ സഅദ് ശൈഖ് പറയുന്നതിപ്രകാരമാണ്. “അശ്അരീ പുത്തനുണർവിൻ്റെയും സലഫിസത്തിന്റെ സ്വാധീനം കുറഞ്ഞതിൻ്റെയും പ്രധാന കാരണം സൗദി അറേബ്യ കയ്യൊഴിഞ്ഞതിന് പുറമെ പ്രാപ്തരായ നേതൃത്വത്തിൻ്റെ അഭാവവും പല ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് പോരടിക്കുന്നതുമാണ്. ഇന്ന് ഒരു സലഫിസമല്ല നിരവധി സലഫിസമാണുള്ളത്.
അറബ് രാജ്യങ്ങളിലെ സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സലഫിസത്തിൻ്റെ പിടിപ്പ്കേടും പരിഷ്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾക്ക് ശാസത്രീയവും തൃപ്തികരവുമായ പരിഹാരം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതും അവരുടെ അധ:പതനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Related Posts