Site-Logo
POST

ഖാളീ മുഹമ്മദ്, മുഹ്‌യിദ്ദീൻ മാലയുടെ രചയിതാവ്

07 Nov 2023

feature image

മാപ്പിള മുസ്‌ലിംകളുടെ സ്വത്വ നിർമിതിയിൽ സുപ്രധാന സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഖാളീ ജമാലുദ്ദീൻ മുഹമ്മദ്. ആത്മീയമായും സർഗാത്മകമായും കരുത്താർജിക്കാനുള്ള ഉപാധികൾ സമുദായത്തിന് മുന്നിൽ സമർപ്പിച്ച പണ്ഡിതൻ. കോഴിക്കോട് ഖാളീ പരമ്പരയിലെ അംഗമെന്ന നിലയിൽ ഖാളീ മുഹമ്മദിന്റെ ജീവിതവും ദർശനങ്ങളും കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം മുതൽ ഇന്നു വരെയുള്ള ചരിത്രത്തിന്റെ പ്രയാണത്തോട് ചേർന്നു നിൽക്കുന്നതാണ്. കൊളോണിയൽ വിരുദ്ധത, സമുദ്രാന്തര വ്യാപാര വിനിമയങ്ങൾ, സാമൂഹിക പരിഷ്കരണം, അറബി- അറബി മലയാള സാഹിത്യം തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പ്രമേയങ്ങൾ അതിൽ നിർലോഭം കടന്നു വരുന്നു.

കേരളത്തിലെ ഏറ്റവും പ്രബലമായ ഖാളീ കുടുംബത്തിലാണ് സമര്യപുരുഷൻ ജനിക്കുന്നത്. ഖാളിയുടെ മകൻ മുഹമ്മദ് എന്നാണ് അദ്ദേഹം തന്നെ മഖാസ്വിദുന്നികാഹിൽ സ്വയം പരിചയപ്പെടുത്തിയത്. പിതാവ് നാസ്വിറുദ്ദീൻ എന്ന അബ്ദുൽ അസീസിന്റെയും സഹോദരൻ അലിയ്യുന്നാശിരിയുടെയും കാലശേഷം തത്സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് ഖാളീ എന്ന വിശേഷണം പേരിനോട് ചേർക്കപ്പെട്ടത്.

മാലിക് ബ്നു ദീനാറിനൊപ്പം കേരളത്തിലെത്തിയ മാലിക് ബ്നു ഹബീബിന്റെ പൗത്രൻ സൈനുദ്ദീനു ബ്നു മദനിയിൽ നിന്നാണ് കോഴിക്കോട് ഖാളീ പരമ്പര ആരംഭിക്കുന്നത്. ചാലിയമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്ത കേന്ദ്രം.
അത്തൂറാ എന്നാണ് ചാലിയത്തിന്റെ ആദ്യകാല നാമങ്ങളിലൊന്ന്. ഖാളീ മുഹമ്മദ് മുഹ്‌യിദ്ദീൻ മാലയിൽ അതേ കുറിച്ച് പരാമർശിക്കുന്നുണ്ട്.
അത്തൂറയിൽ ഹി. 980ലായിരുന്നു ഖാളിയുടെ ജനനം(1). പിതാവ് ഖാളീ അബ്ദുൽ അസീസ്. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലെ മുൻനിര പോരാളിയായിരുന്നു അദ്ദേഹം. സാമൂതിരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഖാളീ അബ്ദുൽ അസീസ് നാസ്വിറുദ്ദീൻ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 1571ൽ കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാരിൽ നിന്ന് ചാലിയം കോട്ട തിരിച്ചു പിടിക്കാൻ വേണ്ടി നടത്തിയ യുദ്ധത്തിൽ ഖാളി പങ്കെടുത്തിരുന്നു. പിതാവിൽ നിന്ന് കേട്ട വിവരങ്ങൾ കോർത്തിണക്കി പ്രസ്തുത പോരാട്ടം പ്രമേയമാക്കി ഖാളീ മുഹമ്മദ് രചിച്ച വിശ്രുത ഗ്രന്ഥമാണ് ഫത്ഹുൽ മുബീൻ.

പിതാവ്, ശൈഖ് ഉസ്മാൻ, ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം, കായൽപട്ടണം ശൈഖ് ഉസ്മാൻ ലബ്ബാ അൽ ഖാഹിരി തുടങ്ങിയവരായിരുന്നു ഖാളീ മുഹമ്മദിന്റെ പ്രധാന ഗുരുനാഥന്മാർ.
അവരിൽ ലബ്ബാ അൽ ഖാഹിരി അവർകളെ അനുസ്മരിച്ച് ഖാളി ഒരു അനുസ്മരണ കവിത തയ്യാറാക്കിയിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങളുടെ മാർഗദർശിയും സംശയനിവാരണത്തിനുള്ള അവലംബവുമായിരുന്നു തന്റെ ഗുരു.
ഗുരുവിന്റെ വിയോഗത്തിൽ ഹൃദയം വിതുമ്പുന്നു. സമകാലികരിൽ അതുല്യരായ അങ്ങേക്ക് കടലിനിക്കരെ നിന്നും അന്ത്യാഭിവാദ്യങ്ങളെന്നും കവിതയിൽ ഖാളീ മുഹമ്മദ് പാടുന്നുണ്ട്(2).

ഖാളീ മുഹമ്മദ് അഞ്ഞൂറോളം ഗ്രന്ഥങ്ങൾ എഴുതിട്ടുണ്ടെന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം. എന്നാലവയിൽ കണ്ടെടുക്കപ്പെട്ടവ വിരളമാണ്. മുഹ്‌യിദ്ദീൻ മാല, ഫത്ഹുൽ മുബീൻ, ഖുത്ബതുൽ ജിഹാദിയ്യ, മഖാസ്വിദുന്നികാഹ് എന്നിവയാണ് അവയിൽ പ്രസിദ്ധം.
മറ്റു ഏതാനും ചില രചനകൾ അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ തന്റെ അസ്മാഉൽ മുഅല്ലിഫീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അവ താഴെ ചേർക്കുന്നു. മുൽതഖതുൽ ഫറാഇള്
(അന്തരവകാശം), നള്മ് ഖതരിന്നദ,
നള്മുൽ അജ്നാസ്, നള്മുൽ അവാമിലിൽ ജുർജാനി (അറബി വ്യാകരണം), മൻളൂമത്തുൻ ഫീ തജ്‌വീദിൽ ഖുർആൻ(ഖുർആൻ പാരായണ ശാസ്ത്രം), മൻളൂമതുൻ ഫീ ഇൽമിൽ അഫ്‌ലാകി വന്നുജൂം (ഗോശാസത്രം), മൻളൂമതുൻ ഫീ ഇൽമിൽ ഹിസാബ് (ഗണിതശാസ്ത്രം), മൻളൂമതുൻ ഫീ ഇൽമി ഖുത്വൂതി വർറസാഇൽ (കയ്യെഴുത്ത്), ദുർറതുന്നഫീസ ഫിൽ വഅളി വന്നസീഹ, നസീഹത്തുൽ മുഅമിനീൻ, മുദ്ഖിലുൽ ജിനാൻ, ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ)ന്റെ
ഹികം പദ്യാവിഷ്കാരം,
തന്‍ബീഹുല്‍ ഇഖ്‌വാന്‍ ഫീ അഹ്‌വാലി സമാന്‍, ദുആഉ ത്തളർറുഇ വല്‍ ഇബ്തിഹാല്‍,
സില്‍സിലത്തുല്‍ ഖാദിരിയ്യ, സില്‍സിലത്തുല്‍ ഹമദാനിയ്യ,
ഇലാകം അയ്യുഹൽ ഇഖ്‌വാൻ
(ആത്മീയം), സുബദുല്‍ മഫാഖിര്‍ (ശൈഖ് ജീലാനി(റ)യുടെ ജീവചരിത്രം), ദുർറതുൽ ഫസീഹ(അറബി സാഹിത്യം), മൻളുമത്തുല്‍ അളാമി, അല്‍ ഇക്‌സീറുല്‍ അഅ്‌ളം ഫിസ്വലാത്തി അലന്നബിയ്യില്‍ മുഅള്ളം, കീമിയാഉസ്സആദ ഫിസ്വലാതി അലൽ ഹബീബിൽ അക്റം, തഖ്‌മീസു ഖസ്വീദതിൽ ബുർദ, (പ്രവാചക പ്രകീർത്തനം).

ഖാളീ മുഹമ്മദിന്റെ രചനകൾക്ക് കേരളീയർക്കിടയിൽ മാത്രമായിരുന്നില്ല പ്രചാരം ലഭിച്ചിരുന്നത്. അറബ് രാജ്യങ്ങളിലും പണ്ഡിതന്മാർക്കിടയിലും അവ ഗവേഷണ വിഷയമായി. ഖാളിയുടെയും മകൻ ഖാളി മുഹ്‌യിദ്ദീന്റെയും വിദേശ ബന്ധങ്ങൾ അതിന് നിദാനമായി വർത്തിച്ചു. ഖാളി മുഹമ്മദിന്റെ നള്മു അവാമിലിന് മക്കയിലെ മുദരിസായിരുന്ന മുഹമ്മദ് ബ്നു അലാൻ അൽ ബക്‌രി(റ) തയ്യാറാക്കിയ
വ്യാഖ്യാനം അതിന് തെളിവാണ്. പദ്യരൂപത്തിൽ തന്നെയാണ് മുഹമ്മദ് ബ്നു അലാന്റെ പ്രസ്തുത വ്യാഖ്യാനവും. ‘കോഴിക്കോട് ഖാളിയായ മുഹമ്മദ് എന്നവരുടെ രചനയാണിത്. ഖാളീ അബ്ദുൽ അസീസ് എന്നവരുടെ മകനായി ഒരു ഉന്നത കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഹജ്ജ് വേളയിൽ ഖാളീ മുഹമ്മദിന്റെ മകൻ ഖാളീ മുഹ്‌യിദ്ദീനിൽ നിന്നാണ് എനിക്കീ ഗ്രന്ഥം ലഭിക്കുന്നത്. അതേ തുടർന്ന് അനുവാചകർക്കായി ഞാനതിന് ഒരു വ്യാഖ്യാനം തയ്യാറാക്കുകയും ചെയ്തു'(3) (അസ്മാഉൽ മുഅല്ലിഫീൻ, അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി).

ഹിജ്റ 1025/AD1618 റബീഉൽ അവ്വൽ 15 ബുധനാഴ്ച രാത്രിയായിരുന്നു ഖാളീ ജമാലുദ്ദീൻ മുഹമ്മദ്(റ)ന്റെ അന്ത്യം. കോഴിക്കോട് കുറ്റിച്ചിറ ജുമുഅത് പള്ളിക്ക് സമീപമാണ് ഖബ്ർ.

1) തുഹ്ഫതുൽ അഖ്‌യാർ ഫീ അഅയാനി മലൈബാർ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ, p.22
2) കുറ്റിച്ചിറ വലിയ ജുമുഅത് പള്ളി ലൈബ്രറി രേഖയിൽ നിന്നും ലഭിച്ചത്
3) അസ്മാഉൽ മുഅല്ലിഫീൻ, അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി.

-ഉമൈർ ബുഖാരി ചെറുമുറ്റം

Related Posts