Site-Logo
POST

തറാവീഹ്; ഉമർചെയ്തത്

11 Mar 2024

feature image

ഉമർ ﵁ ന്റെ ഭരണകാലത്താണ് തറാവീഹ് വ്യവസ്ഥാപിതമായി നിർവഹിക്കുന്ന രീതി ആരംഭിച്ചത്. അതിന് നിമിത്തമായ സംഭവം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബുഖാരി ﵀ നിവേദനം ചെയ്ത ഹദീസ്. അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) പറയുന്നു: “റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ് ﵁ ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ദയിൽപ്പെട്ടത് കണ്ട ഉമർ ﵁ പറഞ്ഞു: “ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ നിസ്കരിക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലതാകുമായിരുന്നു”. പിന്നീട് ഉമർ ﵁ അപ്രകാരം അനുഷ്ഠിക്കാൻ തീരുമാനിക്കുകയും ഉബയ്യുബ്നുകഅബ് ﵁ ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ ﵁ ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ് ﵁ ന്റെ നേതൃത്വത്തിൽ ജനങ്ങൾ നിസ്കരിക്കുകയായിരുന്നു. ഉമർ ﵁ പ്രസ്ഥാവിച്ചു: “ഇത് നല്ല ബിദ്അത്താണ്. അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന സമയത്തെക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്”. രാത്രിയുടെ അവസാനമാണ് ഉമർ ﵁ ഉദ്ദേശിക്കുന്നത്. ജനങ്ങൾ നിസ്കരിച്ചിരുന്നത് രാത്രിയുടെ ആദ്യഭാഗത്തായിരുന്നു (ബുഖാരി 1871).

സംഘടിത തറാവീഹ് നിസ്കാരത്തെ കുറിച്ച് നല്ല ബിദ്അത് എന്നാണല്ലോ ഉമർ ﵁ ന്റെ വിശേഷണം. ഭാഷാപരമായ പ്രയോഗമാണത്. മുൻമാതൃക ഇല്ലാത്ത കർമമാണത്. ഇമാം അസ്ഖലാനി ﵀ എഴുതുന്നു:
‎والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة(فتح الباري: ٢٩٢/٦)

അടിസ്ഥാന പരമായി ബിദ്അത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുൻമാതൃക ഇല്ലാത്ത പുതിയ കാര്യം എന്നാണ്. മതപരമായി, സുന്നത്തിന്റെ വിപരീതമായി അത് പ്രയോഗിക്കപ്പെടാറുണ്ട്. അപ്പോഴത് ആക്ഷേപാർഹമായതാണ്‌. എന്നാൽ, മുൻ മാതൃകയില്ലാതെ പുതുതായുണ്ടായ കാര്യം മതപരമായി നല്ല കാര്യങ്ങളുടെ ഗണത്തിലാണെങ്കിൽ അത് നല്ല ബിദ്അത്തും ചീത്ത കാര്യങ്ങളുടെ ഗണത്തിലാണെങ്കിൽ അത് ചീത്ത ബിദ്അത്തുമാണ്. രണ്ടുമല്ലെങ്കിൽ അനുവദനീയമായ ഇനത്തിൽ പെട്ടതായിരിക്കും. ചിലപ്പോൾ അഞ്ചു നിയമങ്ങളിലേക്കും ബിദ്അത് വിഭജിക്കപ്പെടും (ഫത്ഹുൽ ബാരി: 6/292).

പ്രസ്തുത പ്രസ്താവന തറാവീഹ് നിസ്കാരത്തെ പറ്റിയോ സംഘടിതമായി അത് നിർവഹിക്കുന്നതിനെ പറ്റിയോ അല്ല. കാരണം അതു രണ്ടും നബി ﷺ യുടെ കാലത്തു തന്നെ നടന്നിട്ടുണ്ട്. മറിച്ച് ഒരേ ഇമാമിന്റെ കീഴിലായി റമളാൻ മുഴുവനും തറാവീഹ് നിസ്കരിക്കുന്നതിനെപ്പറ്റിയാണ്‌. അത് മുമ്പ് ഉണ്ടായിട്ടില്ല.

അഹ്മദുബ്നുഗുനൈം ﵀ (മരണം : ഹി: 1125) പറയുന്നു:
‎وما ورد من قول عمر رضي الله عنه : نعمت البدعة هذه مراده أن المداومة عليها مع الإمام في المسجد شبيه بالبدعة، لا أن الصلاة نفسها بدعة ، لما عرفت من أنه صلى الله عليه وسلم صلاها في جماعة(الفواكه لدواني: ٣٢/٨)

“ഇത് നല്ല ബിദ്അത്താണ്” എന്നത് കൊണ്ട് ഉമർ ﵁ ഉദ്ദേശിച്ചത് ഇമാമോട് കൂടെ പള്ളിയിൽ വെച്ച്  സ്ഥിരമായി തറാവീഹ് നിസ്കരിക്കുന്നതിന് ബിദ്അത്തിനോട് സാദൃശ്യമുണ്ട് എന്നാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം ജമാഅത്തായി നബി ﷺ തന്നെ അത് നിസ്കരിച്ചതായി നാം മനസ്സിലാക്കിയല്ലോ (അൽഫവാകിഹുദ്ദവാനി: 8/32)

മുഹമ്മദുൽ ഖറശീ(റ) പറയുന്നു:
‎وقول عمر ” نعمت البدعة هذه ” يعني بالبدعة جمعهم على قارئ واحد مواظبة في المسجد بعد أن كانوا يصلون أوزاعا لا أن الصلاة نفسها بدعة ؛ لأنه صلى الله عليه وسلم صلاها جمعا بالناس ثم تركها خشية أن تفرض عليهم فلما أمنوا تلك العلة ومن تجدد الأحكام بوفاته عليه الصلاة والسلام فعلوا ما علموا أنه كان مقصوده ، فوقعت المواظبة في الجمع بهم بدعة وإلا فليست في الحقيقة بدعة، لأن لها أصلا في الجواز(شرح مختصر خليل للخرشي: ٣٢١/٤)

“ഇത് നല്ല ബിദ്അത്താണ്” എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ സംഘങ്ങളായി നിസ്കരിച്ചിരുന്ന ജനങ്ങളെ ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ച് പള്ളിയിൽ വെച്ച് സ്ഥിരമായി നിസ്കരിക്കുന്നതാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം ജമാഅത്തായി നബി ﷺ തന്നെ അത് നിസ്കരിചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമ്മാക്കപ്പെടുമോ എന്ന ഭയം കാരണമായാണ് നബി ﷺ അതുപേക്ഷിച്ചത്. നബി ﷺ യുടെ വഫാത്തോട് കൂടി പ്രസ്തുത കാരണം ഇല്ലാതായപ്പോൾ അവർ മനസ്സിലാക്കിയിരുന്ന നബി ﷺ യുടെ ലക്‌ഷ്യം അവർ പ്രാവർത്തികമാക്കി. അങ്ങനെ പള്ളിയിൽ വെച്ച് സ്ഥിരമായി അവർ തറാവീഹ് ജമാഅത്തായി നിർവഹിച്ചു. അല്ലാത്തപക്ഷം തറാവീഹിനെ ബിദ്അത്തായി കാണാൻ വകുപ്പില്ല. കാരണം അത് അനുവദനീയമാണ്‌ എന്നറിയിക്കുന്ന പ്രമാണമുണ്ട് (ശർഹുമുഖ്‌തസ്വർഖലീൽ: 4/321).

പ്രസ്തുത ജമാഅത്തിൽ പതിവായി ഉമർ ﵁ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നു ഇമാം ബുഖാരി ﵀ യുടെ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇബ്നുഹജർ ﵀ എഴുതുന്നു:
‎(قوله: فخرج ليلة والناس يصلون بصلاة قارئهم) أي : إمامهم المذكور ، وفيه إشعار بأن عمر كان لا يواظب على الصلاة معهم ، وكأنه كان يرى أن الصلاة في بيته ولا سيما في آخر الليل أفضل ، وقد روى محمد بن نصر في ” قيام الليل ” من طريق طاوس عن ابن عباس قال : ” كنت عند عمر في المسجد ، فسمع يعة الناس فقال : ما هذا؟ قيل : خرجوا من المسجد ، وذلك في رمضان ، فقال : ما بقي من الليل أحب إلي مما مضى ” ومن طريق عكرمة عن ابن عباس نحوه(فتح الباري: ٢٩٢/٦)

“പിന്നീട് മറ്റൊരു രാത്രി ഉമർ ﵁ ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നു കഅബ് ﵁ ന്റെ നേതൃത്വത്തിൽ ജനങ്ങൾ നിസ്കരിക്കുകയായിരുന്നു” എന്ന പരമാർഷം വ്യക്തമാക്കുന്നത് സ്ഥിരമായി ഉമർ ﵁ അവരുടെ കൂടെ നിസ്കരിക്കാരുണ്ടായിരുന്നില്ലെന്നാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഉമർ ﵁ മനസ്സിലാക്കിയതാകാം അതിനുകാരണം. ‘ഖിയാമുല്ലൈൽ’ എന്ന ഗ്രന്ഥത്തിൽ ത്വാഊസ്(റ) വഴിയായി ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് മുഹമ്മദുബ്നുനസ്വുർ(റ) നിവേദനം ചെയ്യുന്നു: “ഉമർ ﵁ ന്റെ സമീപം ഞാൻ പള്ളിയിലിരിക്കുമ്പോൾ ജനങ്ങൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന ശബ്ദം ഉമർ ﵁ കേൾക്കാനിടയായി. അതെപ്പറ്റി അന്വേഷിച്ചപ്പോൾ ജനങ്ങൾ പുറത്തിറങ്ങുകയാണെന്ന് അദ്ദേഹത്തിനു മറുപടി ലഭിച്ചു.  റമളാനിലായിരുന്നു അത്. അപ്പോൾ ഉമർ ﵁ ഇപ്രകാരം പ്രസ്താപിച്ചു: “രാത്രിയിൽ നിന്ന് ശേഷിക്കുന്നതാണ് കഴിഞ്ഞതിനേക്കാൾ എനിക്കിഷ്ടം”. ഇക്രിമ ﵁ വഴി ഇബ്നു അബ്ബാസ്(റ) യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. (ഫത്ഹുൽ ബാരി: 6/292).

‎(والتي ينامون عنها أفضل) “അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന സമയത്തേക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്” എന്ന ഇമാം ബുഖാരി ﵀ യുടെ നിവേദനത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. പ്രസ്തുത പരമാർശം വിശദീകരിച്ച് ഇബ്നു ഹജർ ﵀ എഴുതുന്നു:
‎قوله : ( والتي ينامون عنها أفضل ) هذا تصريح منه بأن الصلاة في آخر الليل أفضل من أوله ، لكن ليس فيه أن الصلاة في قيام الليل فرادى أفضل من التجميع . (فتح الباري: ٢٩٢/٦

)

രാത്രിയുടെ ആദ്യത്തിൽ നിസ്കരിക്കുന്നതിനേക്കാൾ അവസാനത്തിൽ നിസ്കരിക്കുന്നതാണ് നല്ലതെന്ന് ഉമർ ﵁ വ്യക്തമാക്കുന്നു. എന്നാൽ രാത്രി നിസ്കാരം തനിച്ച് നിസ്കരിക്കുന്നതാണ് ജമാഅത്തായി നിസ്കരിക്കുന്നതിനേക്കാൾ നല്ലതെന്ന് അതിൽ നിന്ന് മനസ്സിലാക്കിക്കൂടാ (ഫത്ഹുൽ ബാരി: 6/292). ഉമർ ﵁ പ്രസ്തുത ജമാഅത്തിൽ പങ്കെടുത്തിരുന്നതായി ചില രിവായത്തുകളിൽ വന്നിട്ടുണ്ട് . ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു:

‎عن نوفل بن اياس الهذلي قال: كنا نقوم في عهد عمر بن الخطاب فرقا في المسجد في رمضان ههنا وههنا فكان الناس يميلون إلى أحسنهم صوتا، فقال عمر: ألا أراهم قد اتخذوا القرآن أغاني، أما والله لئن استطعت لأغيرن هذا ‘ قال فلم يمكث إلا ثلاث ليال حتى أمر أبي بن كعب فصلّ بهم. ثم قام في آخر الصفوف فقال: ”لئن كانت هذه بدعة فنعمت هي” (ابن سعد: خ فى خلق الأفعال، وجعفر القريابي فى السنن)(كنز العمال: ٢٣٤٦٩،٤١٠/٨)

നൗഫലുബ്നു ഇയാസുൽ ഹുദലി(റ) യിൽ നിന്ന് നിവേദനം: “ഉമർ ﵁ ന്റെ കാലത്ത് ഞങ്ങൾ പലസംഘങ്ങളായി നിസ്കരിച്ചിരുന്നു. നല്ല ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവരിലേക്ക്‌ ജനങ്ങൾ ചായും. ഇത് കണ്ടപ്പോൾ ഉമർ ﵁ പ്രസ്താപിച്ചു: “ഖുർആനെ രാഗമാക്കിയതായി അവരെ ഞാൻ കാണുന്നുവല്ലോ, അല്ലാഹുവാണേ സത്യം സാധിച്ചാൽ ഇതിനൊരു മാറ്റം ഞാൻ വരുത്തുകതന്നെ ഞാൻ ചെയ്യും”. മൂന്ന് രാത്രികൾ പിന്നിട്ടപ്പോൾ ഉബയ്യുബ്നു കഅബ്(റ) വിനോട് ഉമർ ﵁ കൽപ്പിച്ചു. അതനുസരിച്ച് ജനങ്ങൾക്ക് ഇമാമായി അദ്ദേഹം നിസ്കരിച്ചു. പിന്നെ അവസാന സ്വഫ്ഫിൽ ഉമർ ﵁ നിന്നു. തുടർന്ന് ഉമർ ﵁ പ്രഖ്യാപിച്ചു: “ഇത് ബിദ്അത്താണെങ്കിൽ നല്ല ബിദ്അത്താണ്”. ഇബ്നുസഅദ്(റ) ത്വബഖാത്തിലും ഇമാം ബുഖാരി(റ) ഖൽബുൽഅഫ്ആലിലും ജഅഫറുൽ ഫർയാബി(റ) സുനനിലും ഇത് ഉദ്ദരിചിട്ടുണ്ട് (കൻസുൽ ഉമ്മാൽ 23469-8/410).

ജനങ്ങൾക്ക് ഇമാമായി ഉബയ്യുബ്നു കഅബ്(റ) വിനെ തെരഞ്ഞെടുത്തത് “കൂടുതൽ ഖുർആൻ അറിയുന്നവർ ഇമാം നിൽക്കണം” എന്ന നബി ﷺ യുടെ കൽപ്പന സ്വീകരിച്ചാണ്. “ഞങ്ങളിൽ ഏറ്റവും ഖുർആൻ ഓതാൻ അറിയുന്നവാൻ ഉബയ്യാണ്” എന്ന് ഉമർ ﵁ തന്നെ പ്രസ്താവിച്ചത് അൽബഖറ സൂറയുടെ തഫ്സീറിൽ ഇമാം ബുഖാരി ﵀ നിവേദനം ചെയ്ത ഹദീസിൽ കാണാം (ഫത്ഹുൽ ബാരി: 6/292).

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ ﵀ എഴുതുന്നു:
‎قال بن التين وغيره استنبط عمر ذلك من تقرير النبي صلى الله عليه وسلم من صلى معه في تلك الليالي وإن كان كره ذلك لهم فإنما كره خشية أن يفرض عليهم، وكأن هذا هو السر في إيراد البخاري لحديث عائشة عقب حديث عمر فلما مات النبي صلى الله عليه وسلم حصل الأمن من ذلك ورجح عند عمر ذلك لما في الاختلاف من افتراق الكلمة ولان الاجتماع على واحد انشط لكثير من المصلين وإلى قول عمر جنح الجمهور(فتح الباري: ٢٩٢/٦)

ഇബ്നുത്തീനും(റ) മറ്റും പ്രസ്താവിക്കുന്നു: “ആ രാത്രികളിൽ നബി ﷺ യോടൊന്നിച്ച് നിസ്കരിച്ചവരെ നബി ﷺ അംഗീകരിച്ചതിൽ നിന്നാണ്  ഉമർ ﵁ ജമാഅത്തിന്റെ കാര്യം മനസ്സിലാക്കിയത്. അത് അവരുടെ മേൽ നിർബന്ധമാക്കപ്പെടുമെന്ന ഭയം കൊണ്ട് മാത്രമാണ് ജമാഅത്തായുള്ള നിസ്കാരം നബി ﷺ അവർക്ക് വെറുത്തത്. ഉമർ ﵁ ന്റെ ഹദീസ് പറഞ്ഞ ഉടനെ നബി ﷺ തറാവീഹ് നിസ്കരിച്ചതായി പരമാർശിക്കുന്ന ആഇഷ ﵂ യുടെ ഹദീസ് ഇമാം ബുഖാരി ﵀ കൊണ്ടുവന്നതിലുള്ള രഹസ്യവും  ഇതായിരിക്കാം. നബി ﷺ വഫത്തായതോട് കൂടി ആ ഭയം ഇല്ലാതായല്ലോ. തറാവീഹിലെ ജമാഅത്തിനു ഉമർ ﵁ പ്രാമുഖ്യം കല്പ്പിച്ചതിന്റെ പിന്നിൽ വ്യത്യസ്ത ജമാഅത്തുകൾ നടത്തുന്നതിലുള്ള അനൈക്യവും ഒരേ ഇമാമിന്റെ കീഴിൽ നിസ്കരിക്കുമ്പോൾ ജനങ്ങൾക്കുണ്ടാവുന്ന ആവേശവും കൂടി പരിഗണിച്ചായിരിക്കാം. ബഹുഭൂരിഭാഗം വരുന്ന പണ്ഡിതന്മാരും ഉമർ ﵁ അഭിപ്രായം സ്വീകരിച്ച് തറാവീഹിൽ  ജമാഅത്ത് സുന്നത്താണെന്ന് പ്രസ്താവിച്ചവരാണ്.(ഫത്ഹുൽ ബാരി: 6/292).

Related Posts