പ്രബലമായ സുന്നത് നിസ്കാരങ്ങളിൽ ഒന്നാണ് ഇരുപത് റകഅത് തറാവീഹ് നിസ്കാരം.
ഓരോ രണ്ട് റക്അതിലും സലാം വീട്ടിയാണ് തറാവീഹ് നിസ്കാരം പൂർത്തീകരിക്കേണ്ടത്. മറിച്ചുള്ള രീതികൾ സ്വീകര്യമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തറാവീഹ് സംഘടിതമായി നിർവഹിക്കൽ സുന്നതുണ്ട്. സ്ത്രീകൾ വീടുകളിൽ വെച്ചും പുരുഷന്മാർ പള്ളിയിൽ വെച്ചുമാണ് ജമാഅത് നിർവഹിക്കേണ്ടത്. തർവീഹത് എന്ന പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. വിശ്രമിക്കൽ എന്നർത്ഥം. കർമശാസ്ത്ര പ്രകാരം തറാവീഹ് നിസ്കാരത്തിലെ നാല് റക്അത്തുകളാണ് ഒരു തർവീഹത്ത്. മക്കക്കാർ നാല് റക്അത്തുകൾ നിസ്കരിച്ച ശേഷം ഒരു ത്വവാഫ് ചെയതിരുന്നതിനാലാണ് ഇപ്രകാരം പേര് വന്നത്.
ഹിജ്റ രണ്ടാം വർഷത്തിലാണ് തറാവീഹ് നിസ്കാരം സുന്നത്താക്കപ്പെട്ടത്. ഇമാം ബുഖാരി ﵀ സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാം. ഉമ്മുൽമുഅമിനീൻ ആഇഷ ﵂ യിൽ നിന്ന് നിവേദനം: “നബി ﷺ ഒരു രാത്രി പള്ളിയിൽ വെച്ച് നിസ്കരിച്ചു. അങ്ങനെ കുറച്ചാളുകൾ നബി ﷺ യെ തുടർന്ന് നിസ്കരിച്ചു. പിന്നീട് അടുത്ത രാത്രിയിലും നബി ﷺ നിസ്കരിച്ചു. അപ്പോൾ ജനാധിക്യം വർധിച്ചു. പിന്നീട് മൂന്നാം രാത്രിയിലോ നാലാം രാത്രിയിലോ ജനങ്ങൾ സമ്മേളിച്ചു. എന്നാൽ നബി ﷺ അവരിലേക്ക് പുറപ്പെട്ടില്ല. പ്രഭാതമായപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ ചെയ്തത് ഞാൻ കണ്ടിരുന്നു. ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നു നിങ്ങളിലേക്ക് വരുന്നതിനു എനിക്ക് തടസ്സമായത്“. റമളാനിലായിരുന്നു അത് (ബുഖാരി: 1061).
ഇമാം ബുഖാരി ﵀ ഉദ്ധരിച്ച മറ്റൊരു ഹദീസിൽ പറയുന്നതിങ്ങനെയാണ്: നബി ﷺ ഒരു രാത്രി പള്ളിയിൽ വന്നു നിസ്കരിച്ചു. അങ്ങനെ നബി ﷺ യെ തുടർന്ന് ചില പുരുഷന്മാർ നിസ്കരിച്ചു. പിറ്റേ ദിവസം അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിൽ സമ്മേളിക്കുകയും അവർ നബി ﷺ യോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് മൂന്നാം രാത്രി കൂടുതലാളുകൾ പള്ളിയിൽ സംഗമിച്ചു. നബി ﷺ വന്ന് അന്നും നിസ്കാരം നിർവഹിച്ചു. നാലാമത്തെ രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത്ര ആളുകൾ സമ്മേളിച്ചുവെങ്കിലും നബി ﷺ വന്നില്ല. സ്വുബ്ഹ് നിസ്കരിക്കാൻ വന്ന നബി ﷺ നിസ്കാര ശേഷം ഇപ്രകാരം പ്രസ്താവിച്ചു: “നിങ്ങൾ പള്ളിയിൽ സംഗമിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നു. പക്ഷെ ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വരുമ്പോൾ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും” (ബുഖാരി: 872).
ഹിജ്റ രണ്ടാം വർഷത്തിലായിരുന്നു ഈ സംഭവം. റമളാൻ 23, 25, 27 എന്നീ ദിവസങ്ങളിലായിരുന്നു തിരുനബി ﷺ ഇപ്രകാരം ചെയ്തത്. നുഅമാനുബ്നു ബഷീർ(റ)ൽ നിന്ന് ഇമാം ഹാകിം ﵀ നിവേദനം ചെയ്ത ഹദീസ് വായിക്കാം. “റമളാൻ 23 ന് രാത്രി ഞങ്ങൾ റസൂലുല്ലാഹി ﷺ യുടെ കൂടെ രാത്രിയുടെ മൂന്നിലൊന്നു വരെ നിസ്കരിച്ചു. പിന്നീട് 25 ന് രാത്രി അർദ്ദരാത്രി വരെയും തുടർന്ന് അത്താഴം കഴിക്കാൻ സമയം കിട്ടുകയില്ലെന്ന് ഭയപ്പെടും വരെയും റസൂലുല്ലാഹി ﷺ യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു”. ഈ ഹദീസ് ഇമാം ബുഖാരി ﵀ യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. ബുഖാരി ﵀ യും മുസ്‌ലിമും ﵀ യും അതുദ്ദരിച്ചിട്ടില്ല.
തിരുനബി ﷺ യുടെ വിയോഗാനന്തരം സംഘടിതമായി ഈ പുണ്യ കർമം നടപ്പാക്കാൻ അലി ﵁ ഉമറി ﵁ നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഉമർ ﵁ അത് നടപ്പിലാക്കി (മുസ്തദ്റക് 4/151). തറാവീഹ് നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കൊണ്ടാണ് ജമാഅത്തായി തറാവീഹ് നിസ്കരിക്കാൻ നബി ﷺ വരാതിരുന്നതെന്നു പറഞ്ഞുവല്ലോ. അന്നു മുതൽ ജമാഅത്തായുള്ള തറാവീഹ് നിസ്കാരം നടന്നിരുന്നില്ല. പകരം, ജനങ്ങൾ വീടുകളിലും പള്ളിയിലും വെച്ച് ഒറ്റയൊറ്റയായി തറാവീഹ് നിസ്കരിക്കുകയാണ് ചെയ്തിരുന്നത്.
ഇമാം ബുഖാരി ﵀ രേഖപ്പെടുത്തുന്നു: ഇബ്നു ശിഹാബ്(റ) പറയുന്നു: പിന്നീട് തിരുനബിയുടെ വിയോഗം വരെയും തറാവീഹ് ജമാഅത്തായി നിർവഹിക്കപ്പെട്ടിരുന്നില്ല. അബൂബക്ർ ﵁ ന്റെ ഭരണകാലത്തും ഉമർ ﵁ ന്റെ ഭരണത്തിന്റെ തുടക്കത്തിലും അതേനില തുടർന്നു (ബുഖാരി 1870). സുലൈമാനുൽ ജമൽ എഴുതുന്നു: അന്നുമുതൽ പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നിസ്കരിച്ചിരുന്നില്ലെങ്കിലും ഉമർ ﵁ ന്റെ ഭരണത്തിന്റെ രണ്ടാം വർഷം വരെ വീടുകളിൽ വെച്ച് ജനങ്ങൾ തറാവീഹ് നിസ്കരിച്ചിരുന്നു. ഹിജ്റപതിനാലാം വർഷമാണ് പള്ളിയിൽ വെച്ച് സംഘടിതമായി നിസ്കരിക്കുന്ന രീതി ആരംഭിച്ചത് (ഹാഷിയത്തുൽ ജമൽ: 1/498).