Site-Logo
POST

തസ്വവ്വുഫ്; ഇമാം ശാഫിഈ പറഞ്ഞതും വഹാബികളുടെ തെറ്റുദ്ധരിപ്പിക്കലും

നഫ്‌സീർ അഹ്‌മദ്‌ സുറൈജി

|

01 Jan 2025

feature image

മനാഖിബു ശാഫിഈയിൽ ഇമാം ബൈഹഖിയും ﵀ തൽബീസു ഇബ്‌ലീസിൽ ഇമാം ഇബ്നുൽ ജൗസിയും ﵀ ഇമാം ശാഫിഈയെ ﵀ തൊട്ട് ഉദ്ധരിച്ച പ്രസ്താവനകളെ സാഹചര്യത്തിൽ നിന്നും തെറ്റിച്ച് തസ്വവ്വുഫിന് എതിരെ അവതരിപ്പിക്കുകയാണ് വഹാബിയ്യത്.
യഥാർത്ഥത്തിൽ, തസ്വവ്വുഫ് ചമഞ്ഞു നടക്കുന്ന ചിലരെ എതിർത്തു സംസാരിക്കുകയായിരുന്നു ഇമാം ശാഫിഈ ﵀.
വഹാബിയ്യത്തിന്റെ തെറ്റുദ്ധരിപ്പിക്കലുകളുടെ യാഥാർഥ്യം അറിയാനുള്ള പ്രഥമ മാർഗം ഇത്തരം   പ്രസ്താവനകളെ ഉദ്ധരിച്ച ഗ്രന്ഥത്തിലെ ആ ഭാഗം ഒരു തവണയെങ്കിലും വായനക്ക്‌ വിധേയമാക്കുക എന്നതാണ്.
നിലവിലെ വിഷയത്തിലും ഇതേ മാർഗം തന്നെ നമുക്ക് അവലംഭിച്ചു നോക്കാം.
▶️ ഇമാം ബൈഹഖി (റ) പറയുന്നു:
(ലേഖനം ദീർഘിക്കുന്നത് കൊണ്ട് മഹാനർ പറഞ്ഞ നിവേദക പരമ്പര പൂർണ്ണമായും ഇവിടെ ഉദ്ധരിക്കുന്നില്ല)
അബൂ അബ്ദില്ല ഹുസൈൻ പറയുന്നു: യൂനുസ് ബ്നു അബ്ദിൽ അഅ്‌ലാ പറയുന്നതായി ഞാൻ കേട്ടു: ഇമാം ശാഫിഈ (റ) പറഞ്ഞു:  ''പകലിന്റെ ആദ്യത്തിൽ  തസ്വവ്വുഫിലേക്ക് പ്രവേശിക്കാൻ കരുതുന്ന ചിലരെ ഉച്ചയാകുമ്പോഴേക്ക് വിഡ്ഢികളുടെ കൂട്ടത്തിലാണ് എനിക്ക്‌ കാണാൻ സാധിക്കുന്നത്"
റബീഅ്‌ ബ്നു സുലൈമാൻ പറയുന്നു: ഇമാം ശാഫിഈയെ (റ) ഞാൻ കേട്ടു:
''മുസ്‌ലിമിബ്നു ഖവാസ്സാണ് (റ) യഥാർത്ഥ തസ്വവ്വുഫ് അവകാശപ്പെടാൻ അർഹതയുള്ള വിവേകമുള്ള വ്യക്തിത്വം''.
ഈ രണ്ട് ഉദ്ധരണികൾക്കു ശേഷം ഇമാം ബൈഹഖി (റ) ഇടപെടുകയാണ്:
''യഥാർത്ഥ തസ്വവ്വുഫിനെ പകർത്താതെ തസ്വവ്വുഫ് ചമഞ്ഞു നടക്കുന്ന ചിലരെ കുറിച്ചാണ് ഇമാം ശാഫിഈ (റ) ഇവിടെ സംസാരിച്ചത്. മാത്രവുമല്ല, തസ്വവ്വുഫ് മറയാക്കി അധ്വാനിക്കാതെ, ജനങ്ങളിൽ മാത്രം ആശ്രയിച്ച് അവരെ പരിഗണിക്കാതെ, അവരുടെ അവകാശങ്ങൾ വകവെക്കാതെ, വിജ്ഞാനത്തെ ഗൗനിക്കാതെ, ഇബാദത്തുകളെ ഉപേക്ഷിച്ച് ജീവിക്കുന്നവരെയാണ് ഇമാം ശാഫിഈ (റ) ഇവിടെ ഉദ്ദേശിച്ചത് എന്ന് ശേഷമുള്ള ഉദ്ധരണിയിൽ നിന്നും നമുക്ക് വായിക്കാൻ സാധിക്കുന്നതാണ്. "
(ശേഷം ഇമാം ബൈഹഖി (റ) ഉദ്ധരിച്ചു) ഇബ്രാഹിം ബ്നുൽ മൗലിദ് ഇമാം ശാഫിഈയിൽ (റ) നിന്നും ഉദ്ധരിക്കുന്നു:
''ധാരാളം ഭക്ഷണം കഴിക്കൽ, മടി, അമിത ഉറക്ക്, അനാവശ്യങ്ങളെ നിത്യമാക്കൽ..  തുടങ്ങിയ വിശേഷണങ്ങൾ ഇല്ലാത്തയാളെ ഇനി സൂഫിയായി അറിയപ്പെടുമോ..?!!''
ഇമാം ബൈഹഖി (റ) തുടരുന്നു:
അഥവാ, ഇത്തരം വിശേഷണങ്ങൾ ഉള്ള തസ്വവ്വുഫ് ചമഞ്ഞു നടക്കുന്നവരെ ഇമാം ശാഫിഈ (റ) ആക്ഷേപ്പിക്കുകയാണ് ചെയ്തത്. സൂഫിസത്തിന്റെ പേരിൽ രംഗ പ്രവേശം നടത്തുന്ന ഏറെക്കുറെ പേരും ഇത്തരക്കാരാണ് എന്ന് സാരം. അതേ സമയം, ഇത്തരം ആക്ഷേപാർഹമായ വിശേഷണങ്ങൾ ഇല്ലാത്ത, അല്ലാഹുവിൽ ശരിയായ നിലക്ക് ഭരമേൽപ്പിച്ച്, അല്ലാഹുവുമായുള്ള ഇടപഴക്കത്തിലും ജനങ്ങളുമായുള്ള സമ്പർക്കത്തിലും ശരീഅത്തിനെ വേണ്ടതു പോലെ പരിപാലിച്ചു കൊണ്ട് ജീവിക്കുന്ന തസ്വവ്വുഫിന്റെ ആളുകളുമായി സഹവസിച്ചതും അവരിൽ നിന്നും ധാരാളം നന്മകൾ നുകർന്നതും ഇമാം ശാഫിഈ (റ) തന്നെ ഓർക്കുന്നുണ്ട്.


മുഹമ്മദ് ബ്നു മുഹമ്മദ് ഇദ്‌രീസു ശാഫിഈ (റ) (അഥവാ ഇമാം ശാഫിഈയുടെ മകൻ) പറയുന്നു: 

''എന്റെ പിതാവ് പറയുന്നതായി ഞാൻ കേട്ടു:  പത്തു വർഷത്തോളം യഥാർത്ഥ സൂഫിയ്യാക്കളുമായി ഞാൻ സഹവസിച്ചിട്ടുണ്ട്. ഈ കാലയളവിൽ അവരിൽ നിന്നും ഞാൻ നുകർന്ന ഏറ്റവും വലിയ രണ്ട് പാഠങ്ങൾ ഉണ്ട്.
(1)  സമയം അത് വാൾ പോലെയാണ്
(2)  സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ്
ശേഷം ഇമാം ബൈഹഖി (റ) പറയുന്നു:
''തസ്വവ്വുഫിന്റെ പേരും പറഞ്ഞ് നടക്കുന്ന ചിലരിൽ നിന്നും വെറുപ്പുളവാക്കുന്ന ചിലത് കാണാൻ ഇടയായപ്പോൾ ഇമാം ശാഫിഈ (റ) അവരെയും അവരെ പോലുള്ളവരെയും എതിർത്തു സംസാരിക്കുന്നത് ചില ഗ്രന്ഥങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്''. ¹
▶️ തൽബീസു ഇബ്‌ലീസിൽ നിന്നും വഹാബിയ്യത് പ്രചരിപ്പിക്കുന്ന ഇമാം ശാഫിഈയുടെ (റ) ഉദ്ധരണിക്ക്‌ മുമ്പ്  ഇമാം ഇബ്നുൽ ജൗസി  (റ) പറയുന്നു:
''ദീനീ വിജ്ഞാനങ്ങൾ വളരെ കുറഞ്ഞ സൂഫിയ്യാക്കൾ എന്ന പേരിൽ ചിലർ രംഗ പ്രവേശം നടത്തുകയും, അനുവദനീയം അല്ലാത്ത പലതും അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും, അവരെ അനുധാവനം ചെയ്യാൻ പലരും മുതിരുകയും, യഥാർത്ഥ സൂഫിയ്യാക്കൾ വിരളമാവുകയും ചെയ്ത അവസരത്തിലാണ് തസ്വവ്വുഫ് നടിക്കുന്നവർക്കെതിരെ പണ്ഡിതർ തിരിഞ്ഞത്" ²
അഥവാ, ഇതിന്റെ ഭാഗമായാണ് ഇമാം ശാഫിഈയും (റ) അത്തരക്കാരെ എതിർത്തത്.
⏺️  അവസാനമായി  വഹാബിയ്യത്തിന്റെ ആശയ സ്ത്രോതസ്സായ ഇബ്നുൽ ഖയ്യിം പറയുന്നു.
''സമയം അത് വാൾ പോലെയാണ് നീ അതിനെ മുറിച്ചില്ലെങ്കിൽ അത് നിന്നെ മുറിക്കുന്നതാണ്.
ഏറെ ഉപകാരപ്രദവും ആശയങ്ങളുടെ പ്രപഞ്ചവുമായ എത്ര മനോഹരമായ  വാചകമാണിത്.! 
ഈ വാചകത്തിന്റെ ഉടമ (ഇമാം ശാഫിഈ (റ)) എത്ര മേൽ ഔന്നിത്യത്തിന് ഉടമയാണെന്ന് അറിയാൻ മതിയായ പ്രസ്താവനയാണിത്. 
അനന്തരം..ഉന്നതരായ സൂഫിയ്യത്തിന്റെ മഹത്വം മനസ്സിലാക്കാനും ഇമാം ശാഫിഈയുടെ (റ) ഈ പ്രസ്താവന എമ്പാടുമാണ്''.³
''തസ്വവ്വുഫ്'' പൂർണ്ണമായും തള്ളപ്പെടാനുള്ളതല്ല എന്ന് ഇബ്നുൽ ഖയ്യിമിന്റെ ഈ പരാമർശത്തിൽ നിന്നും എന്തായാലും വ്യക്തമാണ് എന്നത് ഇവിടെ ശ്രദ്ധേയമാണ്.
അദ്ദേഹത്തെ ആശയ സ്ത്രോതസ്സായി സ്വീകരിക്കുന്നവർക്ക് ഈ നിലപാട് സ്വീകര്യമാണോ ?!! 


¹- مناقب الشافعي-  ٢/ ٢٠٧-٢٠٨
²- تلبيس إبليس- ٣٥٨
³- مدارج السالكين لابن القيم الجوزية- ٣/١٢٥

Related Posts